UPDATES

വരണ്ടു പോകുമോ കേരളം? വ്യവസ്ഥയില്ലാതാകുന്ന കാലാവസ്ഥ

ഒരു നൂറ്റാണ്ടിനിടയില്‍ ഏറ്റവും ചൂടേറിയ ഓഗസ്റ്റും സെപ്റ്റംബറുമാണ് കടന്നു പോയത്

                       

നിരവധി ഭൗമ പ്രതിഭാസങ്ങളൂടെ സന്തുലനാവസ്ഥയിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രകൃതിയുടെയും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് ആധാരം. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന പരമപ്രധാനമായ ഘടകമാണ് കാലാവസ്ഥ. ഒരു പ്രദേശത്തിന്റെ താപനില, ആര്‍ദ്രത, കാറ്റിന്റെ ഗതിയും വേഗതയും, സൂര്യപ്രകാശത്തിന്റെ തോത്, അന്തരീക്ഷ മര്‍ദ്ദം, സമുദ്രജല പ്രവാഹങ്ങള്‍, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം തുടങ്ങി കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. താപനിലയും മേല്‍പ്പറഞ്ഞ മറ്റു കാലാവസ്ഥ ഘടങ്ങളിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരുന്ന മാറ്റമാണ് ‘കാലാവസ്ഥാ വ്യതിയാനം’ (Climate Change) എന്ന പേരില്‍ അറിയപ്പെടുന്നത്. കാലവും നേരവും തെറ്റി പെയ്യുന്ന മഴ ഇന്നു സാധരണ കാഴ്ചയായി. കൃത്യമായി മഴയുടെ ലഭ്യത കണക്കു കൂട്ടി കൃഷിചെയ്തിരുന്ന ഒരു സമയം നമുക്കുണ്ടായിരുന്നു. അതൊക്കെ നഷ്ടമായിരിക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തില്‍ വരുന്ന അനിശ്ചിതത്വം കേരളത്തിലും മോശമായ രീതിയില്‍ ബാധിക്കും. കാലം തെറ്റുന്ന മഴയും, അസഹനീയമായ ചൂടും മലയാളിക്ക് നേരിടേണ്ടി വരുകയാണ്.

ലോകം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എല്‍ നിനോ വര്‍ഷത്തിലൂടെയാണ്. എല്‍ നിനോ വര്‍ഷങ്ങളില്‍ ചൂടിന്റെ അളവ് കൂടുതലായിരിക്കും അതിനാല്‍ തന്നെ വരുന്ന വേനല്‍കാലത്തെ നമ്മള്‍ ജാഗ്രതയോടെ അതിജീവിച്ചേ മതിയാകൂ. ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസമായ എല്‍ നിനോയുടെ ദ്രുതഗതിയിലെ മാറ്റത്തിനൊപ്പം ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെയും അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട്.

എല്‍ നിനോ വര്‍ഷമായതു കൊണ്ടുതന്നെ കടുത്ത വേനലും മഴയുടെ ലഭ്യതയില്‍ കുറവും അനുഭവപ്പെട്ടേക്കാം. അതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ വേണ്ടതുപോലെ ഉപയോഗിക്കണം. ഇതിനു മുന്നേ 2015 – 16 ലാണ് എല്‍ നിനോ ഇത്ര രൂക്ഷമാകുന്നത്. ഏറ്റവും കുറവ് മഴ ലഭിച്ചതും, വരള്‍ച്ച ഉണ്ടായ വര്‍ഷവും 2016 ആയിരുന്നു.

ഒരു നൂറ്റാണ്ടിനിടയില്‍ ഏറ്റവും ചൂടേറിയ ഓഗസ്റ്റും സെപ്റ്റംബറുമാണ് കടന്നു പോയത്. ചൂടേറിയ ജൂലൈയ്ക്കും ഓഗസ്റ്റിനും പിന്നാലെയെത്തിയ 2023 സെപ്റ്റംബര്‍ മാസത്തെ താപനില 1.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എല്‍ നിനോ പ്രതിഭാസം മൂലം സമുദ്രത്തിലെ ചൂട് കൂടുതലായി പുറത്തേക്കു വരുന്നതുമൂലം അന്തരീക്ഷ താപനില വര്‍ദ്ധിക്കുകയാണ്. മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനിലയ്ക്ക് ആനുപാതികമായി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍ (ഋചടഛ) എന്ന പൂര്‍ണമായ പ്രതിഭാസത്തിലെ ‘ഊഷ്മള ഘട്ടം’ ആണ് എല്‍ നിനോ. ഋചടഛ-യുടെ ‘തണുത്ത ഘട്ടം’ ആയ ലാ നിന, പ്രദേശത്തിന്റെ ഉപരിതല ജലത്തിന്റെ അസാധാരണമായ തണുപ്പിനെ വിവരിക്കുന്ന മാതൃകയാണ്).

‘ഇന്ത്യന്‍ ഓഷ്യന്‍ ടൈഫൂണ്‍ പ്രതിഭാസം വന്നതാണ് സെപ്റ്റംബറില്‍ ഇത്ര മഴ ലഭിക്കാന്‍ കാരണം. ഇനി ലഭിക്കാനുള്ളത് നോര്‍ത്ത് ഈസ്റ്റ് മണ്‍സൂണ്‍ ആണ്. അത് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തെക്കന്‍ ജില്ലകളിലാണ്. ഇത്തവണത്തെ തുലാവര്‍ഷം സാധാരണയില്‍ നിന്ന് കൂടുതലായി ലഭിക്കുമെന്നാണ് പ്രതീക്ഷ. മണ്‍സൂണ്‍ കൂടുതലായി ലഭിച്ചില്ലെങ്കില്‍ വയനാട് ജില്ലയില്‍ വരള്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്’ എന്നാണ് ദുരന്തനിവാരണ അതോറ്റിയിലെ കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം ചൂണ്ടിക്കാട്ടുന്നത്.

വേനല്‍ കടുക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ വരാനിരിക്കുന്ന മൂന്നുമാസത്തെ മഴയുടെ ലഭ്യത അനുസരിച്ചേ വരള്‍ച്ചയുണ്ടാകുമോ എന്ന് പറയാന്‍ സാധിക്കുകയുള്ളു. വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ച സാധ്യത മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം വെള്ളത്തിന്റെ ഉപയോഗം. പക്ഷെ സെപ്റ്റംബറില്‍ ഇന്ത്യന്‍ ഓഷ്യന്‍ ടൈഫൂണ്‍ ലഭിച്ചത് മൂലം മഴയുടെ അളവും കൂടുതലായിരുന്നു. ഇനി കുറച്ചു ദിവസങ്ങളില്‍ സൗത്ത് -ഈസ്റ്റ് മണ്‍സൂണ്‍ അതിന്റെ അവസാനത്തിലേക്ക് എത്തിയതിനാല്‍ ഇനി ലഭിക്കുന്ന മഴ കുറവായിരിക്കും. അടുത്ത ആഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴ ആയിരിക്കും ലഭിക്കുക.

മഴയുടെ വിതരണത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജൂണില്‍ കാലവര്‍ഷം തുടങ്ങി ജൂലൈ മാസത്തിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക പിന്നീട് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കുറഞ്ഞ വരുന്ന രീതിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ആയിരുന്നു മഴ കൂടുതല്‍ ലഭിച്ചത് എന്നാല്‍ ഈ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ചതാകട്ടെ ഓഗസ്റ്റിലും. മഴ ലഭിച്ചതിരുന്ന സ്ഥിരമായ ഒരു പാറ്റേണ്‍ നഷ്ടമായി.

നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് മഴ ദിവസങ്ങളുടെ കുറവ്. മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറവ് ആണെങ്കിലും, ലഭിക്കുന്ന മഴയില്‍ കുറവ് ലഭിക്കുന്നില്ല. ഇത് ഗുണത്തെക്കള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ മഴ ലഭിച്ചാല്‍ മാത്രമേ വേണ്ടത്ര ഉപകാരപ്രദമാകുകയുള്ളു. ഒരുമിച്ച് മഴ ലഭിച്ചാല്‍ വെള്ളം ഭൂമിയില്‍ തങ്ങി നില്‍ക്കാത്ത അവസ്ഥ വരികയും കൃഷികളെയും മറ്റും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വ്യവസായവത്കരണവും വികസനങ്ങളും ഒരു പരിധിവരെ ഇതിനൊക്കെ കാരണമാകുന്നുണ്ട്. സുസ്ഥിരവികസനം ആണ് നമ്മള്‍ എപ്പൊഴും പിന്തുടരേണ്ടതെന്നും രാജീവന്‍ എരിക്കുളം ചൂണ്ടിക്കാണിക്കുന്നു.

പ്രകൃതിയെയും അതിസമ്പന്നമായ ജൈവ വൈവിധ്യത്തിനെയും ശാസ്ത്രീയമായി കൈകാര്യം ചെയ്ത് ആഗോളതാപന തോത് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുസ്ഥിര വികസന മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ജീവിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയുന്നതിനായി അടിയന്തരമായി കൂട്ടായ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു..

 

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍