യു.എസ് ഗവൺമെൻ്റ് വിക്കിലീക്‌സിന്റെ പത്രാധിപനായ ജൂലിയൻ അസാൻജിന് ഹർജി നൽകാൻ അനുമതി നൽകിയേക്കാം എന്ന റിപ്പേർട്ടുകൾ പുറത്ത് വന്നു. ഹർജിക്ക് അനുമതി നൽകണമെങ്കിൽ ജൂലിയൻ തെറ്റ് ചെയ്തതായി സമ്മതിക്കേണ്ടി വരും. എന്നാൽ യു എസ് സർക്കാരിന്റെ ഈ തീരുമാനം തങ്ങളെ അറിയിച്ചട്ടില്ലെന്ന് ജൂലിയന്റെ അഭിഭാഷകർ വ്യക്തമാക്കി. യു എസിലേക്ക് കൈമാറുന്നതിനെച്ചൊല്ലി ലണ്ടനിൽ നടക്കുന്ന ജൂലിയന്റെ നിയമ പോരാട്ടങ്ങൾക്ക് തടയിടുന്നതിനു വേണ്ടിയുള്ള നീക്കമാണിതെന്ന് വാൾസ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കി.
വിസിൽബ്ലോവർ ചെൽസി മാനിംഗിൻ്റെ സഹായത്തോടെ 4 വർഷം മുമ്പ് നടന്ന ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുഎസ് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത് ചാരവൃത്തി നടത്തിയന്നാണ് സർക്കാർ അവകാശപ്പെടുന്നത്. രഹസ്യ രേഖകൾ തെറ്റായി കൈകാര്യം ചെയ്തതിന് അസാൻജ് കുറ്റസമ്മതം നടത്തിയാൽ, ചാരവൃത്തി നിയമത്തിന് കീഴിലുള്ള നിലവിൽ ചുമത്തിയിരിക്കുന്ന 18 കുറ്റങ്ങൾ ഒഴിവാക്കാൻ പരിഗണിക്കുന്നതായാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപോർട്ടുകൾ. ഇതിനോടകം അഞ്ച് വർഷം യുകെയിൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ കരാർ അംഗീകരിച്ചാൽ ഉടൻ ജൂലിയന് സ്വതന്ത്രനാകാൻ സാധിക്കും.
എന്നാൽ വിഷയത്തിൽ തങ്ങൾക്ക് ഇതുവരെയും യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് ജൂലിയൻ അസാൻജിന്റെ അഭിഭാഷകർ വ്യക്തമാക്കി. ജൂലിയൻ അസാൻജിന്റെ കേസ് യുകെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അദ്ദേഹത്തിൻ്റെ അഭിഭാഷകർ കേസിൽ അഭിപ്രായം പറയുന്നത് അനുചിതമാണ്. കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ കൈമാറാൻ അമേരിക്ക എന്നത്തേയും പോലെ നിശ്ചയദാർഢ്യത്തോടെ തുടരുകയാണ്, എന്ന് അസാൻജിൻ്റെ പ്രതിഭാഗം അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു.
കൈമാറുന്നതിനെതിരെ അപ്പീൽ നൽകാൻ ജൂലിയൻ അസാൻജിന് കൂടുതൽ സാവകാശം നൽകണമോയെന്ന് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഹൈക്കോടതി തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതീവ സുരക്ഷയുള്ള ബെൽമാർഷ് ജയിലിൽ കഴിയുന്ന അസാൻജ്, 2024 ഫെബ്രുവരിയിൽ നടന്ന വാദത്തിൽ പങ്കെടുക്കാൻ റോയൽ കോർട്ട്‌സ് ഓഫ് ജസ്റ്റിസിലേക്ക് പോകാൻ കഴിയാത്തത്ര അവശനായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിൽ നടക്കുന്ന വാദത്തിൽ രണ്ട് ജഡ്ജിമാർ അദ്ദേഹത്തിനെതിരെ വിധിയെഴുതുകയാണെങ്കിൽ കൈമാറ്റത്തെ വെല്ലുവിളിക്കാനുള്ള എല്ലാ വഴികളും ജൂലിയന് മുമ്പിൽ കൊട്ടിയടക്കപ്പെടും. പിന്നീടുള്ള ഏക മാർഗ്ഗം യൂറോപ്യൻ മനുഷ്യാവകാശ കോടതിയായിരിക്കും. കോടതിക്ക് ജൂലിയന്റെ കൈമാറലുമായി മുന്നോട്ട് പോകരുതെന്ന് യുകെയോട് ഉത്തരവിടാൻ സാധിക്കും. എന്നാൽ ഇതുകൂടി പരാജയപ്പെട്ടാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൂലിയൻ അസാൻജിനെ യുഎസിലേക്ക് കൊണ്ടുപോകും.
തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ജൂലിയന്റെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ ബൈഡൻ ഭരണകൂടത്തിന് ഒരു തലവേദനയാണ്.
കേസിൽ യു എസ് പ്രോസിക്യൂട്ടർമാർ വിജയിക്കുകയാണെങ്കിൽ ജൂലിയൻ അസാൻജിനെ കാത്തിരിക്കുന്നത് ഏറ്റവും കുറഞ്ഞത് 175 വർഷത്തെ തടവ് ശിക്ഷയാണ്. യു എസിലേക്ക് മാറ്റാൻ ഹൈകോടതി വിധി പ്രഖ്യാപിച്ചാൽ ജൂലിയൻ അസാൻജിനെ യു എസ്സിലെ ചാരവൃത്തി നിയമപ്രകാരമായിരിക്കും കുറ്റം ചുമത്തുക. വിക്കിലീക്സിലെ പ്രസിദ്ധീകരണങ്ങൾ അമേരിക്കൻ സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കി എന്നതാണ് വാസ്തവം. വിക്കിലീക്സ് പുറത്ത് വിട്ട ലക്ഷകണക്കിന് രഹസ്യ രേഖകൾ യു എസ് സൈന്യത്തിന്റെ വ്യത്യസ്തവും രക്തരൂക്ഷിതമായതുമായ ഒരു മുഖം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി. മറച്ചുവെക്കപ്പെട്ട യുദ്ധമുഖങ്ങളിൽ നടക്കുന്ന ക്രൂരതയുടെ യാഥാർഥ്യങ്ങളും ഒപ്പം കൊല്ലപ്പെട്ട സാധാരണക്കാരുടെ യഥാർത്ഥ കണക്കുകൾ തുടങ്ങിയവ യു എസ് സൈന്യത്തിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ച് പറയുന്നവയായിരുന്നു.