ചരക്ക് കപ്പല്‍ അപകടം നടന്ന് ഒരുമാസം പിന്നിട്ടശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് അതാത് സംസ്ഥാനങ്ങളുടെ ടെറിറ്റോറിയല്‍ ഏരിയയില്‍ വരുന്ന ഭാഗത്ത് ഏതെങ്കിലും കപ്പലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പതിക്കുകയോ, മത്സ്യസമ്പത്തുകള്‍ നശിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം കൊടുക്കണമെന്നതാണ് മറൈന്‍ നിയമത്തില്‍ ഉള്ളതെന്ന് കഴിഞ്ഞ 25 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ ഷിപ്പ് അഡ്മിനിസ്ട്രേഷന്‍ ചീഫായി സേവനം അനുഷ്ഠിച്ച പ്രജീന്‍ പ്രിയദര്‍ശന്‍ അഴിമുഖത്തോട് പറഞ്ഞു.
”ചരക്ക് കപ്പലിലെ കണ്ടെയ്നറുകളെല്ലാം കടലില്‍ പതിക്കുകയും എണ്ണ ഉള്‍പ്പെടെ വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഷിപ്പില്‍ നിന്ന് മാലിന്യം കടലില്‍ തള്ളിയാല്‍ പോലും കോസ്റ്റ് ഗാര്‍ഡിന് നഷ്ടപരിഹാരം ചുമത്താവുന്നതാണ്” പ്രജീന്‍ കൂട്ടിച്ചേര്‍ത്തു.
”രാജ്യത്തും വിദേശരാജ്യങ്ങളിലൊക്കെയും ഇതുപോലെ നഷ്ടപരിഹാരം ലഭ്യമായിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ 9,531 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ ആര്‍ബിട്രേഷനിലൊക്കെ വെച്ച ശേഷമുള്ള തുകയേ ലഭ്യമാകൂ. ലഭ്യമാകുന്ന തുകയില്‍ ഏറ്റവും അധികം ചെലവഴിക്കപ്പെടുക കപ്പലില്‍ നിന്ന് കടലില്‍ പതിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായിരിക്കും. ആഴക്കടലില്‍ പതിച്ച മാലിന്യങ്ങള്‍ ശേഖരിക്കുക വളരെ പ്രയാസകരമായ കാര്യമാണ്. ഇത്തരത്തില്‍ മാലിന്യം നീക്കം ചെയ്യുന്ന ഡ്രൈവര്‍ക്ക് ഒരു ദിവസം 6000 ഡോളറോളം കൊടുക്കേണ്ടി വരും. ഷിപ്പിംഗ് കമ്പനിയെ സംബന്ധിച്ച് ഒമ്പതിനായിരം കോടി വലിയ തുകയല്ല. ലോകത്തിലെ നമ്പര്‍ വണ്‍ കപ്പലുകളിലൊന്നാണ് എം.എസ്.സി എല്‍സ3. കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് തുക കിട്ടും. എത്ര രൂപ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ ആ തുക കിട്ടും. ബാക്കി വരുന്ന തുക മാത്രമേ കപ്പല്‍ കമ്പനിക്ക് ചെലവാകൂ” പ്രജീന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ചരക്ക് കപ്പല്‍ അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പാരിസ്ഥിതിക നാശമടക്കം 9,531 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ മാരിടൈം ക്ലെയിമിന് വേണ്ടി വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്സിയുടെ ‘അകിറ്റേറ്റ 2’ കപ്പല്‍ അറസ്റ്റ് ചെയ്യണമെന്നും പരിസ്ഥിതി സ്‌പെഷ്യല്‍ സെക്രട്ടറി ഹര്‍ജി നല്‍കിയിട്ടുണ്ട്.
പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയാണ് സര്‍ക്കാരിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മെയ് 23 ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. ബാക്കി കണ്ടെയ്നറുകളെല്ലാം ഇപ്പോഴും കടലിന്റെ വിവിധ ഭാഗങ്ങളില്‍ ഒഴുകി നടക്കുകയും ആഴക്കടലില്‍ അടിഞ്ഞിരിക്കുകയുമാണ്. ഇത് മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കണ്ടെയ്നറുകളില്‍ തട്ടി വലകള്‍ ഉള്‍പ്പെടെ നശിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രോളിങ് കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ധാരാളം മീനുകള്‍ ലഭിക്കുന്ന സീസണായിട്ടും ഒരു വലയെങ്കിലും കീറാതെ തിരികെ വരാന്‍ കഴിയാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണ് തീരജനത. വലകള്‍ നശിക്കുന്നതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോസ്റ്റല്‍ പോലീസിന് പരാതി നല്‍കിയിരിക്കുകയാണ് മത്സ്യത്തൊഴിലാളി യൂണിയനുകള്‍.
Content Summary: Cargo ship accident: Compensation is not a favor, it is the government’s right
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.