സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ല്‍ നിന്ന് 60 ലേക്ക് ഉയര്‍ത്താന്‍ നീക്കം. ഖജനാവിലെ പണമില്ലായ്മ മറികടക്കാനാണ് സര്‍ക്കാര്‍ യുവതലമുറയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇത് ഉദ്യോഗാര്‍ത്ഥികളോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല, മറിച്ച് വിരമിക്കല്‍ പ്രായം 60 ആക്കി വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന വന്‍ പ്രതിഷേധത്തെ തണുപ്പിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണ്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ മറികടന്നുള്ള നടപടി കൂടിയാണ്.
പി.എസ്.സി യുടെ അപേക്ഷാ പ്രായപരിധി 40 ആക്കി ഉയര്‍ത്തിയത് വഴി 36 കഴിഞ്ഞവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും ഇതിലെ യഥാര്‍ത്ഥ അപകടം ആരും കാണുന്നില്ല. വിരമിക്കല്‍ പ്രായം 60 ആക്കുന്നതോടെ അടുത്ത നാല് വര്‍ഷത്തേക്ക് സര്‍വീസില്‍ നിന്ന് ആരും വിരമിക്കില്ല. ഇതിനര്‍ത്ഥം നാല് വര്‍ഷത്തേക്ക് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യില്ല എന്നാണ്. നിലവില്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കില്ലെന്ന് മാത്രമല്ല, പുതിയ വിജ്ഞാപനങ്ങള്‍ക്കായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിയും വരും. അപേക്ഷിക്കാന്‍ പ്രായം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, നിയമനം നടത്താന്‍ തസ്തികകള്‍ ഒഴിവുണ്ടാകണമെന്ന പ്രാഥമിക സത്യം സര്‍ക്കാര്‍ മനഃപൂര്‍വം മറച്ചുപിടിക്കുകയാണ്. റാങ്ക് പട്ടികയില്‍ ആദ്യ റാങ്കില്‍ തന്നെ ഇടം നേടിയ പല ഉദ്യോഗാര്‍ത്ഥികളും നിയമനം ലഭിക്കാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം മുന്നില്‍ കണ്ട് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസംമുട്ടുന്ന സര്‍ക്കാര്‍, വിരമിക്കുന്നവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടിവെച്ച് തടിതപ്പാനാണ് നോക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമാണ് ആദ്യപടിയായി ഉയര്‍ത്തുന്നത്. ഇതുവഴി മാത്രം 274.40 കോടി രൂപ പെട്ടെന്ന് നല്‍കേണ്ടി വരില്ലെന്ന കണക്കുകൂട്ടലാണ് സര്‍ക്കാരിന് മുന്നിലുള്ളത്. എന്നാല്‍, നാല് വര്‍ഷം കഴിഞ്ഞ് ഇവര്‍ വിരമിക്കുമ്പോള്‍ ഉയര്‍ന്ന ശമ്പള സ്‌കെയിലിലുള്ള തുക നല്‍കേണ്ടി വരുമെന്നത് ഖജനാവിന് ഭാവിയില്‍ ഇരട്ടി ബാധ്യതയാകും. ഇന്നത്തെ പ്രതിസന്ധി തീര്‍ക്കാന്‍ നാളത്തെ തലമുറയുടെ മേല്‍ കടബാധ്യത കെട്ടിവെക്കുന്ന സര്‍ക്കാര്‍ നടപടി ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വൈരുദ്ധ്യത്തിനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ കേരളം സാക്ഷ്യം വഹിക്കുക. 2012-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിരമിക്കല്‍ പ്രായം 55-ല്‍ നിന്ന് 56 ആക്കിയപ്പോള്‍ അതിനെ യുവജനങ്ങളുടെ ശവക്കുഴി തോണ്ടുന്ന നടപടി എന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പറഞ്ഞത്. അന്നത്തെ സര്‍ക്കാര്‍ നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സമരങ്ങളും കേരളം മറന്നിട്ടില്ല.
പിന്നീട് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല എന്നത് തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ അധികാരത്തില്‍, ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ ആദ്യം പി.എസ്.സി അപേക്ഷകരുടെ പ്രായപരിധി 40 ലേക്ക് ഉയര്‍ത്തി ഉദ്യോഗാര്‍ത്ഥികളുടെ കൈയ്യടി നേടി. പിന്നാലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്താനുള്ള നീക്കമാണ് അണിയറയില്‍ സജീവമായി നടക്കുന്നത്.
കേരളത്തിലെ യുവതലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഒരു കാലഘട്ടമാണിത്. നിലവില്‍ ഗവണ്‍മെന്റ് ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്ക്് മേലുള്ള കരിനിഴലായാണ് സര്‍ക്കാരിന്റെ തിരക്കിട്ട ചര്‍ച്ചകള്‍.
നാട്ടില്‍ ഒരു ജോലി ലഭിക്കില്ലെന്ന ബോധ്യം ഉറപ്പാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ യുവാക്കളെ കൂടുതല്‍ നിരാശരാക്കും. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും ചെറിയ ജോലികള്‍ക്കായി വിദേശത്തേക്ക് പോകുമ്പോള്‍, ഇവിടെ പരിചയസമ്പത്തിന്റെ പേരും പറഞ്ഞ് പ്രായമായവരെ നിലനിര്‍ത്തുന്നത് യുവതലമുറയോടുള്ള വെല്ലുവിളിയാണ്. നിപ്പയും പക്ഷിപ്പനിയും തടയാന്‍ പ്രായമായ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന വാദം പുതിയ തലമുറയുടെ കഴിവിനെ അപമാനിക്കുന്നതിന് തുല്യമാണ്.
നിലവില്‍ വിവിധ പി.സ്.സി റാങ്ക് ലിസ്റ്റുകളിലായി നിയമന ഉത്തരവ് കാത്തുനില്‍ക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുണ്ട്. ഇവരുടെ കാലാവധി തീരുന്നതിന് മുമ്പ് നിയമനം നടക്കണമെങ്കില്‍ ഒഴിവുകള്‍ ഉണ്ടാകണം. എന്നാല്‍ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതോടെ നിയമന പ്രക്രിയ പൂര്‍ണമായും സ്തംഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം യുവജനവിരുദ്ധമായ ഒരു നീക്കത്തിന് സര്‍ക്കാര്‍ മറയായി ഉപയോഗിക്കുകയാണ്. സാമ്പത്തിക തകര്‍ച്ചയ്ക്ക് പരിഹാരമായി യുവജനങ്ങളുടെ ഭാവി ബലികഴിക്കുന്ന സര്‍ക്കാരിന്റെ ഈ തന്ത്രപരമായ നീക്കം യുവാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് മേലുള്ള തിരിച്ചടിയാണ്. സര്‍ക്കാര്‍ നടപടിയെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളായ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പിന്തുണയ്ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Content Summary: LDF government increase pension age to 60, sparking concerns among job seekers