പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര കോഴ്സിന് ചേരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ കുടുംബത്തിലെ അല്‍പ്പം നര്‍മ്മബോധമുള്ള ഒരു വല്യമ്മ ചോദിച്ചു: ‘അയിനെന്തിനാപ്പൊ കോഴ്സൊക്കെ ? പെലര്‍ച്ചെ എണീറ്റാപ്പോരേ?’
കാര്യം പിടികിട്ടിയില്ല എനിക്ക്. വാപൊളിച്ചു നിന്നപ്പോള്‍ അതാ വരുന്നു വല്യമ്മയുടെ വിശദീകരണം: ‘വീടുവീടാന്തരം ചെന്ന് പേപ്പറിടുന്നോരൊക്കെ കോഴ്സ് പഠിച്ചിട്ടാ ? ഒരു സൈക്കിള് വാങ്ങുക. അതും ചവിട്ടി ആള്‍ക്കാര് എണീക്കണേന്റെ മുന്‍പേ ചെന്ന് കടലാസിട്ട് വര്വാ. അതന്നെ…’
തമാശ പറഞ്ഞതാവണം വിവരവും വിദ്യാഭ്യാസവുമുള്ള വല്യമ്മ. എന്നാല്‍ അതായിരുന്നു യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ടായിരുന്നു അക്കാലത്ത്. ജേര്‍ണലിസം ഒരു ഗ്‌ളാമര്‍ ഇനമായി വികസിച്ചിരുന്നില്ല. ശമ്പളവും കമ്മി. പത്രത്തിലാണ് ജോലി എന്നറിഞ്ഞാല്‍ ഏജന്റ് ആണോ എന്ന് ചോദിക്കുന്നവര്‍ ധാരാളം. പത്രാധിപര്‍ എന്നൊരു പദവിയെക്കുറിച്ച് പലര്‍ക്കും കേട്ടറിവുണ്ടെങ്കിലും സബ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ബ്യുറോ ചീഫ് ഒക്കെ പിടികിട്ടാപ്പുള്ളികള്‍.
എന്നിട്ടും അതിമോഹം കൊണ്ട് എന്‍ട്രന്‍സ് ടെസ്റ്റെഴുതി ജേര്‍ണലിസം കോഴ്സില്‍ നൂണ്ടുകയറി ഈയുള്ളവന്‍; നാനൂറു രൂപ സ്‌റ്റൈപ്പന്റില്‍ പത്രപ്രവര്‍ത്തകനുമായി.
ജോലിക്ക് ചേര്‍ന്നപ്പോഴാണ് ഒരു സത്യം തിരിച്ചറിഞ്ഞത്: വിചാരിച്ചത്ര ആകര്‍ഷണീയതയൊന്നുമില്ല ഈ തൊഴിലിന്. അത്യാവശ്യം പേരും പെരുമയുമൊക്കെ കിട്ടിയേക്കാം. എന്നാല്‍ ബൈലൈന്‍ കൊണ്ട് വിശപ്പടങ്ങില്ലല്ലോ. മുഖ്യപ്രശ്നം ‘പൈസാചികം’ തന്നെ. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക ദുഷ്‌കരം. ഭാര്യയ്ക്ക് ജോലിയുണ്ടെങ്കില്‍ കുശാല്‍. അല്ലെങ്കില്‍ ജീവിതം കട്ടപ്പൊക. അതായിരുന്നു പത്രങ്ങളിലെ, പ്രത്യേകിച്ച് ചെറുകിട–ഇടത്തരം പത്രങ്ങളിലെ പ്രവര്‍ത്തകന്മാരുടെ അവസ്ഥ.
പക്ഷേ ഉള്ളിലെ വാര്‍ത്താന്വേഷിക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. പട്ടിണി കിടന്നും നാട് നന്നാക്കുക എന്നാണല്ലോ ലക്ഷ്യം. പോരാത്തതിന് ചെറുപ്രായവും. തട്ടീം മുട്ടീം അങ്ങനെ പോയി ജീവിതം. തിരിഞ്ഞുനോക്കുമ്പോള്‍ സങ്കടമൊന്നുമില്ല. ചിരിക്കാനേറെ വകയുണ്ടുതാനും. ബാങ്ക് ടെസ്റ്റും പി എസ് സിയും മുതല്‍ ഐ എ എസ് പ്രിലിംസ് വരെ എഴുതി നിലംപൊത്തിയ ഒരുത്തനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പത്രലോകമാണല്ലോ.
പതിറ്റാണ്ടുകള്‍ നീണ്ട ആ യാത്രയില്‍ പല പ്രഗത്ഭരെയും കണ്ടു, പലര്‍ക്കുമൊപ്പം ജോലി ചെയ്തു. തൂലിക പടവാളാക്കി സമൂഹത്തിലെ അനീതിക്കും അഴിമതിക്കുമെതിരെ പൊരുതിയവര്‍; പ്രലോഭനങ്ങളില്‍ വീഴാതെ, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നിസ്വപക്ഷത്ത് മാത്രം നില്‍പ്പുറപ്പിച്ചവര്‍, ശ്വാസംമുട്ടിക്കുന്ന ജോലിത്തിരക്കിനിടെ സ്വന്തം മക്കളുടെ വളര്‍ച്ച കാണാന്‍ പോലും ഭാഗ്യമുണ്ടാകാതെ പോയവര്‍, ജോലി അഡിക്ഷനായിപ്പോയത് മൂലം സിറ്റി എഡിഷന്‍ ഇറങ്ങിയിട്ടും വീട്ടില്‍ പോകാതെ ഡെസ്‌ക്കില്‍ തന്നെ പത്രം നിലത്ത് വിരിച്ചു കിടന്നുറങ്ങിയവര്‍, ജോലിയുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെ ലഹരിയില്‍ അഭയം പ്രാപിച്ചവര്‍, വിവാഹം കഴിക്കാന്‍ പോലും മറന്നവര്‍, വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തി സ്വയം മരണം വരിച്ചവര്‍… അങ്ങനെ പലരും.
മാപ്രകള്‍ എന്ന് ചാപ്പകുത്തി ആക്ഷേപിക്കപ്പെടുന്നവര്‍ക്ക് ഇങ്ങനെയും ഒരു ഭൂതകാലമുണ്ടായിരുന്നു എന്നറിയുക.
‘ജേര്‍ണലിസം ഈസ് എ താങ്ക്‌ലെസ്സ് ജോബ്’ — അനേകം മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ വാക്കുകള്‍ ഇന്നുമുണ്ട് കാതില്‍. പ്രത്യുപകാരമൊന്നും പ്രതീക്ഷിക്കാതെ ആയുഷ്‌കാലം മുഴുവന്‍ വാര്‍ത്താലോകത്ത് മുഴുകി ഒടുവില്‍ ജീവിക്കാന്‍ തന്നെ മറന്നുപോയ ഒരാള്‍. അത്തരക്കാരായിരുന്നു ആ തലമുറയില്‍ ഏറെയും. പലരും അതിപ്രഗല്ഭര്‍; എങ്കിലും അജ്ഞാതര്‍. ചിലരൊക്കെ സൂര്യാസ്തമനം പോലും കാണാന്‍ ഭാഗ്യമുണ്ടാകാതെ ഡെസ്‌ക്കില്‍ ജീവിച്ചു മരിച്ചവര്‍. സ്വന്തം പത്രത്തിന്റെ ചരമപ്പേജിലെ ഒറ്റക്കോളം വാര്‍ത്തയായി ഒതുങ്ങിപ്പോയവര്‍. അങ്ങനെയുള്ളവരുടെ ജീവിതകഥ അന്വേഷിച്ചു പോകാന്‍ ആര്‍ക്കുണ്ട് സമയവും സാവകാശവും?
പ്രിയസുഹൃത്ത് പി രാംകുമാറിന്റെ ‘ന്യൂസ്‌റൂമിലെ ഏകാകികള്‍’ എന്ന പുസ്തകം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് അത്തരം കുറെ വേറിട്ട ജീവിതചിത്രങ്ങളാണ്. പലതും ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയവ. ഏകാന്തപഥികരായിരുന്നു ഈ കഥകളിലെ നായകരെല്ലാം; പത്രപ്രവര്‍ത്തനത്തില്‍ സ്വയം വെട്ടിത്തെളിച്ച പാതകളിലൂടെ തലയുയര്‍ത്തി നടന്നുപോയവര്‍. ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് സൂചിപ്പിച്ച പോലെ ‘അനുഭവക്കുറിപ്പുകള്‍ എഴുതിയ ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ തങ്ങളെക്കുറിച്ച് ഒരുവരി പോലും എഴുതാത്തവര്‍’ ആയിരുന്നു അവര്‍.
ജോലി തപസ്യയായി കണ്ട് വാര്‍ത്തകളുടെ ലോകത്ത് ഊണും ഉറക്കവുമില്ലാതെ വിഹരിച്ച ഈ പ്രതിഭാശാലികളെ ഒഴിച്ചുനിര്‍ത്തി നമുക്കൊരു മാധ്യമ ചരിത്രമില്ല. സി പി രാമചന്ദ്രന്‍, എസ് മുള്‍ഗോങ്കര്‍, ശിവറാം, കൃഷ്ണരാജ്, ഫ്രാങ്ക് മൊറെയ്സ്, കേണല്‍ ഉണ്ണിനായര്‍, ചലപതിറാവു, ഇന്ത്യന്‍ ന്യൂസ് ഫോട്ടോഗ്രാഫിയുടെ ‘മാതാവാ’യി അറിയപ്പെടുന്ന ഹോമായ് വ്യാരാവാല, ടി എസ് സത്യന്‍… ഈ നിര ഇനിയും നീളും. ഗവേഷണബുദ്ധിയോടെ അവരുടെ ജീവിതങ്ങളിലേക്ക് കടന്നുചെന്ന രാംകുമാറിലെ ചരിത്രാന്വേഷിയെ അഭിനന്ദിക്കാതെ വയ്യ.
ലളിതസുന്ദരമായ ഭാഷയിലെഴുതിയ ഈ കുറിപ്പുകള്‍ വായിച്ചുപോകുമ്പോള്‍ എന്നോ കേട്ടുമറന്ന വൈവിധ്യമാര്‍ന്ന ശബ്ദങ്ങളുടെ ഒരു സിംഫണി വീണ്ടും കാതില്‍ മുഴങ്ങുന്നു. ടൈപ്പ് റൈറ്ററിന്റെയും ടെലിപ്രിന്ററിന്റെയും കടകട ശബ്ദങ്ങളും പഴയ ടെലിഫോണിന്റെ ഉച്ചത്തിലുള്ള മണിയടിയും ക്യാമറ ക്ലിക്കൊച്ചകളും ഡെസ്‌ക് ചീഫിന്റെ നിലയ്ക്കാത്ത ഗര്‍ജ്ജനങ്ങളുമൊക്കെയുണ്ടതില്‍.
ആ ശബ്ദശകലങ്ങളുടെ സംഗീതം ആസ്വദിച്ച് വളര്‍ന്ന തലമുറയുടെ ഭാഗമായ ഒരാള്‍ക്ക് എങ്ങനെ രാംകുമാറിന്റെ പുസ്തകം ഇഷ്ടപ്പെടാതിരിക്കാനാകും? news roomile ekakikal; review by journalist ravi menon
Content Summary: news roomile ekakikal; review by journalist ravi menon