മണിപ്പൂരില്‍ കുക്കി-സോമി ന്യൂനപക്ഷത്തിനെതിരേ നടക്കുന്ന ക്രൂരതകളുടെ ഏറ്റവും വലിയ തെളിവായിരുന്നു ജൂലൈ 19 ന് പുറത്തുവന്ന വീഡിയോ. മേയ് നാലിന് രണ്ട് കുക്കി സ്ത്രീകളെ മെയെതെയ് അക്രമകാരികള്‍(സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം) വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നത്. ലോകം മുഴുവന്‍ ആ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി. മൂന്നു മാസത്തിനടുത്തായി മൗനം തുടര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതാദ്യമായി മണിപ്പൂരിനെ കുറിച്ച് സംസാരിക്കേണ്ടി വന്നു. ബുധനാഴ്ച്ച വീഡിയോ പുറത്തു വരികയും വലിയ പ്രതിഷേധങ്ങളും വാര്‍ത്തകളും ആയ സാഹചര്യത്തില്‍ പിറ്റേ ദിവസം(ജൂലൈ 20 വ്യാഴം) പൊലീസ് കേസില്‍ എഫ് ഐ ആര്‍ ഇടുകയും(സംഭവം നടന്നു രണ്ട് മാസത്തിനുശേഷം) നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ മെയ്‌തെയ് സമുദായത്തില്‍പ്പെട്ട ഹുയ്‌റെം ഹെരോദാസ് മെയ്തി ആണ് പ്രധാന പ്രതി. 26 സെക്കന്‍ഡുള്ള ആ വൈറല്‍ വീഡിയോയില്‍ ഇയാളെ കാണാം.
എന്നാല്‍ ഇന്ത്യയുടെ ‘ഔദ്യോഗിക ന്യൂസ് എജന്‍സിയായി ഇപ്പോള്‍ അറിയപ്പെടുന്ന എ എന്‍ ഐ ( ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍) ഈ അറസ്റ്റുകളുമായി ബന്ധപ്പെട്ട് നല്‍കിയത് തികച്ചും തെറ്റിദ്ധാരണജനകമായൊരു ട്വീറ്റ്. ജൂലൈ 20 നുള്ള എ എന്‍ ഐ ട്വീറ്റില്‍ പറഞ്ഞത് പ്രധാന പ്രതി അബ്ദുള്‍ ഹില്‍മി ആണെന്നാണ്.
അബ്ദുള്‍ ഹില്‍മിയെ പൊലീസ് അറസ്റ്റ് ചെയ്തൂ എന്നത് വാസ്തവമാണ്. പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കങ്‌ലീപാകിന്റെ പ്രവര്‍ത്തകനായ ഹില്‍മിയെ പടിഞ്ഞാറന്‍ ഇംഫാലില്‍ നിന്നും മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത് മറ്റൊരു കേസിനാണ്. കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയതനോ, ബലാത്സംഗം ചെയ്തതിനോ അല്ല.
എ എൻ ഐ ട്വീറ്റില്‍ ‘വൈറല്‍ വീഡിയോ’ സംഭവത്തില്‍ ഒരു മുസ്ലിം ആണ് പ്രധാന പ്രതിയെന്ന് വന്നതോടെ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും ഹിന്ദുത്വ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഈ വാര്‍ത്ത ഉത്സാഹത്തോടെ പ്രചരിപ്പിച്ചു. മലയാള മാധ്യമങ്ങള്‍ അടക്കം ഇന്ത്യയിലെ വലിയൊരു വിഭാഗം പത്ര/ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങളും ആശ്രയിക്കുന്ന വാര്‍ത്ത ഏജന്‍സിയാണ് എ എന്‍ ഐ. അവര്‍ പുറത്തുവിടുന്ന ഏതൊരു വാര്‍ത്തയും യാതൊരു ഫാക്ട് ചെക്കുകളുമില്ലാതെ ഇന്ത്യയില്‍ പ്രചരിക്കും.
പിറ്റേദിവസം, ഈ ട്വീറ്റ് പിന്‍വലിച്ച് ക്ഷമാപണവുമായി എ എന്‍ ഐ എത്തി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതു മൂലമാണ് തെറ്റായ വിവരം നല്‍കിയതെന്നും ആദ്യം കൊടുത്ത വാര്‍ത്ത പിന്‍വലിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഇങ്ങനെയൊരു തെറ്റു തിരുത്തല്‍ വരുന്നത് ജൂലൈ 21 ന് ആണ്. അവര്‍ തെറ്റായൊരു വിവരം പ്രചരിപ്പിച്ച് ഏകദേശം 12 മണിക്കൂറിന് ശേഷം. ഈ സമയം കൊണ്ട് സകല ഹിന്ദുത്വ പരിവാര്‍ ഗ്രൂപ്പുകളും ‘മുസ്ലിമിനെ ഒന്നാം പ്രതിയാക്കിയുള്ള വ്യാജ വാര്‍ത്ത പരമാവധി പ്രചരിപ്പിച്ചിരുന്നു.
Note on Story retraction and APOLOGY: Yesterday evening, inadvertently a tweet was posted by ANI regarding arrests undertaken by the Manipur Police. This was based on an erroneous reading of tweets posted by the Manipur police as it was confused with an earlier tweet regarding…
— ANI (@ANI) July 21, 2023
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും വേണ്ടി വാര്‍ത്തകളെ വളച്ചൊടിക്കുന്നുവെന്ന് ആരോപണം നേരിടുന്നുണ്ട്. എ.എന്‍.ഐ വ്യാജ വാര്‍ത്ത സ്രോതസുകളെ ഉപയോഗിച്ചാണ് വാര്‍ത്തകള്‍ തയ്യാറാക്കുന്നതെന്ന് ബ്രസല്‍സ് ആസ്ഥാനമായുള്ള, യൂറോപ്യന്‍ യൂണിയന്‍ ഡിസ്ഇന്‍ഫോ ലാബ് കണ്ടെത്തിയിരുന്നു. ലോകത്തെ വ്യാജ വാര്‍ത്തകളുടെ വ്യവസായത്തെ കുറിച്ച്, വിവിധ സ്ഥാപനങ്ങളിലെ ജേണലിസ്റ്റുകളുടെ ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ എന്ന കൂട്ടായ്മ ഒത്തുചേര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറുക്കുന്ന ‘സ്റ്റോറി കില്ലേഴ്‌സ്’ പരമ്പരയുടെ ഭാഗമായി ഒ.സി.സി.ആര്‍.പി (ഓഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്(റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം 2023 ഫെബ്രുവരി 25 ന് അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു).
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എ.ഐ.ഐ) സംശയാസ്പദമായ വിദഗ്‌ദ്ധോപദേശക കേന്ദ്രങ്ങളേയും ഇല്ലാത്ത എഴുത്തുകരേയും ഉദ്ധരിച്ചും അവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്ന നിലയിലും ലേഖനങ്ങള്‍ എഴുതുന്നുവെന്നാണ് ബ്രസല്‍സ് ആസ്ഥാനമായുള്ള യൂറോപ്യന്‍ യൂണിയന്‍ ഡിസ്ഇന്‍ഫോ ലാബ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജ്ജിച്ചതിന് ശേഷം വരുമാനത്തിലും പദവിയിലും വലിയ ഉയര്‍ച്ചയാണ് എന്‍.എന്‍.ഐയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതും പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ളതുമായ നൂറുകണക്കിന് ലേഖനങ്ങള്‍ ഇത്തരത്തില്‍ വ്യാജസ്രോതസുകളെ അടിസ്ഥാനമാക്കി എന്‍.എന്‍.ഐ പ്രസിദ്ധീകരിച്ചു- ”വ്യാജ സ്രോതസുകള്‍: ഇന്ത്യന്‍ വാര്‍ത്ത ഏജന്‍സി എ.എന്‍.ഐ ഇല്ലാത്ത സ്രോതസുകളെ ഉദ്ധരിച്ചതെങ്ങനെ’ എന്ന് പേരിട്ട് പ്രസിദ്ധീകരിച്ച ഇ.യു ഡിസ്ഇന്‍ഫോ ലാബ് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ നൂറുകണക്കിന് വാര്‍ത്ത സ്ഥാപനങ്ങള്‍ എ.എന്‍.ഐയുടെ ലേഖനങ്ങളാണ് ഉപയോഗിക്കുന്നത്. യാഹൂ ന്യൂസ് അടക്കമുള്ള പല ന്യൂസ് പോര്‍ട്ടലുകളും ഇതുപയോഗിക്കുന്നു. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ തോംസണ്‍ റോയിട്ടേഴ്‌സിന് എ.എന്‍.ഐയില്‍ ഓഹരിയുള്ളത് കൊണ്ട് തന്നെ അവരുടെ വീഡിയോകളും ചിത്രങ്ങളും റോയിട്ടേഴ്‌സിന്റെ സബസ്‌ക്രെബേഴ്‌സിനും ലഭിക്കും.
ഈ വിപുലമായ ശൃംഖല വഴി കോടിക്കണക്കിന് ഇന്ത്യാക്കാരിലേയ്ക്ക് വാര്‍ത്തയെത്തിക്കുന്ന ഇടനിലക്കാരായി എ.എന്‍.ഐ മാറിയിരിക്കുന്നു- ഇ.യു ഡിസ്ഇന്‍ഫോ ലാബ് ചൂണ്ടിക്കാണിക്കുന്നു.
ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ എ.എന്‍.ഐ തയ്യാറായില്ല. എ.എന്‍.ഐ നല്‍കുന്ന ഉള്ളടക്കം ഉപയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം ‘വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും വസ്തുതകള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്’ എന്ന് റോയിട്ടേഴ്‌സ് അറിയിച്ചു. എന്നാല്‍ എ.എന്‍.ഐ വ്യാജ ഉള്ളടക്കങ്ങള്‍ സഹിതം സൃഷ്ടിച്ചിട്ടുള്ള വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല.
വ്യാജ വാര്‍ത്ത വ്യവസായത്തെ കുറിച്ചുള്ള അന്തരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തുന്ന ജേര്‍ണലിസ്റ്റുകളുടെ കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന ‘സ്റ്റോറി കില്ലേഴ്‌സ്’ പരമ്പരയുടെ ഭാഗമായാണ് ഇ.യു.ഡിസ്ഇന്‍ഫോലാബ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒ.സി.സി.ആര്‍.പി അടക്കം വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള ജേര്‍ണലിസ്റ്റുകള്‍ ഒരുമിച്ചു ചേര്‍ന്നിട്ടുള്ള ഫോര്‍ബിഡന്‍ സ്റ്റോറീസ് എന്ന സഖ്യമാണ് സ്റ്റോറി കില്ലേഴ്‌സ പരമ്പര ഏകോപിപ്പിക്കുന്നത്.
2021 മേയിനും 2013 ജനവരിക്കും ഇടയില്‍ 200 ലേഖനങ്ങളെങ്കിലും കനേഡിയന്‍ അന്തരാഷ്ട്ര വിദഗ്ദ്ധ ഉപദേശക സംഘമായ ‘ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി (ഐ.എഫ്.എഫ്.ആര്‍.എ.എസ്)’ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഇ.യു.ഡിസ്ഇന്‍ഫോ ലാബ് ചൂണ്ടിക്കാണിക്കുന്നു.
ഈ വിദഗ്‌ദ്ധോപദേശ സംഘം നടത്തിയിട്ടുള്ള കോണ്‍ഫറന്‍സുകളില്‍ ഉയര്‍ന്ന് വന്നിട്ടുള്ള അഭിപ്രായങ്ങള്‍ എന്ന നിലയിലാണ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ കോണ്‍ഫറന്‍സുകളില്‍ സംസാരിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന 70 ശതമാനം അക്കാദമിക് വിദഗ്ദ്ധരും യഥാര്‍ത്ഥത്തില്‍ ഉള്ളവരല്ല എന്ന് ഇ.യു.ഡിസ്ഇന്‍ഫോ ലാബ് സ്ഥിരീകരിച്ചു. ശരിക്കും ഉള്ള ആളുകളാകട്ടെ ഇങ്ങനെയൊരു പരിപാടി നടന്നതായി അറിഞ്ഞിട്ട് പോലുമില്ല എന്നാണ് അറിയിച്ചത്.
ഉദാഹരണത്തിന് മോണ്‍ട്രീല്‍ സര്‍വ്വകലാശാലയിലെ നാല് പ്രൊഫസര്‍മാരെ ഉള്‍പ്പെടുത്തി 2020 ജനുവരിയില്‍ മുസ്ലീം ബ്രദര്‍ഹുഡിനെ കുറിച്ച് ഐ.എഫ്.എഫ്.ആര്‍.എ.എസ് ഒരു കാമ്പസ് ചര്‍ച്ച നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ പങ്കെടുത്തുവെന്ന് പറയുന്നവരില്‍ രണ്ട് അധ്യാപകര്‍ ഇങ്ങനെയൊരു പരിപാടി നടന്നിട്ടേ ഇല്ലെന്ന് ഇ.യു ഡിസ്ഇന്‍ഫോയെ അറിയിച്ചു.
കാനഡയിലെ മുന്‍ എം.പി മരിയോ സില്‍വയുടെ അധ്യക്ഷതയില്‍ 2012-ല്‍ ആരംഭിച്ചതാണ് ഐ.എഫ്.എഫ്.ആര്‍.എ.എസ്. 2014-ല്‍ തന്നെ അത് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. 2019-ല്‍ കനേഡിയന്‍ ബ്രോഡ് കാസ്റ്റിങ് കോര്‍പറേഷനോട് സംസാരിക്കുമ്പോള്‍ മരിയോ സില്‍വ തന്നെ ഈ സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വെബ്‌സൈറ്റ് മാത്രം നിലനില്‍ക്കുന്നുണ്ടെന്നേ ഉള്ളൂവെന്നും വ്യക്തമാക്കി. 2019-ല്‍ നടത്തിയ ഒരു അന്വേഷണത്തില്‍ ഈ വെബ്‌സൈറ്റിനും കാനഡയില്‍ നിന്ന് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചില വെബ്‌സൈറ്റുകള്‍ക്കും ശ്രീവാസ്തവ ഗ്രൂപ്പ് എന്നൊരു ഇന്ത്യന്‍ കമ്പനിയുമായി ബന്ധമുണ്ട് എന്ന് ഇ.യു ഡിസ്ഇന്‍ഫോ ലാബ് കണ്ടെത്തിയിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സംരംഭകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളാണ് ഈ സ്ഥാപനം നടത്തുന്നത്.
”എ.എന്‍.ഐയ്ക്ക് വാര്‍ത്തയില്‍ ഉപയോഗിക്കാന്‍ വേണ്ട ഉള്ളടക്കം ഉണ്ടാക്കുക, അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ വഴി വിപുലമായി പ്രചരിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ഐ.എഫ്.എഫ്.ആര്‍.എ.എസ് എന്ന സ്ഥാപനത്തിനുള്ളത് എന്ന് വേണം ഊഹിക്കാന്‍’-ഇത് സംബന്ധിച്ച ഗവേഷണം നടത്തിയവര്‍ പറയുന്നു.
ഇതിനോട് ഐ.എഫ്.എഫ്.ആര്‍.എ.എസ് പ്രതികരിച്ചിട്ടില്ല.
പോളിസി റിസര്‍ച്ച് ഗ്രൂപ്പ് എന്ന മറ്റൊരു വിദഗ്ദ്ധ സമിതി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എ.എന്‍.ഐ ലേഖനങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതിലേയ്ക്ക് വിദഗ്‌ദ്ധോപദേശങ്ങള്‍ നല്‍കുന്ന മൂന്ന് പേര്‍, ജയിംസ് ഡഗ്ലസ് ക്രിക്റ്റണ്‍, മാഗ്ദ ലിപന്‍, വാലെന്റിന്‍ പോപെസ്‌കു എന്നീ വ്യക്തികള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവരേ അല്ല.
പോളിസി റിസര്‍ച്ച് ഗ്രൂപ്പിന്റെ എഡിറ്ററായ രാമറാവു പറയുന്നത് ഈ വിദഗ്ദ്ധരുടെ രചനകളെ അദ്ദേഹം വിലമതിക്കുന്നുവെന്നും അവരൊക്കെ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരാണ് എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നുമാണ്. പക്ഷേ അദ്ദേഹം അവരെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലത്രേ.
ഫ്രാന്‍സില്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു വിഗ്‌ദ്ധോപദേശ സമിതിയായ സെന്റര്‍ ഓഫ് പൊളിറ്റിക്കല്‍ ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (സി.പി.എഫ്.എ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളെയാണ് എ.എന്‍.ഐ പല ലേഖനങ്ങള്‍ക്കും ആധാരമാക്കിയിട്ടുള്ളതൈന്നും ഇ.യു ഡിസ്ഇന്‍ഫോ ലാബ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ എഴുത്തുകാരുടെ പേരില്‍ ഇന്ത്യയ്ക്ക് അനുകൂലമായതും പാകിസ്താന് എതിരായതുമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണിത്.
ഉദാഹരണത്തിന് സി.പി.എഫ്.എ 2021 ഫെബ്രുവരിയില്‍ ‘ചതിക്കളികള്‍: ഭീകരസംഘടനകള്‍ക്കെതിരായ പാകിസ്താന്റെ കണ്ണില്‍ പൊടിയിരുന്ന നീക്കങ്ങള്‍’ എന്നൊരു റിപ്പോര്‍ട്ട് റൊണാള്‍ഡ് ഡ്യൂഷ്മിന്‍ എന്ന ആളുടെ പേരില്‍ പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള എ.എന്‍.ഐയുടെ ദീര്‍ഘ ലേഖനം ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ഇന്ത്യയിലെ നിരവധി മാധ്യമങ്ങള്‍ പുനപ്രസിദ്ധീകരിച്ചു. സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയുള്ള പാകിസ്താന്റെ നടപടികളെ വിമര്‍ശിക്കുന്നതായിരുന്നു ഇത്.
റൊണാള്‍ഡ് ഡ്യൂഷ്മിന്‍ എന്നൊരാള്‍ ജീവിച്ചിരിക്കുന്നതിനുള്ള ഒരു തെളിവും ഇ.യു ഡിസ്ഇന്‍ഫോ ലാബിന് ലഭിച്ചിട്ടില്ല. ഇതേ കുറിച്ച് പ്രതികരിക്കാന്‍ സി.പി.എഫ്.എ വിസമ്മതിച്ചു.
‘ഈ വ്യാജ ലേഖകരുടെ പേരിലുള്ള ഉള്ളടക്കങ്ങള്‍ നൂറുകണക്കിന് മാധ്യമങ്ങളില്‍ പുനപ്രസിദ്ധീകരിച്ച് വന്നില്ലായിരുന്നുവെങ്കില്‍ ചിരിച്ച് തള്ളാവുന്ന കാര്യമായേനെ. പക്ഷേ, മിക്കവാറും ഈ റിപ്പോര്‍ട്ടുകളെല്ലാം ഇന്ത്യയിലുടനീളം പല മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുകയും കോടിക്കണക്കിന് വായനക്കാരിലേയ്ക്ക് എത്തുകയും ചെയ്തു”- ഇ.യു ഡിസ്ഇന്‍ഫോ എഴുതുന്നു.
1971-ല്‍ ഏഷ്യന്‍ ഫിലിംസ് ലാബോര്‍ട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച എ.എന്‍.ഐ തൊണ്ണൂറുകളിലാണ് ആ പേരിലേയ്ക്ക് മാറുന്നത്. 1993-ലാണ് ഈ മാധ്യമ സ്ഥാപനത്തിന്റെ വലിയൊരു വിഭാഗം ഓഹരി റോയിട്ടേഴ്‌സ് വാങ്ങിയത് എന്ന് കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് കണ്ടെത്തിരുന്നു.
എ.എന്‍.ഐയുടെ സ്ഥാപകനമായ പ്രേം പ്രകാശിനും മകന്‍ സഞ്ജീവിനും കൂടി 51 ശതമാനം ഓഹരിയും റോയിട്ടേഴ്‌സിന് 49 ശതമാനവും ഓഹരിയുമാണ് 2022 ഡിസംബര്‍ വരെ ഉണ്ടായിരുന്നത്. പിന്നീട് നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി റോയിട്ടേഴ്‌സിന്റെ ഓഹരിയില്‍ കുറവ് വരുത്തുമെന്ന് അവര്‍ ഒരുമിച്ച് പ്രഖ്യാപിച്ചിച്ചു.
കഴിഞ്ഞ കുറേ കാലമായി സ്വതന്ത്ര നിലപാടുകളും സത്യസന്ധതയും സംശയത്തിന്റെ മുനയിലാണ്. സാമ്പത്തികമായി സുഭദ്രമായ എ.എന്‍.ഐ ഇന്ത്യന്‍ വാര്‍ത്ത സ്ഥാപനങ്ങളുടെ ദാരിദ്ര്യത്തെയാണ് മുതലെടുക്കുന്നത്. വലിയ ശൃംഖലകളില്ലാത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ വീഡിയോകള്‍ക്കും ലിഖിത വാര്‍ത്തകള്‍ക്കുമായി എ.എന്‍.ഐ-യെ ആശ്രയിക്കുന്നു. 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ അധികാരത്തില്‍ വന്നതിന് ശേഷം എ.എന്‍.ഐ ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായി ഉയര്‍ന്നു. അവര്‍ക്ക് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമിടയില്‍ അസാധാരണമായ പ്രവേശന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. പ്രധാനമന്ത്രി മോദി തന്നെ അഞ്ച് തവണയാണ് എ.എന്‍.ഐയ്ക്ക് ദീര്‍ഘങ്ങളായ അഭിമുഖങ്ങള്‍ അനുവദിച്ചത്.
നേരത്തേ തന്നെ വ്യാജ സ്ഥാപനമെന്ന നിലയില്‍ തുറന്ന് കാണിക്കപ്പെട്ട ഐ.എഫ്.എഫ്.ആര്‍.എ.എസിനെ എല്ലാം വാര്‍ത്ത സ്രോതസുകളായി ഉപയോഗിച്ചുകൊണ്ടുള്ള എ.എന്‍.ഐയുടെ പ്രവര്‍ത്തനം തുടര്‍ന്നത് ആശങ്കാജനകമാണ് എന്ന് ഇ.യു ഡിസ്ഇന്‍ഫോ ലാബ് ചൂണ്ടിക്കാണിക്കുന്നു.: ”എ.എന്‍.ഐയില്‍ ജോലി ചെയ്യുന്ന ജേര്‍ണലിസ്റ്റുകള്‍ക്കും അവരുടെ വാര്‍ത്ത സ്രോതസുകള്‍ വ്യാജമാണ് എന്ന് അറിയായിരിക്കും- ഇല്ലെങ്കില്‍ ജേര്‍ണലിസ്റ്റുകള്‍ എന്ന നിലയില്‍ കടുത്ത പരാജയമാണവര്‍.’