കാനഡയിലെ പ്രയേറി പ്രവശ്യയിലെ വിഖ്യാത ഫോട്ടോഗ്രാഫര്‍ വലേരി സിന്‍ക് റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എഴുതിയ, ലോകം മുഴുവന്‍ പങ്കുവയ്ക്കപ്പെട്ട കുറിപ്പിന്റെ മലയാളം.
”കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയില്‍ സ്ട്രിംഗറായി ജോലി ചെയ്യുന്നു. എന്റെ ഫോട്ടോകള്‍ (റോയിട്ടേഴ്സ് വഴി) ന്യൂയോര്‍ക്ക് ടൈംസും അല്‍ ജസീറയും വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ്, മറ്റ് സ്ഥലങ്ങളിലുമുള്ള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ഘട്ടത്തില്‍, 245 മാധ്യമപ്രവര്‍ത്തകരെ ഗസയില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയും അതിനൊത്താശ ചെയ്യുകയും ചെയ്ത റോയിട്ടേഴ്സുമായുള്ള ബന്ധം എനിക്ക് ഇനി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. പലസ്തീനിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കായി എനിക്ക് ഇത്രയെങ്കിലും ചെയ്യേണ്ടതുണ്ട്, അതിലുമേറെയും.
ഓഗസ്റ്റ് 10-ന് ഗസ സിറ്റിയില്‍ വെച്ച് അല്‍-ജസീറയിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമൊപ്പം അനസ് അല്‍-ഷെരീഫിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയപ്പോള്‍, ഹമാസ് പ്രവര്‍ത്തകനാണ് അല്‍-ഷെരീഫ് എന്ന ഇസ്രയേലിന്റെ അടിസ്ഥാനരഹിതമായ വാദം പ്രസിദ്ധീകരിക്കാനാണ് റോയിട്ടേഴ്സ് തീരുമാനിച്ചത്. റോയിട്ടേഴ്സിനെപ്പോലുള്ള മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിച്ച അനേകം നുണകളില്‍ ഒന്നാണിത്. ഇസ്രയേലിന്റെ നുണകള്‍ പ്രചരിപ്പിക്കാനുള്ള റോയിട്ടേഴ്സ് തീരുമാനിച്ചുവെങ്കിലും അത് അവരുടെ സ്വന്തം റിപ്പോര്‍ട്ടര്‍മാരെ ഇസ്രയേലിന്റെ വംശഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ പോലും ഉപകരിച്ചില്ല. ഇന്ന് രാവിലെ നാസര്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ കൊല്ലപ്പെട്ട 20 പേരില്‍ റോയിട്ടേഴ്സ് കാമറാമാന്‍ ഹൊസാം അല്‍-മസ്റി ഉള്‍പ്പെടെ അഞ്ച് മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. ഇത് ‘ഡബിള്‍ ടാപ്’ സ്ട്രൈക്ക് എന്നറിയപ്പെടുന്ന ഇസ്രയേലിന്റെ നീചമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. ഒരു സ്‌കൂളോ ആശുപത്രിയോ പോലുള്ള സാധാരണ ജനങ്ങള്‍ താമസിക്കുന്ന ഒരു സ്ഥലത്ത് ഇസ്രയേല്‍ ബോംബിടുന്നു; രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എത്തുന്നതിനായി കാത്തിരിക്കുന്നു; അവരെത്തി കഴിയുമ്പോള്‍ തുടര്‍ന്ന് വീണ്ടും ബോംബാക്രമണം നടത്തുന്നു.
ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതിന് പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഡ്രോപ്പ് സൈറ്റ് ന്യൂസിലെ ജെറമി സ്‌കാഹില്‍ പറഞ്ഞതുപോലെ, ‘ഓരോ പ്രധാന മാധ്യമ സ്ഥാപനവും – ന്യൂയോര്‍ക്ക് ടൈംസ് മുതല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് വരെ, എപി മുതല്‍ റോയിട്ടേഴ്സ് വരെ – ഇസ്രയേലി പ്രചാരണത്തിന്റെ ഒരു വാഹകരായി പ്രവര്‍ത്തിക്കുന്നു, യുദ്ധക്കുറ്റങ്ങളെ സാധൂകരിക്കുകയും ഇരകളെ മനുഷ്യത്വരഹിതമായി ചിത്രീകരിക്കുകയും, അവരുടെ സഹപ്രവര്‍ത്തകരെയും സത്യസന്ധവും ധാര്‍മ്മികവുമായ റിപ്പോര്‍ട്ടിംഗിനോടുള്ള അവരുടെ പ്രതിബദ്ധതയെയും ഉപേക്ഷിക്കുകയും ചെയ്യുന്നു.’
ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തം പോലും മനഃപൂര്‍വ്വം ഉപേക്ഷിച്ച്, ഇസ്രയേലിന്റെ വംശഹത്യയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച നുണകള്‍ യാതൊരു വിശ്വാസ്യതയുമില്ലാതെ ആവര്‍ത്തിച്ചുകൊണ്ട്, പാശ്ചാത്യ മാധ്യമങ്ങള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലുന്നതിന് സാഹചര്യമൊരുക്കി. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം എന്നിവയില്‍ കൊല്ലപ്പെട്ടതിനേക്കാളേറെ, കൊറിയന്‍, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്‍, യൂഗോസ്ലാവിയ, യുക്രെയ്ന്‍ എന്നീ യുദ്ധങ്ങളിലെല്ലാം കൂടി കൊല്ലപ്പെട്ടതിലേറെ മാധ്യമപ്രവര്‍ത്തകര്‍ രണ്ട് വര്‍ഷം കൊണ്ട് ഒരു ചെറിയ പ്രദേശത്ത് കൊല്ലപ്പെട്ടു. ഇതില്‍ ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിടുകയും, കുട്ടികളെ കഷ്ണങ്ങളാക്കുകയും, ആളുകളെ ജീവനോടെ കത്തിക്കുകയും ചെയ്തതിനെക്കുറിച്ച് പറയുന്നില്ല.
അനസ് അല്‍-ഷെരീഫിന്റെ കൂടി റിപ്പോര്‍ട്ടുകളുടെ ഫലമായാണ് റോയിട്ടേഴ്സിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചത് എന്നിട്ടും ഇസ്രയേലി അധിനിവേശ സേന ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികളാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകരുടെ ‘കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍’ അനസിനെ ഉള്‍പ്പെടുത്തിയപ്പോള്‍ പ്രതിഷേധവുമായി റോയിട്ടേഴസ് രംഗത്ത് വന്നില്ല. ഗസയിലെ അനുദിനം വര്‍ദ്ധിച്ച് വരുന്ന പട്ടിണിയേയും ക്ഷാമത്തേയും കുറിച്ച് അനസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ഇസ്രയേലി സൈനിക വക്താവ് പോസ്റ്റ് ചെയ്തപ്പോള്‍, സംരക്ഷണം ആവശ്യപ്പെട്ട് അനസ് അന്താരാഷ്ട്ര മാധ്യമങ്ങളോട് അപേക്ഷിച്ചു. അപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തപ്പോള്‍, ആ മരണത്തെക്കുറിച്ച് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും അവര്‍ തയ്യാറായില്ല.
കഴിഞ്ഞ എട്ട് വര്‍ഷമായി റോയിട്ടേഴ്സിനായി ചെയ്ത പ്രവര്‍ത്തനങ്ങളെ ഞാന്‍ വിലമതിക്കുന്നു, പക്ഷേ ഈ നിമിഷം ഈ പ്രസ് പാസ് ധരിക്കുന്നത് എനിക്ക് വലിയ നാണക്കേടും വേദനയുമാണ് ഉണ്ടാക്കുന്നത്. ഗസയിലെ മാധ്യമപ്രവര്‍ത്തകരുടെ ധൈര്യത്തെയും ത്യാഗത്തെയും – ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ധീരരും ഏറ്റവും മികച്ചവരുമാണവര്‍ – ആദരിക്കാന്‍ എനിക്കെങ്ങനെ സാധിക്കുമെന്ന് അറിയില്ല, പക്ഷേ ഇനി മുതല്‍ എന്റെ ശ്രമങ്ങളും അതിനായിരിക്കും.” Photojournalist Valerie Zink resigns from Reuters over its betrayal of journalists in Gaza
Content Summary; Photojournalist Valerie Zink resigns from Reuters over its betrayal of journalists in Gaza
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.