UPDATES

കെജ്‌രിവാളിന്റെ അറസ്റ്റിന് കാരണമായ ‘ മാപ്പ് സാക്ഷി’ ബിജെപിക്ക് നല്‍കിയത് 59 കോടി

അറസ്റ്റിനെതിരെ ഡൽഹിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്

                       

തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡൽഹിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. ഭാരത് രാഷ്ട്ര സമിതി നേതാവ് കൽവകുന്ത്ല കവിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ മദ്യവ്യാപാരത്തിൻ്റെ നിയന്ത്രണം നേടുന്നതിനായി, കവിതയും “സൗത്ത് ഗ്രൂപ്പിന് ” കീഴിലുള്ള മറ്റ് വ്യക്തികളും ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകി” എന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പറയുന്നു.

“സൗത്ത് ഗ്രൂപ്പിലെ” അംഗവുമായി ബന്ധമുള്ള സ്ഥാപനങ്ങൾ, ഇലക്ടറൽ ബോണ്ടുകൾ വഴി കുറഞ്ഞത് 55 കോടി രൂപ ബിജെപിക്ക് നൽകിയിട്ടുണ്ടെന്ന് മാർച്ച് 21 ന് പുറത്തുവിട്ട പുതിയ ഡാറ്റ കാണിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി ശരത് ചന്ദ്ര റെഡ്ഡി എക്സൈസ് പോളിസി പ്രകാരം അഞ്ച് മദ്യ റീട്ടെയിൽ സോണുകൾക്ക് ലൈസൻസ് നേടിയതായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2021 നവംബർ മുതൽ 2022 ജൂലൈ വരെ ഡൽഹിയിൽ എക്സൈസ് നയം പ്രാബല്യത്തിൽ ഉണ്ടായിരുന്നു. 2022 നവംബർ 11നാണ് ശരത് റെഡ്ഡിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രൊജക്റ്റ് ഇലക്ടറൽ ബോണ്ട് റിപ്പോർട്ട് ചെയ്തതുപോലെ, അറസ്റ്റിലായി നാല് ദിവസത്തിന് ശേഷം, കോടീശ്വരനായ പിതാവ് പി വി രാം പ്രസാദ് റെഡ്ഡി സ്ഥാപിച്ച അരബിന്ദോ ഫാർമ എന്ന സ്ഥാപനം ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് 5 കോടി രൂപ നൽകി. 2023 മേയിൽ റെഡ്ഡിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഇഡി എതിർത്തിരുന്നില്ല. ജയിൽ മോചിതനായ ശേഷം, 2023 ജൂൺ 2-ന് റെഡ്ഡി കേസിൽ മാപ്പുസാക്ഷിയായി. 2023 നവംബർ 8-ന് അരബിന്ദോ ഫാർമ ബോണ്ടുകൾ വഴി 25 കോടി രൂപ കൂടി ബിജെപിക്ക് സംഭാവന നൽകി. അതേ ദിവസം തന്നെ അരബിന്ദോ ഫാർമയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കമ്പനികളും ബിജെപിക്ക് 25 കോടി രൂപ സംഭാവന നൽകിയതായി പ്രൊജക്റ്റ് ഇലക്ടറൽ ബോണ്ട് കണ്ടെത്തി. 2022-’23 ലെ മാതൃ കമ്പനിയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, യൂജിയ ഫാർമ സ്പെഷ്യാലിറ്റീസ് ലിമിറ്റഡും എപിഎൽ ഹെൽത്ത് കെയർ ലിമിറ്റഡും അരബിന്ദോ ഫാർമയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. ഈ രണ്ട് കമ്പനികളിലും അരബിന്ദോ ഫാർമയുമായുടെ ഒരു ഡയറക്ടറെയെങ്കിലും തലപ്പത്തുണ്ട്.

സൗത്ത് ഗ്രൂപ്പ്

പ്രധാനമായും തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വ്യക്തികൾ ഉൾപ്പെടുന്ന “സൗത്ത് ഗ്രൂപ്പ്” എക്സൈസ് നയത്തിന് പകരമായി 100 കോടി രൂപ എഎപി നേതാക്കൾക്ക് നൽകിയതായി ഇഡി ആരോപിച്ചു. 2022ലെ ഗോവ അസംബ്ലി തിരഞ്ഞെടുപ്പിൽ പരസ്യദാതാക്കൾക്കും വെണ്ടർമാർക്കും സർവേ നടത്തുന്ന സന്നദ്ധപ്രവർത്തകർക്കും പണം നൽകാനാണ് എഎപി ഈ കിക്ക്ബാക്ക് ഉപയോഗിച്ചതെന്ന് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലൈസൻസ് ഫീ അടക്കം, സർക്കാരിന് പകരം സ്വകാര്യ കമ്പനികൾ ഉണ്ടാക്കിയ ലാഭം എന്നിവയിൽ നിന്ന് കുറഞ്ഞത് 2,873 കോടി രൂപ വരുമാനം നഷ്ടപ്പെട്ടതായി അന്വേഷണ ഏജൻസി കണക്കാക്കുന്നു.

തെലുങ്ക് ദേശം പാർട്ടിക്കും ഭാരത് രാഷ്ട്ര സമിതിക്കും അരബിന്ദോ ഫാർമ പണം സംഭാവന ചെയ്തിട്ടുണ്ട്. 2021-ൽ ടിഡിപിക്ക് സംഭാവന നൽകിയപ്പോൾ, എക്‌സൈസ് നയം റദ്ദാക്കുന്നതിനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയ്ക്ക് വിധേയമാകുന്നതിനും മാസങ്ങൾക്ക് മുമ്പ്, 2022 ഏപ്രിലിൽ ബിആർഎസിന് അരബിന്ദോയിൽ നിന്ന് 15 കോടി രൂപയാണ് ലഭിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍