UPDATES

ഫിനാന്‍സ്/ ബിസിനസ്‌

‘സ്ഥാപനം നടത്താനറിയില്ല, ബൈജൂസിനെ തകര്‍ത്തു’

ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ കോടതിയില്‍ ഹര്‍ജി

                       

ബൈജൂസ് സ്ഥാപകന്‍ ബൈജൂ രവീന്ദ്രനെതിരേ കേസ് ഫയല്‍ ചെയ്ത് നിക്ഷേപകര്‍. സിഇഒ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാപകര്‍ കമ്പനി നടത്തിപ്പിന് യോഗ്യരല്ലെന്നും പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ബൈജൂസിന്റെ നാലംഗ നിക്ഷേപകര്‍ ബെംഗളൂരുവിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണ്‍ (എന്‍സിഎല്‍ടി) ബെഞ്ച് മുമ്പാകെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ദുബായിലുള്ള റീസെല്ലര്‍ക്ക് ബില്ലിംഗിനും കമ്മീഷനുകള്‍ക്കുമായി 1,700 കോടി രൂപ നല്‍കിയത് എന്തടിസ്ഥാനത്തില്‍ ആണെന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ അസാധാരണ പൊതുയോഗം (extraordinary general meeting) നടത്തണം എന്നാവശ്യപെട്ട് രംഗത്തു വന്നതിനു പിന്നാലെയാണ് നിക്ഷേകര്‍ കോടതിയെ സമീപിച്ചതും.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ടെക് സ്റ്റാര്‍ട്ടപ്പായിരുന്ന കമ്പനിയെ ബൈജു രവീന്ദ്രനും കുടുംബവും മോശം രീതിയിലാണ് കൈകാര്യം ചെയ്തതെന്നും നിക്ഷേപകര്‍ തങ്ങളുടെ പരാതിയില്‍ പറയുന്നു. സിഇഒ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാപകരെ കമ്പനി നടത്തിപ്പില്‍ നിന്ന് ഒഴിവാക്കി പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. സ്ഥാപകരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷെയര്‍ഹോള്‍ഡര്‍മാരുടെ പ്രത്യേക യോഗത്തില്‍ വോട്ടെടുപ്പ് നടത്തണം എന്നും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ കമ്പനിയുടെ സാമ്പത്തിക വിവരങ്ങളെ പറ്റി കൃത്യമായതും വിശദവുമായ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യതയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കമ്പനി മാനേജ്മെന്റിനെ അടിച്ചമര്‍ത്തല്‍, കെടുകാര്യസ്ഥത തുടങ്ങിയ കുറ്റങ്ങളാണ് ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍ പ്രധാനമായും ആരോപിക്കുന്നത്.

പരാതിയില്‍ നിലവിലെ മാനേജ്മെന്റ് കമ്പനിയെ നയിക്കാന്‍ യോഗ്യമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് നിക്ഷേപകര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. പകരം പുതിയ സിഇഒയെയും ബോര്‍ഡിനെയും നിയമിക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപെട്ടിരിക്കുന്നത്. നിലവിലുള്ള മാനേജ്‌മെന്റ് നക്ഷേപകര്‍ക്ക് കമ്പനി നടത്തിപ്പിനെപ്പറ്റിയും മറ്റ് വിശദാംശങ്ങളെ കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

200 മില്യണ്‍ യുഎസ് ഡോളറിന്റെ ഓഫര്‍ അസാധുവായി പ്രഖ്യാപിക്കണമെന്നും നിക്ഷേപകരുടെ അവകാശങ്ങളെ മുന്‍വിധിയോടെ ബാധിക്കുന്ന കോര്‍പ്പറേറ്റ് നടപടികളൊന്നും കമ്പനി കൈക്കൊള്ളരുതെന്ന നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ടൈഗര്‍, ഓള്‍ വെഞ്ച്വേഴ്സ് എന്നിവയുള്‍പ്പെടെ മറ്റ് ഓഹരി ഉടമകളുടെ പിന്തുണയ്ക്കൊപ്പം പ്രോസസ്, ജിഎ, സോഫിന, പീക്ക് എക്സ് വി എന്നീ നാല് നിക്ഷേപകരും നിവേദനത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്.

എല്ലാ നിക്ഷേപകരുടെ മൂല്യത്തകര്‍ച്ച തടയുകയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഹര്‍ജിയുടെ ലക്ഷ്യം. ഹര്‍ജി സ്ഥാപകരുടെ സാമ്പത്തിക ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്, ആകാശിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും ബൈജൂസ് ആല്‍ഫ എന്ന ലോണില്‍ വീഴ്ച വരുത്തുന്നതും ഉള്‍പ്പെടെ ഹര്‍ജിയില്‍ ബൈജൂസിനെതിരെയുള്ള ആരോപണങ്ങളുടെ ലിസ്റ്റ് നീളുന്നു. നോര്‍ത്ത് വെസ്റ്റ് എജ്യുക്കേഷന്‍ പിടിഇ എന്ന സിംഗപ്പൂരിലെ എഡ്ടെക് കമ്പനിയെ കൂടി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബൈജൂസിന്റെ അനധികൃത നടപടികളെക്കുറിച്ചും പരാതിയുണ്ട്. ബോര്‍ഡ് ഓഫ് കണ്ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ), ടേം ലോണ്‍ ബി (ടിഎല്‍ബി-ലെന്‍ഡേഴ്സ്) സര്‍ഫര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ ബൈജൂസിനെതിരെ നല്‍കിയ കിട്ടാക്കട ഹര്‍ജികളും ഇതുവരെ വെളിപ്പെടുത്താത്ത ഇന്റര്‍ കോര്‍പ്പറേറ്റ് ലോണുകളെ പറ്റിയുള്ള ആശങ്കകളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 23 വെള്ളിയാഴ്ച നടക്കുന്ന പൊതുയോഗത്തില്‍ ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കാനാണ് നിക്ഷേപകര്‍ ശ്രമിക്കുന്നത്. കടക്കെണിയിലായ എഡ്‌ടെക് സ്ഥാപനം കടുത്ത ഫണ്ട് പ്രതിസന്ധിയെ നേരിടുകയാണ്. കൂടാതെ ബൈജൂസിനെതിരേ വിദേശ നാണ്യ വിനിമയ ലംഘന നിയമപ്രകാരമുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്. ബൈജൂസിനെതിരെ ഗുരുതരമായ കേസുകളുമായി വിദേശ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്നത്. കമ്പനിക്ക് നല്‍കാനുള്ള 1,400 കോടിയോളം രൂപ തിരികെ ലഭിക്കാന്‍ കമ്പനി മാനേജ്‌മെന്റ് വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന് നിക്ഷേപകര്‍ യോഗ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മോര്‍ ഐഡിയാസ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സിക്ക് ബൈജൂസ് 300 കോടി രൂപ കമ്മീഷനായി നല്‍കിയതായും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനറല്‍ അറ്റ്‌ലാന്റിക്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, എംഐഎച്ച് എഡ്‌ടെക് ഇന്‍വെസ്റ്റ്‌മെന്റ്, പീക്ക് എക്‌സ്വി പങ്കാളികള്‍, എസ്സിഐ നിക്ഷേപം, എസ്സിഎച്ച്എഫ് പിവി മൗറീഷ്യസ്, സാന്‍ഡ്‌സ് ക്യാപിറ്റല്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട്, സോഫിന, ടി റോവ് പ്രൈസ് അസോസിയേറ്റ്‌സ് തുടങ്ങിയ നിക്ഷേപകരാണ് ആശങ്ക ഉന്നയിച്ചുകൊണ്ട് അടിയന്തര യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.

ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നും ദിവ്യ ഗോകുല്‍നാഥിനെയും റിജു രവീന്ദ്രനെയും അവരുടെ മാനേജ്‌മെന്റ് റോളുകളില്‍ നിന്നും ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് നിക്ഷേപക സംഘം ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) കമ്പനിയുടെ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സാധ്യമായ മാറ്റങ്ങള്‍ക്കായി നിക്ഷേപകര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും നഷ്ടം ഒഴിവാക്കുന്നതിനും ലാഭം കൈവരിക്കുന്നതിനുമായി ബൈജൂസില്‍ അഴിച്ചുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍