June 26, 2026 |
Share on

ഇന്‍ഡിഗോയുടെ കുത്തക ഇന്ത്യന്‍ വ്യോമമേഖലയിലുണ്ടാക്കുന്ന അപകടം

ആഭ്യന്തര സര്‍വീസുകളില്‍ ഇന്‍ഡിഗോ പുലര്‍ത്തുന്ന കുത്തകയുടെ ആഘാതങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനും മനസിലാകുന്നുണ്ട്‌

ഒരാഴ്ച്ചയോളമായി തുടരുന്ന ഇന്‍ഡിഗോ പ്രതിസന്ധി രാജ്യത്തെ മുഴുവന്‍ വ്യോമയാന മേഖലയെയും താറുമാറാക്കിയിരിക്കുകയാണ്. ആകാശ ഗതാഗതത്തിന് ഇത്രയും വലിയ ആഘാതത്തിന് കാരണം ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയ്ക്കുള്ള അമിതമായ മേധാവിത്വമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന പത്തില്‍ ആറ് ഇന്ത്യന്‍ യാത്രക്കാരും ഈ വിമാനക്കമ്പനിയെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇന്‍ഡിഗോയ്ക്കുണ്ടാകുന്ന പരാജയം രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി എന്ന പദവി പേറുന്ന ഇന്‍ഡിഗോയ്ക്കാണ് വ്യോമയാന വിപണയില്‍ നിന്നുള്ള വരുമാനത്തിന്റെ ഏകദേശം 65 ശതമാനം വിഹിതവും കിട്ടുന്നത്. ഇത് ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയില്‍ അവര്‍ക്കുള്ള പിടിയാണ് കാണിക്കുന്നത്. ഇന്ത്യയുടെ വ്യോമയാന മേഖല ഇപ്പോഴുള്ളത് ദ്വയാധിപത്യമാണ്. രണ്ടാമത്തെ ശക്തി എയര്‍ ഇന്ത്യ ഗ്രൂപ്പാണ്. എന്നാല്‍ ഒക്ടോബര്‍ മാസത്തെ കണക്കനുസരിച്ച് 26.5 ശതമാനം വിപണി വിഹിതമാണ് അവര്‍ക്കുള്ളത്. ഇപ്പുറത്ത് ഇന്‍ഡിഗോയുടെ റൂട്ടുകളില്‍ ഭൂരിഭാഗവും കുത്തക റൂട്ടുകളാണ്. അതായത്, ആ റൂട്ടുകളില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ മാത്രമാണ് പറക്കുന്നത്. എയര്‍ ഇന്ത്യ ഗ്രൂപ്പ് ഇന്‍ഡിഗോയെക്കാള്‍ വളരെ പിന്നിലാണെങ്കിലും, ഈ രണ്ടുകമ്പനികളും കൂടിയാണ് ആഭ്യന്തര വിപണിയുടെ 90 ശതമാനത്തിലധികം വിഹിതവും കൈക്കലാക്കുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഏകദേശം 1,200 ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസുകളാണ് ആകെ നടത്തുന്നത്. അതില്‍ 950-ല്‍ അധികം റൂട്ടുകളില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ഏകദേശം 600 റൂട്ടുകളും(63 ശതമാനം) കുത്തക റൂട്ടുകളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ, ഏകദേശം 200 (21 ശതമാനം) റൂട്ടുകളിലും രണ്ട് കമ്പനികളുടെ ആധിപത്യമാണ്. അതില്‍ ഇന്‍ഡിഗോയ്ക്ക് ഒരേയൊരു എതിരാളി മാത്രമേ ഉള്ളൂ. വ്യോമയാന വിശകലന വിദഗ്ദ്ധനും മുന്‍ നെറ്റ്വര്‍ക്ക് പ്ലാനറുമായ അമേയ ജോഷി വിശകലനം ചെയ്ത ഡാറ്റ പ്രകാരമാണിതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. സര്‍ക്കാരിന്റെ റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന് കീഴിലുള്ള റൂട്ടുകള്‍ മിക്ക കേസുകളിലും രൂപകല്‍പ്പന പ്രകാരം കുത്തകയായിരിക്കും. എന്നാല്‍ അവിടെ മുന്‍നിരയിലുള്ളത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രാദേശിക കാരിയറായ അലയന്‍സ് എയര്‍ ആണ്; ഇന്‍ഡിഗോയുടെ കുത്തക റൂട്ടുകള്‍ യഥാര്‍ത്ഥത്തില്‍ ആര്‍സിഎസ്-മായി ബന്ധിപ്പിച്ചവയല്ല.

ഇന്‍ഡിഗോയ്ക്ക് നിരവധി റൂട്ടുകളിലുള്ള കുത്തകയും ഇന്ത്യയിലെ വ്യോമയാന മേഖലയിലെ ദ്വയാധിപത്യവും എങ്ങനെയുണ്ടായി? അത് ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് കാര്യക്ഷമമായി മത്സരിക്കാനോ നിലനില്‍ക്കാനോ കഴിയാത്തതിന്റെ ഫലമായി സംഭവിച്ചതാണ്. കഴിഞ്ഞ കുറച്ച് ദശകങ്ങളായി പല കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിപ്പോയി. ഗോ ഫസ്റ്റ്, ജെറ്റ് എയര്‍വേസ് എന്നിവയാണ് സമീപ വര്‍ഷങ്ങളിലെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങള്‍.

മേഖലാ റെഗുലേറ്റര്‍ നല്‍കിയ താല്‍ക്കാലിക ഇളവുകള്‍ കാരണം, ഒരാഴ്ച്ചയോളമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും ഘട്ടം ഘട്ടമായി ഇന്‍ഡിഗോ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അവര്‍ വ്യോമയാന മേഖലയില്‍ പുലര്‍ത്തുന്ന കുത്തകയുടെ അപകടസാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമായി. സ്ഥിതിഗതികളുടെ പ്രാധാന്യം വ്യോമയാന മന്ത്രാലയത്തിനും ബോധ്യമായിട്ടുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സംസാരിച്ച വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡു സമ്മതിച്ചത്, വ്യോമഗതാഗതത്തിന്റെ വളര്‍ച്ച കണക്കിലെടുത്ത് രാജ്യത്തിന് അഞ്ച് വലിയ വിമാനക്കമ്പനികളെങ്കിലും വേണമെന്നായിരുന്നു.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×