UPDATES

അപമാനം,ഭീഷണി,പീഡനം,പ്രതികാരം; മാനേജ്‌മെന്റ് ക്രൂരതകളുടെ ഈ വാര്‍ത്തകള്‍ ഓര്‍ക്കുന്നുണ്ടോ?

ഗൗരി, രാഖി, ജിഷ്ണു, ബിന്റോ, ശ്രദ്ധ; അവസാനിക്കാത്ത മരണങ്ങള്‍

                       

ഗൗരി നേഘ, ജിഷ്ണു പ്രണോയി, രാഖി കൃഷ്ണ, അശ്വതി, ബിന്റോ, ശ്രദ്ധ സതീഷ്…; കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരകളില്‍ ചിലര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍, ഓരോ വര്‍ഷവും ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റുകളെ പ്രതികൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്യുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ വരെ. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ്. മാനേജ്‌മെന്റുകളുടെ പ്രതികാരത്തിന് ഇരകളായി പഠനം അവസാനിപ്പിക്കേണ്ടി വന്നവര്‍ അതിലേറെ. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാനാകാതെ അലയുന്നവരുടെ കണക്ക് അതിലുമേറെ.

‘ഉന്നത നിലാവാരമുള്ള വിദ്യാഭ്യാസം’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും കീഴ്‌പ്പെടുത്തുന്ന മാനേജ്‌മെന്റുകള്‍. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അടിമകളാണെന്ന ബോധ്യത്തില്‍ അവരെ ഭരിക്കുന്ന അധ്യാപകരും അധികൃതരും. കടുത്ത സദാചാര ചട്ടങ്ങള്‍. അച്ചടക്കമെന്ന പേരില്‍ ഏര്‍പ്പെടുത്തുന്ന അടിമത്തം. നിയമങ്ങള്‍ തെറ്റിച്ചാല്‍ ‘ ഭാവി തുലച്ചു കളയുന്ന’ ശിക്ഷകള്‍. കൊച്ചു കുട്ടികളോടു പോലും സ്‌ളട്ട് ഷെയ്മിംഗ്. ശാരീരിക ഉപദ്രവം. ‘ ഇവിടെയെന്നല്ല, ഒരിടത്തും പഠിക്കാന്‍ പറ്റില്ലെന്ന ഭീഷണി. മുടക്കിയ ലക്ഷങ്ങളില്‍ നിന്നും ഒരു രൂപ പോലും തിരിച്ചുകിട്ടില്ലെന്ന വിരട്ടല്‍.

പട്ടിക്കൂട്ടില്‍ പൂട്ടും
2014 ലാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ അണ്‍ എയ്ഡഡ് സ്‌കൂളായ ജവഹര്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ അഞ്ചു വയസുകാരനെ അധ്യാപിക അഞ്ചു മണിക്കൂറോളം പട്ടിക്കൂട്ടില്‍ അടച്ചിട്ടത്. അനിയനോടു ചെയ്ത ക്രൂരത ചോദ്യം ചെയ്ത, അതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയത് ‘ വീട്ടില്‍ ചെന്നു പറഞ്ഞാല്‍ നിന്റെ വായില്‍ കമ്പ് കുത്തിക്കേറ്റും’ എന്നായിരുന്നു.സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് വിവരം പുറത്തു വരുന്നതും മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതും. കുറച്ചു ദിവസം ചര്‍ച്ചയും പ്രതിഷേധങ്ങളുമൊക്കെ ഉണ്ടായി. പിന്നെയെല്ലാം കെട്ടടങ്ങി…

കുറ്റക്കാരായ അധ്യാപകര്‍ക്ക് പൂമാല
2017 ഒക്ടോബര്‍ 24 നാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരി നേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. അതേ സ്‌കൂളില്‍ തന്നെ എട്ടാം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയുടെ ക്ലാസില്‍ പോയതായിരുന്നു ഗൗരി നേഘ ചെയ്ത ‘ കുറ്റം’. തങ്ങളുടെ വാക്ക് ധിക്കരിച്ചാണ് ഗൗരി പോയതെന്നാരോപിച്ച് ക്രെസന്‍സ് നെവിസ്, സിന്ധു പോള്‍ എന്നീ അധ്യാപികമാര്‍ ഗൗരിയെ മാനസികമായി പീഢിപ്പിച്ചു. ഉച്ചഭക്ഷണം കഴിക്കാനിരുന്നിടത്തു നിന്നും വിളിച്ചു കൊണ്ടുപോയാണ് ഗൗരിയെ അധ്യാപികമാര്‍ മാനസികമായി ക്രൂശിച്ചത്. ഇതില്‍ മനം നൊന്താണ് ഗൗരി ഉച്ചയ്ക്ക് 1.40 ഓടെ ജീവിതം അവസാനിപ്പിക്കാനായി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയത്. ഗൗരിയുടെ മരണത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അന്വേഷണമുണ്ടായി. രണ്ട് അധ്യാപകരും കുറ്റക്കാരാണെന്ന് കണ്ടെത്തി. അറസ്റ്റിലായി. സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ വന്നു. അതിനെതിരേ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകരുമെന്നായിരുന്നു വിലാപം. അതോടെ നടപടികള്‍ നിലച്ചു. അറസ്റ്റിലായ അധ്യാപികമാര്‍ക്ക് ജാമ്യം ലഭിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പൂമാലയിട്ടും കേക്ക് മുറിച്ചും ആഘോഷമായി അവരെ ആനയിച്ചു. സസ്‌പെന്‍ഷന്‍ കാലം അവധിക്കാലമാക്കി ആനുകൂല്യം നല്‍കി. ഗൗരി നേഘ എന്ന പെണ്‍കുട്ടിക്ക് എന്തു നീതി കിട്ടിയെന്ന് അറിയില്ല…

ഗൗരി നേഘ


ചെകിട്ടത്തടി
ഗൗരി നേഘ ആത്മഹത്യ ചെയ്തതിനു പിന്നാലെ ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരേ നിരവധി പരാതികളാണ് ഉയര്‍ന്നത്. അവിടുത്തെ വിദ്യാര്‍ത്ഥിയുടെ മാതാവായ ഒരു അഭിഭാഷക, അന്ന് അഴിമുഖത്തോട് പറഞ്ഞത്, ഗൗരി മരിച്ച അതേ ദിവസം തന്നെ ഒരു അധ്യാപിക തന്റെ മകന്റെ കരണത്ത് അടിച്ചിരുന്നുവെന്നാണ്. കെമസ്ട്രി ലാബില്‍ വച്ച് ബഹളം വച്ചുവെന്ന പേരില്‍ കൈയ്യില്‍ ആസിഡുമായി നിന്നിരുന്ന പത്താംക്ലാസുകാരന്റെ മുഖത്താണ് ടീച്ചര്‍ തല്ലിയത്. അതും മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച്. മാതാപിതാക്കള്‍ പരാതി നല്‍കി. കളക്ടര്‍ ഇടപെട്ടു. കുട്ടിയുടെ ചെകിട്ടത്ത് അടിക്കുന്നത് സിസിടിവിയിലും വ്യക്തം. അധ്യാപകരുടെ പ്രവര്‍ത്തിമൂലം ഒരു കുട്ടി ആത്മഹത്യ ചെയ്ത അതേ ദിവസം തന്നെയാണ് അതേ ക്രൂരത ആവര്‍ത്തിക്കപ്പെട്ടത്.

മരണത്തിലേക്ക് ടി സി
2018 ലെ ഏപ്രില്‍ മാസത്തിലാണ് 14 കാരന്‍ ബിന്റോ അഴകെട്ടിയ ചണത്തിന്റെ കയറില്‍ ജീവനൊടുക്കിയത്. കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ബിന്റോ. ഒമ്പതാം ക്ലാസിലെ പരീക്ഷയില്‍ കണക്കിനും സോഷ്യല്‍ സ്റ്റഡീസിനും തോറ്റുപോയ ബിന്റോയോട് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കെറ്റ് വാങ്ങി മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറണമെന്നും അതല്ലെങ്കില്‍ ഒമ്പതില്‍ വീണ്ടും ഒരു വര്‍ഷം കൂടി പഠിക്കേണ്ടി വരുമെന്നും അധ്യാപകര്‍ അറിയിച്ചതിന്റെ മനോവിഷമത്തിലാണ് ബിന്റോ ആത്മഹത്യ ചെയ്തത്.

രാഖി കൃഷ്ണ

രാഖിയുടെ ജീവിതം ചതഞ്ഞരഞ്ഞുപോയി
2018 നവംബറിലാണ് കൊല്ലം സ്വദേശി രാഖി കൃഷ്ണ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യേണ്ടി വന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്നു രാഖി കൃഷ്ണ. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഖിയെ മാനസികമായി പീഢിപ്പിക്കുകയും ഡിബാര്‍ ചെയ്യുകയും ചെയ്തതിന്റെ ഫലമാണ് ആ ആത്മഹത്യയെന്നാണ് സഹപാഠികള്‍ പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും അത് വകവയ്ക്കാതെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നതടക്കം അധ്യാപകര്‍ ചെയ്തതോടെയാണ് കൊല്ലം കൂട്ടിക്കട സ്വദേശിനിയായ രാഖികോളേജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ വച്ച് കേരളാ എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

അശ്വതിക്കും മരിക്കേണ്ടി വന്നു
പാലക്കാട് ആലത്തൂര്‍ ഇരട്ടക്കുളത്തുള്ള ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ബി എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അശ്വതിയുടെ ആത്മഹത്യയ്ക്കു പിന്നിലും കോളേജ് അധികൃതര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. 2018 മാര്‍ച്ച് 27 നാണ് അശ്വതിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാവിലെ കോളേജില്‍ പോയ അശ്വതി ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ് ജീവനൊടുക്കുന്നത്. അശ്വതിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. അധ്യാപികയും നാല് സഹപാഠികളുമാണ് തന്റെ ജീവിതം നശിപ്പിച്ചതെന്നായിരുന്നു കത്തില്‍.

മറക്കാനാവാതെ ജിഷ്ണു
കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത വിദ്യാര്‍ത്ഥി ആത്മഹത്യയായിരുന്നു ജിഷ്ണു പ്രണോയിയുടെത്. പാലക്കാട് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക-ശാരീരിക പീഢനമാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. സംസ്ഥാനത്തുടനീളം അതിശക്തമായ രീതിയില്‍ സമരങ്ങള്‍ അരങ്ങേറി. രാഷ്ട്രീയ കോളിളക്കം ഉണ്ടായി. ലോക്കല്‍ പൊലീസ് മുതല്‍ സിബി ഐ വരെ കേസ് അന്വേഷിച്ചു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ സി പി പ്രവീണ്‍ തുടങ്ങിയവര്‍ പ്രതികളായി. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പ്രതികളെല്ലാം കുറ്റവിമുക്തരായി. ജിഷ്ണു കോപ്പിയടിച്ചുവെന്നും അത് പിടികൂടിയതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. കോളേജില്‍വച്ച് ജിഷ്ണുവിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ അനുസരണ പഠിപ്പിക്കാന്‍ ഇടിമുറയുള്ള കോളേജായിരുന്നു നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് എന്നാണ് ആക്ഷേപം. ജിഷ്ണുവിന്റെ മരണത്തിനു മുമ്പും ശേഷവും വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിരകളായിട്ടുണ്ട്. ജിഷ്ണുവിനു വേണ്ടി സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെ മനഃപൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചു. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പ്രതികാരം കണ്ടെത്തുകയായിരുന്നു. ജിഷ്ണു അനുസ്മരണം വിലക്കി. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പോലും അനുവദിച്ചില്ല. ആ വിലക്കും വിരോധവും ഇന്നും തുടരുന്നു.

ജിഷ്ണു പ്രണോയി

ഈ നാട്ടിലെ പല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളെ അടക്കവും അച്ചടക്കവും പഠിപ്പിക്കാന്‍ പ്രത്യേക ഇടിമുറികളുണ്ടായിരിക്കും. ചില കോളേജുകള്‍ മൊത്തത്തില്‍ ഒരു ഇടിമുറിയായിരിക്കും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വിദ്യാര്‍ത്ഥി മര്‍ദ്ദകരെ കോളേജുകളില്‍ നിയമിക്കും. ചിലയിടങ്ങളില്‍ അധ്യാപകര്‍ നേരിട്ട് ഇടിമുറികളുടെ നേതൃത്വം ഏറ്റെടുക്കും. തിരുവസ്ത്രം ധരിച്ച അധ്യാപകരും അക്കൂട്ടത്തിലുണ്ടായിരിക്കും. ഗേറ്റില്‍ നില്‍ക്കുന്ന സെക്യൂരിറ്റി വരെ വിദ്യാര്‍ത്ഥികളുടെ മേല്‍ സര്‍വ്വശക്തനായിരിക്കും. കാമ്പസിന് പുറത്തുപോലും തങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും വിദ്യാര്‍ത്ഥികള്‍ പാലിക്കണമെന്ന് അവര്‍ വാശിപിടിക്കും.

സെമിനാരികളിലും കന്യാസ്ത്രീ മഠങ്ങളിലുമുള്ളതുപോലുള്ള കടുത്ത നിയമങ്ങളാണ് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയിലുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. സഭയുടെ പിന്തിരിപ്പന്‍ സദാചാരബോധ്യങ്ങളുമായാണ് എഞ്ചിനീയറിംഗ് പഠിക്കാനെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികളെ മെരുക്കാന്‍ നോക്കുന്നത്. വലിയ നേട്ടമായി അമല്‍ ജ്യോതി പറയുന്ന, സ്‌കൈ വാക്ക്’ പെണ്‍കുട്ടികള്‍ക്കു കോളേജില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകാനും വരാനുമുള്ളതാണ്. ആണ്‍കുട്ടികളുമായി പെണ്‍കുട്ടികള്‍ ഇടപെടാതിരിക്കാനുള്ള കൊളോണിയല്‍ സദാചാരത്തിന്റെ പുറത്തു കെട്ടിയുണ്ടാക്കിയ അസ്വാതന്ത്ര്യത്തിന്റെ ആകാശപ്പാത. സദാചാര നിയമങ്ങള്‍ എല്ലാ സ്വാശ്രയ കോളേജുകളുടെ പ്രധാന ആയുധമാണ്. എത്രയെത്ര വിദ്യാര്‍ത്ഥികളെ ഈ ആയുധം ഉപയോഗിച്ച് ആക്രമിച്ചിരിക്കുന്നു. അച്ചടക്കമെന്നാണ് മാനേജ്‌മെന്റുകള്‍ ഇതിനെ പേരിട്ടു വിളിക്കുന്നത്. ഈ പറയുന്ന അച്ചടക്കം ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രതികാരബുദ്ധിയോടെ നേരിടും. അത് തങ്ങാന്‍ പറ്റാതെ പലരും മരിക്കും, മരിക്കാന്‍ ശ്രമിക്കും, അല്ലെങ്കില്‍ പുറത്താക്കപ്പെടും, അതുമല്ലെങ്കില്‍ എല്ലാം സഹിച്ച് അടിമകളായി തുടരും. ചില ഉദ്ദാഹരണങ്ങള്‍കൂടി;

പക പോക്കല്‍
2018 ജനുവരിയില്‍ ഒറ്റപ്പാലം ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മദ്യപിച്ചെന്നാരോപിച്ച് ഈ വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നുപേരെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചുവെന്നതിന് യാതൊരു തെളിവുമില്ലായിരുന്നു. രക്തപരിശോധനയ്ക്ക് വരെ വിദ്യാര്‍ത്ഥികള്‍ തയ്യാറായി. അതോടെ സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പാളിനെ അപമാനിച്ചു എന്ന കുറ്റത്തിനാക്കി. യഥാര്‍ത്ഥ പ്രശ്‌നം ജിഷ്ണു പ്രണോയിയ്ക്ക് നീതി കിട്ടാന്‍ സമരം ചെയ്തതായിരുന്നു. ജിഷ്ണുവിന്റെ ആത്മഹത്യ്ക്ക് കാരണമായ പാമ്പാടി നെഹ്‌റു കോളേജിന്റെ അതേ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ് ഒറ്റപ്പാലത്തെ കോളേജും.

കെട്ടിപിടിച്ചത് മഹാ അപരാധം
തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളില്‍ നിന്നും 2017 ഡിസംബറില്‍ രണ്ട് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പുറത്താക്കി. പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പരസ്യമായി ആലിംഗനം ചെയ്തതാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിതരാക്കിയത്. വെറും സൗഹൃദ പ്രകടനമായിരുന്നുവെന്ന കുട്ടികളുടെ വാദം അംഗീകരിക്കാതെ രണ്ടുപേരെയും സ്‌കൂളില്‍ നിന്നും പുറത്താക്കി. സംഭവം വലിയ വിവാദമായി. അതേ സ്‌കൂളിലെ 2,500 ന് അടുത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനെ അപലപിച്ച് തുറന്ന കത്തെഴുതി. കുട്ടികളെ തിരികെ പ്രവേശിപ്പിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ വിധിയെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. സിംഗിള്‍ ബഞ്ച് സ്‌കൂളിന് അനുകൂലമായി നിലപാടെടുത്തു. ഇതിന് ശേഷം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സ്‌കൂള്‍ അധികൃതര്‍ ഹാക്ക് ചെയ്തുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ബര്‍ത്ത്ഡേ പാര്‍ട്ടിയിലെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു. മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത് തടയാനാണ് ഈ നടപടിയെന്നായിരുന്നു ആണ്‍കുട്ടിയുടെ ആരോപണം. സ്‌കൂള്‍ അധികൃതര്‍ ഈ ചിത്രങ്ങള്‍ ബാലാവകാശ കമ്മിഷനിലും കോടതിയിലും ഹാജരാക്കിയതായും മാതാപിതാക്കള്‍ ആരോപിച്ചു. ആണ്‍കുട്ടി തന്നെ മനപൂര്‍വം കെട്ടിപ്പിടിച്ചതാണെന്ന് എഴുതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് പെണ്‍കുട്ടിയും ആരോപിച്ചു. ഇതിന് താന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

‘തുണ്ടുപടം മുദ്രാവാക്യ’മാക്കി പ്രതികാരം
പാറശ്ശാലയിലെ ഒരു സ്വാശ്രയ ലോ കോളേജിലെ വനിത ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ ഈച്ചയെ കാണുകയും ഭക്ഷ്യസുരക്ഷ വകുപ്പ് കേസ് എടുക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു സംഭവം. പതിനാല് ദിവസത്തിനകം ഹോസ്റ്റല്‍ മെസ്സ് നവീകരിക്കണമെന്നും, വൃത്തിയുള്ള സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണം മാത്രം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ കോളേജ് മാനേജ്മെന്റ് ഹോസ്റ്റല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. എത്രയും വേഗം ഹോസ്റ്റല്‍ ഒഴിയണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ റീ അഡ്മിഷന്‍ എടുത്താല്‍ മാത്രമേ ഹോസ്റ്റലില്‍ പ്രവേശനം സാധ്യമാവൂ എന്ന നിബന്ധന മാനേജ്മെന്റ് വച്ചതോടെ, വിദ്യാര്‍ത്ഥികള്‍ രണ്ടു ദിവസം രാപ്പകല്‍ സമരം നടത്തി. എന്നാല്‍ ആ സമരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലായിരുന്നു. ‘ തുണ്ടുപടം’ കാണാന്‍ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമായാണ് അത് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ‘പല സമരങ്ങളും കണ്ടിട്ടുണ്ട്, എന്നാല്‍ തുണ്ടുപടം കാണാന്‍ ഇങ്ങനെയൊരു സമരം ആദ്യമായാണ് കാണുന്നത്’, ‘പെമ്പിള്ളേര്‍ക്ക് തുണ്ടുപടം കാണാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് സമരം’ തുടങ്ങിയ കമന്റുകളോടെ വാട്സ് ആപ്പിലും ഫേസ്ബുക്കിലുമെല്ലാം വിദ്യാര്‍ഥിനികള്‍ വിളിച്ച 30സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മുദ്രാവാക്യങ്ങള്‍ നിറഞ്ഞു. എന്തായിരുന്നു ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം? അതിങ്ങനെയായിരുന്നു; സമരം നടക്കുന്നതിന്റെ ഏകദേശം ഒരാഴ്ചമുന്‍പ് കോളേജിന്റെ പുതിയ പ്രിന്‍സിപ്പാള്‍ ഗേള്‍സ് ഹോസ്റ്റലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ മൊബൈലില്‍ കളിക്കുന്നത് കണ്ട് പ്രിന്‍സിപ്പാള്‍ ശകാരിച്ചിരുന്നു. നിങ്ങള്‍ക്ക് വെറുതെ ഇരുന്ന് മൊബൈലില്‍ തുണ്ട് വീഡിയോ കാണുന്ന നേരത്ത് പഠിച്ചു കൂടെ എന്ന് തുടങ്ങിയ രീതിയിലാണ് സംസാരിച്ചത്. അതു കഴിഞ്ഞാണ് ഹോസ്റ്റലില്‍ ഭക്ഷണത്തില്‍നിന്ന് ഈച്ചയെ കിട്ടിയ സംഭവം ഉണ്ടായത്, തുടര്‍ന്ന് ഫുഡ് ആന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടന്നാണ് കോളേജ് മാനേജ്മെന്റ് ഹോസ്റ്റല്‍ മെയിന്റനന്‍സ് ആണെന്നും, കുട്ടികള്‍ ഇറങ്ങിത്തരണമെന്നും പറയുന്നത്. ഇതിനെതിരെയാണ് സമരം നടന്നത്. സമരത്തിനിടയില്‍ പ്രിന്‍സിപ്പാള്‍ തങ്ങളെ അപമാനിച്ചു സംസാരിച്ചതും മുദ്രാവാക്യമാക്കി അവര്‍ വിളിച്ചിരുന്നു. ഇതു മാത്രം അടര്‍ത്തിയെടുത്തായിരുന്നു സോഷ്യല്‍ മീഡിയയിലെ ആഘോഷം.

വര്‍ഗീയ പ്രതിരോധവുമായി അമല്‍ ജ്യോതി

അമ്മ ശകാരിച്ചതിനാണെന്നു വാര്‍ത്തയുണ്ടാക്കി
2017 ഏപ്രിലില്‍ ആലപ്പുഴ കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിക്കുന്നു. കോളേജ് ക്യാന്റീനുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. ഇയാള്‍ക്കെതിരേ കോളേജ് മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. മാതാപിതാക്കളെ വിളിച്ചു വിദ്യാര്‍ത്ഥിക്കുമേല്‍ സ്വഭാവദൂഷ്യങ്ങള്‍ ആരോപിച്ചു. ഇതിനെല്ലാം പുറകെയാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ആരോപണം ശക്തമായി. അന്വേഷണത്തിനൊടുവില്‍ പോലീസ് കോളേജ് മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ മാനേജ്‌മെന്റും അവരുടെ ഭാഗമായ ഒരു പത്രവും എഴുതിയത് അമ്മ ശകാരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ശ്രമം നടത്തിയതെന്നായിരുന്നു. കൂടാതെ, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയാണെന്നും ആ വിദ്യാര്‍ത്ഥിക്കെതിരേ ആരോപണം ഉയര്‍ത്തി.

ഫീസ് കൂട്ടിയത് ചോദ്യം ചെയ്താല്‍ ടി സി തരും
ഫീസ് വര്‍ധനവിനെതിരെ പ്രതികരിച്ചതിന് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് ടി.സി നല്‍കി പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് രക്ഷിതാക്കള്‍ കാക്കനാട് ചെമ്പുമുക്കിലെ അസിസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിനെതിരേ 2018 ജൂണില്‍ പരാതി ഉയര്‍ത്തിയിരുന്നു. ആ വിഷയത്തിലെ വാര്‍ത്ത ഇതായിരുന്നു; 2017 ഏപ്രില്‍ ഒരു പാദവര്‍ഷം കുട്ടികളുടെ ഫീസ് 2000 രൂപയാക്കിയതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. പുതിയ ഫീസ് വര്‍ധനവനുസരിച്ച് ഒരു വര്‍ഷം ഒരു കുട്ടിക്ക് ആറായിരം മുതല്‍ 8000 വരെ ഫീസ് നല്‍കേണ്ടി വരും. പ്രതിഷേധവുമായി രക്ഷിതാക്കള്‍ ഒത്തു ചേര്‍ന്നതോടെ സ്‌കൂളില്‍ പിടിഎ എന്ന ആവശ്യവും ഫീസ് കുറക്കാന്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും തീരുമാനമായി. മാനേജ്മെന്റിന്റെ ഇഷ്ടക്കാരായവരെ ഭാരവാഹികളാക്കാന്‍ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ അംഗങ്ങള്‍ മാനേജ്മെന്റ് സഹായത്തോടെ കോടതിയില്‍ കേസിന് പോയി. ഒടുവില്‍ ഒക്ടേബര്‍ 17 ന് സ്‌കൂളിന് മുമ്പില്‍ രക്ഷിതാക്കള്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. സമരത്തിന്റെ 14 ാം ദിവസം ചര്‍ച്ച ഉണ്ടാവുകയും, ഫീസ് വര്‍ധന പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമാവുകയും ചെയ്തു. ഒരു പാദവര്‍ഷം 950 രൂപയാക്കി ഫീസ് കുറച്ചു. എന്നാല്‍ പുതിയ അധ്യയന വര്‍ഷം ഫീസ് 1500 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതിന് തങ്ങള്‍ തയാറല്ലെന്ന് അറിയിച്ചതാണ് കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ടിസി നല്‍കിയതിന് കാരണമെന്നുമായിരുന്നു രക്ഷിതാക്കള്‍ പറഞ്ഞത്.

ധാര്‍മിക രക്ഷകര്‍ത്താക്കള്‍
കോളേജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ആകേണ്ടെന്നു കേരള ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ചാവര്‍കോട് സിഎച്ച്എംഎം കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് അധികൃതരെയാണ് ഹൈക്കോടതി ഇക്കാര്യം ഓര്‍മിപ്പിച്ചത്. ആ കോളേജില്‍ പഠിച്ചിരുന്ന രണ്ടു ബിബിഎ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിധി. ആ രണ്ടു വിദ്യാര്‍ത്ഥികളും പ്രണയിച്ചു വിവാഹം കഴിച്ചത് ഗുരുതര അച്ചടക്കലംഘനമായാണ് കോളേജ് അധികൃതര്‍ കണ്ടത്. തത്ഫലമായി രണ്ടുപേരെയും കോളേജില്‍ നിന്നും പുറത്താക്കി. എന്നാല്‍ ടി സി നല്‍കാന്‍ വിസമ്മതിച്ചു. ഇതിനെതിരേയാണ് അവര്‍ ഹര്‍ജി നല്‍കിയത്. പ്രണയിച്ച് കല്യാണം കഴിച്ചത് അച്ചടക്കവിരുദ്ധമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ജീവിതപങ്കാളിയേയും ജീവിതരീതിയും തെരഞ്ഞെടുക്കുന്നത് വ്യക്തികളുടെ വിവേചനപരമായ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും കോളേജിനുള്ളിലും സംരക്ഷിക്കപ്പെടണമെന്നും വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളില്‍ മാത്രമേ കോളേജിന് നടപടിയെടുക്കാനാകുവെന്നും വിദ്യാര്‍ത്ഥികളെ കോളേജില്‍ പുന:പ്രവേശിപ്പിക്കണമെന്നും കേരളാ സര്‍വകലാശാല നിയമപ്രകാരം വിദ്യാര്‍ത്ഥികളായി പരിഗണിക്കണമെന്നും ജഡ്ജി മുഹമ്മദ് മുഷ്താഖിന്റെ വിധിയില്‍ പറഞ്ഞു. പ്രണയിച്ചു വിവാഹം ചെയ്ത രണ്ടു വിദ്യാര്‍ത്ഥികളെയും അവരുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കോളേജ് അധികൃതരും അധ്യാപകരും ധാര്‍മിക രക്ഷിതാക്കള്‍ ചമച്ച് വാശിപിടിച്ചു നില്‍ക്കുകയായിരുന്നു.

*ജാഗ്രത: ജേര്‍ണലിസം ജീവനും സ്വത്തിനും അഭിമാനത്തിനും ഹാനികരം

നോ മൊബൈല്‍, നോ ഇന്റര്‍നെറ്റ്
പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ കടുത്ത നിയന്ത്രണങ്ങളും അസമത്വങ്ങളും നിലനില്‍ക്കുന്നത് സര്‍ക്കാര്‍ കോളേജുകളിലടക്കമുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ഹോസ്റ്റല്‍ സമയം നടപ്പാക്കരുതെന്നും, ആണ്‍കുട്ടികളെ പോലെ തന്നെ ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയവുമെന്ന് ഹൈക്കോടതി വിധിച്ചിട്ടുള്ളതാണ്. സ്വാശ്രയ കോളേജുകളില്‍ ഒരിടത്തും തന്നെ കോടതിവിധികള്‍ നടപ്പാക്കുന്നില്ല. തങ്ങളുടെ നിയമം മാത്രമാണവര്‍ നടപ്പാക്കുന്നത്. തങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നീങ്ങാന്‍ ഒരിക്കലും അവര്‍ പെണ്‍കുട്ടികളെ അനുവദിക്കില്ല. 2019 ജൂലൈയില്‍ കോഴിക്കോട്ടെ ചേളന്നൂര്‍ എസ് എന്‍ കോളേജിലെ രണ്ടാം വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. വൈകിട്ട് 6 മണി മുതല്‍ രാത്രി 10 മണിവരെ ചേളന്നൂര്‍ എസ് എന്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണോ മറ്റ് ഇന്റെര്‍നെറ്റ് സൗകര്യമുള്ള ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം. ഇതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെയാണ് പുറത്താക്കിയത്. പഠനത്തില്‍ മൊബൈല്‍ ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും പ്രാധാന്യം മനസിലാക്കി സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകത്തില്‍ ക്യുആര്‍ കോഡ് സംവിധാനം വരെ നടപ്പാക്കിയിട്ടുള്ള സംസ്ഥാനത്ത് കോളേജ് വിദ്യാഭ്യാസത്തില്‍ എത്തിനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റും ഫോണും ഉപയോഗിക്കുന്നത് തെറ്റായും സദാചാരവിരുദ്ധമായും മാത്രം കാണുന്ന മാനേജ്‌മെന്റുകളുടെ പ്രതികാരനടപടിയുടെ ഇരയായിരുന്നു ആ പെണ്‍കുട്ടി.

പട്ടിണിക്കിടും
2018 ഫെബ്രുവരിയില്‍ വാര്‍ഡന്മാരായ കന്യാസ്ത്രീകളുടെ മാനസിക പീഡം സഹിക്കാനാവാതെ 20 പെണ്‍കുട്ടികള്‍ രാത്രിയില്‍ കോണ്‍വെന്റ് വിട്ടിറങ്ങിപ്പോയിരുന്നു. എറണാകുളം വൈറ്റിലയ്ക്കടുത്ത് പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു പീഡനം സഹിക്കാനാവാതെ ഇറങ്ങിപ്പോയത്. രാത്രി ഒമ്പതരയോടെയാണ് ഏഴു മുതല്‍ പതിനഞ്ച് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയത്. കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടലിനെയും, കുട്ടികളെ സുരക്ഷിതരായി സംരക്ഷിച്ചു കൊള്ളാമെന്ന സ്‌കൂള്‍ അധികാരികളുടെയും ഉറപ്പിനെയും തുടര്‍ന്ന് കുട്ടികളെ വീണ്ടും കോണ്‍വെന്റില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡന്മാരായ രണ്ട് കന്യാസ്ത്രീകള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

നിര്‍ധന കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികള്‍ മാത്രമാണ് ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റില്‍ താമസിച്ചു പഠിക്കുന്നത്. സൗജന്യ പഠനവും താമസവുമാണ് ക്രൈസ്റ്റിലുള്ളത്. സാമൂഹ്യപ്രവര്‍ത്തകരും മറ്റ് ഉദാരമതികളായ ജനങ്ങളും നല്‍കുന്ന സംഭവനയിലാണ് കോണ്‍വെന്റ് നടത്തിക്കൊണ്ട് പോകുന്നത്. എന്നാല്‍, അതിനെല്ലാം സിസ്റ്റര്‍മാര്‍ കണക്കു പറയാറുണ്ടെന്നും അവരുടെ ഔദാര്യത്തില്‍ ഭക്ഷണം കഴിക്കുന്നതിന് കണക്കെയുള്ള കുത്തുവാക്കുകളാണ് കേള്‍ക്കേണ്ടി വരുന്നതെന്നും ആ പെണ്‍കുട്ടികള്‍ അന്നു തുറന്നു പറഞ്ഞിരുന്നു.

കോണ്‍വെന്റിന്റെ താക്കോല്‍കൂട്ടം കളഞ്ഞുപോയതിന്റെ പേരിലായിരുന്നു കുട്ടികളെ ശിക്ഷിച്ചത്. ദിവസങ്ങളോളം ഭക്ഷണം കൊടുക്കാതിരുന്നു. ഫാന്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല. താക്കോല്‍ കിട്ടുന്നതുവരെ ഭക്ഷണം തരില്ലെന്നായിരുന്നു ഭീഷണി. അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ചില കുട്ടികള്‍ കാമറകള്‍ക്കു മുമ്പില്‍ തുറന്നു പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെയാണ്; ”കളഞ്ഞുപോയ താക്കോലിന്റെ പേരില്‍ നിരന്തരം ഞങ്ങള്‍ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നു. വാക്കുകള്‍ കൊണ്ടുമാത്രമല്ല, അവരില്‍ നിന്ന് അടിയും കിട്ടാറുണ്ട്. താക്കോല്‍ ഞങ്ങള്‍ ഒളിപ്പിച്ചു വച്ചെന്ന പോലെയാണ് ഞങ്ങളുടെ ബാഗുകളും മറ്റും അവര്‍ പരിശോധിക്കുന്നത്. അത് കണ്ടുകിട്ടുന്നത് വരെ ഭക്ഷണം തരില്ലെന്ന് പറയുകയും മുറിക്കകത്ത് കയറാന്‍ സമ്മതിക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് ഒരു ദിവസം ഹാളില്‍ കിടന്നുറങ്ങേണ്ടിയും വന്നു. ഫാന്‍ ഇടാന്‍ സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല, ‘നിങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്നതാണോ ഇതെല്ലാം’ എന്നുമാണ് ചോദിക്കുന്നത്. ഭക്ഷണമുള്‍പ്പെടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാത്തിനും അവര്‍ കണക്കുപറയാറുണ്ട്. ഒരിക്കല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട സമയത്ത്, അത് സവാളയാണെന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. അന്ന് എല്ലാവരും ഛര്‍ദ്ദിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഒരാഴ്ച്ച ചോറിനൊപ്പം വെറും അച്ചാര്‍ മാത്രമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഇതിനെല്ലാം പുറമെ, ഞങ്ങളുടെ മാതാപിതാക്കളോട്, ‘ഇവളെയൊക്കെ കെട്ടിച്ചുവിട്ടാല്‍ പോരെ, പഠിപ്പിക്കേണ്ട കാര്യമുണ്ടോ’ എന്നുമാണ് ചോദിക്കുന്നത്.”

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രവേശനം നല്‍കിയാല്‍ കോളേജിന്റെ മനോഭാവം മാറിപ്പോകുമെന്ന് ഭയപ്പെടുന്നവരും ലെസ്ബിയന്‍ സബ്ജക്ട് പ്രതിപാദിക്കുന്ന നോവല്‍ പ്രകാശനം ചെയ്യാന്‍ കാമ്പസ് വേദി തരില്ലെന്നു വാശിപിടിക്കുന്നവരുമായ സ്വാശ്രയ മാനേജ്‌മെന്റുകളും കേരളത്തിലുണ്ട്. 2017 മുതല്‍ ഇങ്ങോട്ടുള്ള ഏതാനും സംഭവങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. അതാത് സമയത്ത് വാര്‍ത്തകളായവ. ഈ കേസുകളിലൊക്കെ മാനേജ്‌മെന്റുകള്‍ക്ക് പാഠമാകുന്ന തരത്തില്‍ എന്തെങ്കിലും നടപടികളോ കുറ്റക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷയോ ഉണ്ടായിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. വാര്‍ത്തകളായവയുടെ കാര്യം അങ്ങനെയാണെങ്കില്‍, ഒരു വാര്‍ത്തപോലുമാകാതെ പോയവയുടെ കാര്യമോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍