വ്യാവസായിക അടിസ്ഥാനത്തിലേക്ക് മത്സ്യബന്ധനം വഴിമാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ മത്സ്യ സമ്പത്തിലേക്ക് വന്‍കിട കമ്പനികളെ വല വീശാന്‍ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആഴക്കടലില്‍ മത്സ്യബന്ധത്തിനായി വന്‍കിട കമ്പനികളുടെ ചെറുകപ്പലുകള്‍ക്ക് സമാനമായ യാനങ്ങള്‍ വരുമ്പോള്‍, അത് കേരളത്തിലടക്കം ഉപജീവനത്തിനായി മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത-ചെറുകിട മത്സ്യതൊഴിലാളി സമൂഹത്തിനാണ് വലിയ പ്രഹരമായി മാറിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആഴക്കടല്‍ മേഖലയില്‍ വിദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരത്തോളം ചെറുകിട ബോട്ടുകള്‍ ആണുള്ളത്. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലകളില്‍ മീന്‍ പിടിക്കാനുള്ള അനുമതി കപ്പലുകള്‍ക്ക് നല്‍കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള ചെറുകിട മത്സ്യബന്ധന തൊഴിലാളികള്‍ മാത്രമല്ല, രാജ്യത്തിന്റെ മത്സ്യസമ്പത്ത് കൂടിയാണ്. ഈ പ്രതിസന്ധികളെക്കുറിച്ച് കേരള മത്സ്യ തൊഴിലാളി ഐക്യവേദിയുടെ (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്:
”1991ലെ ഇന്ത്യയുടെ പുതിയ സാമ്പത്തിക നയത്തിന് മുന്‍പ് തന്നെ 1977 ലും 1982 ലും ഇന്ത്യയില്‍ വിദേശ കപ്പലുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു, ആ സമയത്ത് ഇന്ത്യയിലെ ഐടിസി മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ വിദേശ കപ്പലുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അതിന്റെ ഭാഗമായി വന്‍കിട കമ്പനിക്കാര്‍ ഇന്ത്യയുടെ മത്സ്യ സമ്പത്തിന് മേല്‍ കൈ വയ്ക്കാന്‍ തുടങ്ങിയിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ടാറ്റ, മഹീന്ദ്ര, ഐടിസി, യദുഗുടി ഫിഷറീസ് ടിആര്‍ ബാലുവിന്റെ ഉടമസ്ഥതയിലുള്ള റൈസിംഗ് സണ്‍ റൈസിംഗ് സ്റ്റാര്‍ കപ്പല്‍ സമൂഹങ്ങള്‍ പിന്നീട് വിട്ടെങ്കിലും മത്സ്യ സമ്പത്തില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ആ കാലത്താണ് യദുഗുടി കമ്പനിയുടെ കപ്പലുകള്‍ തിരുവനന്തപുരത്തിന് പടിഞ്ഞാറുള്ള പ്രധാന മത്സ്യ സങ്കേതമായ വാഡ്ജ് ബാങ്കിന്റെ പ്രധാന ഉല്‍പ്പന്നമായ പാറക്കൊഞ്ച് (Spiny lobsters) മുഴുവന്‍ തൂത്തുവാരിയത്. ഇപ്പോള്‍ ഈ വിടവിലേക്കാണ് ഇന്ത്യയിലെ വന്‍കിട സംസ്‌കരണ സംഘങ്ങളെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്” ചാള്‍സ് ജോര്‍ജ് വ്യക്തമാക്കി.
1997 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 45 അംഗ പി. മുരാരി കമ്മീഷന്‍ റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് അനുഗ്രഹമായാണ് കണക്കാക്കപ്പെട്ടിരുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാന്‍ സാമ്പത്തികസഹായവും സാങ്കേതിക പരിശീലനവും നല്‍കുക, വിദേശ-സംയുക്ത സംരംഭങ്ങള്‍ക്ക് അനുവദിച്ച പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യുക തുടങ്ങിയവയായിരുന്നു മുരാരി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച പി. മുരാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു 2013-14 കാലത്താണ് ഡോ.ബി. മീനാകുമാരിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇത് മത്സ്യ തൊഴിലാളികളുടെ വളര്‍ച്ചയെ പിന്നോട്ടടിച്ച നയമായാണ് കണക്കാക്കപ്പെടുന്നത്.
രാത്രികാല മത്സ്യബന്ധനത്തിന് കൃത്യമായ നിയമം ആവശ്യമാണെന്നാണ് മത്സ്യത്തൊഴിലാളിയായ ഷാജി അഴിമുഖത്തോട് പറയുന്നത്. ‘ട്രോളിംഗ് നിരോധന കാലം മീനുകള്‍ മുട്ടയിടുന്ന സമയം കൂടിയാണ്. ആഴക്കടല്‍ ഉഴുതുമറിക്കാന്‍ പാടില്ലാത്തതു കൊണ്ടാണ് ട്രോളിംഗ് സമയത്ത് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആ സമയത്ത് ഷിപ്പുകള്‍ക്ക് യഥേഷ്ടം പണിയെടുക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയാല്‍ അത് പിന്‍കാലങ്ങളില്‍ നമുക്ക് ബുദ്ധിമുട്ടായി വരും. നിലവിലെ സാഹചര്യത്തില്‍ 10 മുതല്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് ചെറിയ വള്ളങ്ങള്‍ പോവുകയില്ല. ട്രോള്‍ നെറ്റ്, പേഴ്‌സണ്‍ ബോട്ടുകള്‍ മാത്രമാണ് പോകുന്നത്. രാത്രികാല മത്സ്യബന്ധനത്തിന് കൃത്യമായ നിയമം സര്‍ക്കാര്‍ കൊണ്ടുവരണം. രാത്രികാലങ്ങളില്‍ യാതൊരു കാരണവശാലും ഒരുതരത്തിലുമുള്ള മത്സ്യബന്ധനം അനുവദിക്കരുത്, അത്തരം മത്സ്യബന്ധനങ്ങള്‍ നിരോധിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ കടലിനു പൂര്‍ണമായ വിശ്രമം നല്‍കിയാല്‍ മാത്രമേ മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ കഴിയു. മത്സ്യസമ്പത്ത് സംരക്ഷിക്കപ്പെടണം എന്ന് പറയുകയല്ല സംരക്ഷിക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ഇതിനുള്ള നിയമനടപടികള്‍ കൈക്കൊള്ളണം’ ഷാജി കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടില്‍ വിദേശ മീന്‍പിടിത്ത കപ്പലുകളടക്കം 1178 വന്‍കിട ട്രോളറുകള്‍ക്ക് ലൈസന്‍സ് നല്കാമെന്നും 200 മുതല്‍ 500 വരെ മീറ്റര്‍ ആഴമുള്ള കടല്‍ ഒരു കരുതല്‍ മേഖല (Buffer zone) യായി പ്രഖ്യാപിക്കണമെന്നും പ്രതിവര്‍ഷം 2500 ഡോളര്‍ വരെ ശമ്പളം നല്‍കിക്കൊണ്ട് വിദഗ്ധരായ വിദേശ തൊഴിലാളികളെ ഇന്ത്യന്‍ കപ്പലുകളില്‍ നിയമിക്കണമെന്നും ഏകീകൃത ട്രോളിംഗ് നിരോധന കാലയളവില്‍ പോലും വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍ മീന്‍പിടിത്തമാകാമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. 2014ല്‍ മോദിസര്‍ക്കാര്‍ മീനാകുമാരി റിപ്പോര്‍ട്ട് അംഗീകരിച്ചു.
‘കേരളത്തിലടക്കം മത്സ്യ തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ നടന്നു, ആ സമര വേദികള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേരള മത്സ്യ തൊഴിലാളി ഐക്യവേദിയായിരുന്നു. കേരളത്തിന് തൊട്ടടുത്തുള്ള കന്യാകുമാരി ജില്ലയിലെ തുത്തുര്‍ ഭാഗത്തെ തൊഴിലാളികള്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 14 മുതല്‍ 34 ദിവസം വരെ കടലില്‍ കിടന്നാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഇന്ത്യയിലെ 9 ഇനം ട്യൂണകളെയും, ഓലക്കൊടി മോത,തള,കട്ട കൊമ്പന്‍ തുടങ്ങിയ വിവിധയിനം കയറ്റുമതി പ്രധാനമായ മത്സ്യങ്ങളെയും ആണ് ഇവര്‍ പിടിക്കുന്നത്. സുസ്ഥിരമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ഇവര്‍ പിന്തുടരുന്നത്. നമുക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമായ അത്രയും മീനുകള്‍ നമ്മള്‍ ഇപ്പോള്‍ പിടിക്കുന്നുണ്ട്. ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ മത്സ്യ ബന്ധനം, നിലവിലെ പരിധിയോടടുത്താണ് നടക്കുന്നത്. ഈ സമയത്താണ് ഇന്ത്യ ഗവണ്‍മെന്റ് പുതിയ നയം കൊണ്ടുവന്ന്, മത്സ്യബന്ധന മേഖലയെ തന്നെ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാനൊരുങ്ങുന്നത്.
ഇപ്പോള്‍ തന്നെ മത്സ്യബന്ധനം പരിധിയോടടുത്താണ്, അപ്പോള്‍ വന്‍കിട മേഖലകള്‍ കൂടി വന്നാല്‍ ഉണ്ടാകുന്ന അവസ്ഥയോ? അവര്‍ മുഴുവന്‍ മീനും ചുരുങ്ങിയ നാള്‍ക്കുള്ളില്‍ പിടിച്ചെടുക്കും. അങ്ങനെ വന്നാല്‍ നമ്മുടെ മത്സ്യസമ്പത്ത് മുഴുവനായി തീരും. മറ്റൊന്ന് ഈ കപ്പലുകളില്‍ ഘടിപ്പിക്കുന്ന 400kW ലൈറ്റിന്റെ പ്രകാശം കണ്ട് മീനുകള്‍ മുഴുവന്‍ അതിലേക്ക് അടുക്കും. അവര്‍ ആഴക്കടവില്‍ മാത്രമല്ല തീര കടലിലും മത്സ്യ ബന്ധനത്തിനായി എത്തും. കേരളത്തിലെ 3500 വോട്ടുകളില്‍ 800 പ്രവര്‍ത്തിക്കുന്നത് തീരക്കടലിലാണ്. ആധുനിക സഹായത്തോടെയുള്ള ഈ ബോട്ടുകള്‍ ചുരുങ്ങിയ സമയം കൊണ്ട് ഈ മുഴുവന്‍ മീനുകളും കപ്പലുകള്‍ പിടിച്ചു തീരും. സാങ്കേതികവിദ്യകള്‍ വര്‍ദ്ധിക്കുന്നുവോ അത്രത്തോളം മത്സ്യ സമ്പത്ത് തകരും ലോകത്തെ അനുഭവം അതാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും” ചാള്‍സ് ജോര്‍ജ്ജ് ആവര്‍ത്തിക്കുന്നു.
കുത്തക കമ്പനികള്‍ ഇന്ത്യയിലെ മത്സ്യ സമ്പത്തിനെ വറ്റിക്കും, മത്സ്യബന്ധന മേഖല തകര്‍ന്നു തരിപ്പണമാകും.കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ തുടര്‍ച്ചയായി മുംബൈ മഹാരാഷ്ട്ര ആന്ധ്രപ്രദേശ് കര്‍ണാടക ഗുജറാത്ത് ഗോവ തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വന്‍കിട കമ്പനികള്‍ അവരുടെ കപ്പലുകള്‍ കൊണ്ട് വരുമ്പോള്‍ ആഴക്കടലില്‍ വച്ചുപിടിക്കുന്ന മീനുകള്‍ തിരിച്ച് ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം സംശയമാണ്. ആഴക്കടലില്‍ വച്ച് തന്നെ അവ വന്‍കിട കപ്പലുകളിലേക്ക് മിഡ് സീ ട്രാന്‍സ്ഫര്‍ പ്രക്രിയയിലൂടെ വിദേശ കപ്പലുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഇന്ത്യയിലെ വിലപ്പെട്ട മത്സ്യ സമ്പത്ത് മറ്റു രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മുറയ്ക്ക് പട്ടിണിയിലാവുക നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ആണ്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധ സ്വരം ശക്തമായിരിക്കുന്നത്.
content summary: deep sea fishing kerala impact
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.