വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന പറഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. ആലപ്പുഴയില്‍ നടന്ന സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചകള്‍ക്കിടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭവന നിര്‍മാണ പദ്ധതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ കെപിസിസി നേതൃത്വമാണ് പ്രതിരോധത്തിലായത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുനരധിവാസം സംബന്ധിച്ച സാമ്പത്തിക വിവാദം യൂത്ത് കോണ്‍ഗ്രസിന് നേരെ ഉയര്‍ന്നത്. ഇതോടെ ഇതുവരെ എത്ര രൂപ പിരിച്ചുവെന്നും സ്ഥലമേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്തായി എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു.
രാഹുല്‍ ഗാന്ധിയുടെ 100 വീട് പദ്ധതിയുടെ ഭാഗമായാണ് ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുക. എന്നാല്‍ ദുരന്തം നടന്ന് ഒരുവര്‍ഷം ആകാറായിട്ടും ഭവനനിര്‍മാണത്തിനുള്ള സ്ഥലം പോലും കണ്ടെത്തിയിട്ടില്ലെന്ന വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസിനും നേരെ ഉയരുന്നത്. കൂടാതെ 30 വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തി സാമ്പത്തിക ദുരുപയോഗം ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
പരാതി അടിസ്ഥാന രഹിതമാണെന്നെും ആദ്യ ഘട്ടത്തിലെ പിരിവാണ് നടന്നിരിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിമുഖത്തോട് പ്രതികരിച്ചു. ”സര്‍ക്കാര്‍ ഭൂമി തന്നാല്‍ പെട്ടെന്ന് നിര്‍മാണം നടത്താമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ നിലപാട്. എന്നാല്‍ സര്‍ക്കാരിന് തന്നെ ഭൂമി കണ്ടെത്താന്‍ ഒരുവര്‍ഷം വേണ്ടിവന്നു. 780 കോടി പൊതു ഇനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞ് കിട്ടിയിട്ടും അതില്‍ നിന്ന് ഒരു വീടുപോലും നിര്‍മിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.”
”കെപിസിസി യുടെ ഭൂമിയില്‍ വയനാട് 30 വീടുകള്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍മിക്കും. അതിന്റെ തറക്കല്ലിടല്‍ രാഹുല്‍ ഗാന്ധിയുടെ സമയത്തിനനുസരിച്ച് മിക്കവാറും ജൂലൈ 30 തന്നെ നടക്കും” രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
വയനാട് ദുരിതബാധിതര്‍ക്ക് 30 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനായി ഒരു മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിരിച്ചെടുക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നത്. പണം പിരിച്ചുതരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടും നിര്‍മാണം തുടങ്ങിയില്ലെന്നായിരുന്നു കോലഞ്ചേരി സ്വദേശിനി പരാതിയില്‍ പറയുന്നത്.
”ഭവനനിര്‍മാണത്തിനായി രണ്ടരക്കോടി രൂപയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ട പിരിവാണ് നിലവില്‍ നടന്നിരിക്കുന്നത്. 88 ലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തു. ഇനിയും ഒന്നരക്കോടി കൂടി പിരിക്കാനുണ്ട്” യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അഴിമുഖത്തോട് പറഞ്ഞു.
”യൂത്ത് കോണ്‍ഗ്രസ് 30 വീടും കെപിസിസി 100 വീടും ലീഗ് 100 വീടുമാണ് നല്‍കുക. എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ആകെ പ്രഖ്യാപിച്ചിരിക്കുന്നത് 100 വീടുകള്‍ മാത്രമാണ്. നൂറ് വീട് ലീഗും 100 വീട് കെപിസിസിയുമാണ് കൊടുക്കുന്നത്. സിപിഎം ഒരു പാര്‍ട്ടി എന്ന നിലയില്‍ ആകെ പ്രഖ്യാപിച്ചിരിക്കുന്നത് 100 വീടുകള്‍ മാത്രമാണ്. സര്‍ക്കാര്‍ ഭൂമി തരുന്ന മുറയ്ക്ക് അവിടെ നിര്‍മാണം നടത്താനുമായിരുന്നു ദുരിതാശ്വാസത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന ധാരണ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് പകരം മുന്നോട്ടുവച്ചത് പണം നല്‍കിയാല്‍ വീട് പണിത് നല്‍കാമെന്നായിരുന്നു. ഇത് അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. കോണ്‍ഗ്രസ് 100 വീടുകള്‍ ടൗണ്‍ഷിപ്പായി നിര്‍മിച്ച് നല്‍കും” അബിന്‍ വര്‍ക്കി അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.
സ്ഥലം കിട്ടാത്തതാണ് നിര്‍മാണം നടത്താനുള്ള കാലതാമസമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുമ്പോഴും മുസ്ലിം ലീഗ് 11 ഏക്കര്‍ ഭൂമി മേപ്പാടിയില്‍ ഏറ്റെടുത്ത് ഏപ്രിലില്‍ 105 വീടിനുള്ള തറക്കല്ലും ഇട്ടു. 10 വീടുകള്‍ നിര്‍മിക്കുന്ന ചെറുകിട ക്വാറി അസോസിയേഷനുകള്‍ സേവാഭാരതിയുടെ 50 സെന്റ് സ്ഥലമേറ്റെടുത്ത് അഞ്ച് വീടുകള്‍ പൂര്‍ത്തിയാക്കി.
തമിഴ്‌നാട് മുസ്ലിം ജമാ അത്ത് 14 വീടുകള്‍ നിര്‍മിച്ചു. വിവിധ മുജാഹിദ് സംഘടനകള്‍ 40 വീടിനായി സ്ഥലം ഏറ്റെടുത്തു. എറണാകുളം മഹല്ല് കമ്മിറ്റി 22 വീടുകള്‍ക്കും, സിഎസ്‌ഐ 13 വീടിനും, പെന്തക്കോസ്ത സഭ 11 വീടിനുമുള്ള സ്ഥലങ്ങള്‍ ഏറ്റെടുത്ത് പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
ഡിവൈഎഫ്‌ഐ ആകട്ടെ വിവിധ ചാലഞ്ചുകള്‍ വഴി ശേഖരിച്ച 20 കോടി രൂപ സര്‍ക്കാരിന്റെ പുനരധിവാസ ഫണ്ടിലേക്കും നല്‍കി. 25 വീടുകളാണ് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചത്. സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് ഒരുകോടി രൂപയും സമാഹരിച്ച് സര്‍ക്കാര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.
അംഗബലം തീരെ കുറവുള്ള സംഘടനകള്‍ പോലും സ്ഥലം ഏറ്റെടുക്കുകയും ഫണ്ട് സമാഹരിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് വേരോട്ടമുള്ള ഒരു വയനാട് ജില്ലയില്‍ ദുരിതബാധിതര്‍ക്ക് സ്ഥലം കണ്ടെത്താനോ ഫണ്ട് രൂപീകരിക്കാനോ കഴിയുന്നില്ലെന്നത് അവിശ്വസനീയം തന്നെ. യൂത്ത് കോണ്‍ഗ്രസിനെയും കെപിസിസിയെയും പ്രതിരോധത്തിലാക്കുന്ന ഭൂമി വിവാദത്തില്‍ നിന്ന് കരകയറാന്‍ ഈ മാസം തന്നെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. wayanad 100 house project; Congress rushes to cover up its shame
Content Summary: wayanad 100 house project; Congress rushes to cover up its shame