UPDATES

‘മാപ്പ് നല്‍കി ബ്രാഹ്‌മാണാധിപത്യത്തെ അംഗീകരിക്കരുത്’: സണ്ണി എം കപിക്കാട് സംസാരിക്കുന്നു

മന്ത്രിമാര്‍ പോലും ഇത്തരം അരക്ഷിതാവസ്ഥക്ക് ഇവിടെ വിധേയരാവുമ്പോള്‍ അര്‍ദ്ധ പട്ടിണിക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട മനുഷ്യര്‍ക്ക് ഇവിടെ എന്ത് സുരക്ഷിതമാണ് അവകാശപ്പെടാനുള്ളത്?

                       

ദേവസ്വം, എസ് സി/എസ് ടി വകുപ്പ് മന്ത്രി മന്ത്രി കെ. രാധാകൃഷ്ണന്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ജാതി വിവേചനത്തെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ഈ വര്‍ഷം ജനുവരി 26-ന് നടന്ന നടപ്പന്തല്‍ ഉദ്ഘാടന ചടങ്ങില്‍ തനിക്ക് അയിത്തം കല്‍പ്പിക്കപ്പെട്ടുവെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. നിലവിളക്ക് കൊളുത്തിയ ദീപം പൂജാരിമാര്‍ തനിക്ക് കൈമാറാതെ താഴെവയ്ക്കുകയായിരുന്നു. താഴെ വച്ച വിളക്കെടുത്ത് ദീപം കൊളുത്താന്‍ തയ്യാറായില്ലെന്നും, താന്‍ കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല, തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ഈ വിവരം തുറന്നു പറഞ്ഞ മറ്റൊരു വേദിയില്‍ നിന്നുകൊണ്ട് വ്യക്തമാക്കി. മന്ത്രിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം രാധാകൃഷ്ണന്‍ വ്യക്തമാക്കിയത് ഈ വിഷയത്തില്‍ നിയമനടപടിക്കില്ലെന്നായിരുന്നു. അയിത്തമായിരുന്നില്ല, ആചാരത്തിന്റെ ഭാഗമായാണ്(പൂജ സമയം കഴിയും വരെ പൂജാരിമാര്‍ മറ്റാരെയും തൊടാറില്ലെന്നാണ് ക്ഷേത്രം തന്ത്രിയുടെ ന്യായം) വിളക്ക് താഴെ വച്ചതെന്നാണ് ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.

ഒന്നു രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം മറന്നു കളയേണ്ട ഒന്നാണോ മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട വിവേചനം? കേരളത്തില്‍ ഇന്നും ജാതി വിവേചനവും അയിത്താചാരവുമൊക്കെ ശക്തമായി നിലനില്‍ക്കുന്നുവെന്നല്ലേ ഒരു മന്ത്രിക്ക് തന്നെ നേരിട്ട ദുരനുഭവം വ്യക്തമാക്കുന്നത്? ഇത്തരം നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. പ്രമുഖ സാമൂഹിക ചിന്തകനായ സണ്ണി എം കപ്പിക്കാട് ഈ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്;

ജാതി മത ചിന്തകള്‍ക്ക് അതീതമാണ് കേരള സമൂഹമെന്ന വാദം കാലങ്ങളായി കേരളത്തിന് പുറത്തു പ്രചരിപ്പിക്കുവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തില്‍ ആവര്‍ത്തിച്ച് നടക്കുന്ന ജാതി വിവേചനങ്ങള്‍. അമ്പതിനായിരത്തോളം പട്ടികജാതി കോളനികളാണ് നിലവില്‍ കേരളത്തിലുള്ളത്. ഈ വിഭാഗത്തിനു മാത്രമായി ഇത്രയും വലിയ കോളനി എങ്ങനെയാണ് ഇവിടെ രൂപപ്പെട്ടത്? ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചയോ പരിശോധനയോ നടത്താന്‍ തയ്യാറല്ലാത്ത ഒരിടത്ത് നിന്ന് എങ്ങനെയാണ് സമത്വത്തിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നത്?

സമ്പത്തും, അധികാരവും, വിദ്യാഭ്യാസവുമുള്ള എലൈറ്റ് ജാതി മതങ്ങള്‍ക്കിടയില്‍ ഈ സമത്വഭാവന നിലനില്‍ക്കുന്നുണ്ട്. അതിന് താഴെത്തട്ടിലേക്ക് പോകുന്തോറും ഈ സമത്വം എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത്? ഒരു വ്യക്തി ജീവിതത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ പാകത്തില്‍ ജാതി ഇവിടെ പ്രബലമാണ്. അത് കുടുംബത്തിന്റെ തീരുമാനങ്ങളിലും, ജോലി നല്‍കുന്നതിലും, സ്ഥാനമാനങ്ങള്‍ കല്പിക്കുന്നതിലും ഇടപെടുന്നുണ്ട്.

മന്ത്രിസഭയുടെ രൂപീകരണം നടന്നപ്പോള്‍ പ്രാവീണ്യം തെളിയിച്ച, അനുഭവസമ്പത്തുള്ള നേതാവായിരിന്നിട്ടും കെ രാധാകൃഷ്ണന്റെ കഴിവിനെ മുഖവിലക്കെടുക്കാതെ ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമവും നല്‍കി നടത്തിയ വിപ്ലവവും ഒരു തരത്തില്‍ ജാതിയധിഷ്ഠിതമാണ്. ദേവസ്വം വകുപ്പ് പണി കഴിപ്പിച്ച നടപ്പന്തല്‍ ഉദ്ഘടാനം ചെയ്യാനെത്തിയ വകുപ്പ് മന്ത്രിക്ക് തന്നെ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ വിവേചനം നേരിടേണ്ടിവന്നത് അപലപനീയമാണ്. സാമാന്യ ബോധത്തെ ചോദ്യം ചെയ്തു ഭക്തിയുടെ മറവില്‍ ബ്രാഹ്‌മണാധികാരം നിലനിര്‍ത്തുക കൂടിയാണ് ഇവിടെ.

വൈക്കം ക്ഷേത്രത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം നല്‍കിയാല്‍ വൈക്കത്തപ്പന്റെ പ്രഭാവം നഷ്ടപെടുമെന്നാണ് അന്നു കാലത്ത് സനാതന ധര്‍മ്മത്തിന്റെ വക്കതാക്കള്‍ വാദിച്ചിരുന്നത്. കാലം പിന്നിട്ടപ്പോള്‍ പ്രഭ നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, സ്വര്‍ണ്ണ കൊടിമരവും കാര്യമായ നടവരവും ക്ഷേത്രത്തില്‍ കൂടുകയാണുണ്ടായത്. പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് വഴി നിര്‍മിക്കാന്‍ അയ്യപ്പന് സമ്മതമാണെന്ന് പണ്ടൊരു നമ്പൂതിരി വാദിച്ചിരുന്നു. സാമാന്യ ബോധത്തെ പോലും വെല്ലിവിളിച്ചുകൊണ്ടുള്ള ഇത്തരം നിലപാടുകളില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ഭരണഘടനയെ പോലും വെല്ലുവിളക്കാന്‍ കഴിയുമെന്ന ബ്രാഹ്‌മണ ദാര്‍ഷ്ട്യം കൂടിയാണ്.

ജാതി വിവേചനത്തിനെതിരേ തുറന്നടിച്ച മന്ത്രി രാധാകൃഷ്ണന്‍, താന്‍ നേരിട്ട അപമാനം ക്ഷമിക്കാന്‍ തയ്യറാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അദ്ദേഹം ക്ഷമിച്ചത് കൊണ്ട് മാത്രം ഇവിടെ മാറ്റങ്ങള്‍ സംഭവിക്കില്ല. വ്യക്തിപരമായ കുറ്റകൃത്യമെന്നതിനേക്കാള്‍ ഇവിടെ നടന്നത് സാമൂഹികമായ കുറ്റകൃത്യമാണ്. വ്യക്തിയല്ല സംഭവത്തിനാണ് ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല.

നിയമപരമായി നോക്കുകയാണെങ്കില്‍ ജാതി വിവേചനത്തില്‍ ഇരയാക്കപ്പെട്ടവരുടെ നിലപാടാണ് ആദ്യ തെളിവായി പരിഗണിക്കുന്നത്. അത്തരത്തില്‍ ജാതി വിവേചനം തനിക്ക് നേരിടേണ്ടി വന്നു എന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞ നിലപാടാണ്. അതായത് കുറ്റകൃത്യം നടന്നിരുന്നു. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്തുകൊണ്ടാണ് അദ്ദേഹമടക്കമുള്ള മന്ത്രിമാര്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. ഭരണഘടന അനുസരിച്ച് ഭരണം നടത്താമെന്നും സത്യപ്രതിജ്ഞ നടത്തുന്നുണ്ട്. എന്നിട്ടുപോലും ഭരണഘടനയുടെ പതിനേഴാം വകുപ്പില്‍ പ്രതിപാദിക്കുന്ന അയിത്തം ഒരു കുറ്റകൃത്യമാണെന്ന വസ്തുതയെ മുഖവിലക്കെടുക്കാതെ അദ്ദേഹത്തിന് എങ്ങനെ മാപ്പു നല്‍കാനുള്ള അവകാശം ലഭിക്കും. ഭരണഘടനക്ക് അതീതമായ ദിവ്യമനുഷരുടെ സനാതന ബോധമാണ് ഇവര്‍ വച്ച് പുലര്‍ത്തുന്നത്. ശക്തമായ നിയമ നടപടിക്ക് മന്ത്രി തയ്യറാവേണ്ടിയിരുന്നു.

മന്ത്രി ജാതിവിവേചനത്തെ പറ്റി പ്രസംഗിച്ച വേളയില്‍ തന്നെ പോലീസ് സ്വമേധയ കേസെടുക്കേണ്ടിയിരുന്നു. ഭരണക്ഷിക്ക് താല്പര്യമില്ലാത്തതുകൊണ്ട് കൂടിയാണ് കേസ് എടുക്കാതിരുന്നത്. പ്രത്യക്ഷത്തിലുള്ള ബ്രാമണാധികാരത്തിന്റെ പ്രയോഗമാണത്. ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി നമ്മള്‍ ദിവ്യനാവുകയും ആ ദിവ്യത്വം അയിത്തമാണെന്ന് പ്രഖ്യപിക്കുകയും ചെയ്യുന്ന ഈ അനുഷ്ഠാനരൂപമാണ് സമൂഹത്തിലെ അയിത്ത പ്രയോഗത്തിന്റെ പ്രഭവ കേന്ദ്രം. അവിടെനിന്നാണ് ഇത് തുടങ്ങുന്നത്. മറ്റുള്ളവര്‍ അശുദ്ധനായും ഞാന്‍ മാത്രം ശുദ്ധനെന്നുമുള്ള സങ്കല്പമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഞാന്‍ ആരെക്കാളും മുകളില്‍ ദൈവത്തെ പോലും ആവാഹിക്കാന്‍ ശേഷിയുള്ള ദൈവ തുല്യനായ മനുഷ്യനാണ്. അതായത് സമഭാവനയെ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മനോഭാവം.

മറ്റൊന്ന്, ദരിദ്രനും സമ്പന്നനും അപ്പുറം ഹീന കുലജാതനും ഉന്നത കുലജാതനും എന്ന സങ്കല്പമാണ്. ഉന്നത കുലജാതന്‍ ഹീന ജാതിയില്‍ പെട്ടവന്‍ പ്രധാനമന്ത്രിയാണെങ്കില്‍ പോലും അംഗീകരിക്കാന്‍ വിസമ്മതിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ മാറ്റിനിര്‍ത്തിയത് ജാതിയയുടെ പേരിലല്ല, മറിച്ച് വിധവയായതുകൊണ്ടാണ്. വിധവകളെ ശുഭകാര്യങ്ങളില്‍ പങ്കെടുപ്പിക്കരുത് എന്നത് ഹിന്ദു ശാസനയാണ്. ഹീന ജന്മമായ വിധവയെ ശുഭകാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താറാണ് പതിവ്.

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ഒരു നായര്‍ സ്ത്രീ അധിക്ഷേപിച്ച സംഭവത്തിലും, മുഖ്യമന്ത്രിയാലും എന്നേക്കാള്‍ താഴ്ന്ന ജാതിയാണെന്ന ചിന്തയാണ് അവരെ ഭരിച്ചത്. ഇത്തരത്തിലുള്ള വ്യവഹാരത്തില്‍ കെ രാധാകൃഷ്ണന്‍ അടയാളപ്പെടുന്നത് ഹീന കുലജാതന്‍ എന്ന നിലയിലാണ്, മന്ത്രി എന്ന നിലയിലല്ല. അവിടെ മന്ത്രിയും പൗരനും ഭരണഘടനയുമല്ല ജാതിയും ദൈവവും, ദൈവത്തെ സ്വീകരിച്ച മനുഷ്യരും, കാണപ്പെട്ട ദൈവങ്ങളും മാത്രമുള്ള വ്യവഹാര മണ്ഡലമാണ് അത്. ആചാരത്തില്‍ തന്നെ ഇത് ഉള്ളടങ്ങിയിരിയ്ക്കുന്നു. ഈ കാഴ്ച്ചപ്പാടിനെ തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

മന്ത്രിമാര്‍ പോലും ഇത്തരം അരക്ഷിതാവസ്ഥക്ക് ഇവിടെ വിധേയരാവുമ്പോള്‍ അര്‍ദ്ധ പട്ടിണിക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട മനുഷ്യര്‍ക്ക് ഇവിടെ എന്ത് സുരക്ഷിതമാണ് അവകാശപ്പെടാനുള്ളത്. മാപ്പു നല്‍കുന്ന നിലപാടിലൂടെ ബ്രാഹ്‌മണാധിപത്യത്തെ കൂടി അംഗീകരിക്കുന്ന അധികാരവര്‍ഗ്ഗത്തെ കൂടിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

(സണ്ണി എം കപിക്കാടുമായി അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രശ്മി ജയദാസ് സംസാരിച്ചു തയ്യാറാക്കിയത്)

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍