UPDATES

രാജ്യത്ത് നടന്നതില്‍ ഏറ്റവും വലിയ ഐ ടി റെയ്ഡ്

ഇതുവരെ കണ്ടുകെട്ടിയത് 290 കോടിയുടെ നോട്ടുകള്‍, എണ്ണി തിട്ടപ്പെടുത്താന്‍ കൂടുതല്‍ ബാങ്ക് ജീവനക്കാരും നോട്ടെണ്ണല്‍ മെഷീനുകളും

                       

ആദായ നികുതി വകുപ്പ് രാജ്യത്ത് നടത്തിയിട്ടുള്ളതില്‍, അനധികൃതമായ പണം കണ്ടുകെട്ടുന്നതില്‍ ഏറ്റവും വലിയ റെയ്ഡാണ് ഇപ്പോള്‍ ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി നടന്നു കൊണ്ടിരിക്കുന്നത്. ഒരു മദ്യ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ടുള്ള റെയ്ഡില്‍ ഇതുവരെ പണമായി കണ്ടെത്തിയിരിക്കുന്നത് 290 കോടി രൂപയാണ്. പണം എണ്ണം തിട്ടപ്പെടുത്താനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അവധി ദിവസത്തില്‍ പോലും ജീവനക്കാരെ കൂടുതലായി വിളിച്ചു വരുത്തിയിരിക്കുകയാണ്, നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ മതിയാകാതെ വന്നതോടെ കൂടുതല്‍ വരുത്തിച്ചു, യന്ത്രങ്ങള്‍ കേടായാല്‍ സമയ നഷ്ടം സംഭവിക്കാതിരിക്കാന്‍ മെക്കാനിക്കുകളെയും സജ്ജരാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ഇന്ത്യന്‍ നിര്‍മിത മദ്യ നിര്‍മാതാക്കളും വിതരണക്കാരുമായ ബാല്‍ദിയോ സാഹു ആന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ലിമിറ്റഡുമായി ബന്ധപ്പെട്ട 25 കേന്ദ്രങ്ങളിലാണ് ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി റെയ്ഡ് നടക്കുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി ധീരജ് സാഹുവിന്റെ കുടുംബ കമ്പനിയാണ് ബാല്‍ദിയോ സാഹു ഗ്രൂപ്പ് ഓഫ് കമ്പനി. മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാര്‍ടണഷിപ്പ് സ്ഥാപനമാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

ആദായ നികുതി വകുപ്പ് നടത്തുന്ന ഈ റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത വന്ന പത്ര റിപ്പോര്‍ട്ട്, കണ്ടുകെട്ടിയ നോട്ടുകെട്ടുകളുടെ ഫോട്ടോ സഹിതം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ പങ്കുവച്ചിരുന്നു. ‘ പൊതുജനത്തില്‍ നിന്നും മോഷ്ടിക്കുന്ന പണം നയാപൈസ കുറയാതെ അവര്‍ക്ക് തന്നെ ചെന്നു ചേര്‍ന്നിരിക്കും, ഇത് മോദി സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്’ എന്നാണ് മോദി എഴുതിയത്. കോണ്‍ഗ്രസിനെ കുത്തിയായിരുന്നു മോദിയുടെ പോസ്റ്റ്.

ഡിസംബര്‍ ആറിന് തുടങ്ങിയ റെയ്ഡ് മൂന്നു ദിവസം പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ്. റെയ്ഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണമടങ്ങിയ 156 ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഒഡീഷയില്‍ ഭുവനേശ്വര്‍, തിത്‌ലാഗഢ്, സാമ്പല്‍പൂര്‍, സുന്ദര്‍ഗഢ് എന്നിവിടങ്ങളിലും ജാര്‍ഖണ്ഡിലെ ചിലയിടങ്ങളിലുമായാണ് റെയ്ഡ് നടക്കുന്നത്.

ബുധനാഴ്ച്ച കണ്ടുകെട്ടിയ പണത്തില്‍ ആകെ 50 കോടിയാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണി തിട്ടപ്പെടുത്താനായത്. ഇത്രയ വലിയ തുകയുണ്ടാകുമെന്ന് കരുതിയിരുന്നില്ല എന്നതിനാല്‍ ഉദ്യോഗസ്ഥരും നോട്ടെണ്ണല്‍ മെഷീനുകളും കുറവായിരുന്നു. അവധി ദിനത്തില്‍ പോലും തങ്ങളുടെ 14 ജീവനക്കാര്‍ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജോലിയാണെന്നായിരുന്നു സാമ്പല്‍പ്പൂര്‍ എസ് ബി ഐയുടെ ഡെപ്യൂട്ടി മാനേജര്‍ മന്‍മോഹന്‍ സ്വെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40 ചെറുതും വലുതുമായ മെഷീനുകള്‍ നോട്ടുകള്‍ എണ്ണുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചവരെ 225 കോടിയുടെ നോട്ടുകളായിരുന്നു കണ്ടെത്തിയത്. ബാക്കി തുക ശനിയാഴ്ച്ചത്തെ പരിശോധനയിലാണ് പിടിച്ചെടുത്തിരിക്കുന്നത്. 20 ബാഗുകളിലായി നിറച്ചിരുന്ന പണം ബോലാംഗിറിലെ സുദാപാരയില്‍ നിന്നാണ് കണ്ടെടുത്തത്. എണ്ണിത്തിട്ടപ്പെടുത്തിയ പണം ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റുന്നതിനായി ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വാഹനങ്ങളാണ് വിളിച്ചു വരുത്തിക്കൊണ്ടിരിക്കുന്നത്. 500 ന്റെ നോട്ടുകളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

ഒഡീഷയുടെ പടിഞ്ഞാറന്‍ മേഖലകളിലെ മദ്യ നിര്‍മാണ-വിതരണ രാജാക്കന്മാരാണ് ബാല്‍ദിയോ സാഹു ഗ്രൂപ്പ്. കോണ്‍ഗ്രസ് എംപിയും ഈ കമ്പനിയുടെ ഭാഗമായതിനാല്‍ വലിയ രാഷ്ട്രീയമാനവും ഈ റെയ്ഡിന് വന്നിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെതിരേ നിരത്താനുള്ള മൂര്‍ച്ചയേറിയൊരു അഴിമതിയാരോപണമായാണു ബിജെപി ഇതിനെ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് ഈ റെയ്ഡിന് പ്രചാരം നല്‍കുന്നതും അതിന്റെ ഭാഗമാണ്. ധീരജ് സാഹു നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയത്തിലുള്ള നേതാവാണ്. മൂന്നാം തവണയാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് നേതൃത്വം ധീരജിനെ പ്രതിരോധിച്ചാണ് രംഗത്തു വന്നിരിക്കുന്നത്. ധീരജ് സാഹുവിന്റെ ബിസിനസിന് വളരെ വര്‍ഷത്തെ പാരമ്പര്യമുണ്ട്. അദ്ദേഹത്തിന്റെ ആസ്തികള്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഉണ്ടായതല്ല. ഒഢീഷയിലെ ഏതാണ്ട് പൂര്‍ണമായും മദ്യ നിര്‍മാണവും വിതരണവും നടത്തുന്നത് ധീരജ് സാഹുവിന്റെ കമ്പനിയാണ്. ഹോസ്പിറ്റാലിറ്റി, ഗതാഗതം, ഫിഷറീസ്, മദ്യം അങ്ങനെ പലതരം ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്. ഈ റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും ഐടി വകുപ്പ് അദ്ദേഹവുമായി സംസാരിച്ചിട്ടില്ല- ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വക്താവ് രാകേഷ് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ്.

Share on

മറ്റുവാര്‍ത്തകള്‍