ഗാസയിൽ ഇസ്രയേൽ തുടരുന്ന യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇസ്രയേലിന്റെ കിരാതത്വം ഉടൻ അവസാനിപ്പിക്കണമെന്നും സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. കാസ്റ്റൽ ഗാൻഡോൾഫോയിൽ ഞായറാഴ്ച നടന്ന ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് മാർപാപ്പയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി കാത്തുനിന്ന 85 പലസ്തീനികൾ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗാസയിലുടനീളം നിരവധി സ്ഥലങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണവിതരണത്തിനായെത്തിയ 25 ട്രക്കുകളെ വിശന്നുവലഞ്ഞ സാധാരണക്കാരുടെ വലിയൊരു ജനക്കൂട്ടം വളയുകയായിരുന്നുവെന്നും തുടർന്ന് ജനങ്ങൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) പറഞ്ഞു. ഞായറാഴ്ച രാവിലെ 48 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായും 150 പേർക്ക് പരിക്കേറ്റതായും അൽ -ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന സിക്കിം ക്രോസിംഗിലൂടെ വടക്കൻ ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരകൃത്യം. വടക്കൻ ഗാസയിൽ ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തിന് നേരെ തങ്ങളുടെ സൈനികർ വെടിയുതിർത്തതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, തെക്കൻ ഗാസയിൽ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇസ്രയേൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതിൽ ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നിരവധി സഹായ സംഘടനകൾ പ്രവർത്തിക്കുന്നയിടമായതിനാൽ ഈ പ്രദേശങ്ങളിൽ വളരെ അപൂർവമായി മാത്രമേ ഇസ്രയേൽ ആക്രമണം നടത്തിയിട്ടുള്ളൂ.
കഴിഞ്ഞയാഴ്ച ഗാസയിലെ ഏക കത്തോലിക്കാ പള്ളിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇടവക വികാരി ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ പോപ്പ് അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. പള്ളി 600 ഓളം കുടിയിറക്കപ്പെട്ട ആളുകൾക്ക് അഭയം നൽകിയിരുന്നുവെന്നും അവരിൽ പലരും കുട്ടികളായിരുന്നുവെന്നും പോപ്പ് പറഞ്ഞു.അന്താരാഷ്ട്ര സമൂഹം മാനുഷിക നിയമങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 58,895 പലസ്തീൻ ജനത കൊല്ലപ്പെടുകയും, 1,40,980 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് സംഘങ്ങൾക്കും ഇതുവരെ എത്തിച്ചേരാൻ കഴിയാത്തതിനാൽ നിരവധി ഇരകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും തെരുവുകളിലും കുടുങ്ങിക്കിടക്കുകയാണ് എന്നും മന്ത്രാലയം അറിയിച്ചു.
Content Summary: Pope Leo calls for end to Israel’s barbarity in Gaza