ടെസ്ല ഉടമ ഇലോണ്‍ മസ്‌കിന് 2018 മുതല്‍ നല്‍കി വരുന്ന 56 ബില്യണ്‍ ഡോളര്‍ (4,63,455 കോടി രൂപ) പ്രതിവര്‍ഷ ശമ്പള പാക്കേജ് റദ്ദാക്കി യു.എസ് കോടതി. ജനുവരി 30 ചൊവ്വാഴ്ചയാണ് ശമ്പള പാക്കേജ് റദ്ദാക്കിയത്. ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയില്‍ ‘സമാനതകളില്ലാത്ത വേതനം’ എന്ന കാരണത്താലാണ് ഡെലിവേര്‍ കോടതി വിധി. യു.എസ് കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായി 2018ലാണ് ഓരോ വര്‍ഷവും മസ്‌കിന് ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ ഡയറക്ടര്‍മാര്‍ തീരുമാനമെടുത്തത്.
കേസില്‍ വിധി വന്നതിന് പിന്നാലെ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വെഡ്ബുഷ് സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടറായ ഡാനിയല്‍ ഐവ്‌സ് ടെസ്ലയുടെ ഭാവി തീരുമാനിക്കാന്‍ ഡെലിവേര്‍ കോടതിയെ അനുവദിക്കാന്‍ പോകുന്നില്ല എന്നും ഇത് ടെസ്ലയുടെ കഥയിലെ ചരിത്ര നിമിഷമാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിധിക്ക് കാരണമായ കേസ്
പെന്‍സില്‍വാനിയ സ്വദേശിയായ റിച്ചാര്‍ഡ് ടൊറെനെറ്റയാണ് ഇലോണ്‍ മസ്‌കിനും മറ്റ് ടെസ്ല ഡയറക്ടര്‍മാര്‍ക്കുമെതിരെ 2018-ല്‍ ഇലോണ്‍ മസ്‌കിന്റെ ശമ്പള പാക്കേജ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസ് നല്‍കുന്നത്. ആ സമയത്ത്, കമ്പനിയുടെ ഒമ്പത് ഓഹരികള്‍ മാത്രമാണ് റിച്ചാര്‍ഡിന്റെ കൈവശം ഉണ്ടായിരുന്നത്. 2005-നും 2007-നും ഇടയില്‍ ഹെവി മെറ്റല്‍ ബാന്‍ഡായ ഡോണ്‍ ഓഫ് കറക്ഷന്റെ ഡ്രമ്മറായിരുന്നു റിച്ചാര്‍ഡ് ടൊറെനെറ്റ. ബാന്‍ഡ് 2007-ല്‍ ഒരു മുഴുനീള സ്റ്റുഡിയോ ആല്‍ബമായ ‘ഡെഡ് ഹാന്‍ഡ് കണ്‍ട്രോള്‍’ പുറത്തിറക്കുകയും സംഗീതോത്സവങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇലോണ്‍ മസ്‌കിന്റെ ശമ്പള പാക്കേജ് അന്യായമാണെന്ന് റിച്ചാര്‍ഡ് അവകാശപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഓരോ തവണയും കമ്പനി ടെസ്ലയുടെ ഓഹരിയുടെ ഏകദേശം 1% മൂല്യമുള്ള സ്റ്റോക്ക് ഗ്രാന്റുകള്‍ പാക്കേജ് വഴി ഇലോണ്‍ മാസ്‌കിന് നല്‍കുന്നു, ഓരോ തവണയും കമ്പനി 12 ഘട്ടങ്ങളിലായി പ്രവര്‍ത്തനപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാക്കേജില്‍ വോട്ടുചെയ്യുമ്പോള്‍ എത്ര തുകയാണ് ലഭിക്കുന്നതെന്ന് ടെസ്ല ഓഹരി ഉടമകളോട് പറഞ്ഞിട്ടില്ല എന്നും റിച്ചാര്‍ഡ് തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.
ടെസ്ലയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് കമ്പനിയുടെ പ്രതിരോധ തന്ത്രമെന്ന് നിലയില്‍, ഇലോണ്‍ മസ്‌ക് കമ്പനി കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ് ശമ്പള പാക്കേജ് എന്ന് വാദം ഉന്നയിച്ചിരുന്നു. ‘2007 മുതല്‍ 2021 വരെ ടെസ്ലയുടെ ഡയറക്ടറായ അന്റോണിയോ ഗ്രേഷ്യസ്, കമ്പനിയുടെ അസാധാരണമായ വിജയത്തിലേക്ക് നയിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, ടെസ്ലയെ വിജയിപ്പിക്കാന്‍ ഇലോണ്‍ മസ്‌കിന് ശമ്പളം ആവശ്യമില്ലെന്നാണ് റിച്ചാര്‍ഡ് ആവര്‍ത്തിച്ച് പറയുന്നത്. കാരണം കമ്പനിയുടെ 22% ഓഹരികള്‍ ഇതിനകം തന്നെ ഇലോണ്‍ മസ്‌ക് സ്വന്തമാക്കി കഴിഞ്ഞു.
ഇലോണ്‍ മസ്‌കിന്റെ വാക്ക്ചാതുരിയും സെലിബ്രിറ്റി സ്റ്റാറ്റസിന്റെ സ്വാധീനം മൂലവുമാണോ ‘എന്തുകൊണ്ട് 55.8 ബില്യണ്‍ ഡോളര്‍’ എന്ന ചോദ്യം ജഡ്ജി കാതലീന്‍ മക്കോര്‍മിക് കേസിന്റെ വിധി പ്രസ്താവന വേളയില്‍ ചോദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യവസായിമാരില്‍ ഒരാളായ മസ്‌കിന് കമ്പനിയില്‍ എപ്പോഴും ശ്രദ്ധയുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്രയും വലിയ പാക്കേജ് നല്‍കിയതെന്നായിരുന്നു ടെസ്‌ല ഡയറക്ടര്‍മാരുടെ കോടതിയിലെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. ഇലോണ്‍ മസ്‌കിന്റെ സഹോദരന്‍ കിംബല്‍ മസ്‌കും, ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധമുള്ള മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകന്‍ ജെയിംസ് മര്‍ഡോക്കും ഉള്‍പ്പെടുന്നതിനാല്‍ ടെസ്ലയുടെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന് സ്വാതന്ത്ര്യമില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. ഉയര്‍ന്ന തുക ലഭിക്കാന്‍ കമ്പനി ഡയറക്ടര്‍മാരുമായി മസ്‌ക് അടുത്ത ബന്ധം സൂക്ഷിച്ചതായും ജഡ്ജി വിധിന്യായത്തില്‍ കുറ്റപ്പെടുത്തി.
ഇനിയെന്ത്?
കെയ്സ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ നിയമകാര്യ പ്രൊഫസര്‍ അനറ്റ് അലോണ്‍-ബെക്ക് പറയുന്നതനുസരിച്ച്, ഇലോണ്‍ മസ്‌കിന്റെയും ടെസ്ലയുടെയും ബോര്‍ഡ് അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ സങ്കീര്‍ണ്ണമായതാണ്. ഇരു കൂട്ടര്‍ക്കും കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാമെങ്കിലും തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ വിജയ സാധ്യത നന്നേ കുറവാണ്. കൂടാതെ വിധി അസാധുവാക്കിയതിനെ മറികടക്കുന്ന പുതിയ ഒരു നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കേണ്ടതായും വരും. ടെസ്ലയെ ഡെലിവേറില്‍ നിന്ന് മാറ്റണോ എന്ന് മസ്‌ക് തന്റെ അനുയായികളോട് ചോദിച്ച് കൊണ്ട് സാമൂഹ്യമാധ്യമായ എക്സില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു; വോട്ടെടുപ്പ് ഫലങ്ങളില്‍ നിന്നും അദ്ദേഹം അത് ചെയ്യുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
വിധി ഇലോണ്‍ മസ്‌ക്കിന്റെ സമ്പത്തിനെ എങ്ങനെ ബാധിക്കും?
ടെസ്ലയുടെ ശമ്പള പാക്കേജ് ഇലോണ്‍ മസ്‌കിന്റെ ആസ്തി ഏകദേശം 200 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയിരുന്നു. ഇത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനാക്കി മാറ്റുകയും ചെയ്തു. സ്റ്റോക്ക് ഗ്രാന്റുകള്‍ തിരികെ നല്‍കാന്‍ ഇലോണ്‍ മസ്‌ക്ക് നിര്‍ബന്ധിതനാകുകയാണെങ്കില്‍, അത് അദ്ദേഹത്തിന്റെ സമ്പത്തില്‍ കാര്യമായ പ്രഹരമേല്‍പ്പിക്കാന്‍ പോന്നതാണ്. ഇത് ഇലോണ്‍ മസ്‌ക്കിനെ ലോകത്തിലെ അതി സമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി. ഇലോണ്‍ മസ്‌ക്കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ലയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, കമ്പനിയുടെ ഓഹരി വിലയിലുണ്ടായേക്കാവുന്ന ആഘാതം, ഓപ്ഷനുകളുടെ മൂല്യത്തേക്കാള്‍ 56 ബില്യണ്‍ ഡോളറിന്റെ ആസ്തി കുറയുന്നതിന് കാരണമായതിനിലാണ്. ലൂയി വിറ്റോണ്‍, ഡിയോര്‍, ടിഫനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍.വി.എം.എച്ചിന്റെ സി.ഇ.ഒയും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോയാണ് നിലവില്‍ ലോകത്തിലെ അതിസമ്പന്നന്‍.
ഓണ്‍ലൈന്‍ ലേല വെബ് സൈറ്റായ ഇബേ-യുടെ വില്‍പ്പനയില്‍ നിന്ന് 165 മില്യണ്‍ ഡോളര്‍ ഇലോണ്‍ മസ്‌കിന് ലഭിച്ചിരുന്നു. ടെസ്ല സ്ഥാപിച്ച് ഒരു വര്‍ഷത്തിനുശേഷം 2004-ലാണ് ഇലോണ്‍ മസ്‌ക് ടെസ്ലയില്‍ നിക്ഷേപം നടത്തിയത്. 2007-ല്‍ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവാകുകയും ചെയ്തു. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്പേസ് എക്സിന് ഏകദേശം 180 ബില്യണ്‍ ഡോളറിന്റെ മൂല്യമുണ്ടെന്ന് സിഎന്‍ബിസി പറയുന്നത്. കമ്പനിയുടെ ഏകദേശം 42 ശതമാനം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലാണ്.
ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ ഭൂരിഭാഗവും സ്വകാര്യ കമ്പനികളില്‍ സ്റ്റോക്കായും ഇക്വിറ്റിയുമായും നിക്ഷേപിച്ചിരിക്കുകയാണ്. ഇലോണ്‍ മസ്‌ക് ടെസ്ലയിലെ ഓഹരികളില്‍ പകുതിയിലധികം വായ്പ്പക്കായി ഈടായി നല്‍കിയിട്ടുണ്ട്. 44 ബില്യണ്‍ ഡോളര്‍ ടെസ്ല ഓഹരികള്‍ ഉപയോഗിച്ചും കൂടിയാണ് ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ വാങ്ങിയത്. ശമ്പള പാക്കേജ് അനുവദിച്ചതില്‍ ടെസ്‌ല ബോര്‍ഡിന് പിഴവ് സംഭവിച്ചതായി ജഡ്ജി കാതലീന്‍ മക്കോര്‍മിക്കിന്റെ കോടതി വിധിക്ക് പിന്നാലെ ടെസ്ലയുടെ ഓഹരികളില്‍ ഏകദേശം 20% ശതമാനത്തോളം ഇടിവ് വന്നു. ശമ്പളം സംബന്ധിച്ച് ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് തെളിയിക്കാന്‍ ടെസ്‌ലയ്‌ക്കോ മസ്‌കിന്റെ അഭിഭാഷകനോ കഴിയാത്തതാണ് മസ്‌കിന് തിരിച്ചടിയായത്.