‘വോട്ട് ചോരി’ കൊടുങ്കാറ്റിനെ നയിച്ച് രാഹുല്‍ ഗാന്ധി ഉണ്ടാക്കുന്ന പ്രകമ്പനം ദേശീയതലത്തില്‍ മുഴങ്ങുകയാണ്. 2014 ന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഒരു വിഷയം ഇത്ര ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമായാണ്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വേര് അറക്കുന്ന പ്രവര്‍ത്തി രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് വോട്ടര്‍ പട്ടിക കൃത്രിമത്വത്തിലൂടെ പുറത്തു വന്നത്. ഈ പോരാട്ടത്തില്‍ പ്രതിപക്ഷം ഒന്നടങ്കം രാഹുലിന് പിന്നിലുണ്ട്. ഒരു നേതാവിന്റെ പക്വതയോടെയും ധീരതയോടെയും രാഹുല്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയവും അതാണ്.
കേരളത്തില്‍, തൃശൂരില്‍ ബിജെപി ആദ്യമായി വിജയിച്ച പാര്‍ലമെന്റ് മണ്ഡലത്തില്‍ ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നു. സുരേഷ് ഗോപിയുടെ വിജയം ജനാധിപത്യപരമായിരുന്നില്ലെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ചൂണ്ടിക്കാട്ടി. മാധ്യമങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം കാണിച്ചു.
രാഹുല്‍ ഗാന്ധി ചെയ്യുന്ന ജോലിയുടെ ഗുണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും കിട്ടുന്നതായിരുന്നു. കോണ്‍ഗ്രസ് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ വന്നിരിക്കുന്നു. അത് കൃത്യമായി തന്നെ കേരളത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഇവിടുത്തെ നേതാക്കള്‍ ചെയ്യേണ്ടത്, രാഹുലിന്റെ പോരാട്ടത്തിന് കേരളത്തില്‍ പടയാളികളാവുകയാണ്. വോട്ട് കൊള്ളയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുക. അവര്‍ ആ പണി എടുത്തു തുടങ്ങുകയും ചെയ്തിരുന്നു.
വോട്ട് ചോരി മുന്നേറ്റം വരുന്നതിന് മുമ്പ തന്നെ ഇവിടുത്തെ പാര്‍ട്ടി ട്രാക്കില്‍ കയറിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം വലിയ ഉത്തേജനമാണ് നല്‍കിയത്. നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ആത്മവിശ്വാസത്തിലായി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം നേടുമെന്ന പ്രതീതി പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും ഉണ്ടാക്കാന്‍ സാധിച്ചിരുന്നു.
ഈ ആത്മവിശ്വാസം തന്നെയാണ് എംപിമായി പോയ നേതാക്കള്‍ക്ക് തിരിച്ച് നിയമസഭയിലേക്ക് വരണമെന്ന ആവശ്യത്തിനു പിന്നില്‍. അര ഡസന്‍ നേതാക്കളെങ്കിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രാതിനിധ്യമാണ് അവരുടെ ഉള്ളില്‍. മന്ത്രിയാകാന്‍ ഒരു വിഭാഗം കച്ച കെട്ടുന്നതുപോലെ മുഖ്യമന്ത്രിയാകാനും ഒന്നില്‍ക്കൂടുതല്‍ പേരുണ്ട്. ഈ വടംവലി കോണ്‍ഗ്രസില്‍ ഒരു ആചാരം പോലെയുണ്ടാകുന്നതാണെന്നത് കൊണ്ടു തന്നെ, അതിനപ്പുറം പാര്‍ട്ടി തിരിച്ചു വരുന്നുവെന്നതിന്റെ അടയാളമായിട്ടാണ് നേതാക്കളുടെ തിക്കു തിരക്കും വിലയിരുത്തപ്പെട്ടത്.
എന്നാല്‍ പറയട്ടെ, ഏറ്റവും അനുകൂലമായ സമയം ഒരു നേതാവിനാല്‍ തകര്‍ന്നിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പരാതികളും ആക്ഷേപങ്ങളും പാര്‍ട്ടിയുടെ അടിതെറ്റിച്ചിരിക്കുന്നു. ഇമേജ് നാശം ഉണ്ടാക്കിയിരിക്കുന്നു. അത്ര കടുത്ത ആക്ഷേപങ്ങളാണ്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുക വരെ ചെയ്യുന്ന ഒരു എംഎല്‍എ. എത്ര ന്യായീകരിച്ചാലും മാറാത്ത കളങ്കം. വനിതകള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാതെ നില്‍ക്കുകയാണ് എംഎല്‍എ. യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് ധാര്‍മികത കാത്തൂ എന്നാണ് രാഹുലും കൂടെ നില്‍ക്കുന്ന ഏതാനും പേരും വിചാരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ധാര്‍മികത ജനം ചോദ്യം ചെയ്താല്‍ ഉണ്ടാകുന്നത് വലിയ പരാജയമാണ്. തിരഞ്ഞെടുപ്പുകള്‍ പടിവാതിക്കലാണ്. ജനത്തിന് മറക്കാനുള്ള സമയം ഇല്ല. എതിര്‍പക്ഷം കൊണ്ടുവന്ന ആരോപണമോ പരാതിയോ അല്ല. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ളതാണ്.
രാഹുല്‍ മാങ്കൂട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കുന്നവരും സ്വന്തം പാര്‍ട്ടിയെയാണ് വെല്ലുവിളിക്കുന്നത്. ആദ്യം തന്നെ കാണേണ്ടത്, രാഹുല്‍ ഗാന്ധിയെടുക്കുന്ന പണി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തന്നെ വെറുതെയാക്കുകയാണ്. തൃശൂരിലെ വോട്ട് ചോരി വിവാദത്തില്‍ നിന്നും എല്ലാ ശ്രദ്ധയും രാഹുലിലേക്കായി. സുരേഷ് ഗോപിയൊന്നും ചിത്രത്തിലെയില്ല. ദേശീയതലത്തില്‍ രാഹുല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുള്ളവര്‍ അറിയുന്നില്ല, മാധ്യമങ്ങള്‍ അതിനേക്കാള്‍ കവറേജ് ഇവിടുത്തെ രാഹുലിന് നല്‍കുന്നു. സ്വന്തം നേതാവിന്റെ പ്രയത്നങ്ങളാണ് ഇവിടെ രാഹുലും സംഘവും വെള്ളത്തിലാക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ബിജെപി ദേശീയ തലത്തില്‍ ആയുധമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം വച്ച് അവര്‍ കളി തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ പ്രചാരണ ശക്തി വച്ച് അവര്‍ക്ക് വളരെ വേഗം ഈ വാര്‍ത്തകള്‍ രാഹുല്‍ ഗാന്ധിക്കെതിരാക്കിയും രാജ്യത്ത് തെറ്റിദ്ധാരണ ഉണ്ടാക്കാം.
അതുപോലെ, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസവും തകരുകയാണ്. രാഹുലിനെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കാത്തതിനു കാരണം പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന പേടിയാണ്. ബിജെപി രണ്ടാം സ്ഥാനത്ത് വന്ന സ്ഥലമാണ്. ഈയവസരത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്തും സംഭവിക്കാം. തോറ്റാല്‍ ബിജെപിക്ക് അകൗണ്ട് തുറക്കാന്‍ വീണ്ടും അവസരം കൊടുത്തു എന്ന ആക്ഷേപം കോണ്‍ഗ്രസുകാര്‍ കേള്‍ക്കേണ്ടി വരും. നിയമസഭ തിരഞ്ഞെടുപ്പ് വളരെ അടുത്ത് എത്തിയതിനാല്‍ സാധാരണ നിലയില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെങ്കില്‍ പോലും, ബിജെപിക്ക് പ്രതീക്ഷയുള്ളതുകൊണ്ട് പാലക്കാട്ടെ ജനത്തെ വീണ്ടും പോളിംഗ് ബൂത്തില്‍ കയറ്റിയേക്കാം. ആ പേടിയൊന്നു മാത്രമാണ് രാഹുലിന്റെ മേല്‍ ഉറപ്പിച്ചൊരു തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.
എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി വാങ്ങിക്കാതെ പാര്‍ട്ടിയുടെ പ്രാഥമിക അംഗ്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുക മാത്രമാണ് രാഹുലിനെതിരേ എടുത്തിരിക്കുന്ന നടപടി. അതുപക്ഷേ മുഖം രക്ഷിക്കില്ല. രാഹുലിനെതിരായി വന്നിരിക്കുന്നത് ചെറിയ ആരോപണങ്ങളല്ല, ഒരാള്‍ നിന്നുമാത്രവുമല്ല. അപ്പുറത്ത് മുകേഷ് എംഎല്‍എ സ്ഥാനം രാജിവച്ചില്ലല്ലോ എന്ന മറുവാദം ഉയര്‍ത്തിക്കൊണ്ടു വന്നിട്ടും കാര്യമില്ല. ഇവിടെ രാഹുലിന് മുന്നേ തന്നെ രണ്ടു പേര്‍ സമാന ആരോപണങ്ങളും കേസുകളുമായി ഇപ്പോഴും എംഎല്‍എമാരായി തുടരുന്നുണ്ട്. എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും. കൂടുതല്‍ മാനക്കേട് കോണ്‍ഗ്രസിന് തന്നെയാണ്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗ്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു, നിയമസഭ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കില്ല, ഇനി സീറ്റ് നല്‍കില്ല തുടങ്ങിയ ‘ശിക്ഷ’ നടപടികള്‍ കൊണ്ടും കാര്യമില്ല. ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ രാഹുല്‍ തെറ്റുകാരനാണെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്ന് ജനം മനസിലാക്കുകയാണ്. എന്നിട്ടും അങ്ങനെയൊരാളെ സംരക്ഷിച്ചു എന്നേ ജനം കരുതു. പാര്‍ട്ടിയില്‍ നിന്നും താത്കാലത്തേക്കെങ്കിലും പുറത്താക്കിയൊരാളെ എംഎല്‍എ ആയി നിലനിര്‍ത്തുന്നതിലെ ധാര്‍മികതയും സാംഗത്യവും അവര്‍ ചോദ്യം ചെയ്യും. പാര്‍ട്ടിക്ക് തൃപ്തികരമായ ഉത്തരം കിട്ടിയില്ലെങ്കില്‍, ജനം മറുപടി പറയുന്നത് വോട്ടു കൊണ്ടായിരിക്കും. ഇതുവരെ കെട്ടിപ്പൊക്കി വച്ചിരിക്കുന്ന മനക്കോട്ടകളെല്ലാം തകരാനതുമതി. പോരാത്തതിന്, രാഹുലിനെതിരേ പറഞ്ഞ സ്വന്തം വനിത നേതാക്കളെ കേട്ടല്‍ അറയ്ക്കുന്ന ഭാഷയിലാണ് പാര്‍ട്ടിക്കാരും അനുഭാവികളും ആയ കുറേപ്പേര്‍ ചീത്ത വിളിക്കുന്നത്. ഇതെല്ലം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കിടക്കുന്നുണ്ട്. ചുരുക്കത്തില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് പണിയെടുക്കാതെ എല്ലാം കണ്ടോണ്ടിരുന്നാല്‍ മതിയെന്ന അവസ്ഥയാണ്. സ്വന്തം പാര്‍ട്ടിയെയും നേതാക്കളെയും തോല്‍പ്പിക്കാനുള്ള ജോലി അതിനകത്തുള്ളവര്‍ തന്നെ ചെയ്യുന്നുണ്ട്. Rahul Mamkootathil’s suspension is not enough for the Congress party to regain its image
Content Summary; Rahul Mamkootathil’s suspension is not enough for the Congress party to regain its image
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.