രാഹുല്‍ വരാന്‍ വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു
പ്രതീക്ഷിച്ച ഫലം ഉണ്ടായ മത്സരം പോലെ, ഏകദിന ലോകകപ്പിനുള്ള ഇന്ത്യ ടീം പ്രഖ്യാപനം. ആരാധകര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും, കരുതിയിരുന്നതുപോലെ സഞ്ജു സാംസണ്‍ പുറത്ത്. ബാറ്റര്‍ ആയും വിക്കറ്റ് കീപ്പറായും സഞ്ജുവിന് സ്ഥാനം നല്‍കാന്‍ അജിത്ത് അഗാര്‍ക്കര്‍ തലവനായ സിലക്ഷന്‍ കമ്മിറ്റിക്ക് തോന്നിയില്ല. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ടീമിലുണ്ടെന്നത് സഞ്ജുവിന്റെ പുറത്താകലിനുള്ള ന്യായമായി സിലക്ഷന്‍ കമ്മിറ്റിക്ക് പറയാം. രോഹിതും ഗില്ലും തുടങ്ങുന്ന ഇന്നിംഗ്‌സില്‍, കോഹ്‌ലിക്കു ശേഷം നാലാം നമ്പര്‍ മുതല്‍ രാഹുല്‍, എസ് കെ, അയ്യര്‍, ഹര്‍ദിക്, ജഡേജ എന്നിവരുണ്ട്. ഇവരിലാലും സഞ്ജുവിന് റീപ്ലെയ്‌സ് ചെയ്യാന്‍ തക്ക തരത്തില്‍ ചെറുതല്ലെന്നായിരിക്കും അഗാര്‍ക്കര്‍ക്കും സംഘത്തിനും പിന്നെ ക്യാപ്റ്റനും തോന്നിയിട്ടുണ്ടാവുക.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലും സ്ജുവിന് ഇടം കിട്ടാതിരുന്നത് ഒരേ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മൂന്നാമനായി മാത്രം പരിഗണിക്കപ്പെട്ടതുകൊണ്ടാണ്. അന്ന് സഞ്ജുവിന്റെ എതിരാളികള്‍ ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമായിരുന്നു. ധോണിക്ക് ശേഷം ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന എപ്പോഴും പന്തിന് തന്നെയായിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും വിക്കറ്റ് പിന്നില്‍ നില്‍ക്കാന്‍ വേണ്ടി ഋഷഭ് പന്ത് അവസാന ഇലവനില്‍ സ്ഥാനം നേടിക്കൊണ്ടിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു വേണ്ടി തിളങ്ങിയതാണ് ദിനേശ് കാര്‍ത്തിക്കിന് ഗുണമായത്. ടീം ഇന്ത്യയില്‍ നിന്നും പൂര്‍ണമായി പുറത്തായി എന്ന് കാര്‍ത്തിക്ക് പോലും വിശ്വസിച്ചിരുന്ന സമയത്താണ്, റൗണ്‍ ഔട്ടായ കളിക്കാരന് മൂന്നാം അമ്പയര്‍ ഗ്രീന്‍ ലൈറ്റ് തെളിച്ചുകൊടുത്തതുപോലെ അയാള്‍ക്ക് ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം കിട്ടിയത്. ചില കളിക്കാര്‍ പ്രത്യേക പരിഗണന നേടുന്നു, അല്ലെങ്കില്‍ ഭാഗ്യം തുണയ്ക്കുന്നു.
സഞ്ജുവിന്റെ കാര്യത്തില്‍ പത്തുമാസം മുമ്പ് നടന്ന അതേ അവസ്ഥ തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് പന്തും കാര്‍ത്തിക്കുമായിരുന്നുവെങ്കില്‍ ഇത്തവണ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും. ഐ പി എല്‍ മത്സരത്തിടയില്‍ ഉണ്ടായ ആറ് മാസത്തിനടുത്തായി കളത്തിന് പുറത്തായിരുന്ന രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താണ് ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി-എന്‍ സി എ-യില്‍ നിന്നും അറിയിപ്പ് കിട്ടിയതോടെയാണ് രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സിലക്ഷന്‍ സമതി പറഞ്ഞത്. പരിക്കിന്റെ പിടിയില്‍ ആയിരുന്ന മറ്റൊരു താരംകൂടി ദീര്‍ഘനാളിനുശേഷം കളിക്കാന്‍ സജ്ജനായിട്ടുണ്ട്; ശ്രേയസ് അയ്യര്‍. ഇപ്പോള്‍ നടക്കുന്ന ഏഷ്യ കപ്പിലും അയ്യര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഏഷ്യ കപ്പിന്റെ സൂപ്പര്‍ 4 ഘട്ടത്തില്‍ രാഹുലും ടീമിനൊപ്പം ചേരുമെന്നാണ് വിവരം. സഞ്ജുവാകട്ടെ ഏഷ്യ കപ്പ് ടീമിലെ റിസര്‍വ് താരമാണ്.
ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രാഹുല്‍ മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ടതാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം തന്നെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് ചെയ്തിരുന്ന രാഹുല്‍ മെല്ലപ്പോക്കിന്റെ പേരില്‍ കളിയാരാധകരുടെ മാത്രമല്ല, മുന്‍ താരങ്ങളുടെയും ക്രിക്കറ്റ് വ്ദഗ്ധരുടെയും വിമര്‍ശനം ഒരുപാട് കേട്ടു. സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി, ടീമിനു വേണ്ടി കളിക്കാതെ, തന്റെ വ്യക്തിഗത സ്‌കോര്‍ മാത്രം ശ്രദ്ധിച്ച് നേരിട്ട ബോളുകളെക്കാള്‍ വളരെ കുറഞ്ഞ റണ്‍സ് നേടിയിരുന്ന കളിക്കാരന്‍ എന്ന കുറ്റപ്പെടുത്തലുകളും കേട്ടു. ഐ പി എല്ലിലും ഇതേ പരാതി കേട്ടു. സ്വാര്‍ത്ഥനായ കളിക്കാരന്‍ എന്നായിരുന്നു ചീത്തപ്പേര്. എന്നാല്‍ രാഹുലിന്റെ പരിക്ക് മാറാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു സിലക്ഷന്‍ കമ്മിറ്റി. ദീര്‍ഘനാളായി പുറത്തായിരുന്നതുകൊണ്ട് ലോകകപ്പിന് മുന്നേ ആവശ്യത്തിന് മത്സര പരിശീലനം കിട്ടുമോയെന്ന ചോദ്യത്തിനും രാഹുലിനു വേണ്ടി സിലക്ഷന്‍ കമ്മിറ്റിക്ക് ഉത്തരമുണ്ട്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ കളിച്ച് രാഹുല്‍ ഫോമിലെത്തുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഏഷ്യ കപ്പിനുള്ള ടീമില്‍ രാഹുലിനെയും അയ്യരെയും ഉള്‍പ്പെടുത്താന്‍ എന്‍ സി എ യുടെ അനുമതി കിട്ടാന്‍ ടീം പ്രഖ്യാപനം നീട്ടിവയ്ക്കുകയാണെന്ന വിമര്‍ശനം അഗാര്‍ക്കറിനും സംഘത്തിനും നേരെ ഉയര്‍ന്നിരുന്നു. കേട്ട വാര്‍ത്തകളൊക്കെ ശരിയായിരുന്നുവെന്ന് സമ്മതിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നതും.
കീപ്പര്‍മാരായി ഇഷാനും രാഹുലും. മധ്യനിരയില്‍ ഇഷാനും അയ്യരും സൂര്യകുമാര്‍ യാദവും പിന്നെ ഹര്‍ദിക് പാണ്ഡ്യയും. സഞ്ജുവിന് വേണ്ടി റിസര്‍വ് ചെയ്യാന്‍ സ്ഥലം വേറെയില്ലെന്ന ന്യായമാണ് സിലക്ടര്‍മാര്‍ക്ക്. പരിക്ക് ഭേദമായെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഋഷഭ് പന്തിന്റെ പുനരാഗമനവും ഉറപ്പാണ്. പിന്നെ കീപ്പറായൊരു ഇടം സഞ്ജുവിന് കിട്ടില്ലെന്ന് ഉറപ്പ്, ബാറ്ററായും ബുദ്ധിമുട്ടാണ്. അടുത്ത ഏകദിന ലോകകപ്പാകുമ്പോള്‍ സഞ്ജു 32 കാരനാകും. അടുത്ത നാല് വര്‍ഷം ഐ പി എല്ലില്‍ സ്ഥാനം ഉണ്ടാകുമെങ്കിലും ദേശീയ ടീമിലെ കാര്യം ഒട്ടും ഉറപ്പല്ല. നിരാശയോടെ പറയേണ്ടി വരുന്നത്, ശ്രീശാന്തിന് ശേഷം ലോകകപ്പ് ജേഴ്‌സിയണിയുന്ന മലയാളി താരം സഞ്ജു സാംസണ്‍ അയിരിക്കില്ല എന്നതാണ്.
സഞ്ജു ‘ ഔട്ട്’ ആയതിന് പുറമെ ഞെട്ടിക്കുന്ന മറ്റു രണ്ട് ഒഴിവാക്കലുകള്‍, ആര്‍ അശ്വിന്റെയും യുസ്വേന്ദ്ര ചഹലിന്റെതുമാണ്. ഇന്ത്യയില്‍ കൂടി മത്സരങ്ങള്‍ നടക്കുന്ന ലോകകപ്പില്‍ അശ്വിനെ പോലൊരു കളിക്കാരന്‍ വേണ്ടെന്നാണ് സിലക്ഷന്‍ കമ്മിറ്റിക്കാര്‍ പറയുന്നത്. ചഹലിനും കാര്യമായൊന്നും ചെയ്യാനാകില്ലെന്നായിരിക്കും അവര്‍ക്ക് തോന്നിയിട്ടുണ്ടാത. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലുമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഓള്‍ റൗണ്ടര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രവീന്ദ്ര ജഡേജയെ മറ്റൊരു സ്പിന്നറായി പരിഗണിച്ചിട്ടുണ്ട്. അക്‌സറിനെ ബാറ്റ് ചെയ്യാനും മിടുക്കുള്ള സ്പിന്നര്‍ എന്ന നിലയ്ക്കായിരിക്കും പരിഗണിച്ചിരിക്കുക.
ഐ പി എല്ലിലും വെസ്റ്റിന്‍ഡീസ് പര്യടനത്തിലും മോശമല്ലാത്ത പ്രകടനം നടത്തിയ തിലക് വര്‍മയ്ക്കും അവസരമില്ല. ഏഷ്യ കപ്പില്‍ കൡക്കുന്ന പ്രസിദ്ധ് കൃഷ്ണയെയും ഒഴിവാക്കി. ജസ്പ്രീത് ബുമ്ര, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് എന്നീ പേസ് ത്രയങ്ങള്‍ ബോളിംഗ് ആക്രമണം നയിക്കും. വാലറ്റത് ബാറ്റ് ചെയ്യാനറിയുന്നൊരാള്‍ എന്ന നിലയ്ക്കു കൂടി പരിഗണിച്ച് ശാര്‍ദ്ദൂല്‍ താക്കൂറിനെയും ടീമിലെടുത്തിട്ടുണ്ട്.