UPDATES

വിഷം കൊടുത്തും, തല തകര്‍ത്തും, ആസിഡ് ഒഴിച്ചും ഇരകളെ കൊന്ന നിധി വേട്ടക്കാരനായൊരു സീരിയല്‍ കില്ലര്‍

മൂന്നു സംസ്ഥാനങ്ങളിലായി 11 കൊലകള്‍

                       

രമതി സത്യനാരായണ, രണ്ടു മക്കളും ഭാര്യയുമുള്ള ഒരു സാധാരണ കുടുംബസ്ഥന്‍. തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍, വാനപ്പട്ടി ജില്ലകളിലൊക്കെ നടക്കുന്ന ഭൂമിക്കച്ചവടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു ചെറുകിട ബ്രോക്കര്‍. ഇത്രയൊക്കെയാണ് അയാളെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിയാമായിരുന്നത്. പൊലീസ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്തുന്നതുവരെ!

പുറമെ കാണുന്നതിന് അപ്പുറം ആരായിരുന്നു സത്യനാരായണ?

നിങ്ങള്‍ അമാനുഷിക കാര്യങ്ങളില്‍ വിശ്വസിക്കുന്നൊരാളാണോ? അങ്ങനെയുള്ളവര്‍ക്കിടയില്‍ സത്യനാരായണയ്ക്ക് മറ്റു ചില മുഖങ്ങളുണ്ടായിരുന്നു, ഒരു പാരമ്പര്യ ചികിത്സകന്റെയും കൗശലക്കാരനായ നിധിവേട്ടക്കാരന്റെയും മുഖങ്ങള്‍…

പൊലീസ് ആ 47 കാരനെക്കുറിച്ചു പറഞ്ഞ ഞെട്ടിക്കുന്ന വിവരം അതായിരുന്നില്ല…

ഹൈദരാബാദ് സ്വദേശിയായ ഗൊവുല വെങ്കിടേശ എന്നയാളുടെ കൊലപാതകത്തില്‍ നിന്നാണ് പലതും അറിയാന്‍ തുടങ്ങുന്നത്. വെങ്കിടേശ ഒരു നിധി മോഹിയായിരുന്നു. അന്ധവിശ്വാസിയായ ഒരു അത്യാഗ്രഹി. വെങ്കിടേശയുടെ കൊലപാതകത്തിനാണ് സത്യനാരായണയെ അറസ്റ്റ് ചെയ്യുന്നത്. പക്ഷേ, ആ കുറിയ, ശാന്തസ്വഭാവിയായ, മൃദുഭാഷിയായ മനുഷ്യനെ പിടികൂടിയ സമയത്ത് പൊലീസുകാര്‍ക്ക് അറിയില്ലായിരുന്നു,

മൂന്നു സംസ്ഥാനങ്ങളിലായി മറ്റു 10 പേരെക്കൂടി കൊലപ്പെടുത്തിയിട്ടുള്ള ഒരു സീരിയല്‍ കില്ലര്‍ ആണ് രമതി സത്യനാരായണെന്ന്.

മുഖത്ത് ആസിഡ് ഒഴിച്ചും, പാറക്കല്ല് കൊണ്ട് തലയടിച്ച് തകര്‍ത്തും വിഷം കൊടുത്തും തന്റെ ഇരകളെ കൊന്നിരുന്ന, ക്രൂരനായൊരു കൊലപാതകിയാണ് തങ്ങളുടെ പിടിയിലായിരിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് നാഗര്‍കുര്‍ണൂല്‍ ഡിഎസ്പി ബി മോഹന്‍ കുമാര്‍ പറഞ്ഞതെന്നാണ്, രാമട്ടി സത്യനാരായണയുടെ കഥ പറയുന്ന ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുള്ളത്.

2020 മുതലാണ് സത്യനാരായണ തന്റെ മനുഷ്യവേട്ട തുടങ്ങിയത്. എന്നിട്ടയാള്‍ പിടിയിലാകുന്നതാകട്ടെ മൂന്നു വര്‍ഷത്തിനുശേഷവും. അതിനിടയിലാണ് ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലായി 11 കാരിയെ ഉള്‍പ്പെടെ 11 പേരെ കൊലപ്പെടുത്തിയത്.

അയാളൊരു ക്രൂരന്‍ മാത്രമായിരുന്നില്ല, ബുദ്ധിമാനുമായിരുന്നു.

അയാളാല്‍ കൊല്ലപ്പെടുകയല്ലാതെ, മറ്റുവഴിയില്ലാത്തവിധം കെണിയില്‍ അകപ്പെട്ടു പോയവരായിരുന്നു 11 പേരും.

സത്യനാരായണ ആദ്യം ചെയ്തിരുന്നത്, തന്റെ ഇരകളുടെ പൂര്‍ണമായ വിശ്വാസം നേടിയെടുക്കലായിരുന്നു. അതിനയാള്‍ ചെയ്തിരുന്ന സൂത്രം അവരുടെ താത്പര്യം മനസിലാക്കുകയായിരുന്നു. ഭൂമിയിടപാട്, അന്ധവിശ്വാസം, നിധി വേട്ട, പാരമ്പര്യ ചികിത്സകള്‍ തുടങ്ങി ഓരോരുത്തര്‍ക്കും എന്തിലാണോ താത്പര്യം, അതിനനുസരിച്ച് അവരിലേക്കുള്ള വഴി വെട്ടി. ഒന്നിനും തിടുക്ക് കാണിച്ചില്ല. ഓരോ ഇരയെയും ആദ്യമായി കണ്ടുമുട്ടിയതിനു ശേഷം, തനിക്ക് അവര്‍ വിധേയപ്പെടാന്‍ വേണ്ടി ആഴ്ച്ചകളോ മാസങ്ങളോ കാത്തിരുന്നു. ഏതു സമയത്തും, ഏത് സ്ഥലത്തുവച്ചും തന്നെ കാണാന്‍ അവര്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്ന് ഉറപ്പായതിനുശേഷം മാത്രമായിരുന്നു സത്യനാരായണയിലെ പിശാച് തന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്.

കാജ പാഷ, അതായിരുന്നു ആ പച്ചക്കറി കച്ചവടക്കാരന്റെ പേര്. തെലങ്കാനയിലെ യെനുഗോണ്ടക്കാരനായ ആ 42 കാരനായിരുന്നു സത്യനാരായണയുടെ ആദ്യ ഇര.

തന്റെ പറമ്പില്‍ നിന്നും കിട്ടിയ പൊട്ടിയ മണ്‍പാത്ര കഷ്ണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പാഷയുടെ ജീവനെടുക്കുന്നത്.

ആ മണ്‍പാത്ര കഷ്ണങ്ങള്‍ മണ്ണിനടിയില്‍ മറഞ്ഞു കിടക്കുന്ന നിധിയുടെ സൂചകങ്ങളാണെന്ന് പാഷ വിശ്വസിച്ചു. ആ ദുരാഗ്രഹമാണ് അയാളെ സത്യനാരായണയുടെ മുന്നിലെത്തിക്കുന്നത്. 2020-ല്‍ ആയിരുന്നു സത്യനാരായണയെ പാഷ കാണുന്നത്.

കാജ പാഷയുടെ മനസ് മനസിലാക്കിയ സത്യനാരായണ, തന്റെ ഇരയുടെ അത്യാഗ്രഹത്തിന് ആഴം കൂട്ടി. അടുത്ത ഏതാനും മാസങ്ങള്‍കൊണ്ട് പാഷയെ കില്ലര്‍ തന്റെ പൂര്‍ണവരുതിയില്‍ കൊണ്ടുവന്നു. ആ സ്ഥലത്തിന്റെ നിലവിലെ വില 10 ലക്ഷമായിരുന്നു, ആ മണ്ണില്‍ മറഞ്ഞു കിടക്കുന്ന നിധിയുടെ മൂല്യം അതിന്റെ പലമടങ്ങ് ഇരട്ടിയാണെന്ന് പാഷയെ വിശ്വസിപ്പിച്ചു. നിധി കൈയിലെടുത്ത് തരും, അതിനുള്ള ഫീസ് ആയി സ്ഥലം തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു തരണമെന്നായിരുന്നു സത്യനാരായണയുടെ ഡിമാന്‍ഡ്. അയാള്‍ എന്തു പറഞ്ഞാലും അനുസരിക്കാന്‍ തക്കവിധത്തില്‍ അടിമപ്പെട്ടിരുന്ന പാഷ വസ്തു എഴുതികൊടുക്കാന്‍ മടിച്ചില്ല.

ഭൂമി തന്റെ പേരിലായതോടെ സത്യനാരായണ പതിയെ പാഷയെ ഒഴിവാക്കാന്‍ തുടങ്ങി. ഇത് മനസിലാക്കിയ പാഷ, താന്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് സത്യനാരായണയെ ഭീഷണിപ്പെടുത്തി. അപകടം മണത്ത, കില്ലര്‍ ആ വര്‍ഷം ഓഗസ്റ്റ് 13 ന് പാഷയെ വിളിച്ചു.

നിധിയെടുക്കാന്‍ പറ്റിയ സമയമായിരിക്കുന്നുവെന്ന് അയാളെ പറഞ്ഞു വിശ്വസിപ്പിച്ച്, പൂജയ്ക്ക് തയ്യാറെടുപ്പിച്ചു.

പിറ്റേ ദിവസം രാവിലെ ഭാര്യസഹോദരന്‍ സെയ്ദു, പാഷയുടെ വീട്ടില്‍ വന്നു വിളിച്ചിട്ടും അകത്ത് നിന്നും ആരുടെയും മറുപടിയുണ്ടാകുന്നില്ല. സംശയം തോന്നിയ സെയ്ദു നടത്തിയ പരിശോധനയിലാണ് അടുക്കളയ്ക്ക് അടുത്തായി തറയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ പാഷയുടെ മൃതദേഹം കാണുന്നത്. ശരീരത്തിന് സമീപമായി ചെറിയൊരു കുഴിയുണ്ടായിരുന്നു, ഏറ്റവും അടുത്ത സമയത്തായി കുഴിച്ചതാണത്, കത്തി തീരാത്ത ചന്ദനത്തിരികള്‍, കര്‍പ്പൂരം മഞ്ഞള്‍, റോസ പൂക്കള്‍, തേങ്ങ എന്നിവയൊക്കെ ചുറ്റുവട്ടത്തുണ്ടായിരുന്നു.

സെയ്ദു ഭയന്നതെന്തായിരുന്നോ അതു തന്നെയായിരുന്നു മറ്റ് മുറികളില്‍ അയാള്‍ കണ്ടത്. പാഷയുടെ 40 കാരിയായ ഭാര്യ അസ്മ ബീഗം, 65 വയസുള്ള ഭാര്യമാതാവ് ഹസിറബായ്, പിന്നെ 11 കാരിയായ മകള്‍ അസ്‌റിന്‍ ഹസീനയും തണുത്ത് മരവിച്ച് കിടക്കുന്നുണ്ടായിരുന്നു.

വനപര്‍തി പൊലീസിന്റെ ആദ്യ നിഗമനം സാമ്പത്തിക ബാധ്യത മൂലമുള്ള കുടുംബത്തിന്റെ കൂട്ട ആത്മഹത്യയെന്നായിരുന്നു. പക്ഷേ, പാഷയുടെ സമീപത്ത് കണ്ടെത്തിയ നാരങ്ങയും മറ്റും അവിടെയൊരു മന്ത്രവാദ ക്രിയ നടന്നിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. അതില്‍ പിടിച്ചായിരുന്നു പൊലീസിന്റെ പിന്നീടുള്ള അന്വേഷണം. പക്ഷേ അവര്‍ക്ക് ആകെ കണ്ടുപിടിക്കാനായത്, പാഷയും ഹസിറബായിയും മറയ്ക്കപ്പെട്ട നിധി തേടുന്നവരായിരുന്നു എന്നു മാത്രമാണ്. എന്നാല്‍ ആ അരുംകൊലകള്‍ ആര് നടത്തിയെന്നത് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

എങ്ങനെയായിരുന്നു പാഷയുടെ കുടുംബത്തെ സത്യനാരായണ ഒറ്റയ്ക്ക് വകവരുത്തിയത്?

ഡിസംബര്‍ 12 ന് പിടിയിലായതിനു ശേഷം നടത്തിയ കുറ്റസമ്മതത്തില്‍ ആ കഥ സത്യനാരായണ തന്നെ പറയുന്നുണ്ട്.

ഇരകളെ അയാള്‍ ഓരോരോ മുറികളില്‍ ഇരുത്തി. അവരുടെ കണ്ണുകള്‍ കറുത്ത തുണികള്‍ കൊണ്ട് മൂടിക്കെട്ടി. പൂജയുടെ ഭാഗമാണെന്ന് അവരെ വിശ്വസിപ്പിച്ചു. പിന്നീട്, ദേവതകള്‍ക്ക് സമര്‍പ്പിച്ച വഴിപാട് എന്നു പറഞ്ഞ് കുടിക്കാന്‍ പാല് കൊടുത്തു. എന്നിട്ടയാള്‍ കാത്തു നിന്നു, വിഷം ഓരോരുത്തരുടെയും നെഞ്ചിന്റെ മിടിപ്പ് അവസാനിപ്പിക്കുന്നതു വരെ. എല്ലാവരുടെയും മരണം ഉറപ്പാക്കിയശേഷം മാത്രമാണ് സത്യനാരായണ പാഷയുടെ വീട് വിട്ടിറങ്ങുന്നത്.

എല്ലാം രഹസ്യമാക്കി വയ്ക്കാന്‍ സത്യനാരായണയ്ക്ക് കഴിഞ്ഞിരുന്നു. തന്റെ സഹായം വാഗ്ദാനം ചെയ്തവരെക്കൊണ്ടും അയാള്‍ ആദ്യം സത്യം ചെയ്യിപ്പിച്ചിരുന്നത്, എല്ലാം രഹസ്യമായിരിക്കണം എന്നായിരുന്നു. ആരോടും ഒന്നും പറയരുതെന്ന് അയാളുടെ നിര്‍ദേശം അവരെല്ലാവരും തന്നെ മരണം വരെ അനുസരിച്ചിരുന്നു! മനുഷ്യന്റെ സ്വാര്‍ത്ഥ തന്നെയായിരുന്നു കില്ലര്‍ ഉപയോഗപ്പെടുത്തിയത്. നിധിയെക്കുറിച്ച് നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍, അവര്‍ക്ക് പങ്കു കൊടുക്കേണ്ടി വരുമെന്നയാള്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ആരും ആരോടും ഒന്നും പറയാന്‍ പോയില്ല. കിട്ടുമ്പോള്‍ എല്ലാം തനിക്ക് മാത്രമായി കിട്ടണമെന്നായിരുന്നു അവരും ആഗ്രഹിച്ചത്.

2022 നവംബര്‍ 18 നാണ് വസ്രല ലിംഗസ്വാമിയുടെ തല തകര്‍ന്ന മൃതദേഹം വനപത്‌ല ഗ്രാമത്തില്‍ നിന്നും കണ്ടെത്തുന്നത്. കര്‍ഷകനായിരുന്ന ആ 50 കാരനും തന്റെ ആയുസ് അവസാനിപ്പിക്കാനുള്ള കരാര്‍ സത്യനാരായണയ്ക്ക് കൊടുക്കുന്നത് പറമ്പില്‍ നിന്നും കുഴിച്ചെടുക്കാന്‍ പോകുന്ന നിധിയുടെ പുറത്തായിരുന്നു. നവംബര്‍ 17 ന് ലിംഗസ്വാമിയെ ആളൊഴിഞ്ഞൊരിടത്തേക്ക് സത്യനാരായണ എത്തിച്ചു. എന്നിട്ടയാളെ ഒരു പാറക്കല്ലിന് തല തല്ലിപ്പൊളിച്ച് കൊന്നു..

സത്യനാരായണ ആദ്യമായി നാഗര്‍കുര്‍ണൂല്‍ പൊലിസീന്റെ റഡാറിന് കീഴില്‍ വരുന്നതും ആ കൊലയോടെയാണ്. കൊല്ലപ്പെട്ട ലിംഗസ്വാമിക്ക് സത്യനാരായണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം കിട്ടി. അതിന്റെ പേരില്‍ അയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തനിക്ക് ലിംഗസ്വാമിയെ അറിയില്ലെന്ന വാദത്തില്‍ കില്ലര്‍ ഉറച്ചു നിന്നു. ഒടുവില്‍ പൊലീസിന് അയാളെ വിട്ടയക്കേണ്ടി വന്നു, കാരണം, ലിംഗസ്വാമിയുടെ കൊലപാതകവുമായി ബന്ധിപ്പിക്കാവുന്ന യാതൊരു തെളിവും അവരുടെ കൈയിലുണ്ടായിരുന്നില്ല.

സത്യനാരായണയുടെ അടുത്ത ഇരകള്‍ ഭീം റെഡ്ഡി, തിരുപതമ്മ, മൊഹമ്മദ് സലീം പാഷ, ആരെപ്പള്ളി ശ്രീനിവാസലു, സമ്പാതി ശ്രീധര്‍ റെഡ്ഡി, സത്യനാരായണ യാദവ് എന്നിവരായിരുന്നു.

ഭീം റെഡ്ഡിയും തിരുപതമ്മയും അച്ഛനും മകളുമായിരുന്നു. നാഗര്‍കുര്‍ണൂലിലെ തിഗലപ്പള്ളി ഗ്രാമത്തിലെ കര്‍ഷകനായിരുന്നു 70 കാരന്‍ ഭീം റെഡ്ഡി, അയാളുടെ മകള്‍ 42 കാരി തിരുപതമ്മ ഹൈദരാബാദിലായിരുന്നു താമസം. നാഗര്‍കുര്‍ണൂല്‍ മണ്ഡലിലെ എന്തബേട്‌ല ഗ്രാമത്തിലുള്ള കര്‍ഷകനായിരുന്നു 38 കാരനായ സലിം പാഷ. മറ്റൊരു കര്‍ഷകനായ 52 കാരന്‍ ആരെപള്ളി ശ്രീനിവാസലു കൊല്ലാപ്പൂര്‍ മണ്ഡലിലെ മുക്കിടിഗുണ്ടം ഗ്രാമവാസിയായിരുന്നു. കല്‍വാകുര്‍ത്തി മണ്ഡലിലെ തിമ്മരാസിപള്ളി ഗ്രാമത്തിലുള്ളതായിരുന്നു 43കാരനായ സമ്പാതി ശ്രീധര്‍ റെഡ്ഡി. റിയല്‍ എസ്റ്റേറ്റ് ഏജന്റ് സത്യനാരായണ യാദവ് ഉള്‍പ്പെടെ ഇവരെല്ലാവരും തന്നെ നിധി കണ്ടെത്തി കൊടുക്കാമെന്ന് സത്യനാരായണയില്‍ നിന്നും ഉറപ്പ് കിട്ടിയവരായിരുന്നു.

പല നാട്ടിലുള്ളവര്‍, പല പ്രായക്കാര്‍, ജോലിക്കാര്‍; ഇവരെയെല്ലാവരെയും ഒരുപോലെ പറ്റിക്കാന്‍ സത്യനാരായണയ്ക്ക് എങ്ങനെ സാധിച്ചു?

നിധി കിട്ടാന്‍ വേണ്ടി തന്റെ ഇരകളിലുണ്ടായിരുന്ന അഭിനിവേശവും ആസക്തിയുമാണ് സത്യനാരായണ ചൂണ്ടയാക്കിയത്. ഒരു പൊതുസ്വഭാവം കൂടി അവര്‍ക്കെല്ലാമുണ്ടായിരുന്നു. ആരും അത്രവലിയ വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആസക്തി മുതലെടുത്ത് എല്ലാവരെയും പറഞ്ഞു മയക്കാന്‍ സത്യനാരായണയ്ക്കായി.

നാഗര്‍കുര്‍ണൂല്‍, കൊല്ലാപൂര്‍, കല്‍വകുര്‍ത്തി; അടുത്തടുത്ത പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പരസ്പര ബന്ധം ആരും കണ്ടെത്തിയില്ലെന്നതാണ് മറ്റൊരു അതിശയം. അവിടെയും പ്രാവര്‍ത്തികമായത് സത്യനാരായണയുടെ ക്രിമിനല്‍ ബുദ്ധിയായിരുന്നു. ഒരിക്കലും തന്റെ ഇരകള്‍ തമ്മില്‍ ബന്ധപ്പെടാനോ പരസ്പരം അറിയാനോ സത്യനാരായണ അവസരം ഉണ്ടാക്കിയിരുന്നില്ല. അവര്‍ തങ്ങളില്‍ തങ്ങളില്‍ തികച്ചും അപരിചതരായിരുന്നു. ഒരേ നമ്പറില്‍ നിന്നും പോലുമായിരുന്നില്ല സത്യനാരായണ അവരെ ബന്ധപ്പെട്ടു കൊണ്ടിരുന്നത്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും അടുത്തയാള്‍ക്ക് അറിയില്ലായിരുന്നു താനാണടുത്തതെന്ന്.

തന്റെ ഇരകള്‍ക്ക് മുന്നില്‍ സത്യനാരായണ അത്ഭുത വിദ്യകള്‍ അറിയാവുന്നൊരു മാന്ത്രികനെ പോലെയായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്, എരിയുന്ന ചന്ദന തിരികള്‍ക്കും പലതരം പച്ചമരുന്നുകള്‍ക്കിടയിലും(അതില്‍ പലതും വ്യാജമായിരുന്നു) അയാള്‍ ഇരുന്നു, നിങ്ങള്‍ അന്വേഷിക്കുന്ന നിധി കണ്ടെത്തി തരാന്‍ കഴിവുള്ളൊരു അമാനുഷനാണ് ഞാനെന്ന് പറയാതെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ആ പശ്ചാത്തലങ്ങള്‍ സത്യനാരായണയെ സഹായിച്ചിരുന്നു.

തന്റെ ആരാധാന മൂര്‍ത്തികളായ ദേവതകളുടെ പേരുകള്‍ പറഞ്ഞ് ഇരകളെ അയാള്‍ വിശ്വാസ വലയത്തില്‍ അകപ്പെടുത്തുമായിരുന്നു. ഈ ദേവതകളാണ് നിധി കണ്ടെത്താന്‍ തന്നെ സഹായിക്കുന്നതെന്നായിരുന്നു അവകാശവാദം. മറ്റുള്ളവര്‍ അത് വിശ്വസിച്ചു. എന്നിട്ടയാള്‍ അവരോട് പറയും, നിധി എടുക്കാന്‍ ശരിയായ ദിവസം മൂര്‍ത്തികള്‍ പറയും, അന്നു നമ്മള്‍ അത് കണ്ടെത്തും…

ആ ദിവസം, അതയാള്‍ കുറിക്കുന്ന മരണ നാളായിരുന്നു…

ഗോവുല വെങ്കിടേശയിലായിരുന്നു സത്യനാരായണയ്ക്ക് പിഴച്ചത്.

വെങ്കിടേശയും നിധി മോഹിയായിരുന്നു. സ്വഭാവികമായി അയാള്‍ സത്യനാരായണയിലെത്തി.

പത്തുലക്ഷം രൂപയാണ് വെങ്കിടേശ നിധി കണ്ടെത്താനായി സത്യനാരായണയ്ക്ക് ഫീസായി നല്‍കിയത്. അതും കടം വാങ്ങിയ പണം. ഈ വര്‍ഷം ഓഗസ്റ്റിലാണ് പണം നല്‍കുന്നത്. പക്ഷേ, പണം വാങ്ങിയെങ്കിലും പറഞ്ഞ സമയത്ത് നിധി കണ്ടെത്തി കൊടുക്കാതിരുന്നതോടെ വെങ്കിടേശ ഇടഞ്ഞു. അയാളെ ശാന്തനാക്കാമെന്ന് കരുതി സത്യനാരായണ ഒരു ബുദ്ധി പ്രയോഗിച്ചു. സെപ്തംബറില്‍ വെങ്കിടേശയെയും കൂട്ടി കൊല്ലാപൂരിലെത്തി. അവിടെ ‘നിധി ഒളിഞ്ഞിരിക്കുന്ന’ ഭൂമി കാണിച്ചുകൊടുത്തു. പക്ഷേ, കൃത്യമായ സ്ഥാനം കണ്ടെത്തണമെങ്കില്‍ മൂന്നു ഗര്‍ഭിണികളായ സ്ത്രീകളെ ബലി കൊടുക്കണം!

ആ കഥയില്‍ വെങ്കിടേശ വീണില്ല. അയാള്‍ക്ക് സംശയം തോന്നിയിരിക്കണം, സത്യനാരായണയോടു പണം തിരികെ ചോദിച്ചു. അപകടം മണത്ത കില്ലര്‍ നവംബര്‍ ഒന്നിന് വെങ്കിടേശയെ വിളിച്ചു. നാഗര്‍കുര്‍ണാലില്‍ മറ്റൊരിടത്ത് നിധിയുള്ള വിവരം കിട്ടിയിട്ടുണ്ടെന്ന് അറിയിക്കാനായിരുന്നു വിളിച്ചത്. അതിനൊപ്പം ഒരുകാര്യം കൂടി പറഞ്ഞു, നിധി കണ്ടെടുക്കുന്നതിനു മുന്നോടിയായി അടുത്ത അഞ്ചു ദിവസം താന്‍ പൂജയിലായിരിക്കുമെന്നും ഒരു വിധത്തിലും തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു.

നവംബര്‍ നാലാം തീയതി വെങ്കിടേശ തന്റെ ഭാഗ്യദാതാവിനെ കാണാനെത്തി. നിധിശേഖരമുള്ള ഭൂമിയിലേക്ക് പോകുന്നതിന് മുമ്പായി മൊബൈല്‍ ഓഫ് ചെയ്ത് വയ്ക്കാനായിരുന്നു സത്യനാരായണ നല്‍കിയ ആദ്യ നിര്‍ദേശം. അതിനുശേഷമാണ് ‘ ദേവി പ്രസാദ’മായി വിഷം കലക്കിയ പാല് വെങ്കിടേശയ്ക്കു കുടിക്കാന്‍ കൊടുക്കുന്നത്. പാല് കുടിച്ച വെങ്കിടേശ അബോധാവസ്ഥയിലായതിനുശഷം അയാളെ കൊണ്ട് സത്യനാരായണ ജലാല്‍പൂര്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വിജനമായ കുന്നിന്‍ പുറത്തേക്ക് വണ്ടിയോടിച്ചു പോയി.

അവിടെ വച്ച് നേരിയ ബോധമുള്ള വെങ്കിടേശയോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു, ശേഷം കണ്ണടിച്ചിരിക്കാനും. പിന്നീടയാള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് വെങ്കിടേശയുടെ വായിലും മുഖത്തുമായി ഒഴിച്ചു. മരണം ഉറപ്പാക്കിയശേഷം വെങ്കിടേശയുടെ പേഴ്‌സും ഐഡി കാര്‍ഡും ഷര്‍ട്ടുമെല്ലാം പലപല സ്ഥലങ്ങളിലായി വലിച്ചെറിഞ്ഞു കളഞ്ഞു.

പതിനൊന്നാമത്തെ കൊലപാതകവും ഭംഗിയായി ചെയ്തിരിക്കുന്നുവെന്നു കരുതിയിരിക്കുമ്പോഴായിരുന്നു, അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മൊബാല്‍ ഫോണ്‍ ശബ്ദിച്ചത്.

അത്, ഗോവുല ലക്ഷ്മിയായിരുന്നു, വെങ്കിടേശയുടെ ഭാര്യ.

ലക്ഷ്മിയ്ക്കായിരുന്നു സത്യനാരായണയുടെ കൊലപാതക പരമ്പര അവസാനിപ്പിക്കാനുള്ള നിയോഗം.

അതുവരെ തന്റെ ഇരകളില്‍ നിലനിര്‍ത്തിയിരുന്ന രഹസ്യസ്വഭാവം വെങ്കിടേശയുടെ കാര്യത്തില്‍ പൊളിഞ്ഞു പോയത് സത്യനാരായണ അറിഞ്ഞിരുന്നില്ല.

സത്യനാരായണയെ കാണാന്‍ പോകുന്ന വിവരം വെങ്കിടേശ തന്റെ ഭാര്യയോട് പറഞ്ഞിരുന്നു. അയാളുടെ നമ്പരും ലക്ഷ്മിക്ക് അറിയായിരുന്നു. ഭര്‍ത്താവിനെ ദിവസങ്ങളായിട്ടും കാണാതിരുന്നപ്പോള്‍, അന്വേഷിക്കാനായി അവള്‍ വിളിച്ച നമ്പരുകളില്‍ ഒന്ന് സത്യനാരായണയുടെതായിരുന്നു. അങ്ങനെയൊരു വിളി അയാള്‍ ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. എങ്കിലും പതിവുപോലെ കള്ളം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കി. തനിക്ക് വെങ്കിടേശയെ അറിയില്ലെന്നു സത്യനാരായണ പറഞ്ഞതാണ് ലക്ഷ്മിയില്‍ സംശയം ജനിപ്പിച്ചത്. ഭര്‍ത്താവ് പറഞ്ഞതു പ്രകാരം അവര്‍ വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് പരസ്പരം അറിയുന്നവരായിരുന്നു. ഈ സംശയം അവള്‍ തന്റെ അമ്മാവന്‍ കൊണ്ടാലയ്യയോടും വെങ്കിടേശയുടെ സുഹൃത്തുക്കളായ ശിവയോടും ദേവേന്ദ്രയോടും പറഞ്ഞു. അവര്‍ നടത്തിയ അന്വേഷണം അവരെ സത്യനാരായണയുടെ മുന്നിലെത്തിച്ചു.

കൊണ്ടലയ്യയോടും ശിവയോടും ദേവേന്ദ്രയോടും ലക്ഷ്മിയോട് പറഞ്ഞ അതേ നുണ തന്നെയാണ് സത്യനാരായണ ആവര്‍ത്തിച്ചത്. തനിക്ക് വെങ്കിടേശയെ അറിയില്ല… വെങ്കിടേശയുടെ ഫോണ്‍ നശിപ്പിച്ചതുകൊണ്ട്, അങ്ങനെയൊരു തെളിവ് ഉണ്ടാകില്ലെന്നായിരുന്നു സത്യനാരായണ കരുതിയിരുന്നത്. എന്നാല്‍ മറ്റൊരു ഫോണില്‍ നിന്നും വെങ്കിടേശ സത്യനാരായണയെ വിളിച്ചിട്ടുണ്ടായിരുന്നു. അതയാള്‍ ഓര്‍ത്തിരുന്നില്ല. വന്നവരുടെ കൈവശം ആ ഫോണുണ്ടായിരുന്നു. ഫോണ്‍ മാത്രമായിരുന്നില്ല, വെങ്കിടേശ സത്യനാരായണയ്ക്ക് നല്‍കിയ 6.50 ലക്ഷം രൂപയുടെ ഇ-റെസീപ്റ്റും അവരുടെ കൈയിലുണ്ടായിരുന്നു. എന്നിട്ടും പലതും പറഞ്ഞ് രക്ഷപ്പെടാനാണ് സത്യനാരായണ നോക്കിയത്. ഇതിനു മുമ്പ് അയാള്‍ അത്തരത്തില്‍ വിജയിച്ചിട്ടുള്ളതുമായിരുന്നു. എന്നാല്‍ സത്യനാരായണയുടെ അവ്യക്തമായ മറുപടി മറ്റുള്ളവരില്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. അവര്‍ പൊലീസില്‍ പരാതി കൊടുത്തു. എന്താണോ അവര്‍ പേടിച്ചത്, അതു തന്നെയാണ് പിന്നീട് നടന്നത്.

അകപ്പെട്ടുവെന്ന് ഉറപ്പായതോടെ രമതി സത്യനാരായണ കുറ്റസമ്മതം നടത്തി. ആ കുമ്പസാരത്തിലാണ് 11 കൊലകളുടെയും കഥ പുറത്തു വരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍