സുപ്രിം കോടതി മുന്‍ ജസ്റ്റീസ് ഖാന്‍വില്‍ക്കറെ ലോക്പാല്‍ ചെയര്‍പേഴ്സണായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 2022 ജൂലൈയിലാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ സുപ്രിം കോടതിയില്‍ നിന്ന് വിരമിക്കുന്നത്. വിരമിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ഖാന്‍വില്‍ക്കറെ തേടി പുതിയൊരു അധികാരപദവി എത്തുന്നത്.
വിരമിക്കുന്ന ജഡ്ജിമാരെ ഔദ്യോഗിക പദവികളില്‍ നിയമിക്കുന്നതില്‍ മോദി സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം കേള്‍ക്കുന്നുണ്ട്. അത്തരം പദവി ഓഫറിന്റെ തുടര്‍ച്ചയാണ് ഖാന്‍വില്‍ക്കറിന്റെ നിയമനം എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഫെബ്രുവരി 27- നാണ് മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ലിംഗപ്പ നാരായണ സ്വാമി, സഞ്ജയ് യാദവ്, ഋതു രാജ് അവസ്തി എന്നിവരെയും ലോക്പാല്‍ അംഗങ്ങളായി നിയമിച്ചതായി രാഷ്ട്രപതിഭവന്‍ അറിയിക്കുന്നത്. ജുഡീഷ്യറി അധികാരമില്ലാത്ത ബെഞ്ചായി സുശീല്‍ ചന്ദ്ര, പങ്കജ് കുമാര്‍, അജയ് ടിര്‍ക്കി എന്നിവരെയും നിയമിച്ചിട്ടുണ്ട് .
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ച് നാല് മാസത്തിനുള്ളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിനു വേണ്ടിയുള്ള നിലപടുകള്‍ സ്വീകരിച്ചതിന്റെ നന്ദിയാണ് ഗൊഗോയിയുടെ രാജ്യസഭ സീറ്റ് എന്നു വലിയ വിമര്‍ശനം അന്നുയര്‍ന്നുവന്നിരുന്നു. 2021 ജൂലൈയില്‍ വിരമിച്ച ജസ്റ്റിസ് അശോക് ഭൂഷണ്‍ ആ വര്‍ഷം അവസാനം നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ തലവനായി. ബാബറി കേസില്‍ വിധി പ്രസ്താവിച്ച ബഞ്ചില്‍ ഉണ്ടായിരുന്ന ഭൂഷണ്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലും പങ്കെടുത്തിരുന്നു. 2021-ല്‍ മോദി സര്‍ക്കാര്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി സുപ്രിം കോടതി മുന്‍ ജഡ്ജി അരുണ്‍ കുമാര്‍ മിശ്രയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. 2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ അദ്ദേഹം വിരമിച്ച് നാല് മാസത്തിന് ശേഷം ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഈ നിയമനങ്ങളിലും സമാനമായ ആക്ഷേപം നിലനിന്നിരുന്നു.
ഈ ജസ്റ്റിസുമാര്‍ക്കു സമാനമായി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വ്യാപകമായ സ്വാധീനം ചെലുത്തുന്ന സുപ്രധാന വിധിന്യായങ്ങള്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പുറപ്പിടിവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപെട്ടതാണ് ഗുജറാത്ത് കലാപ കേസ്. കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി 2022ല്‍ തള്ളിയ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍.
2022-ല്‍, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ഭേദഗതി നിയമം, 2020 ശരിവച്ചത്. എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനായിരുന്നു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. തങ്ങളെ വിമര്‍ശിക്കുന്ന സംഘടനകളുടെ എഫ്സിആര്‍എ ലൈസന്‍സ് മോദി സര്‍ക്കാര്‍ പലപ്പോഴും എടുത്തുകളയാറുണ്ട്. അതേ വര്‍ഷം, അതായത് തന്റെ വിരമിക്കലിന് രണ്ട് ദിവസം മുമ്പ്, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചില അധികാരങ്ങള്‍ നല്‍കുന്ന ഒരു വിധിയും പുറപ്പെടുവിച്ചിരുന്നു. പ്രതിപക്ഷത്തെ വേട്ടയാടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇഡി)ഉപയോഗിക്കുന്നു എന്ന വിമര്‍ശനത്തിനിടയിലായിരുന്നു ജ. ഖാന്‍വില്‍ക്കറിന്റെ വിധി വരുന്നത്.
ഇഡിക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം പ്രതിപാദിക്കുന്ന നിയമത്തിലെ 19-ാം വകുപ്പ് ഏകപക്ഷീയമല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉള്‍പ്പെടുന്ന സെക്ഷന്‍ 5 ഭരണഘടനാപരമായി സാധുതയുള്ളതാണെന്നും അന്ന് കോടതി വിധിച്ചു. കൂടാതെ, ഒരു പോലീസ് എഫ്‌ഐആറിന് സമാനമായ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന് (ഇസിഐആര്‍) എല്ലാ കേസിലും ബന്ധപ്പെട്ട വ്യക്തിക്ക് നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നും സുപ്രിം കോടതി പ്രസ്താവിച്ചിരുന്നു.
2018ല്‍ രണ്ട് സുപ്രധാന നിയമ തീരുമാനങ്ങളില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറും പങ്കാളിയായിട്ടുണ്ട്. അതിലൊന്നു ഇന്ത്യയില്‍ സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രിം കോടതിയുടെ ചരിത്രപരമായ വിധിയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ഖാന്‍വില്‍ക്കറും അംഗമായിരുന്നു. ഈ തീരുമാനം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെ അസാധുവാക്കി. അതേ വര്‍ഷം തന്നെ, ആധാര്‍ നിയമത്തിന്റെ ഭരണഘടന സാധുത ഉയര്‍ത്തിപ്പിടിച്ച ബെഞ്ചിന്റെയും ഭാഗമായി ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. ജസ്റ്റിസ് സിക്രി പുറപ്പെടുവിച്ചതും അന്നത്തെ ചീഫ് ജസ്റ്റിസ് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും പിന്തുണച്ചതുമായ ഈ വിധി, ആധാര്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന ഹരജിക്കാരുടെ വാദങ്ങള്‍ നിരസിച്ചു. കൂടാതെ 2018-ല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗവുമായിരുന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍.