ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യതാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതായിരുന്നു പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍റേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പ് ബോണ്ടുകളെ കുറിച്ച് പാര്‍ലമെന്റില്‍ നുണ പറഞ്ഞതും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെയെന്നും വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണിത്.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് നിതിന്‍ സേഥി തയ്യാറാക്കി അന്വേഷണ റിപ്പോര്‍ട്ട് 2019 നവംബറില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ അന്വേഷണ പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ട്.
കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള പണം തിരിച്ചറിയാനാവാത്ത വിധം രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിനായി(ഇലക്ടറല്‍ ബോണ്ട്) നരേന്ദ്ര മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിര്‍പ്പുകളെയും അവഗണിച്ചിരുന്നു. ഇതിനു പുറമെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയും, ഇത് പുറത്തായപ്പോള്‍ വസ്തുതകള്‍ മറച്ചുവെയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ (2017ല്‍ അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ സാമ്പത്തിക പദ്ധതി) സംബന്ധിച്ച മോദി സര്‍ക്കാരിന്റെ ഇരട്ടത്താപ്പുകളെ വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന രേഖകള്‍. കോര്‍പറേഷനുകള്‍ക്കോ, എന്‍ജിഒകള്‍ക്കോ, ട്രസ്റ്റുകള്‍ക്കോ അല്ലെങ്കില്‍ വ്യക്തികള്‍ക്കോ കണക്കില്ലാത്ത സംഖ്യകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ അനുവദിക്കുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സമാഹരിച്ച രേഖകള്‍ പ്രകാരം, ഇത്തരം ബോണ്ടുകളുടെ ആദ്യ വിഹിതത്തിന്റെ 95 ശതമാനം പങ്കും പോയിരിക്കുന്നത് ബിജെപിയുടെ ഖജനാവിലേക്കാണ്.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമസാധുതയെ സംബന്ധിച്ച ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളും പ്രഖ്യാപനങ്ങളും വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ കമോഡര്‍ (റിട്ട) തിയോഡര്‍ ലോകേഷ് ബത്രയ്ക്ക് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന പോലും ശരിയല്ലെന്നാണ് ഈ രേഖകളില്‍ തെളിയുന്നത്.
ഈ രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു രഹസ്യ കുറിപ്പ് സൂചിപ്പിക്കുന്നത്, ഉന്നത സര്‍ക്കാര്‍ മേധാവികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്നാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമല്ല ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളോട് അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള ഒരു പ്രഹസനം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതായി ഈ രേഖകളില്‍ കാണാം. പക്ഷെ അവരുടെ അഭിപ്രായങ്ങള്‍ക്കു കാത്തുനില്‍ക്കുക പോലും ചെയ്യാതെ ഈ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് ധനകാര്യ മന്ത്രാലയം ചെയ്തത്.
2018 ല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭാംഗമായ മുഹമ്മദ് നദിമുല്‍ ഹഖ് ഒരു ലളിതമായ ചോദ്യം ഉന്നയിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്കപ്രകടിപ്പിച്ചിരുന്നുവോ എന്നതായിരുന്നു ആ ചോദ്യം.
അന്നത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന്‍ അതിനു നല്‍കിയ ഉത്തരം ഇതായിരുന്നു: ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഒരു ആശങ്കയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല’. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
തെറ്റായ മറുപടി നല്‍കിയതിനെ തുടര്‍ന്ന് ഹഖ് ധനകാര്യ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പരാതികൊടുക്കുകയും മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു.
അവകാശ ലംഘന പരാതിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണവും മുഴുവനായും സത്യസന്ധമായിരുന്നില്ല. ഇതിലൊക്കെ അന്തര്‍ലീനമായിട്ടുള്ളത് ഒരു ലളിതമായ ചോദ്യമാണ്: എന്തുകൊണ്ടാണ് ബോണ്ടുകളോടുള്ള കമ്മീഷന്റെ എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇത്ര ഉത്സാഹം കാണിച്ചത്?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍പ്പുകളെ മൂടിവെക്കാനുള്ള ശ്രമങ്ങള്‍
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമവിരുദ്ധമായ വിദേശ ഫണ്ടിനെ മൂടിവെക്കാനും ഒളിച്ചുകടത്താനും വഴിയൊരുക്കുമെന്ന് താക്കീതു ചെയ്ത് 2017 മെയില്‍ നിയമ മന്ത്രാലയത്തിന് കമ്മീഷന്‍ കത്തയച്ചിരുന്നു. കടലാസ് സഥാപനങ്ങള്‍ക്ക് ഇനി കള്ളപ്പണം തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്കു ഒഴുക്കുകയും ഇതിന്റെ സ്രോതസ്സു വെളിപ്പെടുത്താതെ രക്ഷപെടുകയും ചെയ്യാം. സര്‍ക്കാര്‍ നടപ്പിലാക്കിയ ഇത്തരം ബോണ്ടുകളും ഫണ്ടിങ്ങിലെ സുതാര്യത ഇല്ലാതാക്കുന്ന മറ്റു നിയമ മാറ്റങ്ങളും നിര്‍ത്തലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍പ്പുകള്‍ അറിയിച്ചുകൊണ്ടുള്ള കത്തിന്റെ പൂര്‍ണ്ണരൂപം
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ത്തിയ ഉത്കണ്ഠകള്‍ 2017 ജൂലൈ 3-ന് നിയമ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് അഫയേഴ്‌സ് വിഭാഗത്തിലേക്ക് കൈമാറി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് യാതൊരു കത്തും കൈപ്പറ്റിയിട്ടില്ലാത്ത പോലെയാണ് ധനകാര്യമന്ത്രാലയം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം അടിസ്ഥാന ആശങ്കകള്‍ പരിഗണിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഘടന തീരുമാനിച്ചുറപ്പിക്കുന്നതിനായി ആര്‍ബിഐയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അടിയന്തിര യോഗം വിളിക്കുകയാണ് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യാത്മക ഫണ്ടിംഗ് സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല, മറിച്ച് സര്‍ക്കാരിന് പദ്ധതികളുമായി മുന്നോട്ടു പോകാനായിരുന്നു താല്പര്യം എന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.
2017 ജൂലൈ 19-നായിരുന്നു ഈ യോഗം നടത്തിയത്. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള രണ്ടുദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സ്‌കീം സുതാര്യമായ ഫണ്ടുകള്‍ക്കു വഴി വെക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരേ തലത്തില്‍ പോരാടാന്‍ സാദ്ധ്യതകള്‍ ഉണ്ടാകുമെന്നും ഊന്നിപ്പറഞ്ഞു കൊണ്ട് കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു എന്ന് സാമ്പത്തികകാര്യ സെക്രട്ടറി എസ്.സി. ഗാര്‍ഗ് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിട്ടും തൃപ്തരായിരുന്നില്ലെന്നാണ് നിയമ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.
അതീവ രഹസ്യാത്മകം എന്ന് രേഖപ്പെടുത്തിക്കൊണ്ട് 2017 സെപ്റ്റംബര്‍ 22-ന് ഗാര്‍ഗ് ധനകാര്യ മന്ത്രിക്കയച്ച കുറിപ്പില്‍ 2017 ജൂലൈ 28-ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജോതി മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത് , സുനില്‍ അറോറ എന്നിവരുമായി നടത്തിയ മറ്റൊരു യോഗത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കമ്പനികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങുമ്പോള്‍ അക്കൗണ്ടിംഗ് എന്‍ട്രികള്‍ നടത്തേണ്ടതുണ്ടെന്നും ഇത് പണത്തിന്റെ സ്രോതസിനെ സംബന്ധിച്ചും രാഷ്ട്രീയ സംഭാവനകളിലേക്കുള്ള അനുപാതത്തെ സംബന്ധിച്ചും പൂര്‍ണ സുതാര്യത ഉറപ്പു വരുത്തുമെന്നും കമ്മീഷന് അയച്ച കുറിപ്പില്‍ ഗാര്‍ഗ് പറയുന്നു.
എന്നാല്‍, ഇത് പൂര്‍ണമായും തെറ്റാണ്. കാരണം, കമ്പനികള്‍ക്കു തങ്ങളുടെ ലാഭ, നഷ്ട കണക്കുകളുടെ ബാലന്‍സ് ഷീറ്റില്‍ തങ്ങള്‍ ആര്‍ക്കാണ് രാഷ്ട്രീയ സംഭാവനകള്‍ നടത്തിയതെന്ന് കാണിക്കേണ്ടതില്ല. വര്‍ഷം തോറും സര്‍ക്കാരിനു ഇവര്‍ സമര്‍പ്പിക്കേണ്ട ഏകദേശ ലാഭ, നഷ്ട കണക്കുകളുടെ രേഖകള്‍ മാത്രമാണ് പൊതു പരിശോധനക്ക് ലഭ്യമായിട്ടുള്ളത്.
നടത്തിയ സംഭാവനകളില്‍ പേര് വെക്കാതെ അജ്ഞാത സംഭാവനകള്‍ സാധ്യമാക്കികൊണ്ടുള്ള ബോണ്ടുകളുടെ സവിശേഷ ഘടനയെ കുറിച്ച് കമ്മീഷനോട് വിശദീകരിച്ചിരുന്നായി ഗാര്‍ഗ് രേഖപ്പെടുത്തുന്നു. ഇത് സംഭാവനകള്‍ നല്കുന്ന ദാതാക്കളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും മാനിച്ചു കൊണ്ടാണെന്നും രാഷ്ട്രീയ പാര്‍ട്ടികളെ ഒരേ തലത്തില്‍ നിന്നുകൊണ്ട് പോരാടാന്‍ ഈ സമീപനം പര്യാപ്തമാക്കുമെന്നും അദ്ദേഹം വിവരിക്കുന്നു.
കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുക്കും എന്നതുള്‍പ്പെടെയുള്ള ഒട്ടനവധി ആശങ്കള്‍ കമ്മീഷന്‍ ഇതിനു ശേഷവും ഉയര്‍ത്തിയിരുന്നതായി രഹസ്യ കുറിപ്പില്‍ കാണാം. സര്‍ക്കാര്‍ സുതാര്യത ഉറപ്പു വരുത്താനായി ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന നിലപാടില്‍ തന്നെ കമ്മീഷന്‍ ഊന്നല്‍ കൊടുക്കുന്നതായി കാണാം.
എന്നിട്ടും കമ്മീഷന്‍ ബോണ്ടുകളെ താരതമ്യേന ‘സുതാര്യവും ന്യായമായതുമായ ഒരു പദ്ധതിയായി അംഗീകരിച്ചിരിക്കുന്നു’ എന്ന് ഞാന്‍ മനസിലാക്കുന്നു എന്ന് ഗാര്‍ഗ് കുറിച്ചിരിക്കുന്നതായി കാണാം.
ഇത് ഒരു തെറ്റായ പ്രസ്താവനയാണ്. 2018 ഒക്ടോബറിന്റെ അവസാനം വരെയും കമ്മീഷന്‍ ഇത് സുതാര്യത ഉറപ്പു വരുത്തുന്ന തരത്തില്‍ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നതായി നീതി, നിയമ മന്ത്രാലയത്തിന്റെ രേഖകളില്‍ കാണാം. കമ്മീഷന്‍ സമര്‍പ്പിച്ച അഭിപ്രായങ്ങള്‍ ധനകാര്യമന്ത്രാലയം തുടരെ തുടരെ അവഗണിക്കുകയാണ് ഉണ്ടായത് എന്നത് രേഖകളില്‍ നിന്ന് വ്യക്തമാണ്. ധനകാര്യ മന്ത്രാലയത്തിലേയും ഇലക്ഷന്‍ കമ്മീഷനിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ഈ കൂടിക്കാഴ്ചകളുടെ രേഖകളും മറ്റു വിനിമയ രേഖകളും കാണിക്കുന്നത്, ധനകാര്യ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ സംബന്ധിച്ചു പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു എന്ന് തന്നെയാണ്.
സ്ഥിതിഗതികള്‍ ഇങ്ങനെ ഒക്കെ ആയിരുന്നിട്ട് കൂടി മന്ത്രി രാധാകൃഷ്ണന്‍ എന്തുകൊണ്ടാണ് 2018 ലെ ശീതകാല സമ്മേളനത്തില്‍ അത്ര ആത്മവിശ്വാസത്തോടു കൂടി പാര്‍ലമെന്റില്‍ ആ കള്ളം പറഞ്ഞു എന്നത് കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്. കമ്മീഷന്‍ നീതിന്യായ മന്ത്രാലയത്തിന് കത്തയച്ചിരുന്നു എന്ന് കാണിക്കുന്ന രേഖകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണ്. ഇതിനെ തുടര്‍ന്ന് രാജ്യസഭാംഗമായ ഹഖ് അയച്ച അവകാശ ലംഘന പരാതി രാജ്യസഭ സെക്രട്ടറിയേറ്റില്‍ നിന്നും ധനകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തിന് വേണ്ടി 2018 ഡിസംബര്‍ 28ല്‍ അയച്ചിട്ടുണ്ട്.
രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞു എന്ന് വ്യക്തമായ തെളിവുകളോടെ പിടിക്കപ്പെട്ടിട്ടും ന്യായീകരിക്കാന്‍ മാത്രമാണ് മന്ത്രാലയം ശ്രമിച്ചത്. ഒന്നിന് പുറകെ ഒന്നായി കൂടുതല്‍ വളച്ചൊടിച്ച നുണകള്‍ സത്യങ്ങളെ മൂടി വെക്കുന്നതിനായി പറഞ്ഞു കൊണ്ടിരുന്നു.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരുന്ന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ് കുമാര്‍ ഗാര്‍ഗ് കമ്മീഷനെ നേരിട്ട് കണ്ടപ്പോള്‍ ഇക്കാര്യം ഇലക്ഷന് കമ്മീഷന് സൂചിപ്പിക്കാമായിരുന്നു എന്ന് 2019 ജനുവരി 1-ന് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം രാധാകൃഷ്ണന്‍ നുണ പറഞ്ഞിട്ടില്ലെന്ന് മേലുദ്യോഗസ്ഥരെ ഉപദേശിക്കുകയാണ് ചെയ്തത്. എക്കണോമിക്സ് അഫയേഴ്‌സ് സെക്രട്ടറി ആയിരുന്ന ഗാര്‍ഗിന് കൂടുതല്‍ സങ്കീര്‍ണമായ ഒരു വാദമാണ് ഉന്നയിക്കാനുണ്ടായിരുന്നത്.
രാധാകൃഷ്ണന്‍ തെറ്റായ പ്രസ്താവനയാണ് പാര്‍ലമെന്റില്‍ നടത്തിയതെന്ന് അദ്ദേഹം ആദ്യം സമ്മതിക്കുകയും എന്നാല്‍ പിന്നീട് 2019 ജനുവരി 2-ന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി ഇങ്ങനെ കുറിക്കുകയും ചെയ്തു: ‘നല്‍കപ്പെട്ട ഉത്തരത്തില്‍ ഒരു ഒഴുക്കുണ്ട്. സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ആശങ്കകള്‍ കുറിച്ച് കൊണ്ടുള്ള കത്തുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന് ഇത്തരത്തില്‍ യാതൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ മുകളില്‍ കുറിച്ചിരിക്കുന്നു വസ്തുതകളുടെ വെളിച്ചത്തില്‍ ഇതൊരു തെറ്റായ പ്രസ്താവനയാവില്ലായിരുന്നു.’
അതിനുശേഷം അദ്ദേഹം രണ്ടു കാര്യങ്ങള്‍ മുന്നോട്ടു വെച്ചു: ‘ഒന്നുകില്‍ ഗവണ്മെന്റ് എന്നതുകൊണ്ട് ധനകാര്യ മന്ത്രാലയം എന്നാണ് മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ഉദ്ദേശിച്ചതെന്ന് ഒരു വിശദീകരണ പ്രസ്താവന പാര്‍ലമെന്റില്‍ നടത്തുക അല്ലെങ്കില്‍ ഇതേ വിഷയത്തിലെ വസ്തുതകളെ സംബന്ധിച്ചു കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുക. ഇപ്പറഞ്ഞതിനെ കുറിച്ച് പരിശോധിക്കുകയും ഞങ്ങളെ ധനകാര്യ മന്ത്രാലയവുമായി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുക.’, അദ്ദേഹം കുറിപ്പില്‍ എഴുതി.
മന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്ന് കാണിക്കാനായി ഗാര്‍ഗിന്റെ കീഴുദ്യോഗസ്ഥനും ബജറ്റ് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറിയുമായ അരവിന്ദ് ശ്രീവാസ്തവ കൂടുതല്‍ നൂതനമായ മൂന്നു വിശദീകരണങ്ങള്‍ മുന്നോട്ടു വെച്ചു.
ഇതില്‍ രണ്ടെണ്ണം ബ്യുറോക്രറ്റിക് പദാവലികള്‍ ഉപയോഗിച്ചുള്ളതും മൂന്നാമത്തേത് സത്യത്തെ നിര്‍ദാക്ഷിണ്യം വളച്ചൊടിച്ചു കൊണ്ടുള്ളതും ആയിരുന്നു. ‘തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷനും ധനകാര്യ മന്ത്രാലയവും തമ്മില്‍ യാതൊരു വിധത്തിലുമുള്ള വിനിമയങ്ങളും നടന്നിട്ടില്ല. പത്രക്കുറിപ്പുകള്‍ പരാമര്‍ശിക്കുന്നത് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017 മെയ് 26 നു അയച്ച കത്തിനെ സംബന്ധിച്ചാണ് . ഈ കത്ത് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പത്രങ്ങളില്‍ പരാമര്‍ശിച്ച ഈ കത്തിനെ കുറിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ മന്ത്രാലയത്തിന് അവസരം ഉണ്ടായിട്ടില്ല.’
ഇതും മറ്റൊരു കള്ളമാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ആശയം ഉദിച്ചു വന്ന റവെന്യു വിഭാഗത്തിലും, ഈ കള്ളങ്ങള്‍ അത്രയും പറയുന്ന വിഭാഗങ്ങളിലും ഉള്‍പ്പെടെ ഇലക്ഷന്‍ കമ്മീഷന്റെ ഈ കത്ത് ധനകാര്യ മന്ത്രാലയത്തില്‍ കൈപ്പറ്റിയതാണ്. ഇതിനെല്ലാം ഉപരി, 2018 ജൂലൈ 28-ന് ഇക്കണോമിക് അഫെയേഴ്സ് സെക്രട്ടറി ഗാര്‍ഗ് നേരിട്ട് ഇലക്ഷന്‍ കമ്മിഷനുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച്ച നടത്തിയതിന്റെ രേഖകളുമുണ്ട്. ഇതിനോടനുബന്ധിച്ച് 2019 ജനുവരി 12-ന് ഹഖിന് മറുപടിയായി മന്ത്രി രാധാകൃഷ്ണന്‍ ഇങ്ങനെ എഴുതി. ‘തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ സംബന്ധിച്ച വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഔദ്യോഗിക വിനിമയങ്ങള്‍ ഒന്നും തന്നെ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെ സംബന്ധിച്ച വിശദീകരണത്തില്‍ ഗവണ്മെന്റ് എന്നത് കൊണ്ട് ധനകാര്യ മന്ത്രാലയം എന്നാണ് അര്‍ത്ഥമാക്കിയത്. അതുകൊണ്ടു തന്നെ പാര്‍ലമെന്റിന്റെ ഓഗസ്റ്റ് സമ്മേളനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കണക്കാക്കി യാതൊന്നും പറഞ്ഞിട്ടില്ലെന്നും മുന്‍കൂട്ടി കണക്കാക്കിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തക്ക വണ്ണം സുതാര്യമാണ് തെരഞ്ഞെടുപ്പ് ബോണ്ടിന്റെ ഘടന എന്നും ഞാന്‍ ഉറപ്പു നല്‍കി കൊള്ളട്ടെ.’ ഈ ന്യായീകരണത്തെയും ബത്ര തന്റെ രേഖകള്‍ കൊണ്ട് തള്ളിക്കളയുന്നുണ്ട്. വിവരാവകാശ നിയമ പ്രകാരം 2017 ജൂലൈ 3-ന് ധനകാര്യ മന്ത്രാലയം ഈ കത്ത് കൈപ്പറ്റിയതിന്റെ രേഖകള്‍ അദ്ദേഹം പരസ്യമാക്കി. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വകുപ്പുകളിലേക്കും ഈ കത്തിന്റെ പകര്‍പ്പുകള്‍ അയച്ചതിന്റെ രേഖകള്‍ ബത്ര കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ തന്നെ, തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ നടപ്പിലാക്കലിന് മേല്‍നോട്ടം വഹിക്കുന്ന ഇക്കണോമിക് അഫയേഴ്സ് വിഭാഗത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ സെക്ടര്‍ ആന്‍ഡ് ലെജിസ്ലേഷന്‍ വിഭാഗം ഇലക്ഷന്‍ കമ്മീഷന്റെ ആശങ്കകളോട് യോജിക്കുന്നു പോലുമുണ്ട്. ഇത്രയൊക്കെ ആയിരുന്നിട്ടു കൂടി ധനകാര്യ മന്ത്രാലയം ഈ ആശങ്കകളോട് പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു – ഇതൊരു പക്ഷെ ഇലക്ഷന്‍ കമ്മീഷന്‍ ഉയര്‍ത്തിയ ആശങ്കകളെ അംഗീകരിക്കുന്നതിന് തുല്യമായ സൂചനയായി കണക്കാക്കപ്പെടാം എന്നതിനാല്‍ ആവാം.
2019 മാര്‍ച്ചില്‍ സുപ്രീം കോടതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോഴാണ് ഈ വിഷയത്തില്‍ കമ്മീഷന്‍ തുടരുന്ന എതിര്‍പ്പ് പരസ്യമായത്. പക്ഷെ ഇതിനകം തന്നെ 1400 കോടിയില്‍പ്പരം രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കോര്‍പറേഷനുകള്‍ വാങ്ങുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കുകയും ചെയ്തു കഴിഞ്ഞിരുന്നു.
2019 ഓഗസ്റ്റില്‍ പുതുതായി സ്ഥാനമേറ്റ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഈ വിവാദങ്ങള്‍ക്കു ഒരു വിരാമമിടാന്‍ തീരുമാനിച്ചു. ഹഖിന്റെ ചോദ്യങ്ങള്‍ക്കു തിരുത്തലുകളോടെ ഒരു ഉത്തരം അവര്‍ മുന്നോട്ടു വെച്ചു.
ഇപ്പോള്‍ പാര്‍ലമെന്റ് രേഖകളുടെ ഭാഗമായ ഈ തിരുത്തിയ മറുപടി അനുസരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച വിഷയത്തില്‍ ഗൗരവതരമായ ആശങ്കകള്‍ മുന്നോട്ടു വെച്ചിരുന്നു എന്ന് സമ്മതിക്കുന്നു. ഇപ്രാവശ്യം ധനകാര്യ മന്ത്രാലയം സാങ്കേതികതകളെ തങ്ങളുടെ ന്യായീകരണത്തിനു കൂട്ടുപിടിക്കാന്‍ ഉപയോഗിച്ചില്ല.
എന്നിരുന്നാല്‍ കൂടി, ഇത്തവണയും ഹഖ് ഉന്നയിച്ച പ്രധാന ചോദ്യത്തിന് – ഇലക്ഷന്‍ കമ്മീഷന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് കൈക്കൊണ്ടത് എന്ന ചോദ്യത്തിന് – സീതാരാമന്‍ ഉത്തരം ഒന്നും നല്‍കിയില്ല. ചോദ്യത്തെ വിദഗ്ദമായി അവഗണിക്കുകയാണ് ‘തിരുത്തിയ മറുപടി’യിലും. ഈ ചോദ്യത്തിന് ഉത്തരമായി സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കി വരുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സവിശേഷതകളെ വിശദീകരിക്കുക എന്ന മുട്ടാപ്പോക്ക് ഉത്തരം തന്നെയാണ് നിര്‍മല സീതാരാമനും നല്‍കിയത്.
ആര് കേള്‍ക്കാന്‍?
ഇലക്ഷന്‍ കമ്മീഷനോടും ആര്‍ബിഐയോടും മാത്രമല്ല സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ രൂപീകരിക്കാനായി ഉപദേശം തേടുന്നു എന്ന തരത്തില്‍ പ്രഹസനം നടത്തിയത്. ഇതേ പ്രഹസനം രാഷ്ട്രീയ പാര്‍ട്ടികളോടും നടത്തിയിരുന്നു എന്ന് രേഖകള്‍ കാണിക്കുന്നു.
തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി എങ്ങനെ മെച്ചപ്പെടുത്താമെന്നും പ്രയോഗത്തില്‍ വരുത്താമെന്നും അഭിപ്രായം ആരാഞ്ഞുകൊണ്ട് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ജയ്റ്റ്‌ലി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തെഴുതിയിരുന്നു. പലരും തിരിച്ചെഴുതുകയും ചെയ്തു.
‘തെരഞ്ഞെടുപ്പ് ഫണ്ടിങ്ങുകളുടെ സുതാര്യതയെ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ആശങ്കാകുലരാണെന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.’ കോണ്‍ഗ്രസ് ട്രഷറര്‍ ആയിരുന്ന മോത്തിലാല്‍ വോറ എഴുതി. ‘സുതാര്യത എന്നാല്‍ സര്‍ക്കാര്‍ മൂന്നു കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. 1) ആരാണ് ദാതാവ്? 2) ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് പണം സ്വീകരിക്കുന്നത്? 3) സംഭാവന ചെയ്യപ്പെടുന്ന സംഖ്യ എത്രയാണ്.’
ഏതെങ്കിലും പ്രത്യേക സ്‌കീമുകളുടെ അഭാവത്തില്‍ ദാതാവിന്റെ പേര് വിവരങ്ങള്‍ ബോണ്ട് ഇഷ്യൂ ചെയ്യുന്ന ബാങ്കിന് മാത്രമാണ് ലഭ്യമായിട്ടുള്ളത്. സംഭാവന സ്വീകരിക്കുന്ന വ്യക്തി/പാര്‍ട്ടിയുടെ പേര് ഇന്‍കംടാക്സ് വിഭാഗത്തിനും മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നാണ് മന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചന എന്ന് വോറ അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍, സര്‍ക്കാരിന് മാത്രമാണ് പണം നല്കുന്നവരുടെയും വാങ്ങുന്നവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമല്ല. ഈ സ്‌കീമിനെ കുറിച്ച് കൂടുതല്‍ പഠിച്ചതിനു ശേഷം മാത്രമേ സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഗവണ്മെന്റ് ഈ ആശയത്തെ എങ്ങനെയാണു വിഭാവനം ചെയ്തിരിക്കുന്നത് എന്നതിനെ സംബന്ധിച്ച ഒരു കരട് രേഖ ലഭ്യമാക്കുന്നത് അഭിനന്ദനാര്‍ഹം ആയിരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷയായ മായാവതി അഭിപ്രായപ്പെട്ടു.
ഈ സ്‌കീമിന്റെ സുതാര്യതയെ കുറിച്ചുള്ള സര്‍ക്കാരിന്റെ വാദങ്ങളെ എന്തുകൊണ്ട് മുഖ വിലക്കെടുക്കാന്‍ സാധിക്കില്ല എന്നതിനെ പറ്റി വളരെ വിശദമായി തന്നെ സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എസ്. സുധാകര്‍ റെഡ്ഡി വിവരിക്കുന്നുണ്ട്. കോര്‍പറേറ്റുകളുടെ ഇത് സംബന്ധിച്ച സുതാര്യതയില്ലാത്ത പണമിടപാടുകള്‍ക്കു മേല്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ രാഷ്ട്രീയ സഖ്യമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയെങ്കിലും – ശിരോമണി അകാലി ദള്‍ – രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതക്കു വേണ്ടിയുള്ള ഈ ചരിത്രപരമായ നീക്കത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലാഭവിഹിതത്തില്‍ നിന്ന് ഒരു നിശ്ചിത ശതമാനം എങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടുത്താല്‍ ഇത് കൂടുതല്‍ നീതികരമായ ഒരു നീക്കം ആയിരിക്കും എന്നും ഈ അഭിനന്ദനത്തോടൊപ്പം കൂട്ടിച്ചേര്‍ത്തു. ബിജെപി ബജറ്റ് സമ്മേളനത്തില്‍ എന്താണോ ചെയ്തത് അതിനു പൂര്‍ണമായും ബദല്‍ നില്‍ക്കുന്നതായിരുന്നു ശിരോമണി അകാലി ദളിന്റെ ഈ നിര്‍ദേശം – കമ്പനികളുടെ മൂന്നു വര്‍ഷത്തെ ലാഭ വിഹിതത്തിന്റെ 7.5 ശതമാനം സംഭാവനകള്‍ നല്‍കേണ്ടതുണ്ടെന്നത് ആ ബജറ്റ് സമ്മേളനത്തില്‍ ബിജെപി നീക്കം ചെയ്തു.
തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ളതും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതുമായ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ക്ക് ശേഷവും സ്വന്തം രാഷ്ട്രീയ മേലാളരെ പ്രീതിപ്പെടുത്തുന്ന തരത്തിലാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രമാണ് ധനകാര്യ മന്ത്രിയോട്, ഇതിനെ കുറിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം ആരായേണ്ടതുണ്ടോ എന്ന് തന്നെ ചോദിച്ചിട്ടുള്ളത്. ജെയ്റ്റ്‌ലിയാകട്ടെ അതിന്റെ ആവശ്യം ഇല്ല എന്ന സൂചന നല്‍കികൊണ്ട് ഈ ചോദ്യത്തോട് മൗനം പാലിക്കുകയാണ് ചെയ്തത്.
പ്രതിപക്ഷ പാര്‍ട്ടികളോട് അഭിപ്രായം ആരാഞ്ഞ നീക്കം സര്‍ക്കാരിന്റെ മറ്റൊരു പ്രഹസനം മാത്രമായിരുന്നു. മുന്‍പ് ഇലക്ഷന്‍ കമ്മിഷനോടും ആര്‍ബിഐയോടും നടത്തിയ പ്രഹസനം പോലെ തന്നെ. തങ്ങള്‍ ആവശ്യമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്തു കൊണ്ട് തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് എന്ന് വാദിക്കാന്‍ വേണ്ടി മാത്രം.