ഇസ്രയേല്‍ തടവറകള്‍ പലസ്തീനികളുടെ കൊലക്കളങ്ങള്‍. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേല്‍ കസ്റ്റഡിയില്‍ കുറഞ്ഞത് 98 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഇസ്രയേലിലെ ഡാറ്റ തെളിയിക്കുന്നത്. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ കണക്ക്. ഗാസയില്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീനികളാണ് കാണാതായിരിക്കുന്നത്. ഇവര്‍ എവിടെ പോയി എന്നതിന് യാതൊരു തെളിവുമില്ല. ആ മനുഷ്യരെല്ലാവരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്നാണ് ഇസ്രയേല്‍ ആസ്ഥാനമായുള്ള ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് – ഇസ്രയേല്‍(പിഎച്ച്ആര്‍ഐ) എന്ന മനുഷ്യാവകാശ ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശാരീരികമായി നേരിടേണ്ടി വന്ന അതിക്രമം, വൈദ്യസഹായം നിഷേധിക്കല്‍, പോഷകാഹാരക്കുറവ് തുടങ്ങി പല കാരണങ്ങളാണ് തടവുകാരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പിഎച്ച്ആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരാവകാശ അപേക്ഷകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, തടവുകാരുടെ ബന്ധുക്കള്‍, സാക്ഷികള്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
യുദ്ധത്തിന്റെ ആദ്യത്തെ എട്ട് മാസത്തെ സമഗ്രമായ വിവരങ്ങള്‍ മാത്രമാണ് ഇസ്രയേല്‍ അധികൃതര്‍ നല്‍കിയത്. ഈ കാലയളവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പലസ്തീന്‍ തടവുകാര്‍ക്കിടയില്‍ മുന്‍പില്ലാത്തത്ര ആളപായ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി നാല് ദിവസം കൂടുമ്പോള്‍ ഒരു പലസ്തീനിക്ക് ഇസ്രയേലി തടവറയില്‍ ജീവന്‍ പോവുകയാണ്.
ഇസ്രയേലി സൈന്യം 2024 മെയ് മാസത്തിലും, ഇസ്രയേല്‍ ജയില്‍ സര്‍വീസ് 2024 സെപ്റ്റംബറിലുമാണ് കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവസാനമായി അപ്‌ഡേറ്റ് ചെയ്തത്. ഈ തീയതികള്‍ക്ക് ശേഷം കസ്റ്റഡിയില്‍ മരിച്ച 35 പേരെ പിഎച്ച്ആര്‍ഐ ഗവേഷകര്‍ കണ്ടെത്തി. ഇക്കാര്യം ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന മരണസംഖ്യ സമീപകാല കണക്കുകളേക്കാള്‍ വളരെ കൂടുതലാണെങ്കിലും, ഇത് പലസ്തീന്‍ ജനതയുടെ യഥാര്‍ത്ഥ നഷ്ടത്തിന്റെ പൂര്‍ണമായ ചിത്രമല്ലെന്നാണ് പിഎച്ച്ആര്‍ഐ പറയുന്നത്. ‘കസ്റ്റഡിയില്‍ മരിച്ചതും ഞങ്ങള്‍ക്ക് അറിയാത്തതുമായ ആളുകള്‍ ഇപ്പോഴുമുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്” എന്നാണ് പിഎച്ച്ആര്‍ഐ ഡയറക്ടര്‍ പറയുന്നത്.
ജയിലില്‍ മരിച്ച ഗാസയില്‍ നിന്നുള്ള പല പലസ്തീന്‍ തടവുകാരും സാധാരണക്കാരായിരുന്നു എന്നാണ്. ‘ദി ഗാര്‍ഡിയന്‍’, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ ‘+972 മാഗസിന്‍’, ഹീബ്രു ഭാഷാ ഔട്ട്‌ലെറ്റായ ‘ലോക്കല്‍ കാള്‍’ എന്നിവ നടത്തിയ സമാന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഈ വര്‍ഷം മെയ് മാസത്തില്‍, ഗാസയിലെ എല്ലാ ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോരാളികളെയും ട്രാക്ക് ചെയ്യുന്ന മിലിട്ടറി ഇന്റലിജന്‍സ് ഡാറ്റാബേസില്‍ (47,000ല്‍ അധികം ആളുകളുടെ പട്ടിക), 21 കസ്റ്റഡി മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ സമയത്ത് ഗാസയില്‍ നിന്നുള്ള 65 പലസ്തീനികള്‍ ജയിലില്‍ മരിച്ചിട്ടുണ്ടെന്നതാണ് യഥാര്‍ത്ഥ കണക്ക്.
രണ്ട് വര്‍ഷമായി തുടര്‍ന്ന യുദ്ധത്തിനിടെ, ഇസ്രയേലി ജയിലുകളില്‍ എല്ലാം പലസ്തീനികള്‍ ക്രൂരമായ ശാരീരിക അതിക്രമവും പീഡനവും മറ്റ് ദുരുപയോഗങ്ങളും നേരിട്ടിരുന്നു. പലസ്തീന്‍ തടവുകാരെ പട്ടിണിക്കിടുന്നതും സൂര്യരശ്മി കടന്നു വരാത്ത നിലവറകളില്‍ അടച്ചിടുന്നതുമെല്ലാം പൊതുമധ്യത്തില്‍ വന്ന് വലിയ കാര്യമായി തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ വിളിച്ചു പറഞ്ഞിരുന്നു.
തടവുകാര്‍ക്കെതിരേ ക്രൂരത നടത്തിയവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് മറ്റൊരു ആരോപണം. തടവുകാരെ ആക്രമിച്ച ഒരു കേസ് മാത്രമാണ് വിചാരണയ്ക്ക് വന്നത്, അതില്‍ സൈനികന് ഏഴ് മാസം തടവ് ശിക്ഷ ലഭിച്ചു. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൂരമായ ആക്രമണത്തിന് മറ്റുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ശ്രമം ഇസ്രയേലില്‍ വലതുപക്ഷ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒരു ഉന്നത ഇസ്രയേലി സൈനിക അഭിഭാഷകനും അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇത്രയധികം മരണങ്ങള്‍ ഉണ്ടായിട്ടും, രണ്ട് വര്‍ഷമായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കൊലപാതകത്തിനും ആര്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവില്‍ കസ്റ്റഡിയിലുള്ള എല്ലാ പലസ്തീനികളും അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആരോഗ്യവാന്മാരായ ചെറുപ്പക്കാരുടെ ജീവന്‍ പോലും അപകടത്തിലാണ്.
Content Summary: At least 98 Palestinians have died in Israeli custody since October 2023