UPDATES

വേനലില്‍ ഉരുകി കേരളം

റെക്കോര്‍ഡ് ചൂടുമായി മാര്‍ച്ച്

                       

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2023. ഈ വര്‍ഷത്തെ അവസ്ഥയും മറിച്ചല്ല എന്നതിന്റെ സൂചനകളാണ് മഴയുടെ ലഭ്യതക്കുറവും ഉയര്‍ന്ന താപനിലയും. എല്‍ നിനോ വര്‍ഷമാണ് വരുന്നതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വാഭാവികമായും എല്‍ നിനോ വര്‍ഷങ്ങളില്‍ ചൂടിന്റെ അളവ് കൂടുതലായിരിക്കും. ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസമായ എല്‍ നിനോയുടെ ദ്രുതഗതിയിലെ മാറ്റത്തിനൊപ്പം ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന്റെയും അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട്. ഇതിനു മുന്നേ 2015-16 ലാണ് എല്‍ നിനോ ഇത്ര രൂക്ഷമാകുന്നത്. ഏറ്റവും കുറവ് മഴ ലഭിച്ചതും, വരള്‍ച്ച ഉണ്ടായ വര്‍ഷവും 2016 ആയിരുന്നു. മാര്‍ച്ച് പകുതിയാകുമ്പോഴേക്കും വേനല്‍ കടുത്തതിന്റെ കാരണവും ഇനി വരും ദിവസങ്ങളില്‍ താപ നില ഉയരാനുമുള്ള സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറ്റിയിലെ കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം അഴിമുഖത്തോട് പറയുന്നത്.

മാര്‍ച്ച് മാസത്തിലെ ചൂട് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നതാണ്. പ്രവചന പ്രകാരം തന്നെ താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. വേനല്‍ മഴയുടെതോത് കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും അസ്ഥാനത്തല്ല. മുന്‍പ് പറഞ്ഞിരുന്നത് പോലെ തെക്കന്‍ കേരളത്തിലടക്കം സംസ്ഥാനമൊട്ടാകെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനതലത്തില്‍ ലഭിക്കേണ്ട വേനല്‍ മഴയുടെ അളവ് 21.2 മി.മി ആയിരുന്നു, എന്നാല്‍ മാര്‍ച്ച് 20 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ലഭിച്ച മഴ 1.7 മി.മി മാത്രമാണ്. 92 % ശതമാനത്തോളം കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകളിലും കുറഞ്ഞ തോതിലുള്ള മഴയാണ് രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ കേരളത്തിലെ പല മേഖലകളിലായി ചെറിയ തോതില്‍ വേനല്‍ മഴ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ഏപ്രില്‍-മെയ് മാസങ്ങളിലാണ് വേനല്‍ ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് പകുതിയോട് തന്നെ ചൂട് ഉച്ചസ്ഥായിയിലാണ്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം പാലക്കാട് ജില്ലയില്‍ ഇതിനോടകം 39.7 ഡിഗ്രി സെല്‍ഷ്യല്‍സ് താപനില രേഖപ്പെടുത്തി കഴിഞ്ഞു. എല്ലാ ജില്ലകളിലും സാധാരണയില്‍ നിന്നുയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. പാലക്കാട് ഗ്യാപ്പ് മൂലവും പുനലൂര്‍ ഗ്യാപ്പുള്ളതുകൊണ്ടും രണ്ടിടത്തും ചൂട് കൂടാനാണ് സാധ്യത.

നിലവില്‍ ഉയര്‍ന്ന താപനിലയുടെ കാരണം പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസമാണ്(എല്‍ നിനോ പ്രതിഭാസം മൂലം സമുദ്രത്തിലെ ചൂട് കൂടുതലായി പുറത്തേക്കു വരുന്നതിനാല്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കുകയാണ്. മധ്യ-കിഴക്കന്‍ ഉഷ്ണമേഖല പസഫിക് സമുദ്രോപരിതലത്തിലെ താപനിലയ്ക്ക് ആനുപാതികമായി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍ (ENSO) എന്ന പൂര്‍ണമായ പ്രതിഭാസത്തിലെ ‘ഊഷ്മള ഘട്ടം’ ആണ് എല്‍ നിനോ. ENSO-യുടെ ‘തണുത്ത ഘട്ടം’ ആയ ലാ നിന, പ്രദേശത്തിന്റെ ഉപരിതല ജലത്തിന്റെ അസാധാരണമായ തണുപ്പിനെ വിവരിക്കുന്ന മാതൃകയാണ്).

ഏപ്രില്‍ മാസത്തോട് കൂടി എല്‍ നിനോയുടെ പ്രഭാവം കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഓഷ്യന്‍ പ്രതിഭാസവും അനുകൂലമായി വരാനുള്ള സാധ്യതയാണ്കാണുന്നത്. രണ്ട് കാലാവസ്ഥ പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ കാലവര്‍ഷത്തിന് നിലവില്‍ അനുകൂല സാഹചര്യമാണുള്ളത്. എങ്കിലും ഈ രണ്ട് ഘടകങ്ങള്‍ മാത്രമായിരിക്കില്ല കാലവര്‍ഷത്തിനെ ബാധിക്കുക എന്നത് മറ്റൊരു വസ്തുതയാണ്. ഏതെങ്കിലും പ്രതിഭാസങ്ങളോ ചുഴലിക്കാറ്റോ വന്നാല്‍ ഈ പ്രവചനം മാറാനും സാധ്യതയുണ്ട്. മേല്‍പറഞ്ഞ രണ്ട് പ്രതിഭാസങ്ങളും കേരളത്തെ മാത്രം ബാധിക്കുന്നതല്ല, മുഴുവന്‍ ഇന്ത്യക്കും ഇത് ബാധകമാണ്. കിഴക്കന്‍-മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ഒരു ശക്തവും അസ്ഥിരവുമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബൈപാര്‍ജോയ്-യാണ് 2023 ലെ കേരളത്തിലെ മഴയുടെ താളം തെറ്റിച്ചത്. മെയ് മാസത്തിലെ കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ 2024 ലെ കേരളത്തിന്റെ മഴയുടെ ഗതി കൃത്യമായി പ്രവചിക്കാന്‍ സാധിക്കു. കൂടാതെ മഴയുടെ ലഭ്യതയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമായ ന്യൂന മര്‍ദ്ദങ്ങള്‍ വഹിക്കുന്ന പങ്കും ചെറുതല്ല എന്നാണ് രാജീവന്‍ എരിക്കുളം പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍