UPDATES

കല

വിയോജിപ്പുണ്ട്; വിനായകനെക്കാള്‍ കേരള പൊലീസിനോട്

കേരളത്തില്‍ ഹോളോകോസ്റ്റ് നടത്തണമെന്ന് ആഹ്വാനം ചെയ്തവരുമുണ്ട് ഇവിടെ

                       

മുസ്ലിം സ്ത്രീകളെ പന്നികളോട് ചേര്‍ത്ത് ആക്ഷേപിക്കുകയും അവരെ സ്റ്റെറിലൈസ് ചെയ്യണമെന്ന് പരിഹസിക്കുകയും, കേരളത്തില്‍ ഹോളോകോസ്റ്റിന് ആഹ്വാനം നടത്തുകയും ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന കെ ആര്‍ ഇന്ദിരയാണ്. 19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനെതിരേ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തെ അവഹേളിക്കുകയായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ ഏറ്റവും മോശമായ പ്രയോഗങ്ങളാല്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റുകള്‍ ഇപ്രകാരമാണ്;

‘ ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റു പെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’.

‘കേരളത്തിലെ ഇടതരുടെ കാപട്യം കാണുമ്പോള്‍ ഒരു ഹോളോകോസ്റ്റ് നടത്തിയാലോ എന്ന് തോന്നാറുണ്ട്’

‘ അതില്‍ സംശയമോ തര്‍ക്കമോ ഇല്ലേയില്ല. താത്തമാര്‍ പന്നിപെറും പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങൡ നിന്നും ഈ ഭൂമി രക്ഷപ്പെടാന്‍’

ഒരു സമുദായത്തിനും, ഒരു രാഷ്ട്രീയത്തിനും എതിരേ ഉന്മൂലന ആഹ്വാനം ഇന്ദിര നടത്തുന്നത് ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ പദവിയിലിരുന്നായിരുന്നു. 2019 സെപ്തംബറിലായിരുന്നു ഇന്ദിരയുടെ ഫെയ്‌സ്ബുക്ക് അകൗണ്ടില്‍ നിന്നും ഈവക പോസ്റ്റുകള്‍ ഉണ്ടായത്. വ്യാപക പ്രതിഷേധം അവര്‍ക്കെതിരെ ഉയര്‍ന്നു. പരാതി കിട്ടാന്‍ കാത്തു നില്‍ക്കാതെ സ്വമേധയ നടപടി സ്വീകരിക്കാമായിരുന്നുവെങ്കിലും, അനങ്ങയില്ല കേരള പൊലീസ്. ദിവസങ്ങള്‍ക്ക് ശേഷം പല കോണില്‍ നിന്നും കിട്ടിയ പരാതികളുടെ സമ്മര്‍ദ്ദത്തിലാണ് കേസ് ചാര്‍ജ് ചെയ്യാനും എഫ് ഐ ആര്‍ ഇടാനും തയ്യാറയത്.

വര്‍ഷം മൂന്നാകാന്‍ പോകുന്നു. ഇന്നുവരെ കെ ആര്‍ ഇന്ദിരയെ ചോദ്യം ചെയ്യുകയോ, അവരുടെ ഫോണ്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല കേരള പൊലീസ്. അവര്‍ക്കെതിരായ പരാതിയില്‍ ഇന്നും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

കെ ആര്‍ ഇന്ദിര, ആ പോസ്റ്റുകളൊന്നും തന്റെതായിരുന്നില്ല, ഫോട്ടോഷോപ്പ് ആയിരുന്നുവെന്നു വാദിച്ചു. സൈബര്‍ സെല്ലില്‍ ഒരു പരാതിയും കൊടുത്തു. അതിനപ്പുറം ഒരു വാക്കിലുള്ള ക്ഷമാപണത്തിനു പോലും തയ്യാറായില്ല.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫെയ്‌സ്ബുക്ക് ലൈവില്‍ അപമാനിച്ചുവെന്ന നടന്‍ വിനായകനെതിരായ പരാതിയില്‍ കാലതാമസം കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്തു. നടന്റെ ഫ്‌ളാറ്റില്‍ പരിശോശന നടത്തി. ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തൂ.

വിനായകനോട് വിയോജിപ്പുണ്ട്. അദ്ദേഹമൊരു താരമാണ്. ഒരു സാധാരണ വ്യക്തിയെക്കാള്‍ ജനങ്ങള്‍ക്കിടയില്‍ റീച്ച് ഉള്ളയാള്‍. തന്റെ ഭാഗത്ത് നിന്നും മോശമായൊരു പ്രവര്‍ത്തിയുണ്ടായാല്‍, ഇന്നലെ വരെ കൂടെയുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ പ്രതികരിക്കുമെന്ന് മനസിലാക്കേണ്ടിയിരുന്നു. കാരണം, അയാള്‍ക്കൊരു സെലിബ്രിറ്റി ഇമേജ് ഉണ്ട്. ആള്‍ക്കൂട്ടം ഇരുതല മൂര്‍ച്ഛയുള്ള ആയുധമാണ്. സംരക്ഷിക്കുക മാത്രമല്ല, മുറിവേല്‍പ്പിക്കുകയും ചെയ്യും.

ലോകം മുഴുവന്‍ അപലപിക്കുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അവിടെയാണ് രണ്ട് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്തത്. രാജ്യം മുഴുവന്‍ അതിനെതിരേ പ്രതിഷേധിക്കുകയാണ്. കേരളത്തിലെ ഒരു മാധ്യമ മേധാവിക്ക് മണിപ്പൂര്‍ പരിഹാസ വിഷയം മാത്രമാണ്. ജനം ടിവിയുടെ അനില്‍ നമ്പ്യാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കേരള പൊലീസ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.

കേരളത്തിനും മണിപ്പൂരിനും എതിരേ ഭീഷണി മുഴക്കുകയാണ് കൃഷ്ണരാജ് എന്ന അഭിഭാഷകന്‍ ചെയ്തത്. ‘ ഇറങ്ങി പൂശിനെടാ പിള്ളേരെ എന്ന് പറഞ്ഞാല്‍ തീരുന്നതേയുള്ളൂ മണിപ്പൂര്‍ പ്രശ്‌നം, കേരളത്തിലെ ചിലരുടെയും’ എന്ന വെല്ലുവിളി അഡ്വ. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോഴുമുണ്ട്. ജാതിയധിക്ഷേപം, കലാപാഹ്വാനം, സമുദായ സ്പര്‍ദ്ധ വളര്‍ത്തല്‍, വ്യാജ പ്രചാരണം തുടങ്ങി പലവിധ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പുള്ള പോസ്റ്റുകളാണ് ആ ഫെയ്‌സ്ബുക്ക് അകൗണ്ടില്‍ ഉള്ളതെന്ന് വ്യക്തം. കേരള പൊലീസ് നിശബ്ദരാണ്.

മണിപ്പൂരിലെ വൈറല്‍ വീഡിയോ സംഭവത്തിനാധാരമായ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി മുസ്ലിം ആണെന്നത് ന്യൂസ് ഏജന്‍സിയായ എ എന്‍ ഐ തെറ്റായി നല്‍കിയ വാര്‍ത്തയായിരുന്നു. യഥാര്‍ത്ഥ ഒന്നാം പ്രതി മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടയാളാണ്. എ എന്‍ ഐ തന്നെ ആ വാര്‍ത്ത പിന്‍വലിക്കുകയും ക്ഷമ പറയുകയും ചെയ്തു. എന്നാല്‍ പ്രതീഷ് വിശ്വനാഥ് എന്ന തീവ്ര ഹിന്ദുത്വ നേതാവിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോഴും എ എന്‍ ഐ യുടെ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് കാണാനാകുന്നത്. തെറ്റായ വാര്‍ത്ത പിന്‍വലിക്കാതെ പ്രതി മുസ്ലിം ആണെന്ന പ്രചാരണമാണ് പ്രതീഷ് വിശ്വനാഥ് ഇപ്പോഴും നടത്തുന്നത്.

തോക്കുകളും വാളുകളും അടക്കമുള്ള മാരകായുധങ്ങള്‍ പൂജയ്ക്ക് വച്ച് അതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും കേരള പൊലീസ് നിശബ്ദമായിരുന്നു. അന്ന് അയാള്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടത് ഇങ്ങനെയായിരുന്നു; ‘ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യപരമാണ്. മറ്റൊരു പാകിസ്താനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്’- പരസ്യമായ കലാപാഹ്വാനം എന്നു പൊലീസിനോട് പരാതിപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി, പ്രതീഷ് വിശ്വനാഥ് ‘ not in kerala’ എന്നായിരുന്നു. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യണമെന്നും, രാജസ്ഥാനില്‍ യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍, ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്ന എല്ലാ മുസ്ലിങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്നും പ്രതീഷ് വിശ്വനാഥന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു.

‘പാകിസ്താനിലേക്ക് പോകാനാഗ്രഹിക്കുന്ന കാശ്മീരികളെ കൂട്ടക്കൊല ചെയ്ത് കുഴിച്ച് മൂടുക എന്നത് മാത്രമാണ് ഏക പോംവഴി. ഒരു മൂവായിരമോ നാലായിരമോ എണ്ണത്തിനെ കഴുത്തില്‍ ടയര്‍ ഇട്ട് കത്തിച്ച് കൊല്ലണം. ബാക്കി ഉള്ളവര്‍ തന്നെ ഒതുങ്ങി മര്യാദക്കാരാവും. അനുഭവം ഗുരു”- ഈ പോസ്റ്റിട്ട ബിജെപി നേതാവിനെതിരെയും അറസ്റ്റോ നടപടികളോ ഉണ്ടായിട്ടില്ല.

വിനായകന്‍ ഏതെങ്കിലും സമുദായത്തിനതിരേ കലാപാഹ്വാനം നടത്തിയിട്ടില്ല. വര്‍ഗ്ഗീയ വിദ്വേഷത്തിന് പ്രേരിപ്പിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നതാണ് കുറ്റം! അനവസരത്തില്‍, സഭ്യമല്ലാത്ത(അശ്ലീല പദങ്ങള്‍ ഉപയോഗിച്ചിട്ടില്ല) വാക്കുകള്‍ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിക്കെതിരേ ഉപയോഗിച്ചു എന്നാണ് പരാതി. പ്രകോപനകരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനെതിരേ ചുമത്തിയിരിക്കുന്നത്.

ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായതോടെ വീഡിയോ വിനായകന്‍ പിന്‍വലിച്ചു. സംഭവിച്ചു പോയതില്‍ കുറ്റബോധവും പ്രകടിപ്പിച്ചു. അയാള്‍ക്കെതിരേയുള്ള പരാതിയില്‍ പൊലീസ് പ്രാഥമിക നടപടികള്‍ എല്ലാം സ്വീകരിച്ചു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെങ്കിലും വിനായകനെ പൊലീസ് കുറ്റവാളിയാക്കി കഴിഞ്ഞിരിക്കുന്നു.

വിനായകന്‍ ഒരു വ്യക്തിയെ അധിക്ഷേപിച്ചു; പൊലീസ് ഉടനടി നടപടികള്‍ സ്വീകരിച്ചു. ഒരു സമുദായത്തിനെതിരേ കലാപാഹ്വാനം നടത്തിയവര്‍ക്കെതിരേയോ?

മുകളില്‍ പരാമര്‍ശിച്ച വര്‍ഗീയ വിദ്വേഷ പോസ്റ്റുകളില്‍ ഒന്നിലും കേരള പൊലീസ് വിനായകന്റെ കാര്യത്തിലെന്നപോലെ കാര്യക്ഷമത കാണിച്ചിട്ടില്ല. അവര്‍ പറഞ്ഞ വര്‍ഗീയതകളും വെല്ലുവിളികളും അപരസമുദായ അവഹേളനങ്ങളും ഇപ്പോഴും അവരുടെ സോഷ്യല്‍ മീഡിയകളില്‍ കാണാം. വീണ്ടും വീണ്ടുമവര്‍ സംഘര്‍ഷഹേതുവാകുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു. ആരെയും ഭയക്കുന്നില്ല. അവനവനിഷ്ടമില്ലാത്ത മതങ്ങളോടും, രാഷ്ട്രീയത്തോടും പരസ്യമായി കലാപാഹ്വാനം നടത്തുന്നവരോട് മൃദുസമീപനം കാണിക്കുന്ന കേരള പൊലീസിനോട് വിനായകന്റെ കാര്യത്തില്‍ വിയോജിക്കേണ്ടിവരുന്നത് തികച്ചും ജനാധിപത്യപരമായാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍