July 14, 2026 |
Share on

ഗാസയില്‍ ഹമാസിന്റെ ഭരണം വേണ്ടെന്ന് പലസ്തീന്‍ പ്രസിഡന്റ്; പലസ്തീന് ഒപ്പം ചേര്‍ന്ന് ഫ്രാന്‍സും

ഹമാസ് ആയുധങ്ങൾ അധികൃതർക്ക് കൈമാറണമെന്ന് മഹ്മൂദ് അബ്ബാസ്

ഹമാസിൻ്റെ കൈവശമുള്ള ആയുധങ്ങൾ പലസ്തീൻ അധികൃതർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ന്യൂയോർക്കിലെ യുഎൻ ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു മഹ്മൂദ് അബ്ബാസിൻ്റെ പരാമർശം. ഹമാസ് ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തെയും ഉച്ചകോടിയിൽ പലസ്തീൻ പ്രസിഡന്റ് അപലപിച്ചു.

വീഡിയോ കോൺഫറൻസിലൂടെയാണ് മഹ്മൂദ് അബ്ബാസ് യുഎൻ ഉച്ചകോടിയിൽ പങ്കെടുത്തത്. യുഎസ് മഹ്മൂദ് അബ്ബാസിന് വിസ നിഷേധിച്ചിരുന്ന സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ തീരുമാനിച്ചത്. ഗാസയുടെ ഭരണം ഹമാസിന് നൽകില്ലെന്നും ഹമാസും മറ്റ് സായുധ സംഘടനകളും അവരുടെ ആയുധങ്ങൾ പലസ്തീൻ അതോറിറ്റിയെ ഏൽപ്പിക്കണമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം ഉൾപ്പെടെ സാധാരണക്കാരായ ആളുകളെ കൊല്ലുന്നതിനെയും തടവിലാക്കുന്നതിനെയും ഞങ്ങൾ അപലപിക്കുന്നുവെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.

അതേസമയം, പലസ്തീനെ അംഗീകരിക്കുന്ന യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഫ്രാൻസും. യുഎൻ ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് പലസ്തീൻ രാഷ്ട്രത്തെ അം​ഗീകരിക്കുന്നതായി ഫ്രെഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നുവെന്നും ​ഗാസയിൽ നടക്കുന്ന യുദ്ധത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫ്രാൻസിനു പുറമെ ബെൽജിയം, ലക്സംബർഗ്, സാൻ മരീനോ, മാൾട്ട എന്നീ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ പലസ്തീനെ അം​ഗീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ നടന്ന ശക്തമായ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള പശ്ചാത്ത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുകയാണ്.

ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള പശ്ചാത്ത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വർഷങ്ങൾ നീണ്ട ഇസ്രായേലി ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ നിലയിലാണ് ​ഗാസയിപ്പോൾ. ഗാസ സിറ്റിയിൽ കരയുദ്ധം തുടരുകയാണ്. 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65,000 കവിഞ്ഞതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Summary: France officially recognises the State of Palestine; Palestinian Authority President Mahmoud Abbas calls for Hamas to surrender its weapons

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×