UPDATES

ദുര്‍മന്ത്രവാദത്തിന് കേസ് എടുക്കാന്‍ കേരളത്തില്‍ വകുപ്പുണ്ടോ?

ശാസ്ത്രം പഠിച്ച അന്ധവിശ്വാസികളുടെ നാട്

                       

തിരുവനന്തപുരത്തുകാരായ നവീന്‍, ദേവി, ആര്യ എന്നിവരെ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂവരുടെയും ആത്മഹത്യയ്ക്കു പിന്നിലെ കാരണം കേരളത്തെയൊന്നാകെ ഞെട്ടിച്ചു. ബ്ലാക് മാജിക്, പുനര്‍ജന്മം തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് വിദ്യാസമ്പന്നരായ മൂന്നുപേരുടെ ജീവനെടുത്തതെന്നാണ് വിവരം.

സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്താണ്, ദുര്‍മന്ത്രവാദത്തിലും, സാത്താന്‍ സേവയിലും, മരണാനന്തര ജീവിതത്തിലുമൊക്കെ വിശ്വസിച്ച് ആളുകള്‍ ജീവനെടുക്കുന്നതും കൊടുക്കുന്നതും. ഒറ്റപ്പെട്ട സംഭവം എന്നു പറയാന്‍ കഴിയാത്തവിധം വര്‍ദ്ധിക്കുകയാണിവ. കേഡല്‍ ജീന്‍സണ്‍ രാജ എന്ന ചെറുപ്പക്കാരന്‍ സ്വന്തം മാതാപിതാക്കളെയടക്കം കൂട്ടക്കൊല നടത്തിയതിനു പിന്നിലും സാത്താന്‍ സേവ പോലുള്ള അന്ധവിശ്വാസങ്ങളായിരുന്നു. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ നടന്ന നരബലിയും കേരളം ഒരുകാലത്തും മറക്കാന്‍ പോകുന്നില്ല. ചെറുതും വലുതുമായി ഒട്ടനേകം സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അവയിലെന്തൊക്കെ പുറത്തറിയുന്നു, അറിയാതെ പോകുന്നു.

എന്തുകൊണ്ടാണ് കേരളം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ പോകുന്നു? എന്തുകൊണ്ടവ തടയാന്‍ കഴിയുന്നില്ല?

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ട് വര്‍ഷങ്ങളായി. മതങ്ങളെ പിണക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്. നിയമം പാസാക്കിയാല്‍ പോലും, ഇത്തരം അനാചാരങ്ങള്‍ക്ക് തടയിടാന്‍ അതു മാത്രം പോരാ. ജനങ്ങളില്‍ സമഗ്രമായ അവബോധം കൂടിയുണ്ടാകണം എന്നാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍ അഴിമുഖത്തോട് പറയുന്നത്.

‘ബ്ലാക്ക് മാജിക് പ്രിവന്‍ഷന്‍ ആക്ട് നിര്‍മിക്കുന്നതിന് വേണ്ടി ശുപാര്‍ശ നല്‍കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെയും നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല. നിലവില്‍ ദുര്‍മന്ത്രവാദം എന്ന കൃത്യത്തിനു കേസ് എടുക്കാന്‍ സാധിക്കില്ല. മറ്റ് ഐപിസി വകുപ്പുകളുടെ ലംഘനത്തിനാണ് കേസെടുക്കുന്നത്’- ശശിധരന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു. ‘മന്ത്രവാദം ഉള്‍പ്പെടെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനുള്ള ബില്‍ ഇത്തരത്തിലുള്ള അനാചാരങ്ങളെ കുറിച്ച് സമഗ്രമായ ബോധവത്കരണം നടത്താനുള്ളതും തടയിടാനുള്ളതുമായിരുന്നു. മഹാരാഷ്ട്രയടക്കമുള്ള മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിന് അനുസരിച്ചുള്ള നിയമം ഇവിടെ കൊണ്ടുവരാന്‍ വേണ്ടിയുള്ള ശുപാര്‍ശയാണ് സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ചത്. അത് ഇതുവരെ നിയമമായി പ്രാബല്യത്തില്‍ വന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്’: ശശിധരന്‍ നായര്‍ പറയുന്നു.

‘മതവിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ എതിരുനിന്നുകൊണ്ടല്ല ഇതെല്ലം സംസാരിക്കുന്നത്. ഒരാളെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കാത്ത, മറ്റൊരാളുടെയോ സ്വന്തം ജീവനോ ഹാനികരമല്ലാത്ത, വഞ്ചിക്കപ്പെടുന്ന സാഹചര്യമില്ലാത്ത ആചാരങ്ങളല്ല, ഇതിനെല്ലാം എതിരായി നടക്കുന്ന അനാചരങ്ങളാണ് നിര്‍ത്തലാക്കേണ്ടത്.

ഇത് ഒരു നിയമമായി മാറണമെങ്കില്‍ ഒരുപാട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ നിലവില്‍ പല മത വിഭാഗങ്ങളും തുടര്‍ന്ന് വരുന്ന പല ആചാരങ്ങളും നിര്‍ത്തേണ്ടി വരുന്ന സ്ഥിതിവികാസങ്ങള്‍ വന്നെന്നിരിക്കും. ഇത്തരം വിഷയങ്ങള്‍ കൂടെ പരിഗണനയിലെടുത്തുകൊണ്ട്, നിയമം പ്രാബല്യത്തില്‍ വരുമ്പോഴുളള അനന്തരഫലങ്ങളെ കുറിച്ച് പഠിക്കാന്‍ കാലതാമസം എടുത്തേക്കാം. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തിരിക്കുന്നത്. ഇപ്പോഴത് ബന്ധപ്പെട്ട അധികാരികളുടെ പരിശോധനയിലാണ്’: ശശിധരന്‍ നായരുടെ വാക്കുകള്‍.

അദ്ദേഹം തുടരുന്നു, ‘മന്ത്രവാദം പോലുള്ള അനേകം ദുരാചാരങ്ങളുടെ ഫലമായി ഇനിയും ഇവിടെ അക്രമ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കും. സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ആളുകള്‍ നിര്‍ബന്ധിതരായി ഇത്തരം അപകടങ്ങളിലേക്ക് എത്തപ്പെടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനടക്കം ശാസ്ത്രത്തെ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴും, സമാന്തരമായി മതത്തെയും അത് പിന്തുടരുന്ന അന്ധമായ വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്നുണ്ട്. വിദ്യാസമ്പന്നരായ ആളുകളായിട്ടും കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതിന് പിന്നിലെ കാരണമായി എനിക്ക് അനുഭവപ്പെടുന്നതിതൊക്കെയാണ്. അതായത്, ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലല്ല ഓരോരുത്തരുടെയും വ്യക്തി ജീവിതവും വിശ്വാസവും. എന്റെ കാഴ്ചപ്പാടില്‍ ഇതാണ് കേരളത്തിന്റെ ഏറ്റവും വലിയ ദൗര്‍ഭാഗ്യവും’.

‘വിശ്വാസവും മതവും യഥാര്‍ത്ഥത്തില്‍ ഒരു സ്വകാര്യ മേഖലയാണ്. പക്ഷെ ഇവിടെ ഇതിനെ പൊതുമധ്യത്തിലേക്ക് കൊണ്ട് വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ രീതിയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു’: ശശിധരന്‍ നായര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടോ, അവബോധം ഇല്ലാത്തത് കൊണ്ടോ അല്ല ഇത്തരം സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. മറിച്ച് വിശ്വാസമേതാണ് അന്ധവിശ്വാസം ഏതാണ് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തത് മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പ്രചാരകര്‍ തന്നെയാണ് അന്ധവിശ്വാസവും വിശ്വാസവും തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കണ്ണ് കിട്ടുക എന്നൊക്കെ പറയുന്നത് പോലുളള കാര്യങ്ങള്‍ ചെറിയ രീതിയില്‍ ഉള്ള അന്ധവിശ്വാസ പ്രചാരണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായി യാതൊരു വിശദീകരണവും നല്‍കാനില്ല. അന്ധവിശ്വാസത്തിന്റെ പേരില്‍ വലിയ കൊലപാതകങ്ങളും പ്രശ്‌നങ്ങളും നടക്കുമ്പോള്‍ മാത്രമേ മാധ്യമങ്ങള്‍ അടക്കം ഈ വിഷയം പൊതു മധ്യത്തിലേക്ക് എത്തിക്കുകയും ചര്‍ച്ച ചെയ്യുകയുമുള്ളു. സത്യത്തില്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമടക്കം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും യഥാക്രമമം നടന്ന് പോരുന്നുണ്ട്’: നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പറയുന്നു.

‘ഒരു വഴിപാട് കഴിച്ചാല്‍ ഇന്ന രീതിയില്‍ പ്രയോജനം ലഭിക്കും എന്ന് വിശ്വസിക്കുന്നവരാണ് കേരള സമൂഹത്തിലെ 80% ശതമാനവും. കൂടാതെ എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചത്തില്‍ ഇത്തരം വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. മത സ്ഥാപനങ്ങളുടെ പ്രധാന നിലനില്‍പ്പ് തന്നെ ഇത്തരം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതില്‍ നിന്നും വലിയ പുരോഗതിയും അവക്ക് ലഭിക്കുന്നുണ്ട്. വിശ്വാസം ഏതാണ് അന്ധവിശ്വാസം ഏതാണെന്നുള്ള തിരിച്ചറിവ് ജനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇനിയുമിവിടെ അരങ്ങേറിക്കൊണ്ടിരിക്കും. അറിവും വിവരവുമുള്ള ആളുകള്‍ തന്നെയാണ് ഇത്തരം അബദ്ധങ്ങളില്‍ ചെന്ന് പെടുന്നതും പലതിനും കൂട്ട് നില്‍ക്കുകയും ചെയ്യുന്നത് എന്നതാണ് വിരോധാഭാസം. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പഠനങ്ങള്‍ നടക്കേണ്ട മേഖലയാണിത്’ ശശിധരന്‍ നായര്‍ അഭിപ്രായപ്പെടുന്നു.

‘നിയമം വന്നത് കൊണ്ട് മാത്രം ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ശശിധാരന്‍ നായര്‍ പറയുന്നത്. പൊതുവായ അവബോധം കൂടി നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ വേണ്ട നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യവമാണ്, അവരിലൂടെ ജങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ സാധിക്കുയാണെകില്‍ മാത്രമേ ഇതിനു തടയിടാന്‍ സാധിക്കു. കാരണം ഒരു നിയമം കൊണ്ട് മാത്രം നിലക്ക് നിര്‍ത്താന്‍ സാധിക്കുന്ന അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ അല്ല കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്. ജനങ്ങളുടെ മനസ്സില്‍ വേരുറച്ച് പോയവയാണ് എല്ലാം. സാംസ്‌കാരികമായി വേണ്ടത്ര ഉത്‌ബോധനം നല്‍കിയെങ്കില്‍ മാത്രമേ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ സാധിക്കു. സാംസ്‌കാരികമായ ഉന്നമനത്തിനു വേണ്ടുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടത്. ആചാരങ്ങള്‍ അനാചാരങ്ങളായി മാറാതിരിക്കാന്‍ യുക്തിസഹമായ വിശ്വാസം പുലര്‍ത്തണം. മനസിലേക്ക് കടന്നിറങ്ങിയിരിക്കുന്ന അശാസ്ത്രീയ ചിന്തകള്‍ ഉപേക്ഷിച്ച്, സാമൂഹ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും’: അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍