‘ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിക്കുമ്പോള്‍, ഇസ്രയേല്‍ ആദ്യ നീക്കം നടത്തുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.’ ഫെബ്രുവരി 25ന് ‘പൊളിറ്റിക്കോ’ യില്‍ വന്ന വാര്‍ത്തയായിരുന്നു ഇത്. അമേരിക്കയും ഇറാനും സര്‍വ്വ സന്നാഹങ്ങളുമൊരുക്കി യുദ്ധത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണെങ്കിലും ജനീവ ചര്‍ച്ചയുടെ സാഹചര്യത്തില്‍ ഉടന്‍ ഒരു ആക്രമണം ഉണ്ടാവില്ല എന്നായിരുന്നു പലരുടേയും പ്രതീക്ഷ. വാര്‍ ഓര്‍ ഡീല്‍? ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലോകം മുഴുവന്‍ ചോദിച്ച ചോദ്യം. ജനീവ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് പറയുകയും നാലാംഘട്ട ചര്‍ച്ചയ്ക്ക് ഇരുകൂട്ടരും തയ്യാറാവുകയും ചെയ്തിരുന്നു. എങ്കിലും അപ്പോഴും കരാറിനും യുദ്ധത്തിനും ഇടയിലെ നൂല്‍പ്പാലത്തിലായിരുന്നു ഇറാനും അമേരിക്കയും. ഈ നിര്‍ണായക ഘട്ടത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക മുതിരുമോ എന്നതായിരുന്നു ലോകം മുഴുവന്‍ ആകാംക്ഷയോടെ നോക്കിയത്. എന്നാല്‍ ആക്രമണം തുടങ്ങിവച്ചത് അമേരിക്ക മാത്രമല്ല ഇസ്രയേലുമായി ചേര്‍ന്നാണ്. ഇതായിരുന്നോ ട്രംപ് ജനീവ ചര്‍ച്ചയ്ക്ക് ശേഷവും പ്രതികരിക്കാതിരുന്ന ‘സസ്പന്‍സ്’?
യുദ്ധത്തിന് തങ്ങളുടെ കരയും കടലും ഉപയോഗിക്കാന്‍ പറ്റില്ല എന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുത്തിരുന്നു. അതുകൊണ്ടാണ് ജോര്‍ദ്ദാനില്‍ നിന്ന് പോലും അല്ലാതെ ഇസ്രയേലില്‍ നിന്ന് നേരിട്ട് ആക്രമണം തുടങ്ങിയത്.
അമേരിക്കയ്ക്ക് പകരം ഇസ്രയേല്‍ ആക്രമണം തുടങ്ങുന്നത് രാഷ്ട്രീയമായി അമേരിക്കയ്ക്ക് മേല്‍ക്കൈ നല്‍കുന്ന ഒന്നാണ്. ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ തിരിച്ചടിക്ക് കാരണമാകുമെന്നും, ഇത് ഇറാനെതിരായ അമേരിക്കന്‍ ആക്രമണത്തിന് വോട്ടര്‍മാരുടെ പിന്തുണ സമാഹരിക്കാന്‍ സഹായിക്കുമെന്നുമാണ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ രഹസ്യമായി വാദിക്കുന്നു എന്ന് ‘പൊളിറ്റിക്കോ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകര്‍ മുന്‍ഗണന നല്‍കുന്നത് എന്നും അവര്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ കോട്ട് ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു യുദ്ധമുണ്ടായാല്‍ അമേരിക്കയോ സഖ്യകക്ഷിയോ ആദ്യം ആക്രമിക്കപ്പെട്ടാല്‍ മാത്രമേ അമേരിക്കന്‍ ജനത അതിനോട് യോജിക്കൂ എന്ന രാഷ്ട്രീയ കണക്കുകൂട്ടലാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇറാനില്‍ ഭരണമാറ്റം വേണമെന്ന് അമേരിക്കക്കാര്‍, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിനായി അമേരിക്കന്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സമീപകാല വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നു. ഇതിനര്‍ത്ഥം, ഇറാന്റെ ആണവ പരിപാടി പോലുള്ള കാരണങ്ങള്‍ക്കപ്പുറം, ഒരു ആക്രമണം നടത്തുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിച്ഛായ എങ്ങനെയായിരിക്കുമെന്നും ട്രംപിന്റെ സംഘം പരിഗണിക്കുന്നുണ്ട്.
ഇസ്രയേലികള്‍ ആദ്യം ഒറ്റയ്ക്ക് ആക്രമിക്കുകയും ഇറാന്‍ തിരിച്ചടിക്കുകയും ചെയ്താല്‍ അമേരിക്കയ്ക്ക് ആക്രമണത്തിനുള്ള രാഷ്ട്രീയ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്നും നടപടിയെടുക്കാന്‍ കൂടുതല്‍ ന്യായീകരണങ്ങള്‍ ലഭിക്കുമെന്നും ഭരണകൂടത്തിനുള്ളില്‍ ആലോചനയുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇറാനുമായുള്ള തര്‍ക്കത്തില്‍ നയതന്ത്രപരമായ പരിഹാരത്തിനുള്ള പ്രതീക്ഷകള്‍ മങ്ങിയ സാഹചര്യത്തില്‍, എപ്പോള്‍, എങ്ങനെ ആക്രമിക്കണം എന്നതായിരുന്നു വാഷിംഗ്ടണിലെ പ്രധാന ചോദ്യം. ഇസ്രയേല്‍ ആദ്യം നീങ്ങണമെന്ന ആഗ്രഹമുണ്ടെങ്കിലും, അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഒരു ഓപ്പറേഷനായിരിക്കും ഏറ്റവും സാധ്യതയുള്ളതെന്നാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇസ്രയേല്‍ തന്നെ ആദ്യ നീക്കം നടത്താന്‍ തന്ത്രപരമായ തീരുമാനമുണ്ടാവുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.
ഇറാന്റെ ആണവ പരിപാടി, ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍, മേഖലയിലെ വിദേശ സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ എന്നിവ തകര്‍ക്കാന്‍ ആവശ്യമായത് ചെയ്യാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിലെത്തി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ അതേസമയം തന്നെ ട്രംപിന്റെ വിശ്വസ്ത ചര്‍ച്ചാ സംഘമായ സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാരെഡ് കുഷ്നറും ഇറാനുമായി ഒരു ധാരണയിലെത്താന്‍ കഴിഞ്ഞ വ്യാഴാഴ്ച ജനീവയിലെത്തുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിച്ചില്ലെങ്കിലും ചര്‍ച്ചയില്‍ പ്രതീക്ഷകളുണ്ട് എന്ന തരത്തിലായിരുന്നു ഇറാന്റെ അരാഗ്ചിയുടെ ഉള്‍പ്പെടെ പ്രതികരണം.
ഇറാനെതിരെ യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ട് അമേരിക്കയുടെ യുദ്ധ സന്നാഹങ്ങള്‍ കഴിഞ്ഞ ആഴ്ച തന്നെ അറബ് രാജ്യങ്ങളിലേക്ക് നീങ്ങിയിരുന്നു. ഇറാന്‍ സൈനികാഭ്യാസത്തിലൂടെയും വെല്ലുവിളികള്‍ ഉയര്‍ത്തിയും അമേരിക്കയുടെ നീക്കത്തെ ചെറുക്കാന്‍ നോക്കി. ആദ്യം പത്ത് ദിവസവും പിന്നീട് പതിനഞ്ച് ദിവസവുമാണ് ട്രംപ് ഇറാന് മുന്നില്‍ വച്ചിരുന്ന സമയപരിധി. അത് കഴിഞ്ഞാല്‍ ആക്രമണം ഉണ്ടാവും എന്ന് അമേരിക്ക പറഞ്ഞിരുന്നു എങ്കിലും ചര്‍ച്ചകള്‍ അവസാനിക്കുന്നത് വരെ അതിന് മുതിര്‍ന്നേക്കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അമേരിക്കയുടെ വെടിക്കോപ്പുകളുടെ ശേഖരം കുറയുന്നത് ചൈനയ്ക്ക് തായ് വാന്‍ പിടിച്ചെടുക്കാന്‍ അവസരം നല്‍കുമോ എന്ന ഭയവും, അതിശക്തമായ ആക്രമണം നടത്തിയാല്‍ അമേരിക്കന്‍ സൈനികര്‍ക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങളുമാണ് അമേരിക്കന്‍ ഭരണകൂടം പരിഗണിച്ച രണ്ട് പ്രധാന കാര്യങ്ങള്‍. ‘നമ്മള്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഒരു വലിയ ആക്രമണമാണ് നടത്തുന്നതെങ്കില്‍, ഇറാന്‍ അവരുടെ മുഴുവന്‍ ശക്തിയുമെടുത്ത് തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. മേഖലയില്‍ നമുക്ക് ധാരാളം സൈനിക ആസ്തികളുണ്ട്, അവയോരോന്നും ലക്ഷ്യങ്ങളായേക്കാം. അതിനാല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. അത് വലിയ രാഷ്ട്രീയ റിസ്‌ക് ഉണ്ടാക്കും’ എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിഡില്‍ ഈസ്റ്റിലുടനീളമുള്ള താവളങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരുണ്ട്. ഇപ്പോള്‍, 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് നടത്തിയിരിക്കുന്നത്. നീണ്ടുനില്‍ക്കുന്ന ഇറാന്‍ ആക്രമണങ്ങള്‍ യുഎസ് സൈനിക ശേഖരത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥരും നിയമനിര്‍മ്മാതാക്കളും അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെയും യൂറോപ്പിലെയും യുഎസ് കേന്ദ്രങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ഇറാന്‍ തിരിച്ചടി നല്‍കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക ആദ്യ ആക്രമണത്തിന് മുതിരാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശം ട്രംപിന് ലഭിച്ചിരുന്നു.
Content Summary: Iran attack: despite the US making war preparations, why from Israel