ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് അപേക്ഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍! താരത്തിന്റെ അപേക്ഷ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു! സംഗതി സത്യമായ കാര്യമാണ്. തെളിവുകള്‍ പുറത്തു വന്നിട്ടുമുണ്ട്. പക്ഷേ, യഥാര്‍ത്ഥ സണ്ണി ലിയോണ്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നു മാത്രം!
സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലാണ് സണ്ണി ലിയോണിന് ലഭിച്ചിരിക്കുന്ന അഡ്മിറ്റ് കാര്‍ഡ്. അഭിനേത്രിയുടെ ചിത്രം സഹിതമാണ് കാര്‍ഡ്. അപേക്ഷകയുടെ പേരും, റോള്‍ നമ്പറും പരീക്ഷ കേന്ദ്രവുമൊക്കെ കാര്‍ഡിലുണ്ട്; ഒപ്പം ചിത്രങ്ങളും.
ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയിലേക്കാണ് അഭിനേത്രിയുടെ പേരില്‍ ആരോ അപേക്ഷ അയച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡ്(യുപിപിആര്‍ബി) ഈ അപേക്ഷ അംഗീകരിക്കുകയും പരീക്ഷ എഴുതാന്‍, പ്രസ്തുത അപേക്ഷകയ്ക്ക് അനുവാദം നല്‍കുകയും ചെയ്തു. അഡ്മിറ്റ് കാര്‍ഡ് സിവില്‍ പൊലീസ് തസ്തികയ്ക്ക് വേണ്ടിയുള്ള വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. കനൗജിലുള്ള ശ്രീമതി സോനെശ്രീ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളാണ് ‘ സണ്ണി ലിയോണിന്’ പരീക്ഷ കേന്ദ്രമായി അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ആയിരുന്നു പരീക്ഷ തീയതി.
Sunny Leone applied for UP police constable examination….😅😅 pic.twitter.com/YuxYMzGjwt
— Simple man (@ArbazAh87590755) February 17, 2024
സണ്ണി ലിയോണിന്റെ പേരിലുള്ള അപേക്ഷയില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ യുപിയിലെ മഹോബ എന്ന സ്ഥലത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ നമ്പര്‍ എടുത്തിരിക്കുന്നത് മുംബൈ വിലാസത്തിലാണ്.
പരീക്ഷ കേന്ദ്രമായി അനുവദിച്ചിരുന്ന കോളേജിന്റെ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍, പ്രസ്തുത രജിസ്‌ട്രേഷന്‍ നമ്പറില്‍ ആരും തന്നെ പരീക്ഷയ്ക്ക് ഹാജരായില്ല എന്ന വിവരമാണ് കിട്ടിയതെന്നും ഹിന്ദുസ്ഥാന്‍ ട
ടൈംസ് പറയുന്നു. അതേസമയം, അഡ്മിറ്റ് കാര്‍ഡ് വ്യാജമാണെന്നും അപേക്ഷകന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ അഭിനേത്രിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തതാണെന്നുമാണ് പൊലീസ് പറയുന്നത്. അപേക്ഷകനോട് യഥാര്‍ത്ഥ ഫോട്ടോയും ആധാര്‍ കാര്‍ഡുമായി പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. കനൗജ് പൊലിസിന്റെ ഐടി സെല്‍ വിഭാഗം ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ശനിയാഴ്ച്ച ആരംഭിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ രണ്ട് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ പൊലീസ് കര്‍ശന പരിശോധനകള്‍ നടത്തിയിരുന്നു. ഉദ്യോഗാര്‍ത്ഥികളായി ആള്‍മാറാട്ടം നടത്തിയതിന് 120-ല്‍ അധികം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.