ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ബെയ്റൂട്ടിലെ യുഎസ് എംബസിയിലുള്ള അടിയന്തിര വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും ലബനന്‍ വിട്ടുപോകാന്‍ അമേരിക്ക ഉത്തരവിട്ടു. ഇറാനെതിരെയുള്ള സൈനിക നീക്കം ഉടനുണ്ടായേക്കാം എന്ന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ നിര്‍ദ്ദേശം നല്‍കിയത്. അമേരിക്കന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ച പുതുക്കിയ യാത്രാ മുന്നറിയിപ്പില്‍, ‘ബെയ്റൂട്ടിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടിയന്തര വിഭാഗത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവരുടെ കുടുംബങ്ങളോടും രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുന്നു’ എന്ന് വ്യക്തമാക്കുന്നു.
കൂടാതെ ലബനനില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തിനകത്തുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ എംബസിയുടെ പ്രവര്‍ത്തനം കുറയ്ക്കുന്നത് ഉചിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നും എംബസി പ്രവര്‍ത്തനം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം മുന്‍പും ബെയ്റൂട്ടിലെ യുഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1983-ലെ ബെയ്റൂട്ട് മറൈന്‍ ബാരക്‌സ് സ്ഫോടനത്തിനും 1984-ലെ എംബസി അനെക്‌സ് സ്ഫോടനത്തിനും ഉത്തരവാദികളായ ഹിസ്ബുള്ള സായുധ ഗ്രൂപ്പിന് ഇറാന്‍ നല്‍കുന്ന പിന്തുണയും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍, പതിറ്റാണ്ടുകളായി അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള തിരിച്ചടികള്‍ക്ക് ലബനന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ സൈനിക ആക്രമണം നടത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടുന്നതിന് തൊട്ടുമുന്‍പ് ബെയ്റൂട്ടിലും ഇറാഖ് ഉള്‍പ്പെടെയുള്ള മേഖലയിലെ മറ്റ് എംബസികളിലും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
അതുകൊണ്ട് തന്നെ, ബെയ്റൂട്ടിലെ എംബസിയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മേഖലയില്‍ അമേരിക്കയോ ഇസ്രയേലോ നടത്താന്‍ സാധ്യതയുള്ള സൈനിക നീക്കങ്ങളുടെ ഒരു മുന്‍കൂര്‍ സൂചനയായാണ് പലപ്പോഴും കാണപ്പെടുന്നത്. യു എസ് മേഖലയില്‍ വലിയ രീതിയിലുള്ള സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഇതിനിടെ, ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ വ്യാഴാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ ആണവ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. തങ്ങളുടെ ആണവ പരിപാടി നിയന്ത്രിക്കുന്നതിനുള്ള കരാറില്‍ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകാത്ത പക്ഷം സൈനിക നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുകയും പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസം ട്രംപ് മിഡില്‍ ഈസ്റ്റില്‍ നടത്തുകയും ചെയ്തതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ചര്‍ച്ചകള്‍ തുടരുമ്പോഴും മേഖലയിലുള്ള മറ്റ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഒപ്പം ചേരാന്‍ രണ്ടാമതൊരു വിമാനവാഹിനിക്കപ്പല്‍ കൂടി ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്.
നയതന്ത്രപരമായ പരിഹാരത്തിന് ഇനിയും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അമേരിക്കയ്ക്ക് പരിമിതമായ സൈനിക നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചോദിച്ചപ്പോള്‍, ‘ഞാന്‍ അത് പരിഗണിക്കുന്നുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാന്‍ ‘ന്യായമായ ഒരു കരാറിനായി ചര്‍ച്ച നടത്തുന്നതാണ് നല്ലത്’ എന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ചിരകാല ശത്രുക്കള്‍ തമ്മില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന പരോക്ഷ ചര്‍ച്ചകളില്‍ ദൃശ്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ആണവ പരിപാടിക്ക് പുറമെ, തങ്ങളുടെ മിസൈല്‍ പദ്ധതി വെട്ടിക്കുറയ്ക്കണമെന്നും സായുധ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നുമുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും വിശാലമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ വിസമ്മതിച്ചു.
അതിനിടെ ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ടെന്നാണ് കണക്കാക്കുന്നത്. ലഭ്യമായ വിമാന സര്‍വീസുകളോ മറ്റ് ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് എത്രയും വേഗം മടങ്ങാനാണ് നിര്‍ദ്ദേശം. ഏകദേശം പതിനായിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
Content Summary: US orders embassy staff to exit Beirut amid rising Iran tensions