July 03, 2026 |
Share on

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ 50 ലധികം സുരക്ഷാ വീഴ്ചകള്‍; ഗുരുതരമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ജീവനക്കാരുടെ വിന്യാസത്തിലും പിഴവ്

ഇന്ത്യയിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ 50 ലധികം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈയില്‍ 10 ഡിജിസിഎ ഇന്‍സ്‌പെക്ടര്‍മാരും നാല് ഓഡിറ്റര്‍മാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയില്‍ 51 സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരിച്ചറിഞ്ഞ സുരക്ഷാ വീഴ്ചകളില്‍ ചില പൈലറ്റുമാര്‍ക്ക് മതിയായ പരിശീലനം ലഭിക്കാത്തതും, അംഗീകാരമില്ലാത്ത സിമുലേറ്ററുകള്‍ ഉപയോഗിച്ചതും, മോശം റോസ്റ്ററിംഗ് സംവിധാനവും കാരണമാകുന്നു.

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഡിജിസിഎയുടെ 11 പേജുള്ള രഹസ്യ ഓഡിറ്റ് റിപ്പോര്‍ട്ട് ഏഴ് ‘ലെവല്‍ I’ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവ ഗുരുതരമാണെന്നും ജൂലൈ 30 നകം പരിഹരിക്കേണ്ടതുമാണ്. കൂടാതെ, ഓഗസ്റ്റ് 23 നകം പരിഹരിക്കേണ്ട മറ്റ് 44 നോണ്‍ കംപ്ലയന്‍സുകളും കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെയുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ കണ്ടെത്തലുകള്‍, എയര്‍ ഇന്ത്യ നേരിടുന്ന പരിശോധനകളുടെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, ഡിജിസിഎയുടെ കണ്ടെത്തലുകള്‍ ലഭിച്ചതായും സമയബന്ധിതമായി മറുപടിയും തിരുത്തല്‍ നടപടികളുടെ വിശദാംശങ്ങളും റെഗുലേറ്റര്‍ക്ക് സമര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ചില ബോയിംഗ് 787, 777 വിമാനങ്ങളിലെ പൈലറ്റുമാരില്‍ ആവര്‍ത്തിച്ചുള്ള പരിശീലനത്തിലെ പോരായ്മകളും കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, ഇവര്‍ നിരീക്ഷണ ചുമതലകള്‍ (monitoring duties) കൃത്യമായി പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, പൈലറ്റുമാര്‍ വിമാനം പറത്താതെ, കോക്ക്പിറ്റിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളാണ് നിരീക്ഷണ ചുമതലകള്‍. ഇത് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാണ്.

‘കാറ്റഗറി സി’ എയര്‍പോര്‍ട്ടുകളിലെ വീഴ്ചകള്‍

പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ് ഡിജിസിഎ റിപ്പോര്‍ട്ട്. ചില ‘കാറ്റഗറി സി’ വിമാനത്താവളങ്ങള്‍ക്കായി എയര്‍ ഇന്ത്യ ‘കൃത്യമായ റൂട്ട് വിലയിരുത്തലുകള്‍’ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞതോ സങ്കീര്‍ണമായതോ ആയ വിമാനത്താവളങ്ങളാണ് കാറ്റഗറി സി വിമാനത്താവളങ്ങള്‍. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായതിനാല്‍ ഇത്തരം എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്.

എന്നാല്‍, ഈ എയര്‍ഫീല്‍ഡുകള്‍ക്കായുള്ള പരിശീലനം യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സിമുലേറ്ററുകള്‍ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളെ സമീപിക്കുമ്പോള്‍ സുരക്ഷാ സാധ്യതകള്‍ പരിഗണിക്കാത്തതാണ് ഇതിന് കാരണമെന്ന് ഡിജിസിഎ റിപ്പോര്‍ട്ട് ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.

ജീവനക്കാരുടെ വിന്യാസത്തിലും പിഴവ്

എയര്‍ ഇന്ത്യയുടെ റോസ്റ്ററിംഗ് സംവിധാനത്തെയും ഓഡിറ്റ് റിപ്പോര്‍ട്ട് വിമര്‍ശിച്ചതായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഒരു വിമാനത്തില്‍ ആവശ്യമായത്ര ജീവനക്കാരെ വിന്യസിച്ചിട്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന നടപടികളെ കുറിച്ചും വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് നാല് അന്താരാഷ്ട്ര വിമാനങ്ങളെങ്കിലും ഇത്തരത്തില്‍ ആവശ്യത്തിന് കാബിന്‍ ക്രൂ ഇല്ലാതെ പറന്നതായും ഓഡിറ്റ് വ്യക്തമാക്കുന്നു.

ഡോര്‍ പരിശോധനകളിലും ഉപകരണ പരിശോധനകളിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്നും, പരിശീലന രേഖകളില്‍ പോരായ്മകള്‍ ഉണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എയര്‍ബസ് A320, A350 ഫ്‌ളൈറ്റുകള്‍ക്ക് ചീഫ് പൈലറ്റുമാരെ നിയമിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് ഉത്തരവാദിത്തമില്ലായ്മയിലേക്കും വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ഓഡിറ്റ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പറഞ്ഞു.

അതേസമയം, ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് പ്രകാരം ഡിജിസിഎയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 80 ലധികം നിയമലംഘനങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പിടിഐ റിപ്പോര്‍ട്ടില്‍ നിയമലംഘനങ്ങളുടെ എണ്ണം ഏകദേശം 100 ആയാണ് നല്‍കിയിരിക്കുന്നത്. Air India’s operations revealed over 50 security lapses in an audit report

Content Summary: Air India’s operations revealed over 50 security lapses in an audit report

Leave a Reply

Your email address will not be published. Required fields are marked *

×