June 23, 2026 |

ഇസ്രയേല്‍ ഭീകരവാദ രാഷ്ട്രം ; ഇന്ത്യ ചരിത്രപരമായി പലസ്തീന്‍ ജനതയ്‌ക്കൊപ്പം നിന്ന രാജ്യം- എം.എ ബേബി

പലസ്തീന്‍ ജനതയ്ക്കും ഒരു രാഷ്ട്രത്തിന് അവകാശമുണ്ട് എന്ന നിലപാടിനൊപ്പമായിരുന്നു ഇന്ത്യ

ലോകം ഇന്ന് വളരെ വലിയ മനുഷ്യാവകാശ ലംഘനത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഗാസയ്ക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിലായി നടക്കുന്നത് വലിയ പ്രതിഷേധങ്ങളാണ്. അമേരിക്കയിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും അവിടെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ മനുഷ്യക്കുരുതിക്ക് വിരാമം ഇടുന്നതിനായി വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ അംഗരാജ്യങ്ങള്‍ മഹാഭൂരിപക്ഷവും ഗാസയ്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് അവസാനം കുറിച്ചു കൊണ്ട് ഇസ്രയേലും ഹമാസും തമ്മില്‍ അടിയന്തരമായ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും അതിനെ ഭൂരിപക്ഷം രാജ്യങ്ങളും പിന്താങ്ങിയെങ്കിലും യുഎസും ഇസ്രയേലും അതിനെതിരായ നിലപാടാണ് അന്താരാഷ്ട്ര വേദിയില്‍ കൈക്കൊണ്ടത്.

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ മാറുന്ന നിലപാട്

ചരിത്രപരമായി പലസ്തീന്‍ ജനതയുടെ വിമോചനത്തിന് വേണ്ടി ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാക്കേണ്ടതുണ്ട്. പലസ്തീന്‍ ജനതയ്ക്കും ഒരു രാഷ്ട്രത്തിന് അവകാശമുണ്ട് എന്ന നിലപാടിനൊപ്പമായിരുന്നു ഇന്ത്യ. എന്നാല്‍ അതില്‍ വെള്ളം ചേര്‍ക്കുന്ന സമീപനം പി.വി. നരസിംഹ റാവു സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയതാണ്. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് പലസ്തീന്‍ ജനതയോടുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാര്‍ഢ്യം കേവലം ഔപചാരികമായി മാത്രം ചില സന്ദര്‍ഭങ്ങളില്‍ പറയുന്നതൊഴിച്ചാല്‍ ഒരു ആത്മാര്‍ത്ഥവും ബലിഷ്ഠവും ശക്തവുമായ ഒരു ഐക്യദാര്‍ഢ്യം ഇന്ത്യ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കാരണം ഇന്ത്യ ഗവണ്‍മെന്റ് വിശേഷിച്ച് നരേന്ദ്രമോദി, ബെഞ്ചമിന്‍ നെതന്യാഹുവിനെയും, ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഖ്യ രാഷ്ട്രത്തിന്റെ നേതാക്കന്മാരുമായിട്ടാണ് കണക്കാക്കുന്നത്. ഇതിനൊരു ഔപചാരികത്വം കൂടി കൊടുത്തിട്ടുണ്ട്. അങ്ങനെ ഐ 2, യു 2 എന്ന പേരില്‍ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയും വന്നു.

ഐ 2 എന്നത് ഇന്ത്യ, ഇസ്രയേല്‍, യു 2 എന്ന് പറയുന്നത് യുഎസ്എയും യുഎഇയും ആണ്. അതായത് അമേരിക്ക, ഇസ്രയേല്‍ പിന്നൊരു അറബ് രാഷ്ട്രവും ഇന്ത്യയും ചേര്‍ന്ന വിചിത്രമായ ഒരു കൂട്ടായ്മയ്ക്കാണ് രൂപംകൊടുത്തിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളും, മതേതര വിശ്വാസികളും, ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയും പണ്ഡിറ്റ് നെഹ്‌റുവും എല്ലാം പിന്തുടര്‍ന്ന് പോന്നിട്ടുള്ള ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നയം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. സിപിഐഎം ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ അഞ്ച് ഇടതു പാര്‍ട്ടികള്‍ ചേര്‍ന്ന് ജന്തര്‍ മന്തറില്‍ ഒരു പ്രതിഷേധ കൂട്ടായ്മ തന്നെ സംഘടിപ്പിക്കുകയുണ്ടായി. സിപിഐ നേതാവ് ഡി. രാജ, സിപിഐഎമ്മിന്റെ ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങി ഞങ്ങളെല്ലാം അതില്‍ പങ്കെടുത്തവരാണ്.ഇതുപോലെ ബോംബെയില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് അതിന് അനുമതി നിഷേധിച്ചു.

ബോംബെ ഹൈക്കോടതിയുടെ വിചിത്രവാദം

സംഘടിക്കാനും, അഭിപ്രായം പറയാനും, പ്രതിഷേധിക്കാനും, ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്താനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. ആ ഭരണഘടനാടിസ്ഥാനമായ അവകാശത്തിന്റെ നിഷേധമാണ് മഹാരാഷ്ട്ര ഗവണ്‍ന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കര്‍ണാടകയിലെ സിദ്ധരാമയ്യ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഇതേ സമീപനം ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ അവിടെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അനുമതി നിഷേധിച്ചതിനെ അംഗീകരിക്കാതെ അവിടുത്തെ ടൗണ്‍ഹാള്‍ പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ പലസ്തീന്‍ അനുകൂല പരിപാടി നടത്തിയതിനെതിരായി സിദ്ധരാമയ്യ ഗവണ്‍മെന്റും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ബോംബെയിലെ ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ അതിവിചിത്രമായ വാദങ്ങളാണ് കേസ് തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്.

പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ ബോംബെ ഹൈക്കോടതി അനുമതി നിഷേധിക്കുന്നതില്‍ ഒരു തെറ്റുമില്ല. കോടതിയുടെ ദൃഷ്ടിയില്‍ സിപിഎമ്മിനെ പോലെ മുന്‍ഗണനയുള്ള പാര്‍ട്ടികള്‍ക്ക്, രാജ്യത്തെ ശുചിത്വത്തിന്റെയും വായു മലിനീകരണത്തിന്റെയും പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തെ എത്രയോ പ്രശ്‌നങ്ങളുണ്ട് പരിഹരിക്കാന്‍. അതിനുപകരം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു രാജ്യവുമായ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ വിദേശ നയത്തിന് ഒട്ടും യോജിക്കാത്തതാണെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്. കോടതിക്ക് ഈ അധികാരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന തന്നെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഉത്പന്നമാണ്. ദേശീയ സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഉല്‍പ്പന്നമായ ഇന്ത്യന്‍ ഭരണഘടനയാണ്.

പലസ്തീന്‍ ജനതയുടെ ദുരവസ്ഥ

ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ബാള്‍ഫോര്‍ ഡിക്ലറേഷനിലൂടെ പലസ്തീനെ വിഭജിച്ച് അവിടെ ഒരു ഇസ്രയേല്‍ രാഷ്ട്രം 1948 ല്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. 1916- 17 കാലഘട്ടങ്ങളില്‍ ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബാള്‍ഫോര്‍ ഡിക്ലറേഷന്‍ വരുന്നത്.

പാലസ്തീന്‍ പ്രശ്നത്തില്‍ ബ്രിട്ടനും ഒരു പ്രതിയാണ് എന്നത് അനിഷേധ്യമായി ഞാന്‍ ചൂണ്ടിക്കാട്ടുകയാണ്. ലോകത്തിന്റെ ഏതു കോണിലുള്ള മനുഷ്യരോടും സ്നേഹത്തില്‍ അധിഷ്ഠിതമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് ഇന്ത്യയുടെ പാരമ്പര്യമാണ് എന്ന കാര്യം നിര്‍ഭാഗ്യവശാല്‍ നിയമപണ്ഡിതന്മാര്‍ ആയ ബോംബെ ഹൈക്കോടതിയുടെ ജഡ്ജിമാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ വ്യഥയുണ്ട്. അവരുടെ ബോധനിലവാരത്തെക്കുറിച്ച് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അതിനെ കുറ്റം പറയാനും പറ്റില്ല. കാരണം പാലസ്തീന്‍ പ്രശ്നം എന്ന് പറയുന്നത് ഒരു ജനതയുടെ ദേശീയ വിമോചനത്തിന്റെ പ്രശ്നമാണ്.

ഡല്‍ഹിയില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് എംബസി ഉണ്ട്. അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു രാഷ്ട്രമായി അവരെ അംഗീകരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് രാഷ്ട്രമില്ല. ഒരുപിടി മണ്ണില്ല ചവിട്ടി നില്‍ക്കാന്‍. അവിടെ കൊലചെയ്യപ്പെടുന്ന പതിനായിരങ്ങളില്‍ 60 ശതമാനവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. അവിടത്തെ കുഞ്ഞുങ്ങളുടെയെല്ലാം കൈയ്യിലും കാലിലും അവരുടെ അച്ഛനമ്മമാര്‍ ആ കുഞ്ഞുങ്ങളുടെ പേരുകള്‍ എഴുതി വയ്ക്കുകയാണ്, അത് ജഡ്ജിക്ക് അറിയാമോ എന്ന് അറിഞ്ഞുകൂടാ. ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ സ്വന്തം കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ ചിതറിപ്പോയി എന്ന് വരാം. അപ്പോള്‍ അവരുടെ ശരീരാവശിഷ്ടങ്ങളില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങളുടെ കയ്യും കാലും മനസ്സിലാക്കി അത് കൊണ്ടുപോയി സംസ്‌കരിക്കാമല്ലോ. അങ്ങനെയെങ്കിലും ആശ്വസിക്കാമല്ലോ എന്ന് പറഞ്ഞിട്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ആധുനിക ലോകത്തിന്റെ മുന്‍പില്‍ നടക്കുന്ന ഏറ്റവും ഭീകരമായ അതിക്രമങ്ങളാണ് ഇവ.

ഇസ്രയേലിനെ ഒരു ഭീകരവാദ രാഷ്ട്രം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. അതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ Special Rapporteur on occupaied palastine എന്നു പറയുന്ന അന്വേഷണ സംവിധാനത്തിന്റെ നേതൃത്വത്തില്‍പ്പെട്ട ഒരു സ്ത്രീ അവിടെ നടക്കുന്നത് വംശഹത്യയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് അമേരിക്ക അവര്‍ക്ക് വിസ നിഷേധിച്ചു. പലസ്തീന്‍ പ്രശ്നം നിസാര വിഷയമല്ല. ലോകത്തെ ദുഃഖിപ്പിക്കുന്ന, ലോകത്തിന്റെ കണ്ണുനീര്‍ ഒഴുകുന്ന വിഷയമാണ്. അത് മനസ്സിലാക്കാന്‍ തക്ക മാനസിക വളര്‍ച്ച ബോംബെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ് എന്നുള്ളത് എന്നെ അതിശയിപ്പിക്കുകയാണ്. അവര്‍ പറഞ്ഞതുപോലെ ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവരാണ് സിപിഐഎമ്മിനെ പോലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് സമ്പൂര്‍ണ്ണ ശുചിത്വം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. അതേസമയം, ലോകത്തിലെ ഏതെങ്കിലും കോണില്‍ ഒരു മനുഷ്യന്‍ അസ്വതന്ത്രനായിരിക്കുകയും അവന് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണ്ടാല്‍ അതില്‍ പ്രതികരിക്കുക എന്നുള്ളത് മഹാത്മാഗാന്ധിയും നെഹ്റുവും തൊട്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം പിന്തുടര്‍ന്ന് പോന്നിട്ടുള്ള ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ പിന്തുടര്‍ന്ന് പോന്നിട്ടുള്ള സമീപനം കൂടിയാണ്.

content summary: India a country that historically stood with the Palestinian people says M. A. Baby

Leave a Reply

Your email address will not be published. Required fields are marked *

×