December 10, 2024 |

ഉരുകി ഒലിച്ച് ഏഷ്യ

ഏഷ്യൻ രാജ്യങ്ങളിലുടനീളം ഉഷ്ണ തരംഗം

2023ലായിരുന്നു ഭൗമതാപനില ആഗോളതലത്തില്‍ റെക്കോഡ് ഭേദിച്ചത്. 2024ലെ വേനല്‍ക്കാലം എത്തുമ്പോഴും ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്ഥമല്ല. 1961-1990 കാലത്തെ ശരാശരി താപനിലയെക്കാള്‍ രണ്ടുഡിഗ്രി സെല്‍ഷ്യസോളം കൂടുതലായാണ് ചൂട് അനുഭവപ്പെടുന്നത്. പുതിയ കണക്കുകള്‍ പുറത്ത വരാനിരിക്കുന്നെയുള്ളു. ഏറ്റവും കൂടുതല്‍ ചൂട് വര്‍ദ്ധിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അസഹ്യമായ ചൂട് അനുഭവിക്കുന്ന ഒരു രാജ്യം ഫിലിപ്പീന്‍സാണ്. തലസ്ഥാന നഗരിയായ മനിലയില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സ്‌കൂളുകള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ 82 പ്രവിശ്യകളില്‍ പകുതിയും വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുയാണ്, മറ്റ് 31 ഓളം പ്രദേശങ്ങള്‍ വരണ്ട കാലാവസ്ഥ നേരിടുന്നുണ്ടെന്ന് യുഎന്‍ പറയുന്നു. ഭാവിയില്‍ സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടുന്നതിനായി രാജ്യത്തെ സജ്ജമാക്കുന്നതിന് ആഗോളരാഷ്ട്രങ്ങളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന വിളവെടുപ്പ് കാലം പോലും തുലാസിലായിരിക്കുമെന്നും, വിളവ്
ഒരുപക്ഷേ ശരാശരിയിലും താഴെക്ക് പോകുമെന്നും യുഎന്‍ വ്യക്തമാക്കുന്നു.

തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍, കഴിഞ്ഞ ബുധനാഴ്ച 40.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 52 ഡിഗ്രി താപനിലയിലേക്ക് ഇത് ഉയരാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അസാധാരണമായ താപനില ഏഷ്യന്‍ മേഖലയിലെ വിദ്യാഭ്യാസ- കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. താപനില 40C നും 42ഇ നും ഇടയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റി സംഘടനയുടെ കണക്കനുസരിച്ച് ബംഗ്ലാദേശിലെ ഏകദേശം 33 ദശലക്ഷം കുട്ടികളെയാണ് ചൂട് ബാധിച്ചത്. ദാരിദ്ര്യം, അസമത്വം, വിവേചനം ഇവയ്ക്ക് പുറമെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി കാലാവസ്ഥ മാറ്റം വരുന്നത്-സേവ് ദി ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ ബംഗ്ലാദേശ് കണ്‍ട്രി ഡയറക്ടര്‍ ഷുമോന്‍ സെന്‍ഗുപ്ത പറഞ്ഞു.

ചുരുക്കത്തില്‍ ഉഷ്ണതരംഗങ്ങളുടെ ആഘാതം ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം, ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഉഷ്ണതരംഗത്തില്‍ 110 ഓളം മരണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. ഈ കാലയളവില്‍ തെക്ക്-കിഴക്കന്‍ ഏഷ്യയുടെ ഭൂരിഭാഗവും ഉഷ്ണതരംഗം നീണ്ടുനിന്നിരുന്നു. ബംഗ്ലാദേശ് മുതല്‍ കിഴക്കന്‍ ഇന്ത്യ വരെയും വടക്ക് ദക്ഷിണ ചൈന വരെയും താപനില റെക്കോര്‍ഡ് ബ്രേക്കിംഗ് ആയിരുന്നുവെന്ന് WMO പറഞ്ഞു.

 

English summary; unusuall high temperature and heat wave scorches south and south-east Asia heat wave

×