രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് ധീരമായ തീരുമാനം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മറ്റൊരു പാര്‍ട്ടിയും ഇതുവരെ ചെയ്യാത്ത കാര്യമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ മാതൃകാപരമായ നടപടിയാണെന്നും സതീശന്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും രാജി ആവശ്യത്തില്‍ നിന്നും പിന്മാറിയാണ് സസ്‌പെന്‍ഷനിലേക്ക് എത്തിയത്. നിയമസഭ സമ്മേളനത്തില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. അടുത്ത തവണ പാലക്കാട് സീറ്റും നിഷേധിച്ചിട്ടുണ്ട്.
ഇത്തരമൊരു തീരുമാനം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും എടുക്കാന്‍ കഴിയില്ലെന്നാണ് വി ഡി സതീശന്‍ അവകാശപ്പെടുന്നത്. രാഹുലിനെതിരേ പാര്‍ട്ടി അന്വേഷണം നടത്തിയിട്ടാണ് സസ്‌പെന്‍ഷനില്‍ എത്തിയതെന്ന ചോദ്യത്തിന്, ഇപ്പോള്‍ അങ്ങനെയായോ നിങ്ങളുടെ നിലപാട് എന്നായിരുന്നു സതീശന്റെ ചോദ്യം. കാര്യങ്ങള്‍ മനസിലാക്കിയാണ് ഉചിതമായ തീരുമാനം കൈക്കൊണ്ടതെന്നു പറഞ്ഞപ്പോഴും, രാഹുല്‍ തെറ്റുകള്‍ ചെയ്തതെന്ന് സമ്മതിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. അത്തരം ചോദ്യങ്ങളില്‍ നിന്നും ക്ഷുഭിതനായിക്കൊണ്ട് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്.
കോണ്‍ഗ്രസ് എടുത്ത തീരുമാനത്തെ അഭിനന്ദിച്ചുവേണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നാണ് മാധ്യമപ്രവര്‍ത്തകരെ സതീശന്‍ ഉപദേശിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ, തനിക്ക് പറയാനുള്ളത് മാത്രമാണ് സതീശന്‍ പറയാന്‍ ശ്രമിച്ചത്.
ഉമ തോമസ് എംഎല്‍എ അടക്കമുള്ള വനിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിയുള്ള ചോദ്യങ്ങള്‍ക്ക് അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടികളായിരുന്നു ഉണ്ടായത്. ഉമ തോമസ് അടക്കമുള്ളവര്‍ അവരുടെ അഭിപ്രായം പറഞ്ഞു എന്നാണ് സതീശന്‍ ആദ്യം പറഞ്ഞൊഴിയാന്‍ നോക്കിയത്. എന്നാല്‍ സൈബര്‍ ആക്രമണ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെ സതീശന്റെ ആദ്യ മറുപടി ഇങ്ങനെയായിരുന്നു; സിപിഎം ആണ് സ്ത്രീകളെ സൈബര്‍ അറ്റാക് ചെയ്ത് തുടങ്ങിയത്. അങ്ങനെയൊരു കള്‍ച്ചര്‍ ഉണ്ടാക്കി വച്ചതും അവരാണ്. ഒരു സ്ത്രീ പോലും സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടരുതെന്നാണ് ഞാന്‍ ആദ്യം തൊട്ട് പറയുന്നത്. പരാതി കൊടുക്കുന്ന ഒരു സ്ത്രീ പോലും ആക്രമിക്കപ്പെടരുത്. അത് തെറ്റാണ്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് ഒരു തരം മനോരോഗമാണ്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരിലെ സ്ത്രീകളെ എത്ര പേരേ സിപിഎം ആക്രമിച്ചു. അന്നൊന്നും ഈ ചോദ്യത്തിന്റെ ആവേശം ഞാന്‍ കണ്ടില്ലല്ലോ.’
യൂത്ത് കോണ്‍ഗ്രസിന്റെ വനിത നേതാവിനെ ഉള്‍പ്പെടെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന് വിധേയയാക്കുന്ന കാര്യം വീണ്ടും ചോദിച്ചപ്പോള്‍ സതീശന്‍ മറുപടി ആവര്‍ത്തിക്കുകയായിരുന്നു, അതെല്ലാം തെറ്റാണ്. ഒരു തരത്തിലുള്ള മനോരോഗമാണ്. അത് അവസാനിപ്പിക്കണം.’
കോണ്‍ഗ്രസ് നല്ല നിലപാടുള്ള പാര്‍ട്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് അവകശപ്പെട്ടത്. എന്നാല്‍ രാഹുലിനെതിരേ പരാതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് കയര്‍ത്തതല്ലാതെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തയ്യാറായതുമില്ല. Opposition Leader V D Satheesan has responded to Rahul Mamkoottathil’s suspension from the Congress party
Content Summary; Opposition Leader V D Satheesan has responded to Rahul Mamkoottathil’s suspension from the Congress party
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.