UPDATES

വിശദീകരണങ്ങളില്ല, വീടുകളിലേക്ക് ഇരച്ചു കയറുന്ന പൊലീസ്; അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് മാധ്യമ വേട്ട

ചോദ്യം ചെയ്തവരിലും കസ്റ്റഡിയില്‍ എടുത്തവരിലും മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും വരെ

                       

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദ ബന്ധമുള്ളവരായി. ചൊവ്വാഴ്ച്ച രാവിലയോടെ അവര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നവരില്‍ മാധ്യമപ്രവര്‍ത്തകരെ കൂടാതെ സ്റ്റാന്‍ഡ് അപ്പ് കോമഡിന്‍, ശാസ്ത്രജ്ഞന്‍, ആക്ഷേപഹാസ്യകാരന്മാര്‍, വിശകലനവിദഗ്ധര്‍ എന്നിവരൊക്കെയുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് മനുഷ്യത്വവിരുദ്ധ നിയമമാണ് യുഎപിഎ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതാണ് ഏറ്റവും പ്രതിഷേധകരമായ കാര്യം.

2023 ഓഗസ്റ്റ് 17 ന് രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 224/2023 എന്ന എഫ് ഐ ആര്‍ നമ്പറിട്ടിരിക്കുന്ന കേസില്‍ യുഎപിഎയിലെ 13,16,17,18 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, മതസ്പര്‍ദ്ധ വളര്‍ത്തി, സമുദായ ഐക്യം തകര്‍ത്തു, ക്രിമനല്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ഐ പി സി സെക്ഷന്‍ 153(എ), 120(ബി) തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ഔദ്യോഗിക വിശദീകരണങ്ങള്‍ക്കൊന്നും നില്‍ക്കാതെ അടിയന്തരവാസ്ഥ കാലത്ത് മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയതിന് സമാനമായിട്ടാണ് ചൊവ്വാഴ്ച്ച ഡല്‍ഹിയിലും നടന്നതെന്നാണ് ആക്ഷേപം.

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പരബിര്‍ പുര്‍കായസ്ത, വീഡിയോ ജേര്‍ണലിസ്റ്റ് അഭിസര്‍ ശര്‍മ, സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഭാഷ സിംഗ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉര്‍മിലേഷ്, എഴുത്തുകാരി ഗീത ഹരിഹരന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിശകലവിദഗ്ധനുമായ ഔനിന്ദ്യോ ചക്രവര്‍ത്തി, മനുഷ്യാവകാശ പ്രവര്‍ത്തകനും ചരിത്രകാരനുമായ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യകാരനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമായ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച്ച രാവിലെ റെയ്ഡ് നടന്നത്. ഡല്‍ഹിയിലുള്ള ന്യൂസ് ക്ലിക്ക് ഓഫിസില്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ എസിപി ലളിത് മോഹന്‍ നേഗിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ എ എന്‍ ഐ പുറത്തു വിട്ടിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ തകൂര്‍ത്ത എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിട്ടുണ്ടെന്നാണ് പുതിയ വിവരം. ടീസ്റ്റയുടെ മുംബൈയിലുള്ള വസതിയിലാണ് ഡല്‍ഹി പൊലീസ് എത്തിയതെന്നാണ് വിവരം. ടീസ്റ്റ ഡയറക്ടറായ ട്രൈകോണ്ടിനന്റല്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എന്ന വിദഗ്‌ധോപദേശ സംഘത്തിന്റെ ലേഖനങ്ങള്‍ ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിക്കാറുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രതിനിധിയും ഇപ്പോള്‍ ന്യൂസ് ക്ലിക്കുമായി സഹകരിക്കുകയും ചെയ്യുന്ന സുബോധ് വര്‍മയുടെ വീട്ടിലും റെയ്ഡ് നടന്നിട്ടുണ്ട്. ന്യൂസ്‌ക്ലിക്കിലെ ഓരോ തട്ടിലുമുള്ള ജീവനക്കാരുടെ വീടുകളിലുമെത്തിയ പൊലീസ് ലാപ് ടോപ്പ്, മൊബൈല്‍ തുടങ്ങിയവ പിടിച്ചെടുത്തതായും അറിയുന്നു. ദി വയര്‍ പറയുന്നതനുസരിച്ച്, ഡല്‍ഹി സയന്‍സ് ഫോറവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡി. രഘുനന്ദനെ തേടിയും ഡല്‍ഹി പൊലീസ് ചെന്നിരുന്നു. കൊമേഡിയന്‍ സഞ്ജയ് രജൗറയുടെ വീട്ടിലെത്തി അദ്ദേഹത്തെ ലോധി റോഡിലുള്ള സ്‌പെഷ്യല്‍ സെല്ലിലേക്ക് പിടിച്ചുകൊണ്ടുപോയെന്നാണ് വിവരം. രജൗറയുടെ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുത്തു. രജൗറയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാനാണ് കൊണ്ടുപോയതെന്നുമാണ് പൊലീസിന്റെ ഭാഷ്യം.

എന്നാല്‍, സഞ്ജയ് രജൗറയുടെ സുഹൃത്ത് പറയുന്നത് ഗൂണ്ടകളുടെതിന് സമാനമായിരുന്നു പൊലീസിന്റെ പ്രവര്‍ത്തികളെന്നാണ് ലോധി കോളനി പൊലീസ് സ്റ്റേഷനില്‍ നിന്നും സുഹൃത്ത് ദ സ്‌ക്രോളിനോട് സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു; ‘അവര്‍ ഗൂണ്ടകളെ പോലെയാണ് അകത്ത് കടന്നത്, എന്നിട്ടവര്‍ സഞ്ജയുടെ ഫോണും ലാപ് ടോപ്പും ഏതാനും സിഡികളും ബലമായി പിടിച്ചെടുത്തു. പൊലീസ് ഞങ്ങളെ എന്തെങ്കിലും വാറന്റോ, എഫ് ഐ ആര്‍ കോപ്പികളോ കാണിച്ചിട്ടില്ല. ന്യൂസ് ക്ലിക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ടെന്നു മാത്രമാണവര്‍ ആകെ പറഞ്ഞത്’.

ഓഗസ്റ്റ് അഞ്ചിന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചൊരു റിപ്പോര്‍ട്ടില്‍ നെവില്‍ റോയ് സിംഗം എന്ന അമേരിക്കന്‍ ശതകോടീശ്വരനെ കേന്ദ്രീകരിച്ചുള്ളൊരു ശൃംഖലയില്‍ നിന്നും ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ചൈനീസ് പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുകയാണ് നെവില്‍ റോയിയുടെ നേതൃത്വത്തിലുള്ള നെറ്റ്‌വര്‍ക്കിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. നെവില്‍ റോയ് ചൈനീസ് ഭരണകൂടത്തിന്റെ മാധ്യമ സംവിധാനത്തിന്റെ വളരെയുടത്ത ആളാണെന്നും ഇവര്‍ ചൈനീസ് കാഴ്ച്ചപ്പാടുകള്‍ വിവിധ രാജ്യങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുമുണ്ട്. ബിജെപി ഈ റിപ്പോര്‍ട്ട് ആയുധമാക്കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തു വന്ന് രണ്ടു ദിവസത്തിനുശേഷം ബിജെപി ഉയര്‍ത്തിയ ആരോപണം കോണ്‍ഗ്രസും ന്യൂസ് ക്ലിക്കും ഇന്ത്യവിരുദ്ധ സഖ്യത്തിന്റെ ഭാഗമാണെന്നായിരുന്നു. കേന്ദ്ര വാര്‍ത്തവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറായിരുന്നു വാര്‍ത്ത സമ്മേളനം വിളിച്ച് ‘ ഇന്ത്യ വിരുദ്ധ അജണ്ട’ ആരോപിച്ചത്.

ന്യൂസ് ക്ലിക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം വെറും കള്ളമാണെന്നായിരുന്നു എഡിറ്റര്‍ പരബിര്‍ പുര്‍കായസ്ത അന്ന് പറഞ്ഞത്.

2021 ലും ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ന്യൂസ് ക്ലിക്കിനെതിരേ കേസ് ചുമത്തിയിരുന്നു. ഒരു അമേരിക്കന്‍ കമ്പനിയില്‍ നിന്നും നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്ന ആരോപണത്തിന്റെ പുറത്തായിരുന്നു കേസ്.

Share on

മറ്റുവാര്‍ത്തകള്‍