UPDATES

വര്‍ഗീയ പ്രതിരോധവുമായി അമല്‍ ജ്യോതി

‘നടക്കുന്നത് തത്പരകക്ഷികളുടെ അജണ്ട, ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു’

                       

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വര്‍ഗീയ പ്രതിരോധവുമായി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോളേജ് മാനേജ്‌മെന്റ്. ജൂണ്‍ രണ്ടാം തീയതിയാണ് എറണാകുളം തിരുവാങ്കുളം സ്വദേശി 20 കാരി ശ്രദ്ധ സതീഷ് ഗേള്‍സ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിക്കുന്നത്. ഫുഡ് ടെക്‌നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോളേജില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. ശ്രദ്ധയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ആ നിലയ്ക്കുള്ള പോരാട്ടങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ശ്രദ്ധയുടെ വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യുകയാണ്. ഇത്തരത്തിലെല്ലാം ശ്രദ്ധ സതീഷിന്റെ ആത്മഹത്യ കേരളത്തിലെ പ്രധാനപ്പെട്ടൊരു ചര്‍ച്ചയായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് കോളേജ് മാനേജ്‌മെന്റ്  ഔദ്യോഗിക പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസത്തോളം പെണ്‍കുട്ടിയുടെ കുടുംബവുമായോ, കോളേജ് വിദ്യാര്‍ത്ഥികളുമായോ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കോ വിശദീകരണങ്ങള്‍ക്കോ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. സമയമാകട്ടെ എന്നായിരുന്നു മറുപടി. പ്രതിഷേധങ്ങളും സമരങ്ങളും കൂടുതല്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ നീതീകരിച്ചുകൊണ്ട് മാനേജ്‌മെന്റ് പൊതുമധ്യത്തിലേക്ക് വരേണ്ടതായി വന്നിരിക്കുന്നു.

എന്നാല്‍ അമല്‍ ജ്യോതി മാനേജ്‌മെന്റ് തങ്ങളുടെ വിശദീകരണം കൊണ്ട് ശ്രദ്ധയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള പ്രതിഷേധങ്ങളെ വര്‍ഗീയവത്കരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്ത് കണ്ടു വരുന്ന ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ശ്രമങ്ങളാണ് കോളേജിനെതിരേ നടക്കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക പ്രതികരണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ ഫാദര്‍. ബോബി അലക്‌സ് മന്നംപ്ലാക്കല്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ ഉന്നംവച്ചുകൊണ്ട്, ചില തത്പരകക്ഷികള്‍ സ്ഥാപനത്തെ നശിപ്പിക്കാന്‍ കൃത്യമായ അജണ്ടയോടെ ശ്രമിക്കുകയാണെന്നാണ്. രാജ്യത്ത് തന്നെ വിദ്യാഭ്യാസ നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെ തകര്‍ക്കാനുള്ള അജണ്ടയായി ഇപ്പോഴത്തെ സമരങ്ങളെ വര്‍ഗീയതയുടെ കൂട്ടിപിടിച്ച് പ്രതിരോധിക്കാനുള്ള കോളേജ് മാനേജ്‌മെന്റിന്റെ തന്ത്രത്തിനെതിരേ, അതേ കോളേജില്‍ ഇപ്പോള്‍ പഠിക്കുന്നവരും, പഠിച്ചിറങ്ങിയവരുമായ വിദ്യാര്‍ത്ഥികള്‍ പരിഹസിക്കുകയാണ്.

ശ്രദ്ധ സതീഷിന്റെ മരണത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുപിടിക്കാനില്ലെന്ന ആത്മവിശ്വാസവുമായാണ് ഫാദര്‍ ബോബി അലക്‌സ് മന്നംപ്ലാക്കല്‍ സംസാരിച്ചു തുടങ്ങുന്നതെങ്കിലും, വിശദീകരണം അവസാനിപ്പിക്കുന്നത് തങ്ങള്‍ വര്‍ഗീയമായി അക്രമിക്കപ്പെടുന്നുവെന്ന അപകടകരമായ ഇരവാദവുമായാണ്. ശ്രദ്ധയുടെ സഹപാഠികളടക്കമുള്ള വിദ്യാര്‍ത്ഥികളുടെയോ, മാതാപിതാക്കളുടെയോ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ വിശദീകരണം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. അതിന്റെ ആവശ്യമില്ലെന്ന ഭാവമാണ്. പകരം, ഈ വിഷയത്തില്‍ കാര്യകാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താന്‍ കോട്ടയം എസ് പി യ്ക്ക് പ്രത്യേകം കത്തുകൊടുത്തിട്ടുണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ശ്രദ്ധയുടെ കുടുംബാംഗങ്ങളുടെയോ സഹപാഠികളുടെയോ മാനസിക നിലയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലുമൊരു വിശദീകരണം നല്‍കാന്‍ തയ്യാറായതുമില്ല, ഇപ്പോഴുമതിന് തയ്യാറുമല്ല.

രണ്ടു കാരണങ്ങളാണ് ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് മുന്നോട്ടു വച്ചിരിക്കുന്നത്. പരീക്ഷകളില്‍ തോറ്റതും, അച്ചടക്കലംഘനം നടത്തി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും. മൂന്നു സെമസ്റ്ററുകളിലുമായി 16 വിഷയങ്ങളില്‍ 12 ലും ശ്രദ്ധ പരാജയപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. ഫാദര്‍ ബോബി അലക്‌സിന്റെ വിശദീകരണത്തില്‍ ഇങ്ങനെയാണ് പറയുന്നത്; ‘ ഒരു മാസത്തെ അവധിക്കുശേഷം ജൂണ്‍ ഒന്നിനാണ് ശ്രദ്ധ കോളേജില്‍ തിരിച്ചു വരുന്നത്. അന്നാണ് മൂന്നാം സെമസ്റ്റര്‍ റിസള്‍ട്ട് വന്നത്, മൂന്നു സെമസ്റ്ററുകളിലെയും റിസള്‍ട്ട് ടാബ്യുലേറ്റ് ചെയ്യുമ്പോള്‍ ആകെ 16 വിഷയങ്ങളില്‍ 12 ലും പരാജയപ്പെട്ടിരുന്നു…’ രണ്ടാമത്തെ കാരണം പറയുന്നത്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നതാണ്. ശ്രദ്ധ ആത്മഹത്യ ചെയ്യുന്ന ജൂണ്‍ രണ്ടിന് ഫുഡ് ടെക്‌നോളജി കോഴ്‌സിന്റെ ഭാഗമായുള്ള ലാബ് ക്ലാസില്‍വച്ച് സര്‍വ്വകലാശാല/ കോളേജ് അച്ചടക്ക നിയമങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയ ഇന്‍സ്ട്രക്ടര്‍ ഫോണ്‍ പിടികൂടി എച്ച് ഒ ഡി യെ ഏല്‍പ്പിച്ചു. അച്ചടക്കം ലംഘിച്ചതിന്റെ പേരിലും കുട്ടിയുടെ സുരക്ഷയുടെ പേരിലും എച്ച് ഒ ഡി ഈ വിവരം മാതാപിതാക്കളെ വിളിച്ചറിയിച്ചു. അതിനുശേഷം മാതാവ് സുഹൃത്തിന്റെ ഫോണില്‍ വിളിച്ചിട്ടും ശ്രദ്ധ സംസാരിക്കാന്‍ തയ്യാറായില്ല. പിന്നീട് മുറിയില്‍ താമസിക്കുന്ന മറ്റു രണ്ടു കുട്ടികളും ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ശ്രദ്ധ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുവത്രേ.

ശ്രദ്ധയ്ക്ക് യഥാസമയം കൃത്യമായ ആശുപത്രി പരിചരണം നല്‍കിയില്ലെന്നതിനും, മകള്‍ ആത്മഹത്യ ചെയ്തുവെന്നും മരണപ്പെട്ടുവെന്നും വീട്ടുകാരെ കൃത്യമായി അറിയിച്ചില്ലെന്നുമുള്ള ആരോപണങ്ങളും മാനേജ്‌മെന്റ് നിഷേധിക്കുകയാണ്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കണ്ടെത്തിയപ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെന്നും കൃത്യമായ വൈദ്യസഹായം നല്‍കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയാണ് ഉണ്ടായതെന്നുമാണ് വിശദീകരണം. ശ്രദ്ധയെ കണ്ടെത്തിയ സമയം തന്നെ വീട്ടുകാരെ വിവരം അറിയിച്ചതാണെന്നും മരണപ്പെട്ട സമയത്ത് ആ വിവരവും അറിയിച്ചെന്നും രാത്രി വളരെ വൈകി വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നെന്നുമാണ് വികാരി ജനറല്‍ പറയുന്നത്. ആ സമയത്ത് ആശുപത്രിയില്‍ എത്തിയവരോടെല്ലാം നടന്ന കാര്യങ്ങള്‍ പറയാന്‍ നിന്നില്ലെന്നും പൊലീസിനോടാണ് വിവരങ്ങള്‍ പറഞ്ഞതെന്നുമാണ് ഫാദര്‍ ബോബി അലക്‌സ് വിശദീകരിക്കുന്നത്.

തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ച്ചയുമില്ലെന്നും, ഈ ആത്മഹത്യയുടെ പേരില്‍ കോളേജിനെതിരേ നടക്കുന്നത് പ്രത്യേക അജണ്ടയുടെ പുറത്ത്, തത്പരകക്ഷികള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതാണെന്നും വാദിച്ച് അമല്‍ ജ്യോതി മാനേജ്‌മെന്റ് തങ്ങളുടെ വാദം നിരത്തുകയാണ്. എന്നാല്‍ ഇത്തരം ഇരവാദം കൊണ്ടോ വര്‍ഗീയ പ്രതിരോധം കൊണ്ടോ ശ്രദ്ധയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാനേജ്‌മെന്റിന് ഒഴിയാന്‍ പറ്റില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കടുത്ത മാനസിക പീഡനത്തിന് ശ്രദ്ധ വിധേയായിട്ടുണ്ടെന്നും, അത്രകണ്ട് സഹിക്കാന്‍ പറ്റാതെ വന്നതുകൊണ്ടായിരിക്കും ആത്മഹത്യ ചെയ്തതെന്നുമാണ് അമല്‍ ജ്യോതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇപ്പോഴുള്ളവരുമായ ചിലര്‍ അഴിമുഖത്തോട് പറഞ്ഞത്. ശ്രദ്ധയുടെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ആരോപിക്കുന്നതും കോളേജ് അധ്യാപകരില്‍ നിന്നുണ്ടായ മാനസികപീഢനമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണെന്ന് ആശുപത്രിയില്‍ പറഞ്ഞില്ലെന്നും കഴുത്തിലെ പാട് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചപ്പോഴാണ് വിവരം പറയുന്നതെന്നുമാണ് അഴിമുഖത്തോട് സംസാരിച്ച ബന്ധുക്കള്‍ പറയുന്നത്. കൃത്യമായ ചികിത്സ കുട്ടിക്ക് കിട്ടിയില്ലെന്നും അവര്‍ ആരോപിക്കുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യവും മരണവിവരവും മാതാപിതാക്കളെ അറിയിക്കുന്നതിലും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഒളിച്ചുകളികള്‍ നടന്നുവെന്നും അവര്‍ പരാതിപ്പെടുന്നുണ്ട്.

ഇതിനെക്കാള്‍ രൂക്ഷമായ ആരോപണങ്ങളാണ് അമല്‍ ജ്യോതിയില്‍ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെടുത്തി മാനേജ്‌മെന്റിനെ ഉയര്‍ത്തുന്നത്. കര്‍ശന ഭീഷണികള്‍ പോലും മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തുടക്കത്തില്‍ ഈ വിഷയം പരമാവധി മൂടിവയ്ക്കാന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് പറയുന്നത്. അതിനായി മാതാപിതാക്കളെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൊന്നും ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ ചെയ്യരുതെന്നായിരുന്നു വിലക്ക്. കോളേജിലെ ഭാവി ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. അത്തരം ഭീഷണകളെല്ലാം വിദ്യാര്‍ത്ഥികള്‍ അവഗണിച്ചിരിക്കുകയാണ്.

അച്ചടക്കത്തിന്റെയും സദാചാരത്തിന്റെയും പേരില്‍ കടുത്ത പീഢനങ്ങള്‍ തങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് അഴിമുഖത്തോട് സംസാരിച്ച വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കോളേജ് തുടങ്ങിയ കാലം മുതല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടെന്നും അവര്‍ പറയുന്നു. എന്തിനും ഏതിനും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കല്‍ ആണ് മാനേജ്‌മെന്റ് ചെയ്യുന്നത്. പുരോഹിതനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിച്ച സംഭവം വരെയുണ്ട്. കോളേജ് ഫെസ്റ്റിന്റെ ഭാഗമായുള്ള പരിപാടികള്‍ രാത്രി എട്ടു മണിക്കുശേഷവും തുടര്‍ന്നുവെന്നതിന്റെ പേരില്‍ വൈദ്യുതി മുടക്കാന്‍ ഫീസ് ഊരിക്കളഞ്ഞ സംഭവും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. അതെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുകയും, അന്ന് എംഎല്‍എ ആയിരുന്ന പി സി ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റിനെതിരേ പരസ്യമായി പൊട്ടിത്തെറിക്കുന്നതിന്റെ ചാനല്‍ വിഷ്വലുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ സംഭവങ്ങളും കോളേജില്‍ നടന്നിട്ടുണ്ടെന്ന് പറയുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് ന്യായമായ ചോദ്യം ഉയര്‍ത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച് മാതാപിതാക്കളെ വിരട്ടിയുണ്ടെന്നാണ് ആ സമയത്ത് പഠിച്ചുകൊണ്ടിരുന്ന ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി അഴിമുഖത്തോട് പറഞ്ഞത്.

കടുത്ത സദാചാര നിയമങ്ങളാണ് ഇപ്പോഴും കാമ്പസില്‍. മുന്‍പ് ഇതിലും ശക്തമായിരുന്നുവെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതിന് വിലക്കായിരുന്നു. പലകാര്യങ്ങളും പുറത്തു വന്നതോടെ അഡ്മിഷനില്‍ കുറവ് വന്നതോടെയാണ് കുറച്ച് ലിബറലാകാന്‍ മാനേജ്‌മെന്റ് ശ്രമിച്ചത്. മാനേജ്‌മെന്റ് തലത്തില്‍ ചില മാറ്റങ്ങളും ഇതിനൊപ്പം വന്നു. പക്ഷേ, ഇപ്പോഴും ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ ചോദ്യം ചെയ്യലുകളും മുന്നറിയിപ്പുകളുമാണ്. ഈ സദാചാര അന്വേഷണം കോളേജ് ഗേറ്റിനു വെളിയിലേക്കും നീളും. വീട്ടുകാരെ അറിയിക്കും സസ്‌പെന്‍ഡ് ചെയ്യുമൊന്നൊക്കെയുള്ള ഭീഷണിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഉയര്‍ത്തുന്നത്. ഗേള്‍സ് ഹോസ്റ്റലിന്റെ അധികാരം കൈയാളുന്ന കന്യാസ്ത്രീകളായ അധ്യാപകര്‍ ഉള്‍പ്പെടെ സദാചാര പൊലീസിംഗിന്റെ അങ്ങേയറ്റമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പെണ്‍കുട്ടികള്‍ക്കെതിരേ സ്‌ളട്ട് ഷെയ്മിംഗ് ആണ് പ്രധാനമായും നടത്തുന്നത്. ശ്രദ്ധയും അത്തരം അപമാനിക്കലിന്റെ ഇരയായിട്ടുണ്ടാകുമെന്നാണ് ആരോപണം. ആണ്‍കുട്ടികള്‍ക്ക് മീശയോ താടിയോ വളര്‍ത്താന്‍ അവകാശമില്ലായിരുന്നു. പോക്കറ്റില്‍ പേനയ്‌ക്കൊപ്പം ഷേവിംഗ് സെറ്റുമായി നടക്കേണ്ട ഗതികേടുവരെ തങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഒരു തരി രോമമെങ്കിലും വളര്‍ന്നതായി കണ്ടാല്‍ പണിഷ്‌മെന്റ് ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

എയര്‍പോര്‍ട്ടില്‍ പോലും ഇല്ലാത്ത സുരക്ഷ പരിശോധനകളാണ്. മൂന്നും നാലും ഘട്ട പരിശോധനകളാണ് നടക്കുന്നത്. പ്രധാന പ്രവേശന കവാടത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ അടിമുടി പരിശോധന നടത്തും. അതിനുശേഷം പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിച്ചാല്‍ അടുത്ത ഘട്ട പരിശോധന. ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെന്നാല്‍ അവിടെയും പരിശോധന. ഇത്തരത്തില്‍ മൂന്നോ നാലോ ലെവല്‍ സ്‌ക്രീനിംഗ് കഴിഞ്ഞാലാണ് ഒരു കുട്ടിക്ക് ക്ലാസില്‍ കയറാന്‍ കഴിയുകയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഏത് ചെറിയ തെറ്റുകള്‍ക്കും കടുത്ത ശിക്ഷയാണ്. ഹരാസ്‌മെന്റ് എന്നാല്‍, ഒരു വിദ്യാര്‍ത്ഥിക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും സസ്‌പെന്‍ഷനാണ്. ഹോം വര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ഏഴു ദിവസം സസ്‌പെന്‍ഷന്‍ കിട്ടിയവരുണ്ട്. ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് അയാള്‍ ജയിക്കണോ തോല്‍ക്കണോ എന്ന തീരുമാനിക്കുന്നത് അവരുടെ കറസ്‌പോണ്ടന്റ് ആയ അധ്യപകരാണ്. അവരിടുന്ന ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി. മിനിമം വേണ്ടത് 35 മാര്‍ക്കാണ്. ഇരുപതോ ഇരുപത്തിയഞ്ചോ മാര്‍ക്കാണ് നല്‍കുന്നതെങ്കില്‍ എത്ര നന്നായി പരീക്ഷയെഴുതിയിട്ടും കാര്യമില്ല. ഇന്റേണല്‍ മാര്‍ക്ക് കൊണ്ട് കഴുത്തിന് പിടിച്ചാണ് ഓരോ വിദ്യാര്‍ത്ഥിയെയും നിശബ്ദരാക്കുന്നത്. സമൂഹത്തില്‍ ഉന്നതന്മാരായവര്‍ വരെ തങ്ങളുടെ മക്കളുടെ ഭാവി പോകാതിരിക്കാന്‍ അധ്യാപകരുടെ കാല്‍പിടിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഇഷ്ടക്കേടിന് വിധേയരായതിന്റെ പേരില്‍ നിസാരകാര്യങ്ങള്‍ക്കു പോലും ഒന്നും രണ്ടും സെമസ്റ്ററുകള്‍ നഷ്ടപ്പെട്ടവരുണ്ട്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെയാണ് ശിക്ഷകള്‍ കിട്ടുന്നത്, അപ്പോള്‍ അവര്‍ പരസ്പരം ആശ്വസിപ്പിക്കുകയും ഒരുമിച്ച് നില്‍ക്കുകയും ചെയ്യും. ഒറ്റ ശിക്ഷിക്കപ്പെടുന്നവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ കാര്യമറിയുകയാണെങ്കില്‍ അവര്‍ ചേര്‍ത്തു പിടിക്കും. അതൊക്കെ കൊണ്ടാണ് പല കുട്ടികളും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത്. ശ്രദ്ധയുടെ കാര്യത്തിലെന്നപോലെ മറ്റുള്ളവര്‍ അറിയാതെ പോകുന്ന സംഭവങ്ങളിലാണ് പിടിച്ചു നില്‍ക്കാന്‍ പറ്റാതെ മരണത്തിലേക്ക് പോകുന്നത്. ഈ കാണിക്കുന്ന പീഢനങ്ങള്‍ക്കെല്ലാം കോളേജ്‌മെന്റിനുള്ള ന്യായീകരണം; കുട്ടികളുടെ ഭാവിക്കു വേണ്ടിയുള്ള അച്ചടക്കം എന്നതാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പരിഹാസം.

മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍, ഫുഡ് ടെക്‌നോളജ് തുടങ്ങി മറ്റ് സ്ഥാപനങ്ങളില്‍ അധികമില്ലാത്ത തരം ചില കോഴ്‌സുകള്‍ ഉണ്ടെന്നതും വിശാലമാസ കാമ്പസ് തുടങ്ങിയ പരസ്യങ്ങളുടെ ആകര്‍ഷണവുമൊക്കെയാണ് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പണം മുടക്കി കോഴ്‌സിനു ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ എന്തും സഹിച്ച് പഠിക്കേണ്ടി വരികയാണ്. പുറത്താക്കി കളയുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുമ്പോള്‍ കൊടുത്ത പണം പോലും തിരിച്ചു കിട്ടില്ലെന്ന പേടി എല്ലാവര്‍ക്കുമുണ്ട്. എങ്ങനെയായാലും പഠിച്ച് ജയിച്ച് പുറത്തിറങ്ങണമെന്നും വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കും. ഇതൊക്കെ കൊണ്ടാണ് എല്ലാം സഹിച്ച് തുടരുന്നത്. സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് എല്ലാം അവസാനിപ്പിക്കുന്നത്. ജീവിതം തന്നെ ഇല്ലാതായിപ്പോകുന്ന ഗതികേട് തങ്ങള്‍ക്കിനിയും ഉണ്ടാകരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍