December 10, 2024 |

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ‘ഇരുമ്പ് വേലി’ തകര്‍ക്കപ്പെട്ടതെങ്ങനെ?

ഇസ്രയേല്‍ കെട്ടിയ വേലി ഹമാസ് മറികടന്നതിന്റെ ഫലമായി രണ്ടായിരത്തിനടുത്ത് മനുഷ്യരാണ് രണ്ടു ഭാഗത്തുമായി കൊല്ലപ്പെട്ടിരിക്കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ലോകത്ത് നിര്‍മിച്ചിരിക്കുന്ന ഏറ്റവും കരുത്തുറ്റ വേലി. ഗാസ മുനമ്പില്‍ നിന്നും ഇസ്രയേല്‍ അവരുടെ ഭൂപ്രദേശം വേര്‍തിരിച്ചു കിട്ടിയിരിക്കുന്ന ‘ സ്മാര്‍ട്ട് ഫെന്‍സ്’ അങ്ങനെ വിശേഷിപ്പിക്കപ്പെടാന്‍ മാത്രം സവിശേഷമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച്ച വരെ. ഇസ്രയേലിനെ സംരക്ഷിക്കുന്ന ആ സുരക്ഷാവേലി ഹമാസ് ആയുധധാരികള്‍ തകര്‍ത്തു. അതും ലോകോത്തര ഇന്റലിജന്‍സ് സംവിധാനത്തിന്റെ കണ്ണില്‍പ്പെടാതെ.

ഇസ്രയേല്‍ കെട്ടിയ വേലി ഹമാസ് മറികടന്നതിന്റെ ഫലമായി രണ്ടായിരത്തിനടുത്ത് മനുഷ്യരാണ് രണ്ടു ഭാഗത്തുമായി കൊല്ലപ്പെട്ടിരിക്കുന്നത്. 100ലേറെ ഇസ്രയേലികള്‍ ഹമാസിന്റെ കയ്യിലുണ്ടെന്നു പറയുന്നു. അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് ഒരൂഹവുമില്ല. മൂവായിരത്തിനു മുകളില്‍ ആളുകള്‍-കൊച്ചുകുട്ടികളടക്കം- പരിക്കേറ്റ് ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്നു നരകിക്കുന്നുണ്ട്.

അതെങ്ങനെ സംഭവിച്ചു? ഇസ്രയേല്‍ രഹസ്യാന്വേഷണ സംവിധാനത്തിന് ഇനിയുള്ളകാലം മുഴുവന്‍ സ്വയം പഴിക്കേണ്ടി വരുന്ന ചോദ്യമാണ്.

ഇസ്രയേല്‍ കെട്ടിയ ‘ ഇരുമ്പ് വേലി’
ഗാസ മുനമ്പിനെ വേര്‍തിരിച്ചു കൊണ്ട് 40 മൈല്‍ നീളത്തില്‍ ഏറ്റവും സൂക്ഷ്മമായ സാങ്കേതിക വിദ്യാകള്‍ പോലും ഉപയോഗിച്ച് ഒരു സുരക്ഷ ഇരുമ്പ് വേലിയുടെ നിര്‍മാണം ഇസ്രയേല്‍ പൂര്‍ത്തിയാക്കുന്നത് 2021-ല്‍ ആണ്. ആ വേലി തങ്ങളെ എന്നും സംരക്ഷിക്കുമെന്നാണ് ഇസ്രയേലികള്‍ വിശ്വസിച്ചത്. ഈ രാജ്യത്തെ ചുറ്റി ഒരു വേലി തന്നെ തീര്‍ക്കുമെന്നു 2016 ല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ആഹ്ലാദത്തോടെ പറയുമ്പോഴും ഈ ‘സ്മാര്‍ട്ട് ഫെന്‍സി’ന് മേല്‍ അവര്‍ അത്രമേല്‍ ഉറപ്പ് കണ്ടിരുന്നു.

2014-ല്‍ ഹമാസ് ഭൂമിക്കടയിലൂടെ തുരങ്കം നിര്‍മിച്ച് ഇസ്രയേല്‍ മണ്ണിലെത്തി അവരുടെ സൈനികരെ ആക്രമിച്ചിരുന്നു. 2014-ലെ ഏറ്റുമട്ടലിനു ശേഷമാണ് ഇത്തരമൊരു സുരക്ഷ വേലിയുടെ ആവശ്യത്തെക്കുറിച്ച് ഇസ്രയേല്‍ ആലോചിക്കുന്നത്. 2016-ല്‍ അവര്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് ഒരുലക്ഷത്തി നാല്‍പ്പതിനായിരം ടണ്‍ ഇരുമ്പും സ്റ്റീലുമാണ് വേലി നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഹമാസ് വീണ്ടും ഭൂമി തുരക്കാതിരിക്കാന്‍ വേലിക്ക് താഴെ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും കെട്ടിയിരുന്നു. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ എത്ര ആഴത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന വിവരം രഹസ്യമാണ്. ഈ ബാരിക്കേഡില്‍ നിന്നും 20 മീറ്റര്‍ പൊങ്ങിയാണ് വേലി ഉയര്‍ന്നു നില്‍ക്കുന്നത്. വേലിയില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പാടാക്കി. നൂറിലധികം സുരക്ഷ കാമറകളാണ് സ്ഥാപിച്ചത്. അതിനു പുറമെയാണ് റഡാറുകളും സെന്‍സറുകളും ഘടിപ്പിച്ചത്. ഗാസയുടെ വശത്ത്, ഈ വേലിയ്ക്ക് സമീപത്തുകൂടി എല്ലാവര്‍ക്കും നടക്കാന്‍ അനുവാദം ഇല്ല. നൂറു മുതല്‍ മുന്നൂറ് മീറ്റര്‍ അകലത്തിലായി കര്‍ഷകരായ പലസ്തീനികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്, അതും കാല്‍നടയായി. ഇപ്പുറത്ത് സദാജാഗരൂകരായി ഇസ്രയേലി സൈനികര്‍. നിരീക്ഷണ ടവറുകളിലും മണല്‍ക്കൂനകള്‍ക്കു പിന്നിലും അവര്‍ ശത്രുവിനെ ചെറുചലനങ്ങള്‍ പോലും ശ്രദ്ധിച്ചു നിലയുറപ്പിക്കുന്നു. 2021-ല്‍ അന്നത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പ്രഖ്യാപിച്ചത്, ഹമാസിനും ദക്ഷിണ ഇസ്രയേലിനും ഇടയിലുള്ള ‘ ഇരുമ്പ് വേലി’യാണ് ഇതെന്നാണ്. നൂറു കോടിക്ക് മുകളില്‍(1.1 ബില്യണ്‍) ചെലവില്‍ മൂന്നുവര്‍ഷം ചെലവിട്ടാണ് ഈ വേലി ഇസ്രയേല്‍ നിര്‍മിച്ചതെന്ന് പറയുന്നു.

ആ ഇരുമ്പ് വേലിയാണ് ഒക്ടോബര്‍ 7 ശനിയാഴ്ച്ച ഹമാസ് ‘തകര്‍ത്തത്’. ഇസ്രയേല്‍ പ്രതിരോധ സേന ഔദ്യോഗികമായി പറഞ്ഞതനുസരിച്ച് 29 ഇടങ്ങളിലായി ഹമാസ് ആയുധധാരികള്‍ വേലി തകര്‍ത്തിട്ടുണ്ട്. അത്ഭുതമെന്തെന്നാല്‍, വേലിയുടെ ഒരോ 500 മീറ്ററിലും ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ ഉണ്ടെന്നതാണ്.

ഇത്രയും സുരക്ഷ മുന്‍കരുതലുകളുണ്ടായിട്ടും എങ്ങനെയാണ് ഹമാസിന് കാര്യങ്ങള്‍ എളുപ്പമായത്?

സാധരണയുണ്ടാകാറുള്ള സൈനിക സാന്നിധ്യം അന്നേ ദിവസം ഇരുമ്പ് വേലിക്കരികില്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നുണ്ട്. വെസ്റ്റ് ബാങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവിടേയ്ക്ക് സൈനികരെ നിയോഗിച്ചിരുന്നു.

എന്നാല്‍, ഇസ്രയേല്‍ വലിയരീതിയില്‍ അവകാശവാദം പറയുന്നതുപോലെ അത്ര ശക്തമായ ഇരുമ്പ് മറയായിരുന്നോ ആ വേലിയെന്നും ചോദ്യമുയരുന്നുണ്ട്.

‘ വേലിയുടെ ഭൂരിഭാഗം ഭാഗങ്ങളിലും മുന്നറിയിപ്പുകളും സൂചന സംവിധാനങ്ങളും ഉള്ളതാണ്. എന്നിട്ടും ഒരാള്‍ക്കൂട്ടം ആ വേലിക്കടുത്ത് ഉണ്ടാകുന്നത് നിങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, അതെത്ര വലിയ വേലിയാണെങ്കിലും കേവലം ഒരു വേലിയെന്ന് തന്നെ പറയേണ്ടി വരും” എന്നാണ് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൗണ്ടര്‍ ടെററിസം പ്രോഗ്രാം ഡയറക്ടര്‍ മാത്യു ലെവിട്ട് തുറന്നടിക്കുന്നത്.

ഹമാസിന്റെ ആക്രമണ പദ്ധതികള്‍
ഇസ്രയേലിന്റെ ഇരുമ്പ് വേലി തകര്‍ക്കാന്‍ ഹമാസ് കൊമേഴ്‌സ്യല്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഡ്രോണുകളില്‍ നിന്നുള്ള ബോംബുകള്‍ ഇസ്രയേല്‍ നിരീക്ഷണ ടവറുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ആയുധ സംവിധാനങ്ങള്‍ എന്നിവ തകര്‍ത്തു.

ഇസ്രയേല്‍ ആരോപിക്കുന്നതു പ്രകാരം 3,000 റോക്കറ്റുകള്‍ ഹമാസ് അയിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് ജറുസലേമിലും ടെല്‍ അവിവിലും വരെ പതിച്ചുവെന്നും പറയുന്നു. ശക്തമായ റോക്കറ്റാക്രമണങ്ങള്‍ ഒരു വശത്തു കൂടി നടത്തുന്നതിനിടയിലാണ് ഫാന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹാംഗ് ഗ്ലൈഡറുകളിലൂടെയും പാരാഗ്ലൈഡുകളിലൂടെയും ആയുധധാരികള്‍ ഇസ്രയേല്‍ മണ്ണിലേക്ക് പറന്നിറങ്ങിയത്.

വേലി തകര്‍ക്കാന്‍ ഹമാസ് വീര്യം കൂടിയ സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചു. ബോംബ് വച്ച് തകര്‍ത്ത ഭാഗത്തുകൂടിയാണ് മോട്ടോര്‍ സൈക്കിളില്‍ ഹമാസ് ആയുധധാരികള്‍ ഇസ്രയേലിലേക്ക് കുതിച്ചത്.

വേലി തകര്‍ക്കാന്‍ ബുള്‍ഡോസറുകളും ഉപയോഗിച്ച്. ഇങ്ങനെ തകര്‍ത്ത ഭാഗങ്ങളിലൂടെയാണ് വലിയ വാഹനങ്ങള്‍ അവര്‍ ഉള്ളിലേക്ക് കയറ്റിയത്.

ഇത്രയുമൊക്കെ അവര്‍ നടപ്പാക്കിയെങ്കില്‍, അതൊക്കെ ഏറ്റവും കുറഞ്ഞത് ആഴ്ച്ചകളുടെയെങ്കിലും ആസൂത്രണം കൊണ്ടായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവര്‍ ആയുധങ്ങളും മറ്റും ആഴ്ച്ചകള്‍ക്കു മുമ്പ് തന്നെ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരിക്കാം, എന്നിട്ടവ ഏതെങ്കിലും കെട്ടിടങ്ങളിലോ വേറെയേതെങ്കിലും മറവുകളിലോ സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റിയൂഷനിലെ സീനിയര്‍ ഫെല്ലോ മൈക്കിള്‍ ഇ. ഓഹെലന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറയുന്നത്. ഓഹെലന്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം, ഹമാസ് വലിയ വാഹങ്ങള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നിടങ്ങളിലോ അതല്ലെങ്കില്‍ പാര്‍ക്കിംഗ് ഏരിയകളിലോ ആയി ഇസ്രയേലി സൈന്യത്തിന്റെ ശ്രദ്ധ കിട്ടാത്തവിധം ഒളിപ്പിച്ചിട്ടുണ്ടാകാം എന്നാണ്.

അതേസമയം മാത്യൂ ലെവിട്ട് ചോദിക്കുന്നൊരു ചോദ്യമുണ്ട്;” അവരെങ്ങനെ ബുള്‍ഡോസര്‍ വേലിക്കടുത്തേക്ക് കൊണ്ടു വന്നു?’

×