UPDATES

‘ഗുജറാത്ത് കലാപം ആസൂത്രിതം’; ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിഷേധിച്ചിരുന്നില്ല

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ പരമപ്രധാനമായ മറ്റൊരു കണ്ടെത്തല്‍

                       

2002-ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യ ആസൂത്രിത കലാപമായിരുന്നുവെന്ന ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍  വാജ്‌പേയി സര്‍ക്കാര്‍ നിഷേധിച്ചിരുന്നില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജാക് സ്‌ട്രോയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2002 ഏപ്രില്‍ 16-ന് ആയിരുന്നു സിംഗും സ്‌ട്രോയും തമ്മില്‍ സംസാരിച്ചത്. അതാകട്ടെ, ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ പിറ്റേദിവസവും. ദ വയര്‍ പ്രസിദ്ധീകരിച്ച ആഷിഷ് റേയുടെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴും പൊതുസമക്ഷം പ്രസിദ്ധീകരിക്കാത്ത, രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടാണിത്. ബ്രിട്ടനിലെ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് (ഇന്ത്യയിലെ ആര്‍ടിഐയ്ക്കു സമാനം) പ്രകാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചതാണ് ഇന്ത്യയുടെയും ബ്രിട്ടന്റെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ഫോണ്‍ സംഭാഷണ വിവരങ്ങള്‍. ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ തിരുത്തലുകള്‍ നടന്നതിനുശേഷമാണ് വിവരങ്ങള്‍ കൈമാറിയതെങ്കിലും, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന ഖണ്ഡിക പൂര്‍ണമായി തന്നെ അതിലുണ്ടായിരുന്നു.

ആസൂത്രിതമായിരുന്ന ഗുജറാത്ത്് കലാപത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ പരമപ്രധാനമായ മറ്റൊരു കണ്ടെത്തല്‍.

വിശ്വഹിന്ദു പരിഷദ് പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ ഗുജറാത്തിലെ മുസ്ലിം വംശഹത്യയില്‍ പ്രധാന പങ്കു വഹിച്ചിരുന്നതായും, കൊലയാളികളെ തടയാതെ പൊലീസിനെ നിഷ്‌ക്രിയരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2002-ല്‍ തയ്യാറാക്കിയ ബ്രിട്ടീഷ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്, വിശ്വഹിന്ദു പരിഷദ് അഥവ വി എച്ച് പിയും അവരുടെ സഖ്യസംഘടനകളും കലാപം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നുവെന്നാണ്. സംസ്ഥാന സര്‍ക്കാര്‍ ശിക്ഷഭീതിയിലാത്തൊരു അന്തരീക്ഷം അവര്‍ക്കായി സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍, ഇത്രയധികം നാശങ്ങള്‍ വരുത്താന്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് കഴിയുമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജാക് സ്‌ട്രോയുമായി സംസാരിക്കുന്നതിന് മുമ്പ് കലാപവുമായി മോദിയെ നേരിട്ട് ബന്ധപ്പെടുത്തുന്ന ബ്രിട്ടീഷ് റിപ്പോര്‍ട്ട് ജസ്വന്ത് സിംഗ് പൂര്‍ണമായി വായിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒരുപക്ഷേ, ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പുറത്തായിരിക്കാം സിംഗ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയെ ബന്ധപ്പെട്ടതെന്നും വ്യക്തമല്ല.

എന്തായാലും വാജ്‌പേയ് നയിച്ചിരുന്ന ബിജെപി മന്ത്രി സഭയിലെ വിദേശകാര്യവകുപ്പ് മന്ത്രി, ബ്രിട്ടന്റെ വിദേശകാര്യ മന്ത്രിയോട്, ചോര്‍ന്ന റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലിന്റെ പേരില്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ല. പകരം, ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിലുള്ള പരിഭവം അറിയിച്ചു. പിന്നെ ‘കൃത്യതയില്ലായ്മ’യെയും കുറ്റപ്പെടുത്തി.

കലാപത്തിലെ മരണസംഖ്യയുമായി ബന്ധപ്പെട്ടു കൃത്യമായ വസ്തുത ഉറപ്പാക്കുന്നതില്‍ ബ്രിട്ടീഷ് റിപ്പോര്‍ട്ട് പരാജയപ്പെട്ടുന്നുവെന്നതാണ് ജസ്വന്ത് സിംഗ് ഉയര്‍ത്തുന്ന എതിര്‍പ്പ്. അപ്പോഴും, പൊലീസും സംസ്ഥാന ഭരണകൂടവും മുഖ്യമന്ത്രി മോദിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകളും കലാപത്തില്‍ വഹിച്ച പങ്കിനെ കുറിച്ചുള്ള പ്രാഥമിക കണ്ടെത്തലുകളെ മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ജസ്വന്ത് സിംഗ് എതിര്‍ക്കുന്നില്ല.

ബ്രിട്ടീഷ് റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതില്‍ താന്‍ ‘ തീര്‍ത്തും നിരാശനാണ്’ എന്നു സിംഗ് പറയുന്നുണ്ട്. കൃത്യമല്ലാത്ത മരണസംഖ്യയാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും പരാതിപ്പെട്ടു. ആ സംഖ്യകേട്ട്, ആഭ്യന്തര മന്ത്രി പ്രതികരിച്ചത് ‘ ഭീകരം’ എന്നായിരുന്നുവെന്നാണ് സിംഗ് പറഞ്ഞത്. അതേസമയം, മറ്റ് കണ്ടെത്തലുകള്‍(മോദിയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ) എതിര്‍ക്കാനോ തിരുത്താനോ പോയില്ല.

പുറത്തറഞ്ഞതിനെക്കാള്‍ ഭീകരമായിരുന്നു കലാപം എന്നാണ് ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ടെന്നാണ് ബ്രിട്ടീഷുകാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞത് 850 പേരെ കൊല്ലപ്പെട്ടുള്ളൂവെന്നായിരുന്നു. 2005-ല്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് 1,044 പേര്‍ കൊല്ലപ്പെട്ടുവെന്നും 223 പേരെ കാണാതായെന്നുമാണ്. 919 സ്ത്രീകളാണ് കലാപത്തിന്റെ ഇരകളായി വിധവകളായി തീര്‍ന്നത്. 2009-ല്‍ ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം കലാപത്തിലെ മരണസഖ്യം 1180 ആയിരുന്നു. കാണാതായവരെയും ഉള്‍പ്പെടുത്തിയുള്ള കണക്കായിരുന്നു അത്.

ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ കാണിക്കുന്നത്, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജാക് സ്‌ട്രോയാണ് ജസ്വന്ത് സിംഗിനെ വിളിക്കുന്നതെന്നാണ്. സ്‌ട്രോയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സാക്ഷ്യപ്രകാരം, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി(വിദേശകാര്യ മന്ത്രി) ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയോട് പറഞ്ഞത്, ഗുജറാത്ത് കലാപത്തെക്കുറിച്്ച സമഗ്രമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു. ഇക്കാര്യം സിംഗ് അംഗീകരിച്ചുവെന്നും സ്‌ട്രോയുടെ സെക്രട്ടറി വ്യക്തമാക്കുന്നു. അടിയന്തര അന്വേഷണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി സിംഗ് പറയുന്നത് രേഖകളിലുണ്ട്. ഇന്ത്യയൊരു സജീവ ജനാധിപത്യ സമൂഹമാണെന്ന് അവകാശപ്പെട്ട സിംഗ്, ബ്രിട്ടനെ ഉപദേശിക്കുന്നത്, റിപ്പോര്‍ട്ട് ചോര്‍ന്നത് സംഭവിച്ചു കഴിഞ്ഞ കാര്യമാണെങ്കിലും, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നാണ്.

ഈ ടെലഫോണ്‍ സംഭാഷണത്തിന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് റിപ്പോര്‍ട്ടിനെ(ചോര്‍ന്ന റിപ്പോര്‍ട്ട്) ആധാരമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി ബിബിസി സംപ്രേക്ഷണം ചെയ്യുന്നത്.

ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നിയോഗിച്ച പ്രത്യേക നയതന്ത്ര ഉദ്യോഗസ്ഥരായിരുന്നു ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്രീട്ടീഷ് നയതന്ത്ര സംഘം 2002 ഏപ്രില്‍ എട്ടു മുതല്‍ 10 വരെ ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സബര്‍മതി എക്‌സ്പ്രസ് ദുരന്തം ഉണ്ടായിരുന്നില്ലെങ്കില്‍, ആസൂത്രണം ചെയ്തു വച്ചിരുന്ന കലാപത്തിന് മറ്റൊരു കാരണം കണ്ടെത്തുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ റിപ്പോര്‍ട്ടും, അതിലെ ഉള്ളടക്കങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങള്‍ വഴി പുറത്തായതും വാജ്‌പേയ് സര്‍ക്കാരിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഗോധ്ര കലാപം ആസൂത്രിതമായിരുന്നുവെന്ന കണ്ടെത്തല്‍ ഇന്ത്യയുടെ അന്തരാഷ്ട്ര പ്രതിച്ഛായക്ക് കനത്ത ആഘാതമാണുണ്ടാക്കിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ഹൈക്കമീഷന്‍ തലത്തില്‍ നിന്നുള്ള ആ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ക്ഷമ ചോദിക്കുന്നുണ്ട്. അതേസമയം തന്നെ കലാപബാധിത മേഖലയിലുള്ള ബ്രിട്ടീഷ് ഗുജറാത്തികളെ കുറിച്ച് തനിക്കുള്ള ഉത്കണ്ട സ്‌ട്രോ വ്യക്തമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്.

സിംഗിന്റെ നിരാശ ബ്രിട്ടീഷ് റിപ്പോര്‍ട്ടിലെ ‘ കൃത്യതയില്ലായ്മ’യെ കുറിച്ച് മാത്രമായിരുന്നുവെന്നു ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. സിംഗ് പറയുന്നത്, ബ്രിട്ടീഷ് ഹൈക്കമീഷന്റെ പ്രവര്‍ത്തിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണെന്നാണ്. ഹൈ കമ്മീഷനുകള്‍, അവരവരുടെ രാജ്യത്തിന്റെ ഭരണകേന്ദ്രത്തിലേക്ക് രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടുകള്‍ അയക്കുന്നത് പതിവാണ്. ഇന്ത്യയൊരിക്കലും അത്തരം കാര്യങ്ങളില്‍ ഇടപെട്ട് ആരുടെയും ജോലി തടസപ്പെടുത്താറില്ലെന്നും സിംഗ് വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളുമായി വിവരങ്ങള്‍ കൈമാറുന്ന ബ്രിട്ടീഷ് രീതിയും സിംഗ് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം, പരാതിപ്പെടുന്നത്, കണ്ടെത്തുന്ന കാര്യങ്ങള്‍ കൃത്യമായിരിക്കണം എന്നതിലാണ്. തന്നെ അഭ്യന്തരമന്ത്രി അദ്വാനി വിളിച്ചിരുന്നുവെന്നും, റിപ്പോര്‍ട്ടിലെ മരണസംഖ്യ കേട്ട് അദ്ദേഹം ഞെട്ടിപ്പോയെന്നും സിംഗ് പറയുന്നുണ്ട്.

ബ്രിട്ടന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പൂര്‍ണമായി ബഹുമാനിക്കുന്നുവെന്നും, പൊതുസമക്ഷം ഇന്ത്യയെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, തങ്ങളുടെ പ്രവര്‍ത്തി രഹസ്യമായി ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും സ്‌ട്രോ സിംഗിനോട് പറയുന്നത് ഫോണ്‍ രേഖയിലുണ്ട്. ബ്രിട്ടനിലുള്ള ഗുജറാത്തി ഇന്ത്യക്കാരുടെ ആശങ്ക പരിഹരിക്കാന്‍ ബ്രിട്ടന് ഇത്തരമൊരു കാര്യം(റിപ്പോര്‍ട്ട് തയ്യാറാക്കല്‍) ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും സ്‌ട്രോ പറയുന്നുണ്ട്. ഇന്ത്യയുടെ സുഹൃത്ത് എന്ന നിലയില്‍ കൈവിട്ടുപോകാമായിരുന്ന വികാരങ്ങള്‍ ശാന്തമാക്കാന്‍ തങ്ങള്‍ ഇവിടെ(ബ്രിട്ടനില്‍) കഠിനമായി പരിശ്രമിച്ചുവെന്നും സ്‌ട്രോ വ്യക്തമാക്കുന്നുണ്ട്.

‘ഗുജറാത്ത് വംശഹത്യ’ എന്ന തലക്കെട്ടിലായിരുന്നു ബ്രിട്ടീഷ് ഹൈക്കമീഷന്‍ റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയില്‍ നിന്നും ബ്രിട്ടനിലേക്ക് അയച്ചത്.

അതേസമയം, ഈ റിപ്പോര്‍ട്ട് എങ്ങനെയാണ്, എവിടെയാണ് ചോര്‍ന്നതെന്ന് ചര്‍ച്ച ചെയ്യുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായിട്ടില്ല. പ്രസ്തുത റിപ്പോര്‍ട്ട് ബ്രിട്ടീഷ് ആഭ്യന്തമന്ത്രാലയത്തിലെ ഓഫീസുകളിലേക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും പോയിട്ടുണ്ടെന്നാണ് പറയുന്നത്. നയതന്ത്രദൗത്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സാധാരണ ഇത്തരത്തില്‍ പ്രചരിക്കാറില്ലാത്തതാണ്.

പ്രസ്തുത റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ബിബിസി ഡോക്യുമെന്ററി ഈ ജനുവരിയില്‍ അവര്‍ പുനസംപ്രേക്ഷണം ചെയ്തിരുന്നു. ആ ഡോക്യുമെന്റിയും കലാപവുമായി മോദിയെ നേരിട്ട് ബന്ധിപ്പിക്കുന്നതായിരുന്നു. ഡോക്യുമെന്ററിയില്‍ ജാക് സോട്രോ പറയുന്നത്, വിദേശകാര്യ മന്ത്രി എന്ന നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉത്തരവിടേണ്ടത് ഉത്തരവാദിത്തമായിരുന്നുവെന്നാണ്. കരണ്‍ ഥാപ്പര്‍ ദ വയറിനു വേണ്ടി നടത്തിയ അഭിമുഖത്തിലും റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ സ്‌ട്രോ ആവര്‍ത്തിക്കുന്നുമുണ്ട്.

ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ പറയുന്നത്, കലാപത്തിന്റെ ആദ്യനാളുകളിലൊന്നില്‍, 2002 ഫെബ്രുവരി 27 ന്, മോദി പൊലീസിനോട് കല്‍പ്പിച്ചത് ഒന്നിലും ഇടപെടേണ്ടതില്ലെന്നായിരുന്നു എന്നാണ്. തത്ഫലമായി ഹിന്ദുത്വവാദികളുടെ ക്രൂരതകള്‍ക്ക് മുസ്ലിം സമുദായം വലിയ വിലകൊടുക്കേണ്ടി വന്നു.

ഈ ആരോപണങ്ങളെല്ലാം തന്നെ നരേന്ദ്ര മോദി നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, 2022 ല്‍ സുപ്രിം കോടതി അദ്ദേഹത്തെ പൂര്‍ണ കുറ്റവിമുക്തനാക്കുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍