June 26, 2026 |

സന്തോഷിന്റെ ചായക്കൊപ്പം ‘സ്‌പെഷ്യല്‍’ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ സമരത്തില്‍ പങ്കാളിയായ ചായക്കട

സന്തോഷിന്റെ ചായയിലൂടെയാണ് നെന്മണിക്കരയുടെ പ്രഭാ​തങ്ങൾ ആരംഭിക്കുന്നത്. ആമ്പല്ലൂർ ദേശീയ പാതയ്ക്ക് സമീപമുള്ള നെന്മണിക്കര ​ഗ്രാമത്തേയും നാട്ടുകാരെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ചേർപ്പുക്കാരൻ ഉണ്ണിച്ചെക്കന്റെയും നീലിയുടെയും മകൻ സന്തോഷിന്റെ മഹാദേവ ടീ സ്റ്റാൾ ആണ്.

ഒറ്റമുറി കടയിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കണ്ണുടക്കുന്നത് ചുമരിൽ നിരത്തി ഒട്ടിച്ചിരിക്കുന്ന വാർത്താ കുറിപ്പുകളിലേക്കാവും. പുതുതായി പതിച്ച വിഎസിന്റെ വാർത്തകൾ നിറഞ്ഞ ചുമരിൽ കണ്ണു പരതുമ്പോൾ അതിനടയിലായി പഴയ ചില വാർത്താക്കുറിപ്പുകളും കാണം.

‘ഏകദേശം പതിനാല് കൊല്ലം മുമ്പ് തുടങ്ങിയ ശീലങ്ങളിൽ ഒന്നാണ് വാർത്താക്കുറിപ്പുകൾ ഇത്തരത്തിൽ ചുമരിൽ ഒട്ടിക്കുന്നത്’. ചായക്കൊപ്പം വാർത്തയ്ക്കും പ്രാധാന്യം കൊടുക്കുന്ന നെന്മണിക്കരയിലെ ചായക്കടയെക്കുറിച്ച് സന്തോഷ് പറഞ്ഞു തുടങ്ങി.

വാർത്തകളിൽ പാലിയേക്കരയിലെ ദുരിതം ചർച്ചയാവുമ്പോൾ ഈ ചായക്കടയ്ക്കും ടോൾ പിരിവിനെതിരായ സമരത്തിൽ ഒരു പ്രധാന പങ്കുണ്ട്. പാലിയേക്കര ടോൾ സമരത്തിന് വേണ്ടി 2012ൽ സന്തോഷും നാട്ടുകാരും ചേർന്ന് 11,000 നോട്ടീസുകളോളം അച്ചടിച്ചിരുന്നു. എന്നാൽ അവ ആളുകൾ വായിച്ചു നോക്കാതെ ചുരുട്ടിക്കൂട്ടി പുറത്തേക്കെറിഞ്ഞു കളയുന്നതായി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ലഘുലേഖകൾ കടയുടെ ചുമരിൽ ഒട്ടിച്ചാൽ ചായക്കുടിക്കാൻ വരുന്ന ആളുകളെങ്കിലും വായിക്കുമല്ലോയെന്ന് കരുതി അങ്ങനെയാണ് മഹാദേവ ടീ സ്റ്റാളിന്റെ ചുമരിൽ ആദ്യം വാർത്തകൾ പതിയുന്നത്.

വിഎസാണ് മ​ഹാദേവ ടീ സ്റ്റാളിന്റെ ചുമരുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഒരു പാർട്ടി പ്രവർത്തകനായ തന്നെ സംബന്ധിച്ച് വിഎസിന്റെ മരണത്തേക്കാൾ പ്രാധാന്യമുള്ള മറ്റു വാർത്തകളൊന്നും അതിന് ശേഷം തനിക്ക് കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ലെന്ന് ചുമരിലെ വിഎസിന്റെ ചിത്രങ്ങൾ നോക്കി സന്തോഷ് വ്യക്തമാക്കി.

സമൂഹം ചർച്ച ചെയ്യണമെന്ന് കരുതുന്ന വാർത്തകൾ തിരിച്ചറിയുകയും ഒട്ടിക്കുകയും ചെയ്യുന്നത് ഒരു സാമൂഹ്യ ധർമ്മം കൂടിയായാണ് സന്തോഷ് കരുതുന്നത്. സന്തോഷിന്റെ ഈ ​ശീലം ​കൊണ്ടാണ് പലരും വാർത്തകൾ അറിയുന്നത്. പത്രം വായിക്കുമ്പോൾ പലരുടെയും ശ്രദ്ധയിൽപ്പെടാത്ത വാർത്തകൾ സന്തോഷിന്റെ കടയുടെ ചുമരിൽ കാണും. പ്രാധാന്യമറിഞ്ഞ് സന്തോഷ് ഒട്ടിക്കുന്നത് വായിക്കാനും ആളുകളേറെയാണ്. അതിനെക്കുറിച്ച് അവർ ചർച്ച ചെയ്യും. ആ ചർച്ചകളിൽ പ്രായഭേദമന്യേ ആളുകൾ പങ്കെടുക്കും. ഒട്ടിക്കുന്ന വാർത്തകളെക്കുറിച്ച് തനിക്കും കൂടുതൽ അറിവ് നേടാൻ ഈ ശീലം സഹായിക്കാറുണ്ടെന്ന് സന്തോഷിന്റെ നിലപാട്.

തെറ്റാണെന്ന് തോന്നുന്ന വാർത്താ കുറിപ്പുകൾ കട്ട് ചെയ്ത് തലതിരിച്ച് ഒട്ടിക്കുന്നതും സന്തോഷിന്റെ പതിവാണ്. തെറ്റായ വാർത്തകളോട് തന്റെ എതിർപ്പ് പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്. മഹാദേവ് ടീ സ്റ്റാളിലെ തലതിരിച്ചു ഒട്ടിക്കുന്ന വാർത്തകളും ചർച്ചയാവാറുണ്ട്. വാർത്തകൾ ഇത്തരത്തിൽ ഒട്ടിക്കുന്നതിന്റെ കാരണം തിരക്കുന്നവർക്ക് മുന്നിൽ വാർത്തകളിലെ വസ്തുതാ വിരുദ്ധമായ വാചകങ്ങൾ സന്തോഷ് ചൂണ്ടിക്കാണിക്കും.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വാർത്തകളൊന്നും സന്തോഷ് കടയുടെ ചുമരിൽ ഒട്ടിച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ആ വാർത്തകൾ ചുമരിൽ പതിക്കാൻ തനിക്ക് തോന്നിയിരുന്നില്ലെന്ന് സന്തോഷ് പറയുന്നു.

തെറ്റായ വാർത്തകൾ മാത്രമല്ല സന്തോഷിന് എതിരഭിപ്രായമുള്ള വാർത്തകളും മഹാദേവ ടീ സ്റ്റാളിന്റെ ചുമരിൽ സ്ഥാനം പിടിക്കാറുണ്ട്. ആ വാർത്തകളോടുള്ള അനുകൂല നിലപാടും കേൾക്കാൻ സന്തോഷ് തയ്യാറാണ്.

‘വിഎസിനെ മറന്ന കമ്മ്യൂണിസ്റ്റെന്ന വാർത്ത ചുമരിൽ ഒട്ടിച്ചതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്റെ നിലപാടാണ് ഞാൻ പറയുന്നത്. അത് സ്വീകരിക്കണോ എന്നത് നിങ്ങളുടെ ഇഷ്ടമാണെന്ന് സന്തോഷ് ഇത്തരം എതിർപ്പുകളോട് പറയുന്ന മറുപടി. കടയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് സുരേഷിന്റെ വീട്. നാട്ടിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്ന ഒരു സംഘം രൂപപ്പെട്ടതിൽ ഈ ചായക്കടയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

വാർത്തകൾ കണ്ടെത്തുന്നതും ഒട്ടിക്കുന്നതുമെല്ലാം സ്വയമാണ്. പ്രാധാന്യം തോന്നുന്ന വാർത്തകൾ അന്ന് രാവിലെ തന്നെ ഒട്ടിക്കാനും സന്തോഷ് ശ്രമിക്കാറുണ്ട്. വാട്സ്ആപ്പ് ഫേസ്ബുക്ക് കാലത്ത് ജീവിക്കുന്ന ഒരു തലമുറയിൽ അവബോധമുണ്ടാക്കാൻ ഈ വാർത്തകൾക്ക് സാധിക്കുന്നുവെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് സന്തോഷിന്റെ വാക്കുകൾ.

content summary: A teashop in Paliyekkara has walls covered with newspaper clippings, where fake news articles are pasted upside down

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×