UPDATES

കളമശേരിയില്‍ പൊട്ടിത്തെറിച്ചത് ഐഇഡി; സ്ഥിരീകരിച്ച് പൊലീസ്

ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നേരിടണമെന്നും സംസ്ഥാനത്ത് സമാധാനം ഉറപ്പിക്കണമെന്നും ഡിജിപി

                       

കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനം ആസൂത്രിതമായിരിക്കാമെന്ന നിഗമനത്തിലെത്തി പൊലീസ്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 36 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെ നില ആശങ്കാജനകമാണ്.

സ്‌ഫോടനത്തില്‍ ഐ ഇ ഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ഡിജിപി എസ് ദര്‍വേഷ് സാഹിബ് പറഞ്ഞത്. പ്രാഥമിക അന്വേഷണത്തില്‍ മനസിലായ കാര്യമാണിത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമെ അറിയാന്‍ സാധിക്കൂ.

ഞായറാഴ്ച്ച കളമശേരി സമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഏകദേശം 2,500 യഹോവ സാക്ഷി വിശ്വാസികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നിരുന്നു. ഒന്നില്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇവയിലടക്കം എല്ലാ കാര്യത്തിലും കൃത്യമായ സ്ഥിരീകരണം പൊലീസിന്റെ ഭാഗത്ത് നിന്നും വരേണ്ടതായുണ്ട്.

നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് അതീവ പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഡിജിപി ദര്‍വേഷ് സാഹിബ് കളമശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ മധ്യഭാഗത്തായാണ് സ്‌ഫോടനം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രാര്‍ത്ഥന ചടങ്ങള്‍ ആരംഭിച്ച് അധികം വൈകാതെ തന്നെ സ്‌ഫോടനം നടന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഞായറാഴ്ച്ച രാവിലെ 9.40 നാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നതെന്നാണ് ഡിജിപിയില്‍ നിന്നുണ്ടാകുന്ന ഔദ്യോഗിക വിശദീകരണം. ഒരാള്‍ കൊല്ലപ്പെടുകയും 36 ഓളം പേര്‍ ചികിത്സയിലുണ്ടെന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറയുന്നു.

വെള്ളിയാഴ്ച്ചയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ ആരംഭിച്ചത്. മൂന്നു ദിവസത്തെ പ്രാര്‍ത്ഥന ചടങ്ങുകളുടെ സമാപന ദിവസമായിരുന്നു ഞായറാഴ്ച്ച.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം തന്നെ സ്ഥലത്തുണ്ട്. അന്വേഷണം ആരംഭിച്ചതായും ഡിജിപി അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പിന്നിലുള്ളവര്‍ ആരാണെങ്കിലും കണ്ടെത്തുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു.

കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നേരിടണമെന്നും സംസ്ഥാനത്ത് സമാധാനം ഉറപ്പിക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി പ്രകോപനപരവും വ്യാജവുമായ വാര്‍ത്തകളോ പോസ്റ്റുകളോ പ്രചരിപ്പിക്കരുതെന്നും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍