June 26, 2026 |
Share on

ഗാസയില്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുക്കുന്നത് തുടര്‍ന്ന് ഇസ്രയേല്‍

ഗാസയില്‍ മൂന്നു മാധ്യമപ്രവര്‍ത്തകരെയും ഒരു 13 കാരനെയും അടക്കം 11 പേരെ കൊലപ്പെടുത്തി ഇസ്രയേല്‍

മൂന്നു മാസം മുമ്പ് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ത്ത് ഗാസയെ വീണ്ടും രക്തക്കളമാക്കുകയാണ് ഇസ്രയേല്‍. 13 വയസുള്ള ഒരു ആണ്‍കുട്ടി, മൂന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടെ 11 പലസ്തീനികളെയാണ് ബുധനാഴ്ച്ച ഇസ്രയേല്‍ സൈനികര്‍ വധിച്ചത.് ഗാസയിലെ ആശുപത്രി അധികൃതരാണ് മരണ വിവരങ്ങള്‍ പുറത്തു വിട്ടത്.

മധ്യ ഗാസയിലെ നെറ്റ്സാരിം മേഖലയില്‍ പുതുതായി സ്ഥാപിച്ച അഭയാര്‍ത്ഥി ക്യാമ്പ് ചിത്രീകരിക്കാന്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. സാധരാണക്കാരുടെ ദുരിതങ്ങള്‍ പകര്‍ത്തുക എന്ന മാനുഷികവും പത്രപ്രവര്‍ത്തനപരവുമായ ദൗത്യം നിര്‍വ്വഹിക്കുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്, മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് പലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മറ്റൊരു സംഭവത്തില്‍, വിറക് ശേഖരിക്കാന്‍ പോയ 13 വയസ്സുകാരനായ മൊഅത്സെം അല്‍-ഷറഫി എന്ന ആണ്‍കുട്ടിയെ ബാനി സുഹൈലയില്‍ വെച്ച് ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നുവെന്നാണ് ആരോപണം. രാവിലെ വിശപ്പോടെയാണ് അവന്‍ പുറത്തേക്ക് പോയത്, വേഗം വരാമെന്ന് പറഞ്ഞിരുന്നു, ബാലന്റെ അമ്മ സഫാ അല്‍-ഷറഫി പറയുന്നു. ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് സമീപം ഇസ്രയേല്‍ ഡ്രോണ്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ 13 വയസ്സുകാരനായ മറ്റൊരു ബാലനും പിതാവും ഒരു യുവാവും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ മുഹമ്മദ് സലാ ഖഷ്ത, അബ്ദുല്‍ റൗഫ് ഷാത്ത്, അനസ് ഘനീം എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ അബ്ദുല്‍ റൗഫ് ഷാത്ത് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി യുടെ ഫോട്ടോ-വീഡിയോ ജേണലിസ്റ്റായിരുന്നു. ഈ മാധ്യമപ്രവര്‍ത്തകരുടെ വാഹനം ഇസ്രയേല്‍ സൈന്യത്തിന് നേരത്തെ തന്നെ അറിവുള്ളതായിരുന്നുവെന്ന് ഗാസയിലെ ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റി വക്താവ് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു.

ഹമാസുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ ചിലര്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഈ ഡ്രോണ്‍ സൈന്യത്തിന് ഭീഷണിയായതിനാലാണ് കൃത്യമായ ലക്ഷ്യത്തോടെ ആക്രമണം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും സൈന്യം അറിയിച്ചു.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് നല്‍കുന്ന വിവരമനുസരിച്ച്, 2024 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാത്രം ഇസ്രയേല്‍ സൈന്യം 29 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഏകദേശം 220 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 466 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Summary; Israeli forces killed at least 11 Palestinians including two 13-year-old boys and three journalists, Gaza Hospitals says

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×