June 04, 2026 |
Share on

‘നീയൊരു തീവ്രവാദിയാണ്, നിനക്ക് നാണമില്ലേ’; വിദ്യാര്‍ത്ഥിക്കെതിരെ വര്‍ഗീയ അധിക്ഷേപം

ബെംഗളൂരുവില്‍ പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ക്ലാസ് മുറിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ ബെംഗളൂരുവിലെ പ്രമുഖ സ്വകാര്യ സര്‍വകലാശാലാ പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു. പഠനത്തിനിടെ വിദ്യാര്‍ത്ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളും അധിക്ഷേപകരമായ ഭാഷയും ഉപയോഗിച്ചതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ നടപടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടതും കര്‍ശന നടപടി സ്വീകരിച്ചതും.

കഴിഞ്ഞ മാര്‍ച്ച് 24-നാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പ്രൊഫസര്‍ മുരളീധര്‍ ദേശ്പാണ്ഡെ ഒരു വിദ്യാര്‍ത്ഥിയെ ലക്ഷ്യം വച്ച്, ‘നീ ഒരു തീവ്രവാദിയാണ്, എന്താണ് കഴിച്ചു വരുന്നത്? നിനക്ക് നാണമില്ലേ’ എന്ന് അധിക്ഷേപിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ അധ്യാപകനെതിരെ വിമര്‍ശനം ശക്തമാകുകയായിരുന്നു.

വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വ്വകലാശാല മാനേജ്മെന്റിനെ സമീപിച്ച് കുറ്റക്കാരനായ അധ്യാപകനെതിരെ മാതൃകാപരമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. വിദ്യാലയങ്ങളില്‍ വളര്‍ന്നുവരുന്ന ഇത്തരം വര്‍ഗീയ പ്രവണതകള്‍ അപകടകരമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ സര്‍വ്വകലാശാല ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപകനെതിരെയുള്ള നടപടി സ്ഥിരീകരിച്ച പിഇഎസ് സര്‍വകലാശാല ചാന്‍സലര്‍ ജവഹര്‍ ദൊരെസ്വാമി, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനൊപ്പം ക്ലാസ് മുറിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതിന്റെ കാരണങ്ങളും വിസ്തൃതമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”സര്‍വകലാശാലയിലെ എല്ലാ ക്ലാസ് മുറികളിലും സിസിടിവി സംവിധാനമുണ്ട്. ഇവ പരിശോധിച്ച് വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താന്‍ സാങ്കേതിക വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണവിധേയനായ അധ്യാപകനെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്തു. മാനേജ്മെന്റിന്റെ അച്ചടക്ക സമിതി ലഭ്യമായ തെളിവുകള്‍ വിശദമായി പരിശോധിക്കും,” എന്ന് ദൊരെസ്വാമി വ്യക്തമാക്കി.

സമാനമായ സംഭവങ്ങള്‍ മുന്‍പും രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പശ്ചാത്തലത്തില്‍, അധ്യാപകനെതിരായ നടപടിയെ വിദ്യാഭ്യാസ പ്രവര്‍ത്തകരും സ്വാഗതം ചെയ്തിട്ടുണ്ട്.

Content Summary: Bengaluru professor suspended for calling muslim student a terrorist at PES University

Leave a Reply

Your email address will not be published. Required fields are marked *

×