സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം പുറത്തു വന്നതിനെക്കാള്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലെ വാഷിംഗ്ടണിന്റെ സുപ്രധാന കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വെക്കാനുള്ള ഇറാന്റെ ശേഷിയാണ് ഈ ആക്രമണം തെളിയിക്കുന്നത്.
മാര്‍ച്ച് 3-നായിരുന്നു റിയാദിലെ അതീവ സുരക്ഷിതമായ നയതന്ത്ര മേഖലയിലെ (ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍) വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഇറാനിയന്‍ ഡ്രോണ്‍ അമേരിക്കന്‍ എംബസി വളപ്പില്‍ പതിച്ചത്. ആദ്യ ഡ്രോണ്‍ ഇടിച്ചുണ്ടാക്കിയ സുഷിരത്തിലൂടെ കൃത്യം ഒരു മിനിറ്റിന് ശേഷം രണ്ടാമത്തെ ഡ്രോണും അകത്തേക്ക് കടന്ന് സ്‌ഫോടനം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രിയിലുണ്ടായ ഈ ആക്രമണത്തില്‍ എംബസിയിലെ അതീവ സുരക്ഷിത മേഖലയിലെ മൂന്ന് നിലകള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. സാധാരണ പകല്‍ സമയത്ത് നൂറുകണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണിത്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തും ആഘാതമേറ്റതായാണ് വിവരം.
ആക്രമണത്തില്‍ ചെറിയ തോതിലുള്ള തീപിടുത്തവും നിസ്സാര നാശനഷ്ടങ്ങളും മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു സൗദി പ്രതിരോധ മന്ത്രാലയം അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അരദിവസത്തോളം നീണ്ടുനിന്ന വലിയ തീപിടുത്തമാണ് അവിടെ ഉണ്ടായതെന്നും എംബസിയുടെ ചില ഭാഗങ്ങള്‍ ഇനി വീണ്ടെടുക്കാന്‍ കഴിയാത്ത വിധം തകര്‍ന്നതായും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്ന് രാത്രി വൈകി മറ്റ് ചില ഡ്രോണുകള്‍ കൂടി പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും അവയുടെ അവശിഷ്ടങ്ങള്‍ ഒരു പ്രീ-സ്‌കൂളിന് സമീപമാണ് പതിച്ചത്. ഇതില്‍ ഒന്ന് എംബസിക്ക് തൊട്ടടുത്തുള്ള മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്റെ വസതിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് കരുതപ്പെടുന്നു.
പുലര്‍ച്ചെ 1:30-നായിരുന്നു ആക്രമണം നടന്നത് എന്നതിനാല്‍ വലിയൊരു ജീവഹാനി ഒഴിവായെങ്കിലും, ഏറ്റവും സുരക്ഷിതമെന്ന് അമേരിക്ക കരുതുന്ന ഇടങ്ങളില്‍ പോലും തങ്ങള്‍ക്ക് പ്രഹരിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ഇറാന്‍ ഇതിലൂടെ നല്‍കിയത്. നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്ത് നിന്ന് സ്വന്തമായി നിര്‍മ്മിച്ച ആയുധം ഉപയോഗിച്ച് ശത്രുവിന്റെ എംബസിയില്‍ കൃത്യമായി വിട്ടുപതിപ്പിക്കാന്‍ ഇറാനു കഴിഞ്ഞത് അവര്‍ക്ക് നഗരത്തിലെ ഏത് ലക്ഷ്യസ്ഥാനവും തകര്‍ക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ബെര്‍ണാഡ് ഹഡ്‌സണ്‍ അഭിപ്രായപ്പെട്ടു. എംബസികള്‍ക്കും സൈനിക താവളങ്ങള്‍ക്കും സംഭവിക്കുന്ന യഥാര്‍ത്ഥ നാശനഷ്ടങ്ങളെക്കുറിച്ച് അമേരിക്കന്‍ അധികൃതര്‍ പുലര്‍ത്തുന്ന രഹസ്യാത്മകത കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് അവസാനത്തിലും യുഎസ് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലെ റഡാര്‍ വിമാനങ്ങള്‍ക്കും ഇന്ധന ടാങ്കറുകള്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ പന്ത്രണ്ടോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 20,000-ത്തോളം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടും, തന്ത്രപ്രധാനമായ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും വിമാനത്താവളങ്ങളെയും ലക്ഷ്യം വെക്കാനുള്ള ശേഷി ഇറാന്‍ നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച മാത്രം രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങളാണ് ഇറാന്‍ തകര്‍ത്തത്.
യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ അഭൂതപൂര്‍വമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇതിനകം ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് ഡോളറിന്റെ വിമാനങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ എംബസികളുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ലെങ്കിലും, സൗദിയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളും അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങളും ഒഴിവാക്കാനാണ് നിര്‍ദ്ദേശം. സൗദിയിലെ പല അമേരിക്കന്‍ കമ്പനികളും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു.
റിയാദിലെ എംബസിക്ക് സ്വന്തമായി വ്യോമപ്രതിരോധ സംവിധാനമില്ലാത്തതിനാല്‍ സൗദിയുടെ സുരക്ഷാ സംവിധാനങ്ങളെയാണ് അവര്‍ ആശ്രയിക്കുന്നത്. വിദേശികളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന റിയാദിലെ ഏറ്റവും ശാന്തവും സുരക്ഷിതവുമായ നയതന്ത്ര മേഖലയിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യെമനിലെ ഹൂതി വിമതരും ഈ പ്രദേശം ലക്ഷ്യം വെച്ചിരുന്നു. ഇറാന്റെ ഇപ്പോഴത്തെ ഡ്രോണ്‍ ആക്രമണം ഈ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Content Summary: Iran’s drone attack U.S. Embassy Caused More Damage Than Disclosed. Two drones hit the Embassy compound in Saudi
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.