അദാനിയുടെ വൈദ്യുതി വാങ്ങാന്‍ കേരളം
വിലകുറഞ്ഞ വൈദ്യുതി കിട്ടും എന്നിരിക്കെ വില കൂട്ടി വാങ്ങി സമൂഹത്തിന് വില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കേരളത്തില്‍ കാണുവാന്‍ പോകുന്നത്. ജനങ്ങള്‍ക്ക് വിലകുറഞ്ഞ വൈദ്യുതി നല്‍കുവാന്‍ ബാധ്യസ്ഥരായ സര്‍ക്കാരാണ് ജനങ്ങളെ ദ്രോഹിക്കുന്ന ഈ ഒരു നടപടിക്ക് മുന്‍കൈയെടുക്കുന്നത് എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. നാലു രൂപ ഇരുപത്തൊന്‍പത് പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭ്യമാണെന്നിരിക്കെ ഈ കരാര്‍ റദ്ദാക്കി ആറ് രൂപ തൊണ്ണൂറ്റി ഏഴ് പൈസയ്ക്ക് വൈദ്യുതി വാങ്ങുവാന്‍ പുതിയ കരാറില്‍ ഒപ്പിടാന്‍ പോകുകയാണ് കേരള സര്‍ക്കാര്‍. അദാനിക്കുവേണ്ടിയാണ് കേരള സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് എന്നുള്ളത് കൗതുകകരമാണ്. അദാനി പ്രേമം ഇടതുപക്ഷത്തിനും ഉണ്ട് എന്നുള്ളതാണ് ഇത് തെളിയിക്കുന്നത്. കൂടുതല്‍ വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അധിക വില ഉപദോക്താക്കളില്‍ നിന്ന് ഈടാക്കേണ്ടിവരും.
ജിന്‍ഡല്‍ പവര്‍, ജാബുവ പവര്‍, ജിന്‍ഡല്‍ ഇന്ത്യ തെര്‍മ്മല്‍ എന്നീ കമ്പനികളില്‍ നിന്ന് നാലു രൂപ ഇരുപത്തി ഒന്‍പത് പൈസയ്ക്ക് യൂണിറ്റിന് വാങ്ങിയ കരാറാണ് റദ്ദാക്കിയത്. 2015 ല്‍ പതിനഞ്ച് വര്‍ഷത്തേയ്ക്കാണ് കരാര്‍ കെ.എസ്.ഇ.ബി ഒപ്പിട്ടിരുന്നത്. ഇനിയും എട്ട് വര്‍ഷം ശേഷിക്കുന്ന സാഹചര്യത്തിലാണ് കരാര്‍ കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.
ഇന്ത്യന്‍ ആഡിറ്റ് ആന്റ് അക്കൗണ്‍സ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച പ്രേമന്‍ദിന്‍ രാജായിരുന്നു കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍. അദ്ദേഹം ചെയര്‍മാനായി സേവനം അനുഷ്ടിക്കുന്ന സമയത്താണ് ഈ കരാറുകള്‍ പുനര്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. അദാനി ഗ്രൂപ്പിന്റെ ഊര്‍ജ വകുപ്പില്‍ പ്രസിഡന്റായി വന്ന ദീപക്ക് അമിതാഭ് ഇന്ത്യന്‍ ആഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച വ്യക്തിയാണ്. ഇവര്‍ രണ്ട് പേര്‍ തമ്മിലുള്ള സൗഹൃദമാണ് കരാറുകള്‍ പുനര്‍ പരിശോധിക്കുന്നതിനും റദ്ദാക്കുന്നതിലേയ്ക്കും നയിച്ചതിന് കാരണമെന്ന് ആരോപണമുണ്ട്.
പ്രേമന്‍ദിന്‍ രാജന്‍ കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ കലാവധി കഴിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ടി. കെ. ജോസ് കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനായതോടെയാണു കരാര്‍ റദ്ദാക്കിയത്. മുന്‍ ചെയര്‍മാന്‍ കരാറില്‍ അപാകത ആരോപിച്ച് അദാനി പവറിന് അനുകൂല നിലപാട് എടുത്തതാണ് കരാര്‍ റദ്ദാക്കുന്നതിലേയ്ക്ക് വഴിവെച്ചത്.
500 മെഗാവാട്ട് വൈദ്യുതി അദാനി പവറില്‍ നിന്ന് വാങ്ങുന്ന സാഹചര്യത്തില്‍ ഒരു മാസത്തേയ്ക്ക് നൂറ് കോടി രൂപയുടെ അധിക ബാധ്യത കെ.എസ്.ഇ.ബി വഹിക്കേണ്ടിവരും. ഇത് ഒരു വര്‍ഷത്തേയ്ക്ക് ആയിരത്തി ഇരുന്നുറ് കോടി രൂപയാകും. ഈ ബാധ്യത വഹിക്കേണ്ടത് കേരളത്തിലെ വൈദ്യുത ഉപദോക്താക്കളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതെ അദാനിക്ക് വേണ്ടി മൗനം പാലിക്കുകയാണെന്ന് വ്യാപക ആക്ഷേപമുണ്ട്. റദ്ദാക്കിയ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. അദാനി പവറുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ യൂണിറ്റിന് ആറ് രൂപ എണ്‍പത്തെട്ട് പൈസയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചതായി അറിയുന്നു. ഒന്‍പത് പൈസ മാത്രമാണ് അദാനി പവര്‍ കുറച്ചിരിക്കുന്നത് എന്ന് കാണാവുന്നതാണ്. അദാനി പവറിന് അനുകൂല നിലപാടുമായി പോയ സര്‍ക്കാരിനെ ഇടത് പക്ഷത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘അരുണാചല്‍ പ്രദേശ് ചൈനയില്‍’; ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ല
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ജി 20 ഉച്ചകോടിയില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് പിന്‍വലിയുന്നു എന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്. ചൈന ഉദ്യോഗികമായി തന്നെ ഈ വിവരം ഇന്ത്യയെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രതിനിധിയായി സ്റ്റേറ്റ് കൗണ്‍സില്‍ പ്രീമിയര്‍ ലീ ക്വിയാങ് പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചൈനീസ് പ്രസിഡന്റ് ഷി ജീന്‍പിങ് ഉച്ചകോടിയുടെ ഭാഗമാകില്ല എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയി.
2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്. ചൈന, ഫ്രാന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഓരോ തവണയും അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ രണ്ട് തവണ വീതവും രാഷ്ട്രത്തലവന്‍മാരെ അയയ്ക്കാതിരുന്നിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റിനു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ജി 20 ഉച്ചകോടികള്‍ പങ്കെടുത്തേക്കില്ല എന്നാണ് അറിയുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ല എന്ന വാര്‍ത്തയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 പ്രസിഡന്‍സിയുടെ ബാറ്റണ്‍ ബ്രസീലിയന്‍ പ്രസിഡന്റിന് കൈമാറും. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ബ്രസീല്‍ ഔദ്യോഗികമായി പ്രസിഡന്‍സി സ്ഥാനം ഏറ്റെടുക്കും.
ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗം ചൈനയുടെ ഭൂപ്രദേശത്ത് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം ചൈനീസ് മിനിസട്രി ഓഫ് നാച്ചുറല്‍ റിസോഴ്‌സസ് പുറത്തുവിട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 2020 ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സി ഒരു വാര്‍ത്ത ചിത്രത്തിന്റെ ഭാഗമായി വിവാദമായ ഒരു ഭൂപടം പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച്ചയില്‍ ചൈനയുടെ പ്രകോപനപരമായ ഭൂപടം പ്രസിദ്ധീകരിച്ച് നീക്കമുണ്ടായത്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ചൈനയുടെ ഭൂപ്രദേശമായ ചിത്രീകരിക്കുന്നതായിരുന്നു വിവാദമായ ഭൂപടം.