ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വീണ്ടും പുകയുന്നു. 2023 ജനുവരി 24ന്, അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ മുതല്‍ ഓഹരി കൃത്രിമം വരെയുള്ള ആരോപണങ്ങള്‍ യുഎസ് ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് അദാനി കമ്പനികള്‍ക്കാണ് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട സുതാര്യതയില്ലായ്മ, ലിസ്റ്റിങ് നിയമലംഘനം, മുന്‍കാല ഓഡിറ്റര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത എന്നി ആരോപണങ്ങളാണ് കമ്പനികള്‍ക്കെതിരേയുള്ളത്. വാര്‍ത്തയ്ക്ക് പിന്നാലെ അദാനി ഓഹരികളില്‍ ഇടിവ് നേരിടുകയും ചെയ്തു. അദാനി പോര്‍ട്സ് , അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രിം കോടതി ആറംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനൊപ്പം തന്നെ സെബിയും വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സെബി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, വിഷയത്തില്‍ നിയമ വിദഗ്ധരുമായി സംസാരിച്ചെന്നും സെബി നോട്ടീസില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.എന്നാല്‍ അദാനി വില്‍മറും അദാനി ടോട്ടല്‍ ഗ്യാസും ഒഴികെയുള്ള കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യുഹങ്ങളുണ്ട്.
അതേസമയം, അദാനിയ്ക്ക് മേല്‍ വീണ്ടും കുരുക്ക് മുറുകുന്നതായാണ് റിപ്പോര്‍ട്ട്. അദാനി കമ്പനികളില്‍ നിക്ഷേപിക്കുന്ന 12 വിദേശനിക്ഷേപകര്‍ നിയമലംഘനം നടത്തിയെന്നാണ് നേരത്തെ സെബി കണ്ടെത്തിയിരിന്നു. സെബി രണ്ട് കണ്ടെത്തലുകളാണ് നടത്തിയിരുന്നത്. ആദ്യത്തേത് നിയമപരിധിയില്‍ കവിഞ്ഞ നിക്ഷേപം അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് എത്തിയെന്നതാണ്. രണ്ടാമതായി ഇന്ത്യന്‍ നിയമപ്രകാരം വിദേശനിക്ഷേപകര്‍ പരസ്യപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല എന്നതും. വിഷയത്തില്‍ സെബി നേരത്തെ തന്നെ വിദേശനിക്ഷേപകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് പകരം, ഇതിനുള്ള പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്ന മറുപടിയാണ് ഇവരില്‍ നിന്നുണ്ടായത്. കൂടാതെ നിയമം ലംഘിച്ചെന്ന് രേഖമൂലം ഇവര്‍ വ്യക്തമാക്കിയിട്ടുമില്ലെന്നും റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫണ്ടുകളും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് സെബി ഇപ്പോള്‍. അദാനി ഗ്രീന്‍ എനര്‍ജി,അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നീ കമ്പനികളിലാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചത്.
Content summary; hindenburg report, sebi sent notice adani groups