December 09, 2024 |
Share on

കോഹ്‌ലി, അക്ഷയ് കുമാര്‍, അനുഷ്‌ക മുതല്‍ കേസിലെ പ്രതികള്‍ വരെ; കോടികള്‍ സംഭാവന പിരിച്ച് മുംബൈ പൊലീസ്

2018 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 25.49 കോടി രൂപയാണ് മുംബൈ പൊലീസ് ഫൗണ്ടേഷനിലേക്ക് (എംപിഎഫ്) സംഭാവനയായി എത്തിയത്

ബോളിവുഡ് താരങ്ങള്‍, ബാങ്കുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി പ്രതികളില്‍ നിന്നുവരെ മുംബൈ പൊലീസ് സംഭാവനയായി സ്വീകരിച്ചത് കോടികള്‍. വിവരാവകാശ നിയമപ്രകാരം ദ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു കൊണ്ടുവന്ന കണക്കില്‍ 2018 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 25.49 കോടി രൂപയാണ് മുംബൈ പൊലീസ് ഫൗണ്ടേഷനിലേക്ക് (എംപിഎഫ്) സംഭാവനയായി എത്തിയത്. തുകയില്‍ ഭൂരിഭാഗവും വന്നിരിക്കുന്ന 2020 ല്‍ കോവിഡ് മഹാമാരി സമയത്താണ്.

ബോളിവുഡ് താരം അക്ഷയ് കുമാര്‍, നിര്‍മാതാവ് രോഹിത് ഷെട്ടി, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ അനുഷ്‌ക ശര്‍മ എന്നിവരില്‍ നിന്നെല്ലാം എംപിഎഫിലേക്ക് ‘ സംഭാവന’ സ്വീകരിച്ചിട്ടുണ്ട്.

കാര്‍ഷിക രാസവള നിര്‍മാതാക്കളായ യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്(യുപിഎല്‍) ഒരു കോടി രൂപയാണ് 2020 ഏപ്രിലില്‍ എംപിഎഫിലേക്ക് സംഭാവന നല്‍കിയത്. ഇത്രയധികം രൂപ കമ്പനി സംഭാവന നല്‍കിയതിന് ഒരു വര്‍ഷം മുമ്പാണ് നിയമവിരുദ്ധമായി ഇലക്ട്രോണിക് തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കിയെന്ന പരാതിയില്‍ യുപിഎല്ലിനെതിരേ മുംബൈ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപിയെ സഹായിക്കുകയായിരുന്നു യുപിഎല്‍ എന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ ആക്ഷേപം.


ശ്രീലങ്കയിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന ആദ്യ ജേർണലിസ്റ്റിന്റെ അനുഭവങ്ങൾ: ബാഷാന അഭേയ്‌വർദ്ധനെ/ അഭിമുഖം


2019 ഏപ്രില്‍ 16 ന് ആയിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുപിഎല്‍ ഡയറക്ടര്‍മാരില്‍ ഒരാളായ രാജു ഷ്‌റോഫിനെതിരായി വടക്ക്-പടിഞ്ഞാറന്‍ മുംബൈയിലെ ഖര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

യുപിഎല്ലിനെതിരേ മുംബൈ പൊലീസ് എഫ് ഐ ആര്‍ രിജസ്റ്റര്‍ ചെയ്യുന്ന സമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്നത് ബിജെപി-ശിവസേന സര്‍ക്കാരായിരുന്നു. എന്നാല്‍ യു പിഎല്‍ മുംബൈ പൊലീസ് ഫൗണ്ടേഷനിലേക്ക് ഒരു കോടി സംഭാവന നല്‍കുമ്പോള്‍ ഭരണത്തില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരായിരുന്നു. പ്രസ്തുത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

എംപിഎഫിന് സംഭാവന നല്‍കിയ മറ്റൊരു സ്ഥാപനം ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസ് ലിമിറ്റഡ്(ഐഐസിഎല്‍) ആണ്. 2020-ല്‍ പത്തുലക്ഷം രൂപയാണ് അവരുടെ സംഭാവന. 2015-ല്‍ എന്‍എസ്ഇല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്ത മൂന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇന്ത്യ ഇന്‍ഫോലൈന്‍ മുന്‍ വൈസ് പ്രസിഡന്റ് ചിന്തന്‍ മോദിയായിരുന്നു. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം 2018-ല്‍ മോദിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇത്തരത്തില്‍ പ്രതികളും കുറ്റാരോപിതരുമായവരില്‍ നിന്നും സംഭാവന പണം സ്വീകരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് എംപിഎഫിന്റെ മേല്‍നോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശീദകരണം, ഈ കേസുകളിലെല്ലാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതാണെന്നും, ആയതിനാല്‍ സംഭാവന സ്വീകരിക്കുന്നതുകൊണ്ട് കേസില്‍ സ്വാധീനം ചെലുത്തുന്നത് അസാധ്യമായ കാര്യമാണെന്നുമാണ്. സംഭാവന സ്വീകരിക്കുമ്പോള്‍, അത് നല്‍കുന്നവരുടെ പശ്ചാത്തലം കൃത്യമായി അന്വേഷിക്കാറുണ്ടെന്നും, സംഭാവന നല്‍കിയതിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യത്തിന് അവര്‍ ശ്രമിക്കുമോയെന്ന കാര്യം അന്വേഷിച്ച് ഉറപ്പു വരുത്താറുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണത്തില്‍ മനസിലായ മറ്റൊരു കാര്യം, 2018 മേയില്‍ മുംബൈ പൊലീസ് ഫൗണ്ടന്‍ രൂപീകരിച്ച് ആദ്യത്തെ 22 മാസത്തോളം ഒരു രൂപ പോലും ഇതിലേക്ക് സംഭാവന സ്വീകരിച്ചിരുന്നില്ല എന്നതാണ്. 2020 മാര്‍ച്ച് മുതല്‍, അതായത് കോവിഡ് മഹാമാരി രാജ്യത്താകമാനം ഭീതി വിതയ്ക്കുകയും മുംബൈ പൊലീസ് സേനയിലുള്ളവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മനുഷ്യര്‍ തുടര്‍ച്ചയായി മരണപ്പെടാനും തുടങ്ങിയതു മുതലാണ് എംപിഎഫിലേക്ക് സംഭാവകളുടെ ഒഴുക്കും തുടങ്ങുന്നത്. 2020 മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ എംപിഎഫിലേക്ക് എത്തിയത് 15.87 കോടി രൂപയായിരുന്നു. നിലവില്‍ കിട്ടിയിരിക്കുന്ന 25.49 കോടിയിലെ ഭൂരിഭാഗവും ആ കാലയളവില്‍ വന്നതാണ്.

ഇന്ത്യന്‍ എക്‌സ്പ്രസിന് വിവരാവകാശ രേഖ പ്രകാരം കിട്ടിയ വിവരത്തില്‍ പറയുന്നത്, മുംബൈ പൊലീസ് ഫൗണ്ടേഷനിലേക്ക് വന്ന ഏറ്റവും വലിയ വ്യക്തിഗത സംഭാവന ബോളിവുഡ് താരം അക്ഷയ് കുമാറില്‍ നിന്നാണ്. 2020 ഏപ്രില്‍ 27 ന് അക്ഷയ് കുമാര്‍ നല്‍കിയത് രണ്ടു കോടി രൂപയാണ്. അതായത്, കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിനിപ്പുറം. നിര്‍മാതാവ് രോഹിത് ഷെട്ടി അമ്പത് ലക്ഷം നല്‍കി. 2020 മേയ് ആറിന് നടി അനുഷ്‌ക ശര്‍മ രണ്ടു ലക്ഷവും മേയ് രണ്ടിന് നടന്‍ ടൈഗര്‍ ഷ്‌റോഫ് രണ്ടര ലക്ഷവും എംപിഎഫിലേക്ക് സംഭാവന നല്‍കി. വിരോധഭാസമായി ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നൊരു കാര്യം, ഒരു വര്‍ഷത്തിനിപ്പുറം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ടൈഗര്‍ ഷ്‌റോഫിനെതിരേ കേസ് ചാര്‍ജ് ചെയ്തു എന്നതാണ്. മുംബൈ പൊലീസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍(അന്ന് ട്വിറ്റര്‍) ടൈഗറിന്റെയും നടി ദിഷ പഠാണിയുടെയും പേര് പരാമര്‍ശിക്കാതെ അവരഭിനയിച്ച സിനിമകളുടെ പേരുകള്‍ പറഞ്ഞുകൊണ്ട് കേസ് എടുത്ത കാര്യം പൊലീസ് ലോകത്തോട് പറയുകയും ചെയ്തു.

നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ സഹ ഉടമയായ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് 15 ലക്ഷം രൂപ 2020 ഏപ്രില്‍ 30 ന് എംപിഎഫിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. അതുപോലെ നിര്‍മാതാവും സംവിധായകനുമായ ദിനേഷ് വിജന്‍ ഉടമയായ മഡ്‌ഡോക് ഫിലിം 15 ലക്ഷം നല്‍കി. ടിപ്‌സ് ഇന്‍ഡസ്ട്രീസ് രണ്ടു ലക്ഷം നല്‍കി.

2020 മേയ് 6 ന് ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി എംപിഎഫിന് മൂന്നു ലക്ഷമാണ് സംഭാവനയായി നല്‍കിയത്. അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖയും ചേര്‍ന്ന് നല്‍കിയത് 25 ലക്ഷമായിരുന്നു. രണ്ട് തവണയായി കോര്‍പ്പറേറ്റ് സ്ഥാപനം വാര്‍ബര്‍ഗ് പിന്‍കസ് രണ്ടര കോടി നല്‍കിയപ്പോള്‍, ടാറ്റ സണ്‍സ് ഒരു കോടിയും നല്‍കി. ഇതെല്ലാം 2020 മേയ് മാസത്തില്‍ കൊടുത്ത സംഭാവനകളാണ്.

മുംബൈ പൊലീസിലെ 40,000-ത്തോളം സേനാംഗങ്ങളുടെ സാലറി അകൗണ്ട് കൈകാര്യം ചെയ്യുന്ന എച്ച്ഡിഎഫ്‌സി ബാങ്ക് നാല് കോടിയാണ് സംഭാവന കൊടുത്തത്. ഇതാണ് ഒരു സ്ഥാപനം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സംഭാവന. സ്‌റ്റേറ്റ് ബാങ്ക് ഓഫ്(എസ്ബിഐ) ഒരു കോടി കൊടുത്തു. റോട്ടറി ക്ലബ് ഓഫ് ബോംബെ സെന്‍ട്രല്‍ ഐലന്‍ഡ് ട്രസ്റ്റ് 7.51 ലക്ഷവും റോട്ടറി ക്ലബ് ഓഫ് മലബാര്‍ ഹില്‍സ് 11 ലക്ഷവും സംഭാവന ചെയ്തിട്ടുണ്ടെന്നും വിവാരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു നിര്‍ണായക വിവരം, മുംബൈ പൊലീസ് സ്വന്തം സംഭാവനയായി 6.93 കോടി എംപിഎഫിലേക്ക് ഇട്ടിട്ടുണ്ടെന്നാണ്. ഈ പണത്തിന്റെ പകുതി കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴയായി ഇടാക്കിയ തുകയില്‍ നിന്നാണ്.

കോടതികളില്‍ മുംബൈ പൊലീസുമായി പ്രതിഭാഗത്തിന്റെ അഭിഭാഷകരായി നിരന്തരം ഏറ്റമുട്ടുന്നവരാണ് എല്‍ എല്‍ പി എന്ന നിയമസ്ഥാപനം. സുല്‍ഫിക്കര്‍ എം മേമനും ഭാര്യ സുസന്നെ എം മേമനും ചേര്‍ന്ന് സ്ഥാപിച്ച എല്‍ എല്‍ പിയുടെ ജീവകാരുണ്യ വിഭാഗമാണ് എംഇസഡ്എം കെയര്‍ ഫൗണ്ടേഷന്‍. ഇവരും എംപിഎഫിന് സംഭാവന നല്‍കിയിട്ടുണ്ട്; മൂന്നു ലക്ഷം.

ജനങ്ങള്‍ അവരുടെ മനസ് അറിഞ്ഞു നല്‍കിയ സംഭാവനയാണ് എംപിഎഫില്‍ കിട്ടുന്നതെന്നാണ് മുംബൈ പൊലീസ് അധികൃതര്‍ പറയുന്നത്. കോവിഡ് കാലത്ത് സ്വന്തം ജീവന്‍പോലും മറന്ന് മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ചവരാണ് പൊലീസുകാര്‍. അങ്ങനെയുള്ള പൊലീസിന് സംഭാവന നല്‍കാന്‍ ജനങ്ങള്‍ക്ക് സ്വയം തോന്നിയതാണെന്നാണ് പൊലീസുകാര്‍ വിശദീകരിക്കുന്നത്. മഹാമാരിക്കാലം കഴിഞ്ഞതോടെ സംഭാവനയ്ക്കായി മുംബൈ പൊലീസ് ഫൗണ്ടേഷനെക്കുറിച്ച് തങ്ങള്‍ കൂടുതലായി പ്രചാരണം നടത്തുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

2018-ല്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഫൗണ്ടേഷന്‍ മാതൃക അനുകരിച്ചാണ് മുംബൈ പൊലീസ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. ആര്‍ടിഐ പ്രകാരം പറയുന്നത്, കോവിഡ് കാലത്ത് 107 മുംബൈ പൊലീസ് സേനാംഗങ്ങളാണ് മരണപ്പെട്ടത്. ഇവരുടെയെല്ലാം കുടുംബത്തിന് എംപിഎഫില്‍ നിന്നും 10 ലക്ഷം രൂപ വീതം സഹായം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 11 ലക്ഷത്തിനു പുറമെയായിരുന്നു ഈ സഹായം- ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നു.

×