UPDATES

തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുര്‍ബലപ്പെടുത്തുന്നോ?

പുതിയ ബില്ലുമായി കേന്ദ്രം, കാബിനറ്റ് മന്ത്രിക്കും താഴെയാക്കി അധികാരം കുറയ്ക്കുമെന്ന് സൂചന

                       

സ്വതന്ത്രാധികാര ബോഡിയായ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴി നോക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്നു വരുന്ന നിലയില്‍ നിന്നും കമ്മീഷനെ ദുര്‍ബലപ്പെടുത്തുന്ന ചില നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്നാണ് വിവരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും (സിഇസി) തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് നിബന്ധനകള്‍ എന്നിവ നിയന്ത്രിക്കുന്നൊരു ബില്ല് അടുത്ത ആഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുതിയ ബില്ലിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 10 ന് രാജ്യസഭയില്‍ പാസാക്കിയ ചീഫ് ഇലക്ഷന്‍ കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) ബില്‍, ലോക്സഭയില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും (സിഇസി) തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (ഇസി) സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതിന് മാറ്റം വരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

സെപ്തംബര്‍ 18-ന് ചര്‍ച്ചയ്ക്കായി ലിസ്റ്റ് ചെയ്ത ബില്ലില്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും (സിഇസി) രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും ശമ്പളം, അലവന്‍സ്, സേവന വ്യവസ്ഥകള്‍ തുടങ്ങിയവ ഒരു കാബിനറ്റ് സെക്രട്ടറിക്ക് തുല്യമായി പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് അപ്ലോഡ് ചെയ്ത ബില്ലിന്റെ പകര്‍പ്പ് അനുസരിച്ച് പുതിയ ബില്ലിന്റെ സെക്ഷന്‍ 15 പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെയും ശമ്പളവും അലവന്‍സുകളും മറ്റ് സേവന വ്യവസ്ഥകളും കാബിനറ്റ് സെക്രട്ടറിയുടേതിന് തുല്യമായിരിക്കും.

1991 ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ട് പ്രകാരം ഇതുവരെ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യമായിരുന്നു. ബില്‍ പാസ്സാക്കുന്നതോടെ 1991 ലെ ഈ നിയമം റദ്ദാക്കപ്പെടും. സുപ്രീം കോടതി ജഡ്ജിയുടെയും കാബിനറ്റ് സെക്രട്ടറിയുടെയും നിശ്ചയിച്ചിട്ടുള്ള ശമ്പളം ഏതാണ്ട് തുല്യമാണെങ്കിലും, വിരമിക്കലിന് ശേഷമുള്ള അധിക ആനുകൂല്യങ്ങള്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് അര്‍ഹതയുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ബ്യൂറോക്രസിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനം. ഇത് അവരുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം, നിര്‍ദ്ദേശം, നിയന്ത്രണം എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ദൗത്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ റാങ്കിലേക്ക് താഴ്ന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ നിയന്ത്രണാധികാരം നഷ്ടമാകും. ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെക്കാള്‍ താഴെയാണ് കാബിനറ്റ് സെക്രട്ടറിയുടെ പദവി വരുന്നത്. അങ്ങനെയായാല്‍ ചട്ടലംഘനങ്ങളുടെ പേരില്‍ ഒരു കേന്ദ്രമന്ത്രിയെ ശാസിക്കാന്‍ പോലും കമ്മീഷന് കഴിയില്ലെന്നാണ് ഭരണഘടന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

പുതിയ ബില്ല് പ്രകാരം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും.

ഈ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയിലെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി, ഈ കമ്മിറ്റിയില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അംഗമാകില്ല എന്നതും വിമര്‍ശനത്തിന് വഴിവക്കുന്നുണ്ട്.

1991 ലെ ഇലക്ഷന്‍ കമ്മീഷന്‍(കണ്ടിഷന്‍സ് ഓഫ് സര്‍വീസ് ഓഫ് ഇലക്ഷന്‍ കമ്മിഷണര്‍സ് ആന്‍ഡ് ട്രാന്‍സക്ഷന്‍ ഓഫ് ബിസിനസ് ) നിയമം അനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് നല്‍കേണ്ട ശമ്പളം സുപ്രീം കോടതി ജഡ്ജിയുടെ ശമ്പളത്തിന് തുല്യമാണ്. ഈ നിയമം റദ്ദാക്കാനാണ് ബില്ല് ലക്ഷ്യമിടുന്നത്.

സാമ്പത്തിക ഭാരം ചൂണ്ടികാണിച്ചാണ് ഓഗസ്റ്റ് 10ന് രാജ്യസഭയില്‍ സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും അധികാരം കുറയ്ക്കുകയും, നിര്‍ദിഷ്ട മാറ്റങ്ങള്‍ വഴി അവരെ മന്ത്രിമാര്‍ക്കും താഴെയാക്കുകയും ചെയ്യുന്ന ഈ നീക്കം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍