UPDATES

വിദേശം

ഗാസയിൽ ഇസ്രയേലിന്റെ കരയുദ്ധം; കൂട്ടപ്പലായനം

ഒറ്റപ്പെടുത്തിയാലും ഉറച്ചു നിൽക്കുമെന്ന് നെതന്യാഹു

                       

കടുത്ത ആക്രമണങ്ങളിൽ ഇസ്രയേൽ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന വാർത്തകളാണ് ഗാസയിൽ നിന്ന് പുറത്ത് വരുന്നത്. ഗാസയുടെ വടക്കൻ പ്രദേശങ്ങളിലാണ് മെയ് 12 ഞായറാഴ്ച വലിയ നാശം വിതച്ച ആക്രമണം അരങ്ങേറിയത്, ഗാസയുടെ തെക്ക് ഭാഗത്തും ഏറ്റുമുട്ടലുകളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. റഫയിൽ അതിർത്തി കവാടത്തിൽ ഇസ്രയേൽ സൈന്യം താവളം ഉറപ്പിച്ചതോടെ ഭയപ്പാടിലായ ജനം കൂട്ട പലായനം ആരംഭിക്കുകയായിരുന്നു. ജനങ്ങൾ ദുരിതത്തിലായതിനെ തുടർന്ന്, പതിനായിരക്കണക്കിന് ആളുകൾ റഫ നഗരത്തിൽ നിന്ന് പലായനം ചെയ്തതായാണ് കണക്കുകൾ വ്യക്തമാകുന്നത്. തെക്കൻഗാസയിലെ മൂന്ന് ആശുപത്രികളിൽ ഒരെണ്ണം വൈദ്യുതി പ്രതിസന്ധി മൂലം പൂട്ടിയതായും ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. Gaza Israel war

ഗാസയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം ഏകദേശം 350,000 കവിഞ്ഞതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ‘ താൽക്കാലിക കൂടാരങ്ങളിൽ താമസിച്ചിരുന്നവർ കൂടി പലായനം ചെയ്തതോടെ, കൂടാരങ്ങൾ ഭൂരിഭാഗവും പൊളിച്ചുമാറ്റി. ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെന്നും, അവിടെ അഭയം തേടിയിരുന്നവർ എല്ലാവരും പലായനം ചെയ്തുവെന്നും നിലവിൽ റഫയിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഡോ. ജെയിംസ് സ്മിത്ത് പറഞ്ഞു.

2007- ൽ ഗാസയിൽ അധികാരം പിടിച്ചെടുത്ത ഹമാസിന് നിലവിൽ പ്രദേശത്തിൻ്റെ പല മേഖലകളിലും തങ്ങളുടെ അധികാരം പുനസ്ഥാപിക്കാനും നിയന്ത്രിക്കാനും ഇസ്ലാമിക കോടതികൾ നടത്താനും ജനങ്ങളെ ഭീതിയിലാഴ്ത്താനും കഴിഞ്ഞിട്ടുണ്ട്.
ജബാലിയയിൽ ഹമാസിൻ്റെ സൈനിക ശേഷി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ആഴ്‌ചകളിൽ തിരിച്ചറിഞ്ഞുവെന്നും, ആ ശ്രമങ്ങൾ ഇല്ലാതാക്കാനാണ് ഇസ്രയേൽ അവിടെ പ്രവർത്തിക്കുന്നത് എന്നും, ഇസ്രായേലിൻ്റെ സൈനിക വക്താവ് ആർ അഡ്മിൻ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ സെയ്റ്റൂണിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ സൈന്യം 30 ഓളം പലസ്തീൻ വിമതരെ വധിച്ചതായും ഡാനിയൽ ഹഗാരി വ്യക്തമാക്കി.

ഇസ്രയേൽ മുന്നോട്ട് വയ്ക്കുന്ന നയതന്ത്ര തീരുമാനങ്ങളെ കുറിച്ചും വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെടുത്തിയാലും രാജ്യം ഉറച്ചു നിൽക്കുമെന്ന നെതന്യാഹുവിൻ്റെ സമീപകാല പ്രതിജ്ഞ യുദ്ധത്തിനുള്ള പിന്തുണ ഇപ്പോഴും ശക്തമാണ് എന്നതിന്റെ സൂചനയാണ്. യുദ്ധം ഇസ്രയേലും ഈജിപ്തും തമ്മിലുള്ള സമാധാന ഉടമ്പടിയെ തകർക്കുമെന്ന മുന്നറിയിപ്പുമായി ഈജിപ്ത് ആക്രമണത്തിന് പിന്നാലെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസിനെ പിന്തുണയ്ക്കാനുള്ള പദ്ധതികൾ ഞായറാഴ്ച ഈജിപ്ഷ്യൻ സർക്കാർ പ്രഖ്യാപിച്ചു.

ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതോടെ ആരംഭിച്ച യുദ്ധം 1,200- ഓളം ജനങ്ങളുടെ ജീവനെടുത്തിരുന്നു. യുദ്ധത്തിന് ഇരയായവരിൽ കൂടുതലും സാധാരണക്കാരാണ്, ബന്ദികളാക്കി തടവിൽ വച്ചിരിക്കുന്ന പലരെയും ഇതുവരെ മോചിപ്പിച്ചിട്ടില്ല. വെടിനിർത്തൽ, ബന്ദികളുടെ മോചനം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര മധ്യസ്ഥ ചർച്ചകൾ ഏകദേശം നിലച്ച നിലയിലാണ്.

ഹമാസിൻ്റെ അവസാന ശക്തികേന്ദ്രമാണ് റഫയെന്നും നഗരത്തിലെ തീവ്രവാദികളെയും നേതാക്കളെയും കൊന്നൊടുക്കി, ഗാസയിൽ നിന്ന് ഇസ്രയേലിന് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ബന്ദികളാക്കപ്പെട്ടവരെ തിരിച്ചയച്ചാൽ മാത്രമേ ഇസ്രയേലിന് യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാനാകൂ എന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

റഫയുടെ നേരെയുള്ള ഇസ്രയേലിൻ്റെ ആക്രമണം ആഗോള പ്രതിഷേധങ്ങൾക്ക് കാരണമാവുകയും സഖ്യകക്ഷിയായ യുഎസുമായുള്ള ബന്ധം വഷളാക്കുകയും ചെയ്തു. റഫയ്‌ക്കെതിരായുള്ള ഇസ്രയേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്നും, ഇസ്രയേലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു.

റഫയിലും ദുരന്ത മുഖത്ത് നിന്ന് പലായനം ചെയ്യുന്നവരോട് തീരപ്രദേശത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാൻ ഇസ്രയേൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ പ്രദേശം ഇതിനോടകം തന്നെ ധാരാളം കുടിയൊഴിപ്പിക്കപ്പെട്ടവരെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളടക്കം ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ തികയാത്തത്ര ശോചനീയമായ അവസ്ഥയിലാണ് ഇവിടം എന്നും റിപോർട്ടുകൾ. ഏഴ് മാസത്തോളമായ യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 34,904 പേർ കൊല്ലപ്പെടുകയും, 78,514 പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

 

content summary : Fierce battles in Gaza as Israeli forces attack Hamas militants

Share on

മറ്റുവാര്‍ത്തകള്‍