റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് അന്വേഷണ റിപ്പോർട്ട്.
ബാങ്ക് ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് വിദേശ യാത്രകളും ഐഫോണുകളും ഉള്‍പ്പെടെയുള്ള പാരിതോഷികങ്ങള്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവ് അന്വേഷണ റിപ്പോര്‍ട്ട്. കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അനാവശ്യ ഇന്‍ഷ്വറന്‍സ് ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണ് ബാങ്ക് ജീവനക്കരെ കൈക്കൂലി നല്‍കി വശത്താക്കുന്നത്. ബാങ്ക് ജീവനക്കാരുടെയും ഇന്‍ഷ്വറന്‍സ് ഏജന്റുമാരുടെയും പുറത്തുവിടുന്ന കോള്‍ റെക്കോര്‍ഡിംഗുകളും വീഡിയോ ക്ലിപ്പുകളും ഇരു കൂട്ടരും തമ്മില്‍ ഇതിനു വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ് നല്‍കുന്നത്. കമ്പനികള്‍ ബാങ്ക് ജീവനക്കാരെ അനധികൃതമായി ഇന്‍ഷ്വറന്‍സ് സെയില്‍ നടത്താനും ഈ ചര്‍ച്ചകളില്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ ജീവനക്കാര്‍ക്ക് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ദേശവും ലഭിക്കുന്നുണ്ട്. പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് ബാങ്കുകളുടെ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി നിയമങ്ങള്‍ക്ക് എതിരാണ്. പാരിതോഷികങ്ങള്‍ കൈപ്പറ്റിയ ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ചേരാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ഇടപാടുകാരെ വഞ്ചിക്കാനും അവരുടെ പണം നഷ്ടത്തിലാക്കാനും സാധ്യതയുള്ളതുകൊണ്ടാണ് ഇത് നിയമലംഘനമായി കണക്കാക്കുന്നത്.
ബാങ്കിംഗ് ബിസിനസില്‍, കടം കൊടുക്കുന്നവര്‍ തങ്ങളുടെ കയ്യില്‍ നിന്ന് കടം വാങ്ങുന്നവരെ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ചേരാന്‍ നിര്‍ബന്ധിക്കാറുണ്ട്. കടം വാങ്ങുന്നയാള്‍ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുകയോ മരിക്കുകയോ ചെയ്താല്‍, കടം വാങ്ങിയ തുക വീട്ടാന്‍ ഇന്‍ഷ്വറന്‍സ് തുക ഉപയോഗപ്പെടുത്താം. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബാങ്കുകള്‍ക്ക് സഹകരണ പങ്കാളിത്തമുണ്ട്. ചില സാഹചര്യങ്ങളില്‍ ഈ ഇന്‍ഷ്വറന്‍സ് നല്‍കുന്നത് ബാങ്കുകളുടെ സഹോദര സ്ഥാപനങ്ങളായിരിക്കും. ആരില്‍ നിന്നും ഇന്‍ഷ്വറന്‍സ് വാങ്ങണമെന്നതും അതെല്ലങ്കില്‍ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ചേരണമോ തുടങ്ങിയ തീരുമാനങ്ങള്‍ ഉപഭോക്താക്കളുടേതായിരിക്കും. പക്ഷെ ബാങ്കുകള്‍ അവര്‍ക്ക് തെരഞ്ഞെടുക്കുന്നതിനായി നല്‍കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളുടെ എണ്ണം വളരെ പരിമിതരായിക്കും. ഫലത്തില്‍ ബാങ്ക് നേരിട്ട് ഏത് കമ്പനയില്‍ നിന്ന് ഇന്‍ഷ്വറന്‍സ് സ്വീകരിക്കണമെന്ന് ഉപഭോക്താവിനോട് ആവിശ്യപ്പെടുന്നില്ലെങ്കിലും, അവരെ ബാങ്ക് ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഇന്‍ഷ്വറന്‍സ് എടുക്കുന്നതിനായി പ്രേരിപ്പിക്കുന്നു.
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ വില്‍പ്പന ലക്ഷ്യം നേടുന്നതിനും കമ്മീഷനും വലിയ പ്രതിഫലവും വീട്ടിലെത്തിക്കുന്നതിനും രാജ്യത്തെ ബാങ്കുകള്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളുടെ പോളിസികള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്. ഇന്‍ഷ്വറന്‍സ് പ്രീമിയം ചേര്‍ക്കാനായി ലോണ്‍ അകൗണ്ടുകള്‍ നിയമവിരുദ്ധമായി ടാപ് ചെയ്യുകയാണ് പതിവ്. ഇതിലൂടെ ഇഎംഐ ബൗണ്‍സ് ചെയ്യപ്പെടുകയും ഉപഭോക്താക്കള്‍ക്കുള്ള ക്രെഡിറ്റ് സ്‌കോര്‍ തകരാറിലാവുകയും ചെയ്യും. ക്രെഡിറ്റ് സ്‌കോറുകള്‍ തകരാറിലാവുന്നതു മൂലം ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരും, കൂടാതെ വായ്പകള്‍ക്കായി കൂടുതല്‍ പണവും നല്‍കേണ്ടിവരും.
ഇത്തരം വിഷയങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത ഉപഭോക്താക്കളെ കൊള്ളയടിക്കാനായി ചില ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ബാങ്ക് ജീവനക്കാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ വ്യപകമായി നടത്തുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്കു പിന്നിലുള്ള കൈക്കൂലി/ പാരിതോഷികങ്ങളുടെ വിവരങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പുറത്തുവിടുന്നത്. ഇന്‍ഷ്വറന്‍സ് നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എങ്ങനെയാണ് ബാങ്ക് ജീവനക്കാരെ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വളച്ചൊടിക്കാനും ലംഘിക്കാനും പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇൻഷുറൻസ് പോളിസികൾ വാങ്ങാൻ ഒരു സാധരണ അക്കൗണ്ട് തുറക്കുന്നതിനോ, ലോക്കർ സൗകര്യം ഉപയോഗിക്കുന്നതിനോ പോലും ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ നിർബന്ധിക്കുന്നതായി വ്യാപക പരാതികളാണ് ട്വിറ്ററിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനു വഴങ്ങാത്ത ഉപഭോക്താക്കൾക്ക് ബാങ്ക് സേവനം നിഷേധിക്കുന്നതായി ആരോപണമുണ്ട്. ഒരു പ്രത്യേക മരുന്ന് കമ്പനിയിൽ നിന്ന് പാരിതോഷികം സ്വീകരിക്കുന്ന ഡോക്ടർമാർ അവരുടെ രോഗികൾക്ക് ഈ കമ്പനിയുടെ മരുന്നുകൾ നിർദ്ദേശിക്കുന്നതിന് സമാനമാണിത്.
ഇത്തരത്തില്‍ വലിയ ഒരു തുക നഷ്ടപ്പെടനുള്ള സാഹചര്യത്തിലേക്ക് വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണര്‍ മാത്രമല്ല എത്തിച്ചേരുന്നത്, നഗരങ്ങളിലെ മധ്യവര്‍ഗം വരെ ഈ അനാവശ്യ ഇന്‍ഷ്വറന്‍സിന്റെ പിടിയിലാണ്. പലപ്പോഴും, സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഇന്‍ഷ്വറന്‍സിനായി സൈന്‍ അപ്പ് ചെയ്യുന്നതില്‍ കബളിപ്പിക്കപ്പെടുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഈ പോളിസികളില്‍ പലതിനും ചെലവ് വരുന്നത്.
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണ ബാങ്കിലെ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാനുള്ള ഇന്‍ഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തുന്ന കോള്‍ റെക്കോര്‍ഡിംഗുകള്‍ ദി കളക്ടീവിന് ലഭിച്ചു. ഒരു പ്രധാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിന്റെ പിന്തുണയോടെയാണ് ഈ ഗ്രാമീണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പങ്കാളിത്തമുള്ള ഗ്രാമീണ ബാങ്കിലെ ഒരു എക്സിക്യൂട്ടീവിന് കൈക്കൂലി കൊടുക്കാന്‍ പണം സ്വരൂപിക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ അവരുടെ ഏജന്റുമാരോട് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡിംഗുകളില്‍ വ്യക്തമാണ്. ‘ഈ ബാങ്കിന്റെ റീജിയണല്‍ മാനേജര്‍ ഇവിടെ ഉള്ളത് വരെ, ഒറ്റയ്ക്ക് പോയാല്‍ ഒരു രൂപ പോലും നിങ്ങള്‍ക്ക് കിട്ടില്ല. പക്ഷെ ഇത് നിങ്ങള്‍ക്ക് ഒരു ലോട്ടറി അടിച്ചപോലെയാണ്,” ഇന്‍ഷുറന്‍സ് ഓഫീസര്‍ കോണ്‍ഫറന്‍സ് കോളില്‍ തന്റെ ഏജന്റുമാരോട് പറയുന്നതാണിത്. ”ഈ റീജിയണല്‍ മാനേജറെ ഇവിടെ ആദ്യമായി പോസ്റ്റ് ചെയ്തപ്പോള്‍ ഒരു ഡിമാന്‍ഡ് വച്ചിരുന്നു. ഞങ്ങള്‍ അയാള്‍ക്ക് വേണ്ടി എല്ലാ മാസവും 10,000-12,000 രൂപ ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചിരുന്നു.
കോളിനിടയില്‍, ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നുള്ള വ്യക്തി അവരുടെ ഏജന്റുമാരോട് 2000, 2500 രൂപ വീതം നീക്കിവെക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ബാങ്ക് എക്‌സിക്യൂട്ടീവിന് കൈക്കൂലിയായി നല്‍കാനുള്ള പണമാണിത്. തങ്ങളുടെ കുടുംബത്തിന്റെ അവധിക്കാലത്തിനും കുട്ടികളുടെ ജന്മദിന പാര്‍ട്ടികള്‍ക്കും ചെലവഴിക്കുന്ന ഏജന്റുമാരോട് ഓഫീസര്‍ പുച്ഛം പ്രകടിപ്പിച്ചു, എന്നാല്‍ അവരുടെ ബിസിനസ്സ് നടത്തുന്ന ഒരാള്‍ക്ക് പണം നല്‍കാന്‍ വിമുഖത കാണിക്കുന്നു. ‘ഞങ്ങള്‍ക്ക് അത്തരം ആളുകളെ ആവശ്യമില്ല,” അദ്ദേഹം കര്‍ശനമായി പറഞ്ഞു, എല്ലാവരുടെയും ”സംഭാവന” ശേഖരിക്കാന്‍ ഒരു ഏജന്റിനോട് ആവശ്യപ്പെട്ടു, അത് ഒരു കവറിലാക്കി റീജിയണല്‍ മാനേജരുമായുള്ള അടുത്ത മീറ്റിംഗിന് മുമ്പ് അത് അദ്ദേഹത്തിന് കൈമാറാന്‍ ആവശ്യപ്പെട്ടു.
ഈ കോളുകളില്‍ സംസാരിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി ജീവനക്കാരുമായി കളക്ടീവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. കോളുകളില്‍ ഉള്‍പ്പെട്ട ഒരു ജീവനക്കാരന്‍ കളക്റ്റിവിനോട് കമ്പനിയുടെയും ബന്ധപ്പെട്ട ബാങ്കിന്റെയും പേരുകള്‍ വെളിപ്പെടുത്താനും സന്നദ്ധനായില്ല. എന്നിരുന്നാലും, ഈ രണ്ട് കോള്‍ റെക്കോര്‍ഡിംഗുകളിലും പേര് പരാമര്‍ശിച്ച ഇന്‍ഷ്വറന്‍സ് കമ്പനിയിലെ മുന്‍ ജീവനക്കാരനുമായി കളക്ടീവ് സംസാരിച്ചിരുന്നു. പേര് വെളിപ്പെടുത്താന്‍ തയ്യറാവാതിരുന്ന അദ്ദേഹം, ബാങ്ക് എക്‌സിക്യൂട്ടീവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ കമ്മീഷന്‍ നല്‍കുന്ന രീതി നിലവിലുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു. കമ്പനിയുടെ പേരില്‍ ചില ബാങ്ക് ജീവനക്കാര്‍ക്ക് താന്‍ തന്നെ ഐഫോണുകള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിലകൂടിയ സമ്മാനങ്ങള്‍
വടക്ക് ലഡാക്ക് മുതല്‍ തെക്ക് ആന്ധ്രാപ്രദേശ്, കിഴക്ക് ത്രിപുര, പടിഞ്ഞാറ് ഗുജറാത്ത് വരെ രാജ്യത്തുടനീളമുള്ള വിവിധ ബാങ്ക് ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ നിര്‍ബന്ധിതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് പ്രേരണ ലഭിച്ചതിന്റെ തെളിവുകള്‍ കളക്ടീവുമായി പങ്കുവച്ചു. ഇതിനു പാരിതോഷികമായി ജീവനക്കാര്‍ക്ക് ലഭിച്ചത് ആകര്‍ഷകമായ സ്ഥലങ്ങളിലേക്കുള്ള വിനോദയാത്രയും, വിലപിടിപ്പുള്ള സമ്മാനങ്ങളുമൊക്കെയാണ്.
ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകള്‍ ഏഴു ബാങ്കുകളില്‍ നിന്നായാണ് ലഭിച്ചിരിക്കുന്നത്. വന്‍ അഴിമതി ആരോപിക്കുന്ന രണ്ട് വിസില്‍ബ്ലോവര്‍ പരാതികള്‍, ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ഉപഭോക്താക്കളുടെ മൂന്ന് പരാതികള്‍, റെക്കോര്‍ഡ് ചെയ്ത മൂന്ന് ഫോണ്‍ സംഭാഷണങ്ങള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആതിഥേയത്വം വഹിച്ച ആറ് പാര്‍ട്ടികളുടെ ഫോട്ടോകളും വീഡിയോകളും, ബാങ്ക് ഉദ്യോഗസ്ഥരും ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരും ഉള്‍പ്പെട്ട 13 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും എന്നിവയാണ് തെളിവുകളിയി ശേഖരിച്ചിട്ടുള്ളത്. മുതിര്‍ന്ന മാനേജര്‍മാര്‍ ടാര്‍ഗറ്റുകള്‍ നിശ്ചയിച്ചു തങ്ങളുടെ കീഴ്ജീവനക്കാര്‍ക്ക് നല്‍കും. ഈ ടാര്‍ഗറ്റുകള്‍ തികയ്ക്കുന്നതിന് കീഴ്ജീവനക്കാര്‍ ബാങ്കിന്റെ ഉപഭോക്താക്കളെ വിലകൂടിയ ഇന്‍ഷ്വറന്‍സ് പോളിസികള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതായി ബാങ്ക് ജീവനക്കാര്‍ പറയുന്നു.
ബാങ്ക് ഓഫ് ബറോഡയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ചു, ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍ ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഐഫോണുകള്‍ പോലുള്ള സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ബാങ്കിന്റെ അഞ്ച് മേഖലകളില്‍ നിന്നുള്ള ജീവനക്കാര്‍ അതത് മേഖലയിലെ ബാങ്കിംഗ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളില്‍ ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് ഉദ്യോഗസ്ഥര്‍ ഇന്‍ഷ്വറന്‍സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ബാങ്ക് ജീവനക്കാര്‍ക്ക് ഐഫോണുകള്‍, മാക്ബുക്കുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കുമെന്ന് വാഗ്ദനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്.
രണ്ട് സ്‌ക്രീൻഷോട്ടുകളും ബാങ്ക് ഓഫ് ബറോഡ ജീവനക്കാരുടെയും ഇന്ത്യാഫസ്റ്റ് ജീവനക്കാരുടെയും യഥാർത്ഥ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെതാണ്. ഇൻഷുറൻസ് വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ ബാങ്ക് ജീവനക്കാർക്ക് വിലകൂടിയ ഗാഡ്‌ജെറ്റുകൾ നേടാനാകുമെന്ന് ഈ ഗ്രൂപ്പുകളിൽ പങ്കിട്ട ഗ്രാഫിക്സ് പ്രസ്താവിക്കുന്നുബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബറോഡ ഉത്തർപ്രദേശ് ഗ്രാമീണ്‍ ബാങ്ക് എന്നിവയുടെ ഇന്‍ഷ്വറന്‍സ് പങ്കാളിയാണ് ഇന്ത്യ ഫസ്റ്റ്. ഇന്ത്യാഫസ്റ്റിൻ്റെ 65 ശതമാനം ഓഹരികളും ബാങ്ക് ഓഫ് ബറോഡയ്ക്കാണ്. ബാങ്ക് ഓഫ് ബറോഡ ഓഫീസർ എംപ്ലോയീസ് (കണ്ടകട്) റെഗുലേഷൻസ് അനുസരിച്ച്, ബാങ്ക് ജീവനക്കാർക്ക് പാരിതോഷികങ്ങൾ സ്വീകരിക്കാൻ പാടില്ല. ഈ ചട്ടങ്ങളിൽ പറയുന്നതുപ്രകാരം ഒരു ഉദ്യോഗസ്ഥനും അവരുടെ കുടുംബാംഗങ്ങളെയോ അവരുടെ പേരിൽ പ്രവർത്തിക്കുന്ന മറ്റാരുടെയെങ്കിലും പേരിലോ എന്തെങ്കിലും സമ്മാനം സ്വീകരിക്കുകയോ സ്വീകരിക്കാൻ അനുവദിക്കുകയോ ചെയ്യരുത്. കൂടാതെ “ഒരു സാധാരണ സമ്പ്രദായമെന്ന നിലയിൽ ഒരു ഉദ്യോഗസ്ഥൻ അയാളുമായി ഔദ്യോഗിക ഇടപാടുകൾ നടത്തുന്ന ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഒരു സമ്മാനവും സ്വീകരിക്കരുത്.”
പാരിതോഷികം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ബാങ്കിന്റെ വ്യവസ്ഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ സമ്മാനങ്ങളുടെ മൂല്യവും തമ്മിൽ വലിയ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. “സമ്മാനങ്ങളുടെ മൂല്യം 2000 രൂപയിൽ കൂടുതലാണെങ്കിൽ, യോഗ്യതയുള്ള അധികാരിയുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ ഒരു സമ്മാനവും സ്വീകരിക്കരുത്” എന്ന് ചട്ടങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ഏറ്റവും പുതിയ ഐഫോണിൻ്റെ പ്രാരംഭ വില 75,000 രൂപയാണ്. മാക്ബുക്കിൻ്റെ ഏറ്റവും കുറഞ്ഞ വില 80,000 രൂപയാണ്.
ബാങ്ക് ഓഫ് ബറോഡയിലെ ഒരു ജീവനക്കാരൻ പങ്കിട്ട കഴിഞ്ഞ വർഷം സെപ്തംബർ മുതലുള്ള വീഡിയോ കോൺഫറൻസിൻ്റെ ദൃശ്യങ്ങളിൽ, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബ്രാഞ്ച് മാനേജർമാരോട് “ഇന്ത്യ ഫസ്റ്റ്” കാമ്പെയ്‌നിൻ്റെ “പ്രധാന ദൗത്യത്തിന്” തയ്യാറാകാൻ പറയുന്നത് വ്യക്തമാണ്. “ഏതെങ്കിലും ഗ്രാമീണ ബ്രാഞ്ച് 50 ലക്ഷം രൂപയുടെ ബിസിനസ്സ് നടത്തിയാൽ ഐപാഡാണ് ലഭിക്കുക. ഈ ഓഫർ ഒരു തവണ മാത്രമാണുള്ളത്. എല്ലായ്‌പോഴും ഈ ഓഫർ ലഭിക്കില്ല. ഒരു കോടി രൂപയുടെ ബിസിനസിന്, കിട്ടുന്നത് ഐഫോൺ ആണ്. 1.5 കോടിയാണെങ്കിൽ മാക്ബുക്കും. കാര്യങ്ങൾ ശ്രദ്ധയോടെ നീക്കണം ” വീഡിയോ കോൺഫറൻസിൽ ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയുടെ ഇൻഷുറൻസ് വിപണി അതിവേഗം വളരുകയും ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് വിപണിയായി മാറികൊണ്ടിരിക്കുകയുമാണ്. നിലവിൽ 56 കമ്പനികളാണ് ഇന്ത്യയുടെ ഇന്‍ഷ്വറന്‍സ് വിപണിയിൽ പ്രവർത്തിക്കുന്നത്. ഈ ലാഭകരമായ വ്യവസായത്തിൽ തങ്ങളുടെ ലാഭം ഇരട്ടിയാക്കാൻ, ഇന്‍ഷ്വറന്‍സ് കമ്പനികൾ അവരുടെ സെയിൽസ് സ്റ്റാഫിനെ നിർബന്ധിതരാക്കുന്നു. ഇതോടെ പെട്ടെന്നുള്ള വളർച്ചക്കായി ഇവർ കുറുക്കുവഴികൾ തേടി കണ്ടുപിടിക്കും. ഇവർക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ബാങ്ക് മാനേജർക്ക് തൻ്റെ ഏജൻ്റിനെ എളുപ്പത്തിൽ ടാർഗെറ്റിലെത്തിക്കാനാകും. പേര് വെളുപ്പെടുത്താൻ താത്പര്യമില്ലാത്ത
ഛത്തീസ്ഗഡിലെ ഒരു ഗവൺമെൻ്റ് ബാങ്കിൻ്റെ ബ്രാഞ്ച് മാനേജർ പങ്കിട്ട ഒരു വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടിൽ, ഒരു ഇന്‍ഷ്വറന്‍സ് കമ്പനി ഏജൻ്റ് അദ്ദേഹത്തിന് ഒരു “കമ്മീഷൻ” വാഗ്ദാനം ചെയുന്നുണ്ട്, ഇത് അദ്ദേഹത്തിന് ബിസിനസ്സ് ഡെലിവർ ചെയ്തതിന് പകരമായി കൈക്കൂലി ആയാണ് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സർക്കാർ വായ്പാദാതാവായ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ (പിഎൻബി) ജീവനക്കാർക്ക് ബാങ്കിൻ്റെ ഇന്‍ഷ്വറന്‍സ് പങ്കാളിയായ പിഎൻബി മെറ്റ്‌ലൈഫ് ഐഫോണുകളും മറ്റ് റിവാർഡുകളും വാഗ്ദാനം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ മറ്റൊരു വലിയ സർക്കാർ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ, ഇന്‍ഷ്വറന്‍സ് വിൽക്കുന്നതിനുള്ള പ്രതിഫലമായി എസ്ബിഐ ലൈഫ് വാഗ്ദാനം ചെയ്യുന്ന വെള്ളി നാണയങ്ങൾ സ്വന്തമാക്കാൻ ഒരു മാനേജർ ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു.
സീനിയര്‍ മാനേജര്‍മാര്‍ ഉള്‍പ്പെടുന്ന ബാങ്കുകളുടെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം പാരിതോഷികങ്ങളുടെയും റിവാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നത്. വാട്ട്സ് ആപ്പ് വഴി സംഘടനാപരമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്ന് ബാങ്കുകളുടെ നിയമങ്ങള്‍ വ്യക്തമാകുന്നുണ്ട്. കൂടാതെ ഔദ്യോഗിക ചര്‍ച്ചകള്‍ വാട്ട്സ് ആപ്പില്‍ അല്ല, ഔദ്യോഗിക ചാനലുകളില്‍ മാത്രമേ നടക്കാവൂ എന്ന് ജീവനക്കാരുടെ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നിരിന്നിട്ടു പോലും ജീവനക്കാരുമായി ആശയവിനിമയം നടത്തുന്നതിന് മേലധികാരികള്‍ ഇപ്പോഴും സമൂഹ മാധ്യമം തന്നെയാണ് ഉപയോഗിച്ചുപോരുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഏജന്റുമാരും മാര്‍ക്കറ്റിംഗ് മാനേജര്‍മാരും ബാങ്കുകളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മാത്രമല്ല, ബാങ്കിനുള്ളിലെ അവലോകന യോഗങ്ങളില്‍ പോലും ഭാഗമാണെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.
ഇന്‍ഷ്വറന്‍സ് കമ്പനികളെ പ്രതിനിധീകരിച്ച് ഈ ഓഫറുകള്‍ നല്‍കിയ ഇന്‍ഷ്വറന്‍സ് ഉദ്യോഗസ്ഥരുടെ ജോലി വിവരങ്ങള്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പരിശോധിച്ചു. പക്ഷെ അവര്‍ ഒരു ചിട്ടയായ കോര്‍പ്പറേറ്റ് പോളിസിയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുകയാണെങ്കില്‍ കമ്പനിക്കു പങ്കില്ലെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു എളുപ്പ മാര്‍ഗമാണിത്. കാരണം വാട്ട്സ് ആപ്പ് പോലുള്ള അനൗപചാരിക മാധ്യമങ്ങളിലൂടെയാണ് ജീവനക്കാരോ ഏജന്റുമാരോ ആശയവിനിമയം നടത്തുന്നത്. അനൗദ്യോഗിക ആശയവിനിമയമായതു കൊണ്ട് തന്നെ ഇതില്‍ കമ്പനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ല.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പുറത്തുവിട്ട പ്രതികരണത്തില്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി അത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ജീവനക്കാര്‍ ഏതെങ്കിലും തരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറയുന്നു.
ഈ പാരിതോഷിക സംസ്‌കാരത്തിലേക്കും, ഇന്ത്യ ഫസ്റ്റ് കമ്പനിയുടെ അധാര്‍മികമായ വില്‍പ്പനയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ആറ് കത്തുകളാണ് കഴിഞ്ഞ 18 മാസത്തിനിടെ ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരുടെ സംഘടനകള്‍ ബാങ്ക് മാനേജ്മെന്റിന് അയച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ യൂണിയനുകളാണ് മാനേജ്‌മെന്റിനു കത്തയച്ചത്.
ഇന്‍ഷ്വറന്‍സ് വില്‍പ്പനയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഒരു റീജിയണല്‍ മാനേജര്‍ ബ്രാഞ്ച് മേധാവികളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി കേരളത്തിലെ യൂണിയന്‍ അയച്ച കത്തില്‍ ആരോപിക്കുന്നുണ്ട്. ഈ ടാര്‍ഗറ്റ് കണ്ടെത്തുന്നതിനായി ബ്രാഞ്ച് മേധാവികള്‍ സ്വയം പോളിസികള്‍ വാങ്ങിയതായും കത്തില്‍ പറയുന്നു. ഇന്ത്യ ഫസ്റ്റ് ഇന്‍ഷ്വറന്‍സ് പ്ലാനിനായി 50,000 രൂപ വീതം പിന്‍വലിക്കുന്നതായി വെളിപ്പെടുത്തുന്നതായി കാണിക്കുന്ന രണ്ട് ബാങ്ക് ഓഫ് ബറോഡ ജീവനക്കാരുടെ അകൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ കളക്ടീവ് ശേഖരിച്ചിട്ടുണ്ട്. തങ്ങളുടെ മേലുദ്യോഗസ്ഥര്‍ ടാര്‍ഗറ്റ് എത്തിക്കുന്നതിന് സമ്മര്‍ദ്ദവും ദുരുപയോഗം ചെയ്യുന്നതായും ബാങ്ക് ജീവനക്കാര്‍ ദി കളക്ടീവിനോട് പറയുന്നു. ഈ ടാര്‍ഗറ്റുകള്‍ എത്തിക്കുന്നതിനായി ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും പറയുന്നു.
ചില സന്ദര്‍ഭങ്ങളില്‍ സെയില്‍സ് നമ്പറുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാര്‍ താത്കാലികമായി സ്വന്തം പണം ചെലവഴിക്കാറുണ്ട്. ഇതില്‍ പോളിസി ചേരുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കും. ഈ വിശദാംശങ്ങളുടെ അഭാവം മൂലം അപേക്ഷ നിരസിക്കപ്പെടുകയും റീഫണ്ട് ലഭിക്കുകയും ചെയ്യുന്നു. പണം തിരികെ ലഭിക്കാന്‍ ജീവനക്കാര്‍ പ്രയോഗിക്കുന്ന ഒരു കുറുക്കുവഴിയാണിത്.
ബാങ്ക് ഓഫ് ബറോഡ ജീവനക്കാരുടെ യൂണിയനുകള്‍ അയച്ച കത്തിനെ കുറിച്ചുള്ള ഇന്ത്യ ഫസ്റ്റിന്റെ പ്രതികരണം ഒരു ഇമെയിലിലൂടെ കളക്ടീവ് ആരാഞ്ഞിരുന്നു. ‘ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് എങ്ങനെ നടത്തുന്നു എന്നതിനെക്കുറിച്ചുള്ള കത്തുകളില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദോഷകരമാണ്, അത് സ്ഥിരീകരിച്ചിട്ടില്ല.’ എന്ന് ഇന്ത്യ ഫസ്റ്റില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു. ഇന്ത്യ ഫസ്റ്റ് ലൈഫിനെയും ബാങ്ക് ഓഫ് ബറോഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണം. ‘അത്തരമൊരു സാഹചര്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് വിവരമില്ല. ഞങ്ങളുടെ ജീവനക്കാരില്‍ ആരെങ്കിലും ഇത്തരം പെരുമാറ്റത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍, ആവശ്യമായ അച്ചടക്ക നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കും.’ ഈ ആരോപണങ്ങളില്‍ അടിസ്ഥാനമില്ല, ഞങ്ങളുടെ പ്രശസ്തിയും പ്രതിച്ഛായയും സംരക്ഷിക്കാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്. സമ്മാനങ്ങളുടെയോ വിനോദയാത്രകളുടെയോ രൂപത്തില്‍ ഒരു പ്രോത്സാഹനവും നല്‍കുന്നില്ലെന്ന് ഇന്ത്യാഫസ്റ്റ് പറയുന്നു.
‘ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് ഏജന്റ് എന്ന നിലയില്‍, ബാങ്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിക്കുകയും ഇന്‍ഷ്വറന്‍സ് ബിസിനസ്സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച വ്യവസായ രീതികള്‍ പിന്തുടരുകയും ചെയ്യുന്നു.’ബാങ്ക് ഓഫ് ബറോഡയുടെ വക്താവ് കളക്ടീവിനോട് പറയുന്നു.
ഒന്നിലധികം ബാങ്കുകളിലെ ജീവനക്കാരുടെ യൂണിയനുകള്‍ അയച്ച ഡസന്‍ കണക്കിന് കത്തുകള്‍ കളക്ടീവ് അവലോകനം ചെയ്തിരുന്നു. കൂടാതെ ബാങ്കുകളിലുടനീളമുള്ള ജീവനക്കാരെ അഭിമുഖം നടത്തുകയും ചെയ്തു. ഇതിലൂടെ ബാങ്കിംഗ് ലോകത്ത് ഒളിഞ്ഞിരിക്കുന്ന സത്യസന്ധമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. നിയമങ്ങളും നിയന്ത്രണങ്ങളും കടലാസില്‍ മാത്രമാണ് അവശേഷിക്കുന്നത്. നിയമങ്ങള്‍ പാലിക്കാന്‍ ചുമതലപ്പെട്ട സീനിയര്‍ മാനേജര്‍മാര്‍ അതിനെ അവഗണിച്ച്, നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
മാനേജ്മെന്റിന് അയച്ച കത്തില്‍, ജീവനക്കാരുടെ യൂണിയനുകള്‍ ബ്രാഞ്ച് ജീവനക്കാരെ നിയമങ്ങള്‍ക്ക് അതീതമായി ബിസിനസ് ലക്ഷ്യങ്ങള്‍ നിറവേറ്റാനായി പ്രേരിപ്പിക്കുന്നുവെന്നത് വ്യക്തമാണ്. ”ലക്ഷ്യം നേടനായില്ലെങ്കില്‍ നിങ്ങള്‍ ആളുകളെ വഞ്ചിക്കുക തന്നെ വേണം അതിനു വേണ്ടി നിങ്ങള്‍ ഉപഭോക്താവിന്റെ കഴുത്ത് മുറിക്കുക അതുമല്ലെങ്കില്‍ സ്വന്തം കഴുത്ത് മുറിക്കാന്‍ തയ്യാറാകണം. ഏതെങ്കിലും ജീവനക്കാര്‍ക്കു എതിരഭിപ്രായമുണ്ടെങ്കില്‍, ഞാന്‍ നിങ്ങളെ വളരെ അകെലെയുള്ള ഗ്രാമത്തിലേക്ക് പറിച്ചുമാറ്റും” ഈ രീതിയില്‍ ഭീഷണികള്‍ നേരിടുന്നതായാണ് കത്തില്‍ പറയുന്നത്. തങ്ങളുടെ കത്തില്‍, മാനേജ്മെന്റിന് മോശം കളിയുടെ തെളിവുകള്‍ അയച്ചതായി യൂണിയനുകള്‍ അവകാശപ്പെടുന്നു. ബാങ്കുകളില്‍ നിന്ന് ഇന്‍ഷ്വറന്‍സ് ബിസിനസ് വിച്ഛേദിക്കാനും അന്വേഷണത്തിനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കുകളുടെ ഉപഭോക്തൃ അടിത്തറയും വിശ്വാസ ഘടകവും മുതലാക്കി ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ നുഴഞ്ഞുകയറ്റം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2000-ല്‍ ബാങ്കുകള്‍ വഴി ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആഡംബര യാത്രകളും, പാര്‍ട്ടികളും
സമ്മാനങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും പുറമെ, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ബാങ്ക് ജീവനക്കാരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഡംബര ഹോട്ടലുകളിലും തങ്ങാനുള്ള വാഗ്ദനവും നല്‍കുന്നുണ്ട്. ഈ കമ്പനികള്‍ ബാങ്ക് ജീവനക്കാരെ ഇന്ത്യക്കകത്തു മാത്രമല്ല, ദുബായ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നീ വിദേശ രാജ്യങ്ങളിലേക്കും വിനോദയാത്രക്ക് അയക്കാറുണ്ട്. ചില ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഈ യാത്രകളില്‍ സിനിമാ താരങ്ങളുമായും കായിക താരങ്ങളുമായും കൂടിക്കാഴ്ചക്കുള്ള അവസരവും ഒരുക്കാറുണ്ട്. ഈ യാത്രയെ കമ്പനികള്‍ ‘പരിശീലന പരിപാടികള്‍’ എന്നാണ് വിളിക്കുന്നത്. ഇവയില്‍ ഒന്നിന്റെ പ്ലാനുകള്‍ റിപ്പോട്ടര്‍സ് കളക്റ്റീവ് പരിശോധിച്ചിരുന്നു. അതില്‍ ‘പരിശീലനം’ എന്ന ഭാഗം മറ മാത്രമായിരുന്നു. കൊച്ചിയില്‍ ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവുകള്‍ക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഷെഡ്യൂള്‍ ചെയ്ത ‘ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം’ യഥാര്‍ത്ഥത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് സംഘടിപ്പിച്ചത്, യഥാര്‍ത്ഥ പരിശീലന പരിപാടിയായിരുന്നില്ല.
82 പേജുകളുള്ള ഇവന്റ് പ്ലാന്‍ അനുസരിച്ച് ബാങ്കിലെ 200 ജീവനക്കാരെ വിമാന യാത്രയും, പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസവും ഒരുക്കിയിരുന്നു. കോക്ടെയ്ല്‍ ഈവനിംഗ്, ഡിജെ നൈറ്റ്, കായല്‍ ക്രൂയിസ്, ബോട്ട് റേസ്, ഡാന്‍സ് ഷോകള്‍, ബാന്‍ഡ് പെര്‍ഫോമന്‍സ്, സെല്‍ഫി പോയിന്റുകള്‍, ഡ്രോണ്‍ ഫോട്ടോ ഷൂട്ടുകള്‍ തുടങ്ങിയ വിനോദ പരിപാടികളാല്‍ നിറഞ്ഞതായിരുന്നു ഈ വിനോദയാത്രയിലെ മൂന്ന് പകലും രണ്ട് രാത്രിയും. പരിശീലനത്തിനായി ഷെഡ്യൂളില്‍ ഒരു സ്ലോട്ട് മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ, പക്ഷേ അതും ഒരു അവാര്‍ഡ് ഫംഗ്ഷന്‍, വിനോദ പരിപാടികള്‍, അത്താഴം എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പരിപാടിയുടെ പ്ലാനില്‍ ബാങ്ക് ഓഫ് ബറോഡയുടെ അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോയ്ദീപ് ദത്ത റോയിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലില്‍ ഏറ്റവും മികച്ച ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും ഒരു ഫാന്‍സി ആഡംബര കാറും ഒരുക്കിയിരുന്നു. ഇവന്റ് പ്ലാനില്‍, ബാങ്കിന്റെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് മേധാവി വീരേന്ദ്ര സോമവന്‍ഷിക്കും മറ്റ് എക്സിക്യൂട്ടീവുകള്‍ക്കും ആഡംബര താമസ സൗകര്യം അനുവദിച്ചിരുന്നു. ഇവന്റ് പ്ലാന്‍ അനുസരിച്ച് ഈ പ്രോഗ്രാം നടന്നോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ കളക്റ്റീവിന് കഴിഞ്ഞിട്ടില്ല.
സമാനമായി, കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്നാട്ടിലെ എസ്ബിഐ ബാങ്ക് ജീവനക്കാര്‍ക്കായി ഇന്‍ഷ്വറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് സംഘടിപ്പിച്ച ഒരു യാത്രയുടെ ഫോട്ടോകള്‍ കളക്ടീവ് ശേഖരിച്ചിരുന്നു. എസ്ബിഐ അച്ചീവേഴ്സ് സംഗമം എന്നായിരുന്നു പരിപാടിയുടെ പേര്. ജീവനക്കാര്‍ ഒരു ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉത്തര്‍പ്രദേശിലെ പ്രാദേശിക ഗ്രാമീണ ബാങ്കായ ആര്യവര്‍ത്ത് ബാങ്കിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച രണ്ട് അവാര്‍ഡ് ഫംഗ്ഷനുകളുടെയും പാര്‍ട്ടികളുടെയും ഫോട്ടോകളും കളക്റ്റിവ്‌സിന്റെ പക്കലുണ്ട്. 2022 ഡിസംബറില്‍ ലഖ്നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ മറ്റൊരു പാര്‍ട്ടിയും നടന്നിരുന്നു.
വിവരാവകാശ നിയമം (ആര്‍ടിഐ) ഉപയോഗിച്ച്, ഈ പ്രോഗ്രാമുകള്‍ക്കായി ആരാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കളക്ടീവ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ അവാര്‍ഡ് ചടങ്ങുകള്‍ സംഘടിപ്പിച്ചതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നും, അതുകൊണ്ടു തന്നെ വിവരങ്ങള്‍ അറിയില്ലെന്നും ആര്യവര്‍ത്ത് ബാങ്ക് പറയുന്നു. എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും തങ്ങളുടെ ഇന്‍ഷ്വറന്‍സ് പങ്കാളികളായ എസ്ബിഐ ലൈഫ്, നിവാ ബുപ, സ്റ്റാര്‍ ഹെല്‍ത്ത് എന്നിവയാണ് ഇവന്റുകള്‍ക്ക് ധനസഹായം നല്‍കിയതെന്ന് അറിയിച്ചിട്ടുണ്ട്.
എസ്ബിഐ ലൈഫില്‍ നിന്ന് ജീവനക്കാര്‍ക്ക് ലഭിച്ച സമ്മാനങ്ങളെയും ആതിഥ്യത്തെയും കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ്ബിഐ) ചോദിക്കാന്‍ കളക്റ്റീവ് വിവരാവകാശം (ആര്‍ടിഐ) ഉപയോഗിച്ചിരുന്നു. കാരണം ബാങ്കുകളുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ബാങ്ക് ജീവനക്കാര്‍ ഏതെങ്കിലും ആതിഥ്യമോ വിനോദമോ സ്വീകരിക്കരുതെന്നും ലഭിച്ച ഏതെങ്കിലും സമ്മാനം ബാങ്കിനെ അറിയിക്കണമെന്നും പറയുന്നുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് ബാങ്കിന്റെ മത്സരാധിഷ്ഠിത സ്ഥാനത്തെ ചോദ്യം ചെയ്യുമെന്നാണ് ബാങ്ക് നല്‍കിയ മറുപടി.
എല്ലാ ജീവനക്കാർക്കും ബാധകമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എത്തിക്സ് കോഡ് പ്രകാരം: “ഞങ്ങളുടെ എത്തിക്‌സ് കോഡിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഞങ്ങൾ സമ്മാനങ്ങൾ, വിനോദം അല്ലെങ്കിൽ മൂല്യം സംരക്ഷിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുകയോ വാഗ്ദാനം ചെയ്യുകയോ നൽകുകയോ ചെയ്യില്ല. ഞങ്ങളുടെ കോഡ് കൃത്യമായി പാലിക്കുകയും ലഭിച്ച സമ്മാനങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും. നിഷിദ്ധമാണെങ്കിലും ഇത്തരം യാത്രകളും പാർട്ടികളും സർവ സാധാരണമാണ്. ഇന്‍ഷ്വറന്‍സ് കമ്പനികൾ വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഈ യാത്രകൾ വാഗ്ദാനം ചെയ്യുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ കളക്റ്റീവ് സ്‌ക്രീൻഷോട്ടുകൾ ബാങ്ക് ജീവനക്കാർ പങ്കുവച്ചിട്ടുണ്ട്.
ബാങ്ക് ജീവനക്കാര്‍ തങ്ങളുടെ ഓര്‍ഗനൈസേഷന്റെ ബിസിനസ്സ് പങ്കാളികളില്‍ നിന്ന് സമ്മാനങ്ങളോ യാത്രകളോ സ്വീകരിക്കുന്നത് അധാര്‍മികവും നിയമവിരുദ്ധവുമാണെന്ന് ഫോറന്‍സിക് അക്കൗണ്ടിംഗ് സ്ഥാപനമായ ഇന്ത്യ ഫോറന്‍സിക്കിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഡയറക്ടറുമായ മയൂര്‍ ജോഷി ദി കളക്ടീവിനോട് പറഞ്ഞു. ജോഷി സ്വകാര്യ ബാങ്കുകളില്‍ ഓഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞ പരിപാടിയില്‍ പങ്കെടുത്ത എസ്ബിഐയ്ക്കും ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവുമാരായ ജോയ്ദീപ് ദത്ത റോയ്, വീരേന്ദ്ര സോംവന്‍ഷി എന്നിവര്‍ക്കും കളക്ടിവ് കത്തയച്ചു. ഈ യാത്രകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന ആര്യവര്‍ത്ത് ബാങ്ക്, യൂണിയന്‍ ബാങ്ക്, അവരുടെ ഇന്‍ഷ്വറന്‍സ് പങ്കാളികള്‍ എന്നിവര്‍ക്കും കളക്ടീവ് മെയിലുകള്‍ അയച്ചു. അവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ലാഭകരമായ പ്രേരണകള്‍ നടക്കുന്നുണ്ടെങ്കിലും, മുതിര്‍ന്ന ബാങ്ക് മാനേജര്‍മാര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കീഴുദ്യോഗസ്ഥരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നിയമവിരുദ്ധമായ നടപടികള്‍ക്ക് കളമൊരുക്കുന്നതും ഈ സമ്മര്‍ദ്ദമാണ്. തങ്ങളുടെ സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായ ഒരു കുറുക്കുവഴിയാണ് അവലംബിക്കുന്നതെന്ന് ഒന്നിലധികം ബാങ്കുകളുടെ ജീവനക്കാര്‍ ദി കളക്ടീവിനോട് പറയുന്നു: ടാര്‍ഗറ്റുകള്‍ നിറവേറ്റുന്നതിനായി ഇന്‍ഷ്വറന്‍സിനായി സമ്മതമില്ലാതെ ഉപഭോക്താക്കളുടെ ലോണ്‍ അകൗണ്ടില്‍ നിന്ന് പണം കുറയ്ക്കുകയാണ്.
ഉദാഹരണത്തിന്, ഒരു ഹോം ലോണ്‍ ഉപഭോക്താവ് പ്രതിമാസം 35,000 രൂപ അടയ്ക്കുകയും, അവരുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ഓണ്‍ ചെയ്യുകയും ചെയ്യുന്നു. ഉപഭോക്താവിനെ അറിയിക്കാതെ ലോണ്‍ തുകയ്ക്കൊപ്പം 7,000 രൂപ ഇന്‍ഷ്വറന്‍സ് തുകയും ബാങ്ക് ഡെബിറ്റ് ചെയ്താല്‍, രണ്ട് കാര്യങ്ങളാണ് സംഭവിക്കുക; ഒന്നുകില്‍ ഉപഭോക്താവ് ശ്രദ്ധിക്കാതെ പോകുന്നു, അല്ലെങ്കില്‍ മതിയായ ഫണ്ടില്ലാത്തതിനാല്‍ ഇഎംഐ ബൗണ്‍സ് ആകുന്നു.
ത്രിപുരയിലെ എസ്ബിഐയിലെ ഒരു ചീഫ് മാനേജര്‍ കഴിഞ്ഞ വര്‍ഷം ഈ ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. ”ഞങ്ങളുടെ മിക്ക ശാഖകളും ഇന്‍ഷ്വറന്‍സ് ചെയ്യുന്നതിനായി ലോണ്‍ അക്കൗണ്ടുകളില്‍ നിന്ന് ഡെബിറ്റ് ചെയ്യുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,” എക്‌സിക്യൂട്ടീവ് ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പ് സന്ദേശത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. സന്ദേശം അയച്ച ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു എസ്ബിഐ ജീവനക്കാരന്‍ കളക്ടീവുമായി പങ്കുവച്ചു. ഈ രീതി പല അകൗണ്ടുകളിലും ലോണ്‍ തിരിച്ചടവ് മുടങ്ങാന്‍ കാരണമായി. മറ്റൊരു സ്‌ക്രീന്‍ഷോട്ടില്‍ ഈ എക്‌സിക്യൂട്ടീവ് പറയുന്നതനുസരിച്ച്, ‘ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള ഫോളോ-അപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ബ്രാഞ്ചുകള്‍ ഇന്‍ഷ്വറന്‍സിനായി ലോണ്‍ അകൗണ്ടുകള്‍ ഡെബിറ്റ് ചെയ്യുന്നു.’ ഇന്‍ഷ്വറന്‍സിനായുള്ള ഡെബിറ്റ് കാരണം വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ഒരു ശാഖയുടെ അകൗണ്ടുകളുടെ ഒരു ലിസ്റ്റാണ് ഇത്. കളക്ടീവ് ഈ ലിസ്റ്റ് പരിശോധിച്ചിരുന്നു. ചില ഉപഭോക്താക്കള്‍ അവരുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതിനാല്‍, അവരുടെ സിബില്‍ സ്‌കോറും (ക്രെഡിറ്റ് യോഗ്യത) ബാധിക്കുമെന്ന് ഈ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിട്ട എസ്ബിഐ ജീവനക്കാരന്‍ പറയുന്നു. തന്റെ ശാഖയിലെ ഇതിന് ഇരയാകേണ്ടി വന്ന നിരവധി ഉപഭോക്താക്കള്‍ കര്‍ഷകരും സൈനികരുമാണെന്ന് അദ്ദേഹം പറയുന്നു.
ഇന്‍ഷ്വറന്‍സ് പ്രീമിയം ഉപയോഗിച്ച് അകൗണ്ടുകള്‍ നിയമവിരുദ്ധമായി ഡെബിറ്റ് ചെയ്യുമ്പോള്‍, പോളിസികളൊന്നും ഇഷ്യൂ ചെയ്യപ്പെടുന്നില്ലെന്നും വായ്പ തിരിച്ചടവ് മുടങ്ങുന്നത് വരെ ഉപഭോക്താക്കള്‍ക്ക് ഈ ഡെബിറ്റുകളെ കുറിച്ച് അറിയില്ലെന്നും പല ബാങ്ക് ജീവനക്കാരും ആരോപിക്കുന്നു. അടിസ്ഥാനപരമായി, അകൗണ്ട് ഹോള്‍ഡര്‍മാര്‍ അവരുടെ സമ്മതമില്ലാതെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പ്രതിഫലമായി പണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ബറോഡ ഉത്തര്‍പ്രദേശ് ഗ്രാമീണ് ബാങ്കിന്റെ ഒരു റീജിയണല്‍ മാനേജര്‍ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് അയച്ച രണ്ട് കത്തുകള്‍, ഇന്‍ഷ്വറന്‍സ് പ്രീമിയം ഉപയോഗിച്ച് ലോണ്‍ അകൗണ്ടുകളില്‍ നിന്ന് രഹസ്യമായി ഡെബിറ്റ് ചെയ്ത് ഇന്‍ഷ്വറന്‍സ് ഉപയോഗിച്ച് ഇടപാടുകാരെ നിയമവിരുദ്ധമായി അടയ്ക്കുന്ന രീതി വ്യാപകമാണെന്ന് വ്യക്തമാക്കുന്നതാണ്. രണ്ട് കത്തുകളും ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷ്വറന്‍സിന്റെ വില്‍പ്പന കാമ്പെയ്നുമായി ബന്ധപ്പെട്ടതും ഒരു മുന്നറിയിപ്പ് കുറിപ്പോടെ അവസാനിക്കുന്നതുമാണ്: ‘ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനായി ഒരു ലോണ്‍ അക്കൗണ്ടും ഡെബിറ്റ് ചെയ്യാന്‍ പാടില്ല.’
ദി കളക്ടീവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ചോദ്യങ്ങള്‍ ഇമെയില്‍ അയച്ചതിന് ശേഷം, അവര്‍ ഹെഡ് ഓഫീസില്‍ നിന്നും ജീവനക്കാര്‍ക്കായി രണ്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. എല്ലാ ശാഖകളിലേക്കും അയച്ച ഒരു സര്‍ക്കുലറില്‍, ‘ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളുടെ തെറ്റായ വില്‍പന’ അഭിസംബോധന ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെടുകയും നിര്‍ബന്ധിത വില്‍പ്പന നടത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ബാങ്കിന്റെ എല്ലാ സോണല്‍ മേധാവികള്‍ക്കും അയച്ച മറ്റൊരു സര്‍ക്കുലറില്‍, ”തെറ്റായ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍” അംഗീകരിക്കുകയും എല്ലാ ബിസിനസ് കാമ്പെയ്നുകളും റിവാര്‍ഡ് പ്രോഗ്രാമുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. രണ്ട് സര്‍ക്കുലറുകളിലും ഒപ്പിട്ടിരിക്കുന്നത് ബാങ്കിന്റെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് മേധാവി വീരേന്ദ്ര സോംവന്‍ഷിയാണ്. നേരത്തെ സൂചിപ്പിച്ച, ബാങ്കിന്റെ രണ്ട് ഇന്‍ഷ്വറന്‍സ് പങ്കാളികള്‍ ആതിഥ്യം വഹിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ വക്താവ് പറയുന്നതനുസരിച്ച്, ”ഞങ്ങളുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പങ്കാളി ഒരു ഉപഭോക്താവിന്റെ ഓണ്‍ബോര്‍ഡിംഗ് സമയത്ത്, ഉപഭോക്താവിന്റെ സമ്മതം എടുക്കും. പോളിസിയുടെ ഒരു ഫിസിക്കല്‍ കോപ്പി അതിനുശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. ‘ബാങ്ക് ഒരു സമഗ്രമായ പെരുമാറ്റച്ചട്ടവും എസ്ഒപിയും ഏര്‍പ്പെടുത്തിയിട്ടുണ്ട് കൂടാതെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങളുടെ ഫീല്‍ഡ് സ്റ്റാഫ് മനസിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.”
ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളുടെ നിര്‍ബന്ധിതമോ അധാര്‍മ്മികമോ ആയ വില്‍പ്പനയുടെ പ്രശ്‌നം വളരെ വ്യാപകമാണ്, അതിന്റെ ആഘാതം വളരെ തീവ്രമാണ്, ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇരകളെ സഹായിക്കുന്ന സംഘടനകളും നിലവിലുണ്ട്. ഇന്‍ഷ്വറന്‍സ് ഏഞ്ചല്‍സ് എന്ന സംഘടനയുടെ സ്ഥാപകനും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ മുന്‍ ജീവനക്കാരനുമായ നിതിന്‍ ബല്‍ചന്ദാനി പറഞ്ഞു, എല്ലാ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെയും ഉപഭോക്താക്കള്‍ തനിക്ക് ഇന്‍ഷ്വറന്‍സ് വിറ്റതായി പരാതിപ്പെട്ടിട്ടുണ്ട്.
”ബാങ്ക് വ്യവസായത്തിലെ എല്ലാവര്‍ക്കും ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് വളരെ നന്നായി അറിയാം, അവര്‍ കണ്ണടയ്ക്കുകയാണ്. എന്തെന്നാല്‍ ഏറ്റവും ഒടുവില്‍, ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് കമ്മീഷന്‍ സ്വീകരിക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് സമ്പാദിക്കാനാവും. കൂടാതെ ജീവനക്കാര്‍ നേരത്തെയുള്ള പ്രമോഷനുകളും സമ്മാനങ്ങളും പോലുള്ള പരോക്ഷ ആനുകൂല്യങ്ങളുടെ രൂപത്തിലും സമ്പാദിക്കുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സ്ഥാപിച്ച ഇന്‍ഷ്വറന്‍സ് മത്സരങ്ങളില്‍ വിജയിച്ചാണ് ഈ അംഗീകാരം”-അദ്ദേഹം പറഞ്ഞു.
ഇന്‍ഷ്വറന്‍സ് തട്ടിപ്പിന് ഇരയായവരെ സഹായിക്കുന്ന മറ്റൊരു കമ്പനിയായ ഇന്‍ഷ്വറന്‍സ് സമാദന്റെ(ഇന്‍ഷ്വറന്‍സ് സൊല്യൂഷന്‍സ്) സഹസ്ഥാപകയായ ശില്‍പ അറോറ പറയുന്നതനുസരിച്ച്, ഈ തട്ടിപ്പ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വീട്ടമ്മമാരെയും പ്രായമായവരെയുമാണ്. ഈ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കു സാമ്പത്തിക സാക്ഷരത കുറവായിരിക്കാം, അതിനാല്‍ അവര്‍ ഏറ്റവും ദുര്‍ബലരാണെന്നും അറോറ പറയുന്നു. ”ഇന്‍ഷ്വറന്‍സ് തെറ്റായി വിറ്റതിനാല്‍ കുടുംബം ഉപേക്ഷിച്ച വൃദ്ധരെ പോലും ഞങ്ങള്‍ കണ്ടിട്ടുണ്ട്, കുടുംബത്തിന്റെ ഭാഗത്തു നിന്നും അവര്‍ക്ക് കാര്യമായ പിന്തുണയില്ല. പ്രായമായവര്‍ കരഞ്ഞുകൊണ്ടാണ് ഞങ്ങളെ സമീപിക്കുന്നത്”-അവര്‍ പറയുന്നു.
സർക്കാരിന്റെയും അറിവോടെ
ഇന്‍ഷ്വറന്‍സ് വിൽപനയിൽ പ്രതിഫലം, ആനുകൂല്യങ്ങള്‍, മിസ് സെല്ലിംഗ്, നിർബന്ധിത വിൽപന എന്നിവയെക്കുറിച്ച് സർക്കാർ അധികാരികൾക്കും വിവരമുണ്ട്, എന്നാൽ പരിഷ്കരണ നടപടികൾ വളരെ ഉപരിപ്ലവമാണ്. 2019-ൽ, സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള പഞ്ചാബ് & സിന്ദ് ബാങ്ക് എക്സിക്യൂട്ടീവുകൾ ബാങ്കിൻ്റെ ഇന്‍ഷ്വറന്‍സ് പങ്കാളിയായ അവിവ ഇന്‍ഷ്വറൻസിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തി.ഒരു ന്യൂസ്‌ക്ലിക്ക് ലേഖനം അനുസരിച്ച്, ബാങ്ക് എക്‌സിക്യൂട്ടീവുകൾക്ക് 2 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ കമ്മീഷനുകൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു, അവർ ബാങ്കിൻ്റെ ഇടപാടുകാരെ ഇന്‍ഷ്വറൻസ് വാങ്ങാൻ നിർബന്ധിച്ച് ആനുകൂല്യം തിരികെ നൽകി.
“ഉദ്ദേശിക്കാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന കാരണം ദുർബലരായ ഉപഭോക്താക്കൾ ഇപ്പോഴും കഷ്ടപ്പെടുന്നതായി” 2020 ലെ ഒരു ആർബിഐ റിപ്പോർട്ടും സമ്മതിക്കുന്നുണ്ട്. 2022 നവംബറിൽ, കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ സാമ്പത്തിക സേവന വകുപ്പ് (DFS) എല്ലാ ബാങ്കുകൾക്കും കത്തയച്ചു, ഇന്‍ഷ്വറൻസ് തെറ്റായി വിൽക്കുന്നതിനെക്കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നിയമലംഘനം ഒഴിവാക്കാൻ ബാങ്കുകൾ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ബാങ്ക് ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനും പരിശീലനത്തിന്റെ മറവില്‍ വിദേശ യാത്രകള്‍ സംഘടിപ്പിച്ചതിനും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പലതവണ പിഴ ചുമത്തിയിട്ടുണ്ട്. എന്നാല്‍ പാരിതോഷിക സംസ്‌കാരം ഇപ്പോഴും പ്രബലമാണ്, അതിനാല്‍ ഇന്‍ഷ്വറന്‍സ് അധാര്‍മ്മികമായി വില്‍ക്കുന്നു.
ഇന്‍ഷ്വറന്‍സ് സമാധന്‍ സഹസ്ഥാപകന്‍ അറോറ, ഐആര്‍ഡിഎഐ അവതരിപ്പിച്ച ഒരു തട്ടിപ്പ്-തടയല്‍ നടപടിയെ എങ്ങനെ സത്യസന്ധമല്ലാത്ത ഇന്‍ഷ്വറന്‍സ് ഏജന്റുമാരും ബാങ്ക് ജീവനക്കാരും മറികടക്കുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഉപഭോക്താക്കളെ വിളിക്കാനും ഉപഭോക്താക്കള്‍ ഒപ്പ് വച്ച പോളിസിയുടെ സവിശേഷതകള്‍ വിശദീകരിക്കാനും ഉപഭോക്താക്കളുടെ സ്ഥിരീകരണം നേടാനും പോളിസി സജീവമാക്കാനും ഐആര്‍ഡിഎഐ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നിരുന്നാലും, ഇന്‍ഷ്വറന്‍സ് ഏജന്റുമാരും ബാങ്ക് ജീവനക്കാരും ഈ കോളിനെ വെറും ഔപചാരികമായി കണക്കാക്കുകയും എല്ലാ ചോദ്യങ്ങള്‍ക്കും അതേ എന്ന് ഉത്തരം നല്‍കുന്നതായും അവര്‍ പറയുന്നു. അവരുടെ ഫോം പൂരിപ്പിച്ച ഏജന്റോ ജീവനക്കാരനോ എന്റോള്‍മെന്റ് ഫോമില്‍ അവരുടെ സ്വന്തം ഫോണ്‍ നമ്പറില്‍ നല്‍കുന്നതിനാല്‍ ചില സമയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഈ കോള്‍ പോലും ലഭിക്കുന്നില്ലെന്നും ചൂണ്ടികാണിക്കുന്നു.
വ്യാജ മൊബൈല്‍ നമ്പറുകളുള്ള ഇത്തരം ഫോമുകളുടെ പകര്‍പ്പുകള്‍ തന്റെ പക്കലുണ്ടെന്ന് ഇന്‍ഷ്വറന്‍സ് ഏഞ്ചല്‍സിലെ ബാലചന്ദാനി പറഞ്ഞു. വ്യാജ വില്‍പ്പനയുടെ പേരില്‍ ഇന്‍ഷ്വറന്‍സ് കമ്പനികളെ വെല്ലുവിളിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ഫോണിലൂടെ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയ ശേഷമാണ് പോളിസി ആരംഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. കോള്‍ റെക്കോര്‍ഡിംഗുകള്‍ ലഭിച്ചപ്പോള്‍, ടെലിഫോണ്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ‘ഉപഭോക്താവ്’ യഥാര്‍ത്ഥത്തില്‍ ഒരു വഞ്ചകനാണെന്ന് മനസ്സിലാക്കിയതായി അദ്ദേഹം പറയുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവില്‍ ആണ്.