UPDATES

കായികം

മുംബൈ ഇന്ത്യന്‍സ് വിടാന്‍ രോഹിത് ശര്‍മ്മ? കൊല്‍ക്കത്ത ഒഫിഷ്യല്‍സിനൊപ്പം വീണ്ടും ചര്‍ച്ച, ദൃശ്യങ്ങള്‍ പുറത്ത്

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം രോഹിത്തിന് ടീമിനോട് ആത്മാര്‍ത്ഥതയില്ലെന്നാണ് ആരാധകരുടെ പ്രധാന ആരോപണം

                       

അടുത്ത സീസണില്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമോ എന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ കൊല്‍ക്കത്ത ഒഫിഷ്യല്‍സിനൊപ്പമുള്ള രോഹിത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ മഴമൂലം കൊല്‍ക്കത്തയുടെ കളി തടസ്സപ്പെട്ടപ്പോള്‍ രോഹിത് കൊല്‍ക്കത്ത ടീമിന്റെ ഡ്രസിങ് റൂമിലെത്തി ടീം ഒഫിഷ്യലുകളെയും താരങ്ങളെയും കാണുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊല്‍ക്കത്ത അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ബോളിങ് കോച്ച് ഭരത് അരുണ്‍, ഒപ്പം താരങ്ങളുമായിട്ടായിരുന്നു ആ കൂടികാഴ്ച. ദൃശ്യങ്ങളില്‍ നിന്ന് ഗൗരവകരമായ ചര്‍ച്ചയാണ് രോഹിത് നടത്തിയതെന്നാണ് വ്യക്തമാവുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതിനിടെയാണ് കൂടികാഴ്ചയെന്നതും പ്രസക്തമാണ്. കഴിഞ്ഞ ദിവസം മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹപരിശീലകനും മുംബൈ രഞ്ജി ടീമിലെ സഹതാരവുമായിരുന്ന അഭിഷേക് നായരിനൊപ്പമുള്ള രോഹിതിന്റെ സംഭാഷണം പുറത്ത് വന്നിരുന്നു. ആ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ ഇട്ടെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. മുംബൈ ടീമില്‍ താന്‍ അസ്വസ്ഥനാണ്. മുംബൈ എന്റെ വീടാണ്. എന്നാല്‍ അവിടെ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റാണ് തീരുമാനിക്കുന്നത്. അതൊന്നും താന്‍ കാര്യമാക്കിയില്ല. കാര്യങ്ങള്‍ മാറി മറിയും മുംബൈയ്‌ക്കൊപ്പമുള്ള അവസാന സീസണ്‍ ആണിതെന്നും അഭിഷേക് നായരോട് രോഹിത് പറയുന്നതാണ് ആ ദൃശ്യങ്ങളിലുള്ളത്.

രോഹിത്തിന് മുംബൈയോട് ആത്മാര്‍ത്ഥയില്ല?

കഴിഞ്ഞ ആറ് ഇന്നിങ്‌സുകളിലും വന്‍ പരാജയമായ രോഹിത് ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരേയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ജയിക്കാന്‍ ഒരു ഓവറില്‍ 10 റണ്‍സ് വീതം വേണ്ട സമയത്ത് 24 പന്തില്‍ 19 റണ്‍സുമായി മുംബൈയെ ദയനീയ സ്ഥിതിയില്‍ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. മുംബൈയുടെ പരാജയത്തിന് കാരണം രോഹിത് ആണെന്ന പക്ഷമാണ് ആരാധകര്‍ക്കുമുള്ളത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം രോഹിത്തിന് ടീമിനോട് ആത്മാര്‍ത്ഥതയില്ലെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.
സീസണിന് തൊട്ടുമുന്‍പാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്നു ഹാര്‍ദീക് പാണ്ഡ്യയെ ടീമിലെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിലും ഇന്ത്യന്‍ ടീമിലും തന്റെ ഏറേ ജൂനിയറായിരുന്ന ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കുന്നത് രോഹിത്തിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് മുംബൈ ടീമിലും ഭിന്നത സൃഷ്ടിച്ചിരുന്നു. മുംബൈ ടീമിലെ പല സീനിയര്‍ താരങ്ങളും ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തരാണെന്നും പറയപ്പെടുന്നു. ഇതോടെയാണ് സീസണില്‍ തുടര്‍ച്ചയായ പരാജയങ്ങളോടെ ടീം പിന്നാക്കം പോയതെന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തല്‍.

 

English summary; Rohit Sharma’s intense meeting with KKR coaches, players after deleted viral video sparks ‘next season in Kolkata’ talks

Share on

മറ്റുവാര്‍ത്തകള്‍